മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്ന ഡിജിറ്റല്‍ ഗാനങ്ങള്‍ സ്വന്തം പ്ലാറ്റ്ഫോമുകളില്‍ ഹോസ്റ്റ് ചെയ്യുകയും പ്രൊമോട്ട് ചെയ്യുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്യുകയാണ് യുട്യൂബ്, സ്‌പോട്ടിഫൈ, മെറ്റ, ആപ്പിള്‍ മ്യൂസിക് തുടങ്ങിയ പ്രമുഖ ആഗോള ആപ്പ് കമ്പനികളെന്ന് റിപ്പോര്‍ട്ട്.
വാഷിംഗ്ടണ്‍ ഡി.സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ്' പുറത്തുവിട്ട 'പ്രോഫിറ്റിംഗ് ഫ്രം ഹേറ്റ് മ്യൂസിക്' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകന്‍ കുനാല്‍ പുരോഹിത്,ഗവേഷകരായ തവിഷി, ഹമാദ് മീര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഈ പഠനത്തില്‍, സ്വന്തം സുരക്ഷാ നയങ്ങളെയും വെറുപ്പ് വിദ്വേഷ പ്രചാര നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഈ നാല് പ്രമുഖ പ്ലാറ്റ്ഫോമുകളിലായി 523 ഗാനങ്ങള്‍ ഇപ്പോഴും ലഭ്യമാണെന്ന് രേഖപ്പെടുത്തുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, കണ്ടെത്തിയ ഗാനങ്ങളില്‍ പകുതിയോളം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പരസ്യമായി വംശഹത്യക്കും അക്രമത്തിനും ആഹ്വാനം ചെയ്യുന്നവയാണ്. ബാക്കിയുള്ളവ കടുത്ത അധിക്ഷേപങ്ങളും തെറ്റായ ഗൂഢാലോചന സിദ്ധാന്തങ്ങളും മാനവികതയ്ക്ക് നിരക്കാത്ത പദപ്രയോഗങ്ങളും നിറഞ്ഞതുമാണ്.
തീവ്രവാദത്തിന്റെ അല്‍ഗോരിതം: പ്ലാറ്റ്ഫോമുകളിലെ വന്‍ സ്വാധീനം
ഹിന്ദുത്വ പോപ്പ് അല്ലെങ്കില്‍ 'എച്ച്-പോപ്പ്' എന്നറിയപ്പെടുന്ന ഈ സംഗീത വിഭാഗത്തിന് ഡിജിറ്റല്‍ ലോകത്തുള്ള സ്വാധീനം എത്രത്തോളം വലുതാണെന്ന് റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
യുട്യൂബ് : റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച 210 ഗാനങ്ങള്‍ യുട്യൂബിലുണ്ട്. ഇവ 100 ചാനലുകളിലായി 19.8 കോടിയിലധികം തവണയാണ് ആളുകള്‍ കണ്ടത്. ഈ ചാനലുകള്‍ക്കെല്ലാം കൂടി 7.64 കോടി സബ്സ്‌ക്രൈബേഴ്സ് ഉണ്ട്. ഇത് ഇന്ത്യയിലെ ആകെ യുട്യൂബ് ഉപയോക്താക്കളുടെ 15 ശതമാനത്തിലധികം വരും.
മെറ്റാ (ഇന്‍സ്റ്റാഗ്രാം/ഫേസ്ബുക്ക്): മെറ്റായുടെ മ്യൂസിക് ലൈബ്രറിയില്‍ ഇത്തരം 103 വെറുപ്പിന്റെ ഗാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഉപയോക്താക്കള്‍ 59 ലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം റീലുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സ്‌പോട്ടിഫൈ & ആപ്പിള്‍ മ്യൂസിക്: പ്രമുഖ ഓഡിയോ സ്ട്രീമിംഗ് ആപ്പുകളും ഇതില്‍ ഒട്ടും പിന്നിലല്ല. സ്‌പോട്ടിഫൈയില്‍ 53 ആര്‍ട്ടിസ്റ്റുകളുടെ 109 ഗാനങ്ങളും, ആപ്പിള്‍ മ്യൂസിക്കില്‍ 59 ആര്‍ട്ടിസ്റ്റുകളുടെ 101 ഗാനങ്ങളും ഇത്തരത്തിലുള്ളതായി കണ്ടെത്തി.
