Inside Focus

അതിർത്തി തകർത്ത് ആയിരങ്ങൾ, സ്പെയിനിൽ വൻ കുടിയേറ്റ പ്രവാഹം; 15 പേരുടെ ജീവനെടുത്ത സ്യൂട്ടോ പ്രതിസന്ധി

സുരക്ഷ മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് കടലിലൂടെ നീന്തിയും അതിർത്തികൾ തകർത്തും ജീവൻ പണയം വെച്ച് സ്യൂട്ടയിലേക്ക് കടക്കാൻ ശ്രമിച്ചത്

Madism Desk

അഭയാര്‍ഥി കുടിയേറ്റത്തില്‍ അമ്പരന്ന് സ്‌പെയിന്‍. ആഫ്രിക്കയില്‍ നിന്ന് യൂറോപിലേക്കുള്ള കുടിയേറ്റത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോക വ്യാപകമായി ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്. അനധികൃത കുടിയേറ്റക്കാരുടെ പെട്ടെന്നുണ്ടായ പ്രവാഹം ഒരു രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുകയായിരുന്നു. പ്രതിസന്ധി നിയന്ത്രിക്കാന്‍ സ്‌പെയിനിലെ വടക്കേ ആഫ്രിക്കന്‍ പ്രദേശമായ സ്യൂട്ടയില്‍ സൈന്യത്തെ വിന്യസിച്ചു. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ അതിര്‍ത്തി പ്രതിസന്ധിയാണ് പ്രദേശത്ത് ഉടലെടുത്തിരിക്കുന്നത്.

മൊറോക്കോയിൽ നിന്ന് കടലിലൂടെ സ്പാനിഷ് അതിർത്തിയിലേക്ക് ആയിരക്കണക്കിന് ആളുകൾ വടക്കേ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സ്യൂട്ടയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 15 പേരാണ് മുങ്ങി മരിച്ചത്.

കടലിലൂടെ നീന്തിയും അതിർത്തികൾ തകർത്തും ജീവൻ പണയം വെച്ചാണ് ആളുകൾ സ്യൂട്ടയിലേക്ക് കടക്കാൻ ശ്രമിച്ചത്. സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങുന്ന നിരവധി പേർ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനോടകം 2000ത്തോളം ആളുകൾ സ്യൂട്ടയിലേക്ക് പ്രവേശിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്പിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കപ്പെടുന്ന സ്യൂട്ടയാണ് കുടിയേറ്റക്കാരുടെ ലക്ഷ്യം.

സ്യൂട്ടയിലെ കുടിയേറ്റ പ്രതിസന്ധിക്ക് കാരണം

വടക്കേ ആഫ്രിക്കയിലെ മെഡിറ്ററേനിയൻ തീരത്തുള്ള ഒരു സ്വയംഭരണ സ്പാനിഷ് നഗരമാണ് സ്യൂട്ട. ഭൂമി ശാസ്ത്രപരമായി ഈ പ്രദേശം ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണെങ്കിലും ഭരണപരമായി സ്പെയ്നിന്റെ ഭാ​ഗമാണ്. അതിനാൽ യൂറോപ്യൻ യൂണിയനും ആഫ്രിക്കയും തമ്മിലുള്ള ഏക കര അതിർത്തികളിലൊന്നാണ് സ്യൂട്ട. സ്യൂട്ടയിലേക്ക് കടക്കുക എന്നതിനര്‍ത്ഥം യൂറോപ്യന്‍ യൂണിയന്‍ പ്രദേശത്ത് എത്തുക എന്നാണ്. അതുകൊണ്ടാണ് കുടിയേറ്റക്കാര്‍ക്ക് ഇത് ഇത്രയധികം പ്രധാനമാകുന്നത്.

