വിശുദ്ധ നഗരമായ മക്കയിലെ ഒരു മസ്ജിദിനുള്ളില്‍ അശ്ലീലമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ബംഗ്ലാദേശ് പൗരരായ ഒരു സ്ത്രീയുടെയും പുരുഷന്റെയും വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 14-നായിരുന്നു വധശിക്ഷ നടപ്പാക്കല്‍. ഇസ്ലാമിക നിയമപ്രകാരമുള്ള വിവേചനാധികാര ശിക്ഷാരീതിയായ 'തഅ്സീര്‍' പ്രകാരമാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചതെന്നാണു സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. നസ്രുള് ഇസ്ലാം അബ്ദുള്‍ ബാസിര്‍, സിതി അക്തര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ വിവാഹിതരായിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഏതുതരത്തിലുള്ള പ്രവൃത്തിയാണ് നടന്നതെന്നോ, ഏത് മസ്ജിദിലാണ് സംഭവം നടന്നതെന്നോ, ഇവരെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് സൗദി അറേബ്യ തങ്ങളെ വിവരമറിയിച്ചിരുന്നില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കുകയും കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മസ്ജിദിന്റെ പവിത്രത ലംഘിച്ചുവെന്നും സ്ഥലത്തിന്റെയും സമയത്തിന്റെയും ഗൗരവം കണക്കിലെടുത്താണ് കടുത്ത ശിക്ഷ നടപ്പാക്കിയതെന്നുമാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ബന്ധപ്പെട്ട ജുഡീഷ്യല്‍ അതോറിറ്റി വിധി ശരിവെക്കുകയും രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. പള്ളികളുടെ പവിത്രത ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
എന്താണ് തഅ്സീര്‍ നിയമം
ഇസ്ലാമിക നിയമപ്രകാരമുള്ള വിവേചനാധികാര ശിക്ഷാരീതിയായ 'തഅ്സീര്‍' പ്രകാരമാണ് ശിക്ഷ വിധിച്ചതെന്ന് മാത്രമാണ് മന്ത്രാലയം വ്യക്തമാക്കിയത്. സൗദി അറേബ്യയില്‍ ഇസ്ലാമിക നിയമത്തില്‍ കുറ്റകൃത്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കൃത്യമായി നിര്‍വ്വചിക്കപ്പെട്ട ശിക്ഷകളുള്ളവയാണ് 'ഹദ്ദ്' കുറ്റകൃത്യങ്ങള്‍. കൊലപാതകം പോലെയുള്ള കുറ്റങ്ങള്‍ക്ക് പകരം വീട്ടുന്നതാണ് 'ഖിസാസ്'. ഇവ രണ്ടിലും ഉള്‍പ്പെടാത്ത ബാക്കി കുറ്റകൃത്യങ്ങളാണ് 'തഅ്സീര്‍' പരിധിയില്‍ വരുന്നത്. മിഡില്‍ ഈസ്റ്റിലെ മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നതനുസരിച്ച്, തഅ്സീറില്‍ കുറ്റകൃത്യമോ അതിനുള്ള ശിക്ഷയോ മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ല. ജഡ്ജിയാണ് ഇവ രണ്ടും തീരുമാനിക്കുന്നത്. സൗദി അറേബ്യയ്ക്ക് ക്രോഡീകരിച്ച ശിക്ഷാനിയമങ്ങള്‍ ഇല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള സ്വന്തം വ്യാഖ്യാനങ്ങള്‍ ഉപയോഗിച്ചാണ് ജഡ്ജിമാര്‍ കുറ്റകൃത്യവും ശിക്ഷയും തീരുമാനിക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ ഭൂരിഭാഗവും തഅ്സീര്‍ കുറ്റകൃത്യങ്ങളാണെന്നും മുന്‍കാല വിധികള്‍ പിന്തുടരാന് ജഡ്ജിമാര്‍ ബാധ്യസ്ഥരല്ലെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് 2008-ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തഅ്സീര്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നതിനായി 'വിവേചനാധികാര ശിക്ഷകള്ക്കായുള്ള ശിക്ഷാനിയമം' രൂപകല്‍പ്പന ചെയ്യുകയാണെന്ന് 2021 ഫെബ്രുവരിയില്‍ സൗദി അറേബ്യ അറിയിച്ചിരുന്നു. എന്നാല്‍ ചോര്‍ന്ന കരട് രേഖ പരിശോധിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞത്, ഇത് വധശിക്ഷയുടെ ഉപയോഗം പരിമിതപ്പെടുത്തില്ല എന്നാണ്. ഈ നിയമം നിലവില്‍ വന്നിട്ടുണ്ടോ എന്ന് ലഭ്യമായ വിവരങ്ങളില്‍ വ്യക്തമല്ല. അതേസമയം, മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട നിരവധി വിദേശികള്‍ ഉള്‍പ്പെടെ ഏകദേശം നൂറോളം പേരുടെ വധശിക്ഷ സൗദി അറേബ്യ ഈ വര്‍ഷം നടപ്പാക്കിയിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്ത ആശങ്കയില്‍ ബംഗ്ലാദേശ്
വധശിക്ഷ നടപ്പാക്കിയ വിവരം സൗദി അറേബ്യ തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ജിദ്ദയിലെ ബംഗ്ലാദേശ് കോണ്‍ഗ്രസ് ജനറല്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ വഴി മാത്രമാണ് തങ്ങള്‍ ഈ വിവരമറിഞ്ഞതെന്നും സാധാരണഗതിയില്‍ ഇത്രയും വേഗത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ലെന്നും വിദേശകാര്യ വൃത്തങ്ങള്‍ പ്രതികരിച്ചു. സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം തേടി ബംഗ്ലാദേശ് സൗദി വിദേശകാര്യ മന്ത്രാലയത്തിന് നയതന്ത്ര സന്ദേശം അയച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടങ്ങള്‍ ഔദ്യോഗിക മറുപടി ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷമാ ഉബൈദ് ഇസ്ലാം അറിയിച്ചു. സൗദിയില്‍ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ, ഈ സംഭവവും നടപടിയുടെ വേഗതയും പ്രവാസികള്‍ക്കിടയിലും നാട്ടിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Saudi Arabia has executed two Bangladeshi nationals, identified as Nazrul Islam Abdul Basir and Siti Akhtar, over allegations of engaging in an indecent act inside a mosque in the holy city of Mecca. The executions took place on October 14, according to the Saudi Press Agency. Saudi authorities said the death sentences were imposed under ta'zir, a category of Islamic law that allows judicial discretion in determining offences and punishments. It remains unclear whether the two individuals were married.