വിദ്വേഷം പടര്‍ത്തിയ ചില ഉദാഹരണങ്ങള്‍
അക്രമ സംഭവങ്ങളെ ഈ ചാനലുകള്‍ എങ്ങനെയാണ് തങ്ങളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടാവുകയും, ഇരകളുടെ മതസ്വത്വം ചോദിച്ചറിഞ്ഞ ശേഷം 26 പേരെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. ഈ ദാരുണമായ സംഭവത്തിന് തൊട്ടുപിന്നാലെ, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിദ്വേഷ ഗാനങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. 11.5 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ഉള്ള കവി സിംഗ് എന്ന ഗായിക, തൊട്ടടുത്ത ദിവസം തന്നെ 'പെഹ്ലെ ധര്‍മ്മ പുച്ചാ' ('അവര്‍ ആദ്യം ഞങ്ങളുടെ മതം ചോദിച്ചു') എന്ന ഗാനം അപ്ലോഡ് ചെയ്തു. മുസ്ലീങ്ങള്‍ മുഴുവന്‍ ഹിന്ദുക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിക്കുന്ന ഈ ഗാനം, വിഭജന കാലത്ത് എന്തുകൊണ്ട് രാജ്യം വിട്ടുപോയില്ല എന്നും ചോദിക്കുന്നു.
2026 മേയ് മാസത്തോടെ ഈ ഗാനത്തിന് 3.5 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ടായി. ഗുല്‍ഷന്‍ മ്യൂസിക് പുറത്തിറക്കിയ 'ജാഗോ ഹിന്ദു ജാഗോ' എന്ന ഗാനം ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം പുറത്തുവന്നു. ഹിന്ദുവായി ജീവിക്കുന്നത് ഒരു 'കുറ്റമായി' മാറിയിരിക്കുന്നു എന്ന് പറയുന്ന ഗാനം പരസ്യമായി പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്നു. ഇതിന് ചുരുങ്ങിയ കാലം കൊണ്ട് 6.13 ലക്ഷം കാഴ്ചക്കാരെയും 13,000 ലൈക്കുകളും ലഭിച്ചു.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റ് ചില പ്രധാന ചാനലുകളും ഗാനങ്ങളും:
സംഗം ധുന്‍ (Sangam Dhun): യുട്യൂബിന്റെ വെരിഫൈഡ് ബാഡ്ജുള്ള ഈ ചാനലിന് 2.51 ലക്ഷം സബ്സ്‌ക്രൈബേഴ്സ് ഉണ്ട്. വിദ്വേഷം നിറഞ്ഞ 46 ഗാനങ്ങളാണ് ഇതിലുള്ളത് (ആകെ 1.57 കോടി കാഴ്ചക്കാര്‍). ഇതിലെ 'ഭഗ്വ സേ ഡര്‍ ലഗ്താ ഹേ തോ ഭാരത് ചോഡ് ദോ' ('കാവി കണ്ട് പേടിയാണെങ്കില്‍ ഇന്ത്യ വിട്ടുപോവുക') എന്ന ഗാനം മാത്രം 67 ലക്ഷം പേര്‍ കാണുകയും ഒരു ലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം റീലുകള്‍ക്ക് പശ്ചാത്തലമാവുകയും ചെയ്തു.
മയൂര്‍ മ്യൂസിക് (Mayur Music): ഒരു ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സ് ഉള്ളതുകൊണ്ട് യുട്യൂബിന്റെ 'സില്‍വര്‍ പ്ലേ ബട്ടണ്‍' ലഭിച്ച ചാനലാണിത്. ഗാസയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ നടപടികളെ പുകഴ്ത്തുന്ന ഇവര്‍, സമാനമായ രീതി ഇന്ത്യന്‍ മുസ്ലീങ്ങളോടും കാണിക്കണമെന്ന് ഗാനത്തിലൂടെ ആവശ്യപ്പെടുന്നു.