കുടിയേറ്റത്തിന്റെ വളർച്ചയുടെ കാരണം

കടൽ മാർ​ഗമെത്തുന്ന കുടിയേറ്റക്കാരെ പെട്ടെന്ന് തിരിച്ചയക്കുന്നത് വിലക്കിക്കൊണ്ട് രാജ്യത്തെ സുപ്രീം കോടതി ഈ മാസം പുറപ്പെടുവിച്ച വിധിയാണ് കുടിയേറ്റക്കാരുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് രാജ്യത്തെ ഒരുവിഭാ​ഗം ഉന്നയിക്കുന്ന വാദം. സ്പെയിനിന്റെ പ്രധാന ഭൂപ്രദേശത്ത് നിന്നും ജിബ്രാൾട്ടർ കടലിടുക്ക് വഴി വേർതിരിക്കപ്പെട്ടിരിക്കുന്ന സ്യൂട്ട, പണ്ടുമുതലേ യൂറോപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന പാതയാണ്.

മെച്ചപ്പെട്ട തൊഴിലും സുരക്ഷിതമായ ജീവിതസാഹചര്യവും തേടിയാണ് സ്യൂട്ടയിലേക്ക് ആളുകൾ കുടിയേറാൻ ശ്രമിക്കുന്നത്. മൊറോക്കോയിലെയും സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെയും നിരവധി ആളുകളാണ് യൂറോപ്പിലെത്താൻ ആ​ഗ്രഹിക്കുന്നത്. സ്യൂട്ടയിലേക്കുള്ള പ്രവേശനം കർഷനമായി വിലക്കുന്നുണ്ടെങ്കിലും പലരും കടൽ മാർ​ഗം നീന്തികടക്കാൻ വരെ ശ്രമിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സ്പെയ്നിലെ രണ്ടാമത്തെ സ്വയംഭരണ പ്രദേശമായ മെല്ലില്ലയിലും സമാനമായ സംഘർഷ സാഹചര്യമാണ് നിലനിൽക്കുന്നത്.

സ്യൂട്ട സ്പെയ്നിന്റെ ഭാഗമാണെങ്കിലും മൊറോക്കോ അവയെ സ്പാനിഷ് പ്രദേശമായി ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. 2021ൽ പശ്ചിമ സഹാറ വിഷയവുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കത്തിനിടെ അതിർത്തി നിയന്ത്രണങ്ങൾ ഇളവ് ചെയ്തതോടെ ആയിരക്കണക്കിനാളുകൾ സ്യൂട്ടയിലേക്ക് കടന്നിരുന്നു. മെയ് മാസത്തിൽ, വെറും രണ്ട് ദിവസത്തിനുള്ളിൽ 10,000-ത്തിലധികം കുടിയേറ്റക്കാർ സ്യൂട്ടയിൽ പ്രവേശിച്ചു.

പിന്നീട് ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തിയെങ്കിലും അതിർത്തി വിഷയവും കുടിയേറ്റവും ഇന്നും ഇരുരാജ്യങ്ങൾക്കിടയിലെ പ്രധാന വെല്ലുവിളികളായി തുടരുകയാണ്. അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് സ്പെയ്നിന്റെ നീക്കം. അതേസമയം മനുഷ്യാവകാശ സംഘടനകൾ കുടിയേറ്റക്കാരുടെ സുരക്ഷയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തി.

സ്യൂട്ടയുടെ ചരിത്രം

1580 മുതല്‍ സ്യൂട്ട സ്പാനിഷ് ഭരണത്തിന്‍ കീഴിലായിരുന്നു സ്യൂട്ട. ഇന്ന് ഏകദേശം 85,000 ജനസംഖ്യയുണ്ട്. സ്പാനിഷ്, മൊറോക്കന്‍ വംശജരായ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ് കൂടുതല്‍. മൊറോക്കോ സ്യൂട്ടോ അതിര്‍ത്തി ഇവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. നിരവധി മൊറോക്കന്‍ തൊഴിലാളികള്‍ ജോലിക്കായി പതിവായി സ്യൂട്ടയിലേക്ക് കടക്കുന്നു.

Thousands of migrants attempted to cross by sea from Morocco into Spain's North African enclave of Ceuta, leaving at least 15 people dead and prompting the Spanish government to deploy the military. Many tried to reach the territory by swimming or crossing coastal barriers, while videos of families and young people attempting the dangerous journey spread widely online. Ceuta, an autonomous Spanish city on the African continent, is seen as a gateway to Europe for migrants seeking better economic opportunities and safety. The recent surge has intensified the long-running migration crisis between Spain and Morocco, with border security, diplomatic tensions, and humanitarian concerns once again in focus.