അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിത്തറയിളക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന അടിയന്തിര നീക്കങ്ങള്‍ വന്‍ വിവാദത്തിലേക്കു നീങ്ങുന്നതായി റിപ്പോര്‍ട്ട്. നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ ലക്ഷ്യമിട്ട് വൈറ്റ് ഹൗസ് കൊണ്ടുവന്ന 'രഹസ്യ ലിസ്റ്റ്' പദ്ധതി അമേരിക്കയില്‍ വലിയൊരു ഭരണഘടനാ പ്രതിസന്ധിക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
മാര്‍ച്ചില്‍ ട്രംപ് ഒപ്പുവെച്ച 'Ensuring Citizenship Verification and Integrity in Federal Elections' എന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് 'സ്റ്റേറ്റ് സിറ്റിസണ്‍ഷിപ്പ് ലിസ്റ്റുകള്‍' (State Citizenship Lists) നിര്‍മിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ അമേരിക്കയിലെ 23 സംസ്ഥാനങ്ങളും പ്രമുഖ സന്നദ്ധ സംഘടനകളും നിയമപോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം, 18 വയസ് തികഞ്ഞ എല്ലാ യു.എസ് പൗരന്മാരുടെയും ഒരു പുതിയ കേന്ദ്രീകൃത ഫെഡറല്‍ പട്ടിക തയ്യാറാക്കണം. ഇതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി , സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ , സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ പക്കലുള്ള പൗരത്വ വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിക്കും.
ഈ ലിസ്റ്റ് ഉപയോഗിച്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കണമെന്നാണ് ട്രംപിന്റെ കല്‍പ്പന. ഇതിലും ഭീകരമാണ് യു.എസ് പോസ്റ്റല്‍ സര്‍വിസിന് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം. തെരഞ്ഞെടുപ്പിന് 60 ദിവസം മുന്‍പ് ഫെഡറൽ ഗവണ്‍മെന്റ് നല്‍കുന്ന ഈ 'അംഗീകൃത ലിസ്റ്റില്‍' പേരില്ലാത്ത വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടുകള്‍ വിതരണം ചെയ്യുന്നത് തടയാന്‍ പോസ്റ്റല്‍ സര്‍വിസ് പുതിയ നിയമം കൊണ്ടുവരികയാണ്. ലക്ഷക്കണക്കിന് സാധാരണ വോട്ടര്‍മാര്‍ക്ക് ഇതിലൂടെ വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ വിവാദ ഉത്തരവ് നടപ്പിലാക്കാന്‍ ജൂണ്‍ ആദ്യവാരം ബോസ്റ്റണ്‍ കോടതിയില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങള്‍ പരിശോധിക്കാന്‍ ഉപയോഗിക്കുന്ന 'SAVE' (Systematic Alien Verification for Entitlements) എന്ന ഫെഡറല്‍ ഡാറ്റാബേസിലേക്ക് സംസ്ഥാനങ്ങളുടെ മുഴുവന്‍ വോട്ടര്‍ പട്ടികയും സമര്‍പ്പിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. വോട്ടര്‍മാരുടെ പൗരത്വം പരിശോധിക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക പോര്‍ട്ടല്‍ ജൂണ്‍ 30-നകം യാഥാര്‍ത്ഥ്യമാക്കുമെന്നും അവര്‍ അവകാശപ്പെട്ടു.
എന്നാല്‍, ഈ നീക്കത്തിന്റെ പ്രായോഗികതയെയും പൗരന്മാരുടെ സ്വകാര്യതാ ലംഘനത്തെയും കുറിച്ച് കോടതി കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ, വെറും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ മലക്കംമറിയേണ്ടി വന്നു. വോട്ടര്‍ പട്ടികകള്‍ 'SAVE' ഡേറ്റാബേസിലേക്കു മാറ്റാനുള്ള തീരുമാനം അവര്‍ക്കു പിന്‍വലിക്കേണ്ടി വന്നു. ജൂണ്‍ 30-നകം വിവരങ്ങള്‍ കൈമാറാനുള്ള ഒരു താല്‍ക്കാലിക സംവിധാനം മാത്രമേ ഉണ്ടാകൂയെന്നും പ്രധാന പോര്‍ട്ടല്‍ ഈ വര്‍ഷം വൈകിയേ വരികയുള്ളൂ എന്നും ഭരണകൂടം പുതിയ നോട്ടിസിലൂടെ കോടതിയെ അറിയിച്ചു.