കല്‍ക്കി (Kalki): ഈ ആര്‍ട്ടിസ്റ്റിന്റെ 'ഹിന്ദു ചാലിസ' എന്ന ഗാനം സ്‌പോട്ടിഫൈയില്‍ 31 ലക്ഷം തവണയാണ് സ്ട്രീം ചെയ്യപ്പെട്ടത്. ഹിന്ദു മതത്തിന് മുകളില്‍ മറ്റ് മതങ്ങളെ പ്രതിഷ്ഠിക്കുന്നവരുടെ 'തല വെട്ടണം' എന്നാണ് ഇതിലെ വരികള്‍.
ഖുശ്ബു ഉത്തം (Khushboo Uttam): ഇവരുടെ 'ജാഗോ ഹിന്ദു ജാഗോ' എന്ന ഗാനത്തില്‍ മുസ്ലീങ്ങളെ 'കരിമൂര്‍ഖന്‍ പാമ്പുകള്‍' എന്ന് അധിക്ഷേപിക്കുകയും 'അവരുടെ നെഞ്ചിലേക്ക് വെടിവെയ്ക്കാന്‍' ആവശ്യപ്പെടുകയും ചെയ്യുന്നു.
കാജല്‍ സിംഗ് (Kajal Singh): ആപ്പിള്‍ മ്യൂസിക്കിലുള്ള ഇവരുടെ 'ചീര്‍ കെ രഖ് ദേങ്കേ ഉന്‍കോ' എന്ന ഗാനത്തില്‍ മുസ്ലീങ്ങളെ കഷണങ്ങളാക്കി നായ്ക്കള്‍ക്ക് തീറ്റയായി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.
പൂജ ഗോല്‍ഹാനി (Pooja Golhani): ഇവരുടെ 'ഭാരത് കാ ബച്ചാ ബച്ചാ ജയ് ശ്രീറാം ബോലേഗാ' എന്ന ഒരൊറ്റ യുട്യൂബ് വീഡിയോയ്ക്ക് മാത്രം 4.3 കോടി കാഴ്ചക്കാരുണ്ട്. കൂടാതെ 7.3 ലക്ഷം ഇന്‍സ്റ്റാഗ്രാം റീലുകളില്‍ ഇത് ഉപയോഗിച്ചിരിക്കുന്നു. ഒരു ഡി.ജെ പാര്‍ട്ടിയില്‍ ഈ ഗാനം പ്ലേ ചെയ്യുന്ന റീലിന് മാത്രം 57 ലക്ഷം വ്യൂസ് ഉണ്ട്.
മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച് മതം മാറ്റുന്നു എന്ന 'ലവ് ജിഹാദ്' എന്ന ആരോപണം തലക്കെട്ടില്‍ തന്നെയുള്ള ഒന്‍പത് ഗാനങ്ങള്‍ ആപ്പിള്‍ മ്യൂസിക്കില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗാനങ്ങള്‍ സമൂഹത്തില്‍ വലിയ രീതിയില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.പ്രമുഖ ആഗോള ബ്രാന്‍ഡുകള്‍ അറിയാതെ വിദ്വേഷത്തിന് പണം നല്‍കുന്നു. ഈ ഗാനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു റിപ്പോര്‍ട്ടിന്റെ ഏറ്റവും നിര്‍ണായകമായ ഭാഗം. 2026 ഏപ്രിലില്‍ ഗവേഷകര്‍ ഇന്ത്യയിലെ മൂന്ന് പ്രമുഖ നഗരങ്ങളില്‍ നിന്ന് വി.പി.എന്‍ സംവിധാനം ഉപയോഗിച്ച് ഈ 210 യുട്യൂബ് ഗാനങ്ങളും പരിശോധിച്ചു.
ഡിജിറ്റല്‍ പരസ്യങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്നതായിരുന്നു ഫലം. പരിശോധിച്ച വിദ്വേഷ വീഡിയോകളില്‍ 78 ശതമാനത്തിലും (163 എണ്ണം) പരസ്യങ്ങള്‍ വരുന്നുണ്ടായിരുന്നു. നേരിട്ട് ശാരീരിക അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഗാനങ്ങളില്‍ ഇത് 83 ശതമാനമായി ഉയര്‍ന്നു.
