രാഷ്ട്രീയ ഇന്ത്യയുടെ അധികാര ഇടനാഴികളില്‍ വനിതാ സംവരണ ബിൽ വീണ്ടും ചര്‍ച്ചയാകുമ്പോള്‍, അത് വെറുമൊരു നിയമനിര്‍മാണത്തിനപ്പുറം സങ്കീര്‍ണമായ സംഖ്യാശാസ്ത്രത്തിന്റെയും അധികാര സമവാക്യങ്ങളുടെയും പരീക്ഷണശാലയായി മാറുകയാണ്. 2029-ഓടെ വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കാനുള്ള എന്‍ ഡി എ സര്‍ക്കാരിന്റെ നീക്കങ്ങള്‍, ലോക്സഭയിലെയും രാജ്യസഭയിലെയും അക്കങ്ങളുടെ കണക്കെടുപ്പില്‍ തട്ടിനില്‍ക്കുകയാണ്.
നിലവില്‍ എന്‍ ഡി എയ്ക്ക് ലോക്‌സഭയില്‍ 293 അംഗങ്ങളാണുള്ളത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വിമത എം പിമാരുടെ പിന്തുണയോടെ ഇത് 319 വരെ ഉയര്‍ന്നേക്കാം. എന്നാല്‍ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാന്‍ ലോക്‌സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ്. ലോക്സഭയില്‍ 360 എം.പിമാരുടെ പിന്തുണയെങ്കിലും ആവശ്യമുള്ളിടത്താണ് എന്‍ ഡി എ 41 സീറ്റിന്റെ കുറവ് നേരിടുന്നത്. രാജ്യസഭയാകട്ടെ, 161 എന്ന മാന്ത്രിക സംഖ്യയില്‍നിന്ന് എന്‍ ഡി എ ബഹുദൂരം അകലെയാണ്. പ്രതിപക്ഷ പിന്തുണയില്ലാതെ ഈ കടമ്പ മറികടക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് അസാധ്യം.
വനിതാ സംവരണ ബില്ലിനൊപ്പം ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 850-ലേക്ക് ഉയര്‍ത്താനുള്ള ഡിലിമിറ്റേഷന്‍ ബിൽ കൂടിച്ചേരുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയാനും സാധ്യതയുണ്ട്. ജനസംഖ്യാ നിയന്ത്രണത്തില്‍ മാതൃകാപരമായ മുന്നേറ്റം നടത്തിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇത് വലിയൊരു രാഷ്ട്രീയ തിരിച്ചടിയാകും. ഡി എം കെ പോലുള്ള പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഉന്നയിക്കുന്ന ശക്തമായ വിയോജിപ്പ് എന്‍ ഡി എയുടെ സമവായ നീക്കങ്ങള്‍ക്കു തിരിച്ചടിയാണ്.
ഭരണഘടനയുടെ അനുച്ഛേദം 81(2)(a) അനുസരിച്ച് 'ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം' എന്ന തത്വം നിലനില്‍ക്കുന്നു. ഈ നിയമം നിലനില്‍ക്കെ, ജനസംഖ്യയിലെ വര്‍ധനവിനെ അവഗണിച്ച് പഴയ സെന്‍സസ് കണക്കുകള്‍ വെച്ച് മണ്ഡല പുനർനിർണയം നടത്തുകയെന്നത് നിയമപരമായി വെല്ലുവിളിയാണ്. 1976-ല്‍ ഏര്‍പ്പെടുത്തിയ ഡിലിമിറ്റേഷന്‍ ഫ്രീസ് 2026-ല്‍ അവസാനിക്കാന്‍ ഇരിക്കെ, വീണ്ടും ആ ഫ്രീസ് നീട്ടുകയെന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക പോംവഴി. അനുച്ഛേദം 81-ല്‍ ഭരണഘടനാ ഭേദഗതി വരുത്തിക്കൊണ്ട് സീറ്റ് വിഭജനത്തിലെ ഈ ഫ്രീസ് ദശകങ്ങളോളം നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നതാണ് കാതലായ ചോദ്യം.
നേരത്തെ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്റെ കൂട്ടായ എതിര്‍പ്പ് മൂലമായിരുന്നു. എന്നാല്‍ ഇപ്പോള്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വ്യത്യസ്തമായ തന്ത്രങ്ങളാണ് ആലോചിക്കുന്നത്. മണ്ഡലങ്ങള്‍ക്കുള്ളിലെ പുനര്‍നിര്‍ണയത്തിന് 2011-ലെ സെന്‍സസ് ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രതിപക്ഷത്തെ ഒരു പരിധിവരെ കൂടെ നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കാം. എങ്കിലും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സീറ്റ് വിഭജനത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കാതെ പ്രതിപക്ഷം വഴങ്ങാന്‍ സാധ്യത കുറവാണ്.
ചുരുക്കത്തില്‍, വനിതാ സംവരണ ബിൽ എന്നത് കേവലം ജെന്‍ഡര്‍ രാഷ്ട്രീയത്തിന്റെ മാത്രം വിഷയമല്ല, മറിച്ച് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെയും അധികാര പ്രാതിനിധ്യത്തെയും മാറ്റിമറിക്കുന്ന വലിയൊരു രാഷ്ട്രീയ ചതുരംഗമാണ്. ഈ കളത്തില്‍ എന്‍ ഡി എയ്ക്കു ജയിക്കണമെങ്കില്‍, തങ്ങളുടെ മുന്നണിക്കു പുറത്തുള്ള പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കുകയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരം കാണുകയും ചെയ്യേണ്ടതുണ്ട്. സംഖ്യകളുടെ ഈ സമവാക്യം എങ്ങനെ പരിഹരിക്കപ്പെടുന്നുവെന്നതിലാണ് ബില്ലിന്റെ ഭാവി കുടികൊള്ളുന്നത്.
The Women's Reservation Bill is not merely an issue of gender politics. It is, in fact, a major political chessboard that could reshape India's federal structure and the distribution of political power. For the NDA to secure victory in this contest, it must build consensus with parties outside its alliance and address the concerns of the southern states. Ultimately, the future of the Bill will depend on how this complex political equation is resolved.