''ഫെഡറല്‍ ഗവണ്‍മെന്റിന്റെ പരിധിക്കപ്പുറമുള്ള കാര്യമാണിത്. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും വോട്ടവകാശ ലംഘനവുമാണിത്. ലക്ഷക്കണക്കിനു നിയമപരമായ വോട്ടര്‍മാര്‍ക്ക് ഇതിലൂടെ വോട്ടവകാശം നിഷേധിക്കപ്പെടും,'' എന്നാണ് ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ഡാവിസണ്‍ പറയുന്നത്.
അമേരിക്കന്‍ ഭരണഘടനയനുസരിച്ച് വോട്ടര്‍ പട്ടിക പരിപാലിക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും പൂര്‍ണമായും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. എന്നാല്‍ ഈ അധികാരം കവര്‍ന്നെടുക്കാന്‍ ട്രംപിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് അമേരിക്കയിലെ 49 സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരുടെ മുഴുവന്‍ പേരും വിലാസവും അടങ്ങുന്ന രേഖകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ച അരിസോണ, കാലിഫോര്‍ണിയ, മിഷിഗണ്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം കേസ് ഫയല്‍ ചെയ്‌തെങ്കിലും എട്ടോളം സംസ്ഥാനങ്ങളിലെ കോടതികള്‍ ഭരണകൂടത്തിന്റെ ആവശ്യം നിയമവിരുദ്ധമെന്ന് കണ്ട് തള്ളിക്കളഞ്ഞു.
വോട്ടര്‍ പട്ടികയിലെ വിദേശികളെ കണ്ടെത്താനാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വാദിക്കുമ്പോള്‍, ഇതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ അട്ടിമറിയുണ്ടെന്ന് വോട്ടവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രംപ് ഭരണകൂടം ഉപയോഗിക്കുന്ന ഫെഡറല്‍ ഡാറ്റാബേസുകളില്‍ ലക്ഷക്കണക്കിന് യഥാര്‍ത്ഥ യു.എസ് പൗരന്മാരുടെ (വിവാഹ ശേഷം പേര് മാറിയവര്‍, വിദേശത്ത് ജനിച്ച സൈനികരുടെ മക്കള്‍ എന്നിവര്‍) പൗരത്വ വിവരങ്ങള്‍ കൃത്യമല്ല. ഈ തെറ്റായ ലിസ്റ്റ് ഉപയോഗിച്ച് വോട്ടര്‍മാരെ വെട്ടിമാറ്റിയാല്‍ അത് പ്രതിപക്ഷ വോട്ടുകളെ വലിയ രീതിയില്‍ ബാധിക്കും.
നവംബറിലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്രയും വലിയൊരു ഫെഡറല്‍ സംവിധാനം ഉണ്ടാക്കിയെടുക്കുക എന്നത് പ്രായോഗികമായി അസാധ്യമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ഒരു വശത്ത് കാലിഫോര്‍ണിയ പ്രാഥമിക തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ട്രംപ് അനുകൂലികള്‍ ആരോപിക്കുമ്പോള്‍, മറുവശത്ത് ഒരൊറ്റ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തെത്തന്നെ അട്ടിമറിക്കാന്‍ വൈറ്റ് ഹൗസ് നേരിട്ടിറങ്ങുന്നത് വരാനിരിക്കുന്ന മിഡ്ടേം ഇലക്ഷന്റെ സുതാര്യതയെ ചോദ്യ നിഴലിലാക്കുകയാണ്. കോടതികളുടെ അന്തിമ വിധി എന്താകുമെന്നതിനെ ആശ്രയിച്ചിരിക്കും അമേരിക്കന്‍ വോട്ടര്‍മാരുടെ ഭാവി.
Reports suggest that President Donald Trump is facing criticism over efforts that opponents claim could centralize greater control of the U.S. election process under the federal government, raising concerns about the foundations of American democracy. According to the reports, a controversial "secret list" initiative introduced by the White House is alleged to be aimed at removing large numbers of voters from electoral rolls ahead of the November midterm elections.