വിദ്വേഷ വരികള്‍ക്ക് മേല്‍ ആഗോള ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍
ലോകത്തിലെയും ഇന്ത്യയിലെയും പ്രമുഖരായ 103 ബ്രാന്‍ഡുകളുടെയും കോര്‍പ്പറേറ്റുകളുടെയും പരസ്യങ്ങളാണ് ഈ വീഡിയോകളിലൂടെ ഇത്തരം വിദ്വേഷ പ്രചാരകര്‍ക്ക് പണമായി മാറുന്നത്. അതില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
ഉത്തര്‍പ്രദേശില്‍ മുസ്ലീം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെ മഹത്വവല്‍ക്കരിക്കുന്ന ഗാനത്തിലാണ് ChatGPTയുടെ പരസ്യം വന്നത്. മുസ്ലീം പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഹിന്ദു വീടുകളിലെ മരുമക്കളാക്കി കൊണ്ടുവരണമെന്ന് പറയുന്ന പാട്ടിലാണ് പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ലിവീസിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. 'പശുവിനെ കൊല്ലുന്നവരെ നമ്മള്‍ കൊല്ലും/വെട്ടും' എന്ന വരികളുള്ള വീഡിയോയിലാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ജനജാഗ്രതാ പരസ്യം പ്ലേ ചെയ്തത്.
ഇതുകൂടാതെ ഗൂഗിളിന്റെ NotebookLM, ആമസോണ്‍ പ്രൈം, അഡോബി (Adobe), ഡെല്‍, കെല്ലോഗ്‌സ് (Kellogg's), ഓറിയോ (Oreo), ഫ്‌ലിപ്കാര്‍ട്ട്, ബിഗ്ബാസ്‌കറ്റ്, താനിഷ്‌ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി ഹോട്ടലുകള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളും ഈ വിദ്വേഷ ഗാനങ്ങളില്‍ വരുന്നുണ്ട്. ഇതിനുപുറമെ, പ്ലാറ്റ്ഫോമുകള്‍ നേരിട്ടും ഇവര്‍ക്ക് വരുമാനമാര്‍ഗ്ഗം ഒരുക്കുന്നുണ്ട്.
അക്രമത്തിന് ആഹ്വാനം ചെയ്യുന്ന 55% യുട്യൂബ് വീഡിയോകളിലും ഉപയോക്താക്കള്‍ക്ക് നേരിട്ട് പണം നല്‍കാനാകുന്ന 'സൂപ്പര്‍ താങ്ക്‌സ്' (Super Thanks) ഫീച്ചര്‍ ഓണ്‍ ആയിരുന്നു. മെറ്റാ പ്ലാറ്റ്ഫോമില്‍ പരിശോധിച്ച 30 പ്രമുഖ എച്ച്-പോപ്പ് ഗായകരില്‍ 20 പേരുടെയും ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പൂര്‍ണ്ണമായും മോണിറ്റൈസ് ചെയ്യപ്പെട്ടവയായിരുന്നു (വരുമാനം ലഭിക്കുന്നവയായിരുന്നു).
പരാജയപ്പെട്ട റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങളും പ്ലാറ്റ്ഫോമുകളുടെ നിസ്സംഗതയും വിദ്വേഷം നിറഞ്ഞ ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ടെക് കമ്പനികള്‍ കാണിക്കുന്ന ഗുരുതരമായ വീഴ്ചയെ റിപ്പോര്‍ട്ട് ശക്തമായി വിമര്‍ശിക്കുന്നു. 2025 ഒക്ടോബര്‍ - നവംബര്‍ മാസങ്ങള്‍ക്കിടയില്‍ ഇടഛഒ ഗവേഷകര്‍ ഈ 523 ഗാനങ്ങളില്‍ 225 എണ്ണത്തിനെതിരെ പ്ലാറ്റ്ഫോമുകളുടെ ഔദ്യോഗിക സംവിധാനങ്ങള്‍ വഴി പരാതി നല്‍കി.
എന്നാല്‍ 2026 ഏപ്രില്‍ ആയിട്ടും വെറും 18 ഗാനങ്ങള്‍ മാത്രമാണ് നീക്കം ചെയ്തത് അതായത് 92% പരാതികളിലും ഒരു നടപടിയുമുണ്ടായില്ല. യുട്യൂബില്‍ നിന്ന് നീക്കം ചെയ്തു എന്ന് പറഞ്ഞ മൂന്ന് ഗാനങ്ങള്‍, ചാനല്‍ ഉടമകള്‍ കേവലം 'അണ്‍ലിസ്റ്റഡ്' ആക്കി മാറ്റുക മാത്രമാണ് ചെയ്തത്. അതായത്, ആ ഗാനത്തിന്റെ ലിങ്ക് ഉള്ള ആര്‍ക്കും അത് കാണാനും അതിലൂടെ ചാനലിന് വരുമാനം ഉണ്ടാക്കാനും സാധിക്കും.
റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള നടപടികളുടെ കണക്ക് (ഒക്ടോബര്‍ 2025 ഏപ്രില്‍ 2026)
ആകെ പരാതി നല്‍കിയ ഗാനങ്ങള്‍: 225
നീക്കം ചെയ്തവ: 18 (8% മാത്രം)
നടപടിയുണ്ടാകാത്തവ: 207 (92% ഗാനങ്ങളും ഇപ്പോഴും ലഭ്യമാണ്)
പരാതി നല്‍കിയിട്ടും നടപടിയില്ല: ബിഗ് ടെക്കിന്റെ ഇരട്ടത്താപ്പ്
ഇത്തരം വിദ്വേഷ ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ ആഗോള കമ്പനികള്‍ക്ക് യാതൊരു താല്പര്യവുമില്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇടഛഒ ഗവേഷകര്‍ ഔദ്യോഗികമായി പരാതി നല്‍കിയ 225 ഗാനങ്ങളില്‍ വെറും 18 എണ്ണം മാത്രമാണ് നീക്കം ചെയ്തത്. അതായത് 92% പരാതികളിലും ഒരു നടപടിയുമുണ്ടായില്ല.
സ്‌പോട്ടിഫൈ: ഈ ആപ്പില്‍ നേരിട്ട് ഒരു റിപ്പോര്‍ട്ട് ബട്ടണ്‍ പോലും ഉണ്ടായിരുന്നില്ല. വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ഫോം വഴിയുള്ള പരാതികള്‍ പല ബ്രൗസറുകളിലും ഡിവൈസുകളിലും എറര്‍ കാണിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കസ്റ്റമര്‍ കെയറിന്റെ ലൈവ് ചാറ്റ് വഴി ഒരു സിംഗിള്‍ ഗാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഗവേഷകര്‍ക്ക് ശരാശരി 33 മിനിറ്റ് സമയം ചിലവഴിക്കേണ്ടി വന്നു. ഇത്രയൊക്കെ ചെയ്തിട്ടും, 2026 മേയ് മാസമായിട്ടും സ്‌പോട്ടിഫൈയില്‍ റിപ്പോര്‍ട്ട് ചെയ്ത 59 ഗാനങ്ങളില്‍ ഒന്നില്‍ പോലും നടപടിയുണ്ടായില്ല.
ആപ്പിള്‍ മ്യൂസിക്: ഇതിനായി ഉപയോക്താക്കള്‍ എവിടെയോ മറഞ്ഞുകിടക്കുന്ന ഒരു ഫീഡ്ബാക്ക് ഫോം തിരഞ്ഞുപിടിക്കേണ്ട അവസ്ഥയാണ്. പരാതി നല്‍കിയാല്‍ അതിന്മേല്‍ എന്താണ് നടപടിയുണ്ടായതെന്ന് അറിയാനുള്ള ഒരു സംവിധാനവും കമ്പനി നല്‍കുന്നില്ല. ഇവിടെ റിപ്പോര്‍ട്ട് ചെയ്ത 34 ഗാനങ്ങളില്‍ 33 എണ്ണവും യാതൊരു തടസ്സവുമില്ലാതെ ഇപ്പോഴും ലൈവാണ്.
English Summary: Major global app companies such as YouTube, Spotify, Meta, and Apple Music are reportedly hosting and promoting digital songs that incite violence against religious minorities on their platforms and profiting from them.
These findings are detailed in a report titled "Profiting from Hate Music" released by the Centre for the Study of Organized Hate (CSOH), a Washington, D.C.-based organization. The report alleges that these platforms are facilitating the spread of such content while generating revenue from it.