Opinion

ഡല്‍ഹി സമരച്ചൂടില്‍ രൂപപ്പെടുന്ന പുതിയ ജനാധിപത്യ പ്രതീക്ഷകള്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) പ്രഖ്യാപിച്ച പ്രക്ഷോഭവും, അതിനെ നേരിടാന്‍ ഭരണകൂടം അഴിച്ചുവിട്ട ഭീകരതയും അടിയന്തരാവസ്ഥക്ക് ശേഷം മറ്റൊരു ഫാസിസ്റ്റ് കാലത്തെ നേര്‍മുഖം വരച്ചു കാട്ടുകയാണ്.

ശ്രീകാന്ത് പി. കെ

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും സങ്കീര്‍ണവുമായ നിലയില്‍ കൂടിയാണ് കടന്നുപോകുന്നത്. രാജ്യം ഭരിക്കുന്ന വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി നോക്കുകുത്തിയാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍, ജനാധിപത്യത്തിന്റെ ജീവവായു നിലനിര്‍ത്താന്‍ തെരുവില്‍ ചോര നീരാക്കി പൊരുതേണ്ടി വരുന്ന ദശാസന്ധിയിലാണ് നമ്മള്‍. പാര്‍ലമെന്റിന്റെ വിശാലമായ ഇടങ്ങള്‍ പോലും പ്രതിപക്ഷ ശബ്ദങ്ങളെ ഭയന്ന് അടച്ചുപൂട്ടപ്പെടുമ്പോള്‍, തെരുവ് മാത്രമാണ് ഇന്ന് പൗരന്റെ ഒരേയൊരു പ്രതിരോധ ഇടമായി അവശേഷിക്കുന്നത്. ഡല്‍ഹിയിലെ ജന്തര്‍മന്തറും സര്‍വകലാശാലാ ക്യാമ്പസുകളും ഒരുപോലെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ആ ചെറുത്തുനില്‍പ്പിന്റെ ആവേശകരമായ അധ്യായത്തിനാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ നഗ്നമായ അട്ടിമറികള്‍ക്കുമെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) പ്രഖ്യാപിച്ച പ്രക്ഷോഭവും, അതിനെ നേരിടാന്‍ ഭരണകൂടം അഴിച്ചുവിട്ട ഭീകരതയും ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിയന്തരാവസ്ഥക്ക് ശേഷം മറ്റൊരു ഫാസിസ്റ്റ് കാലത്തെ നേര്‍മുഖം വരച്ചു കാട്ടുകയാണ്.

ഈ സമരമുഖത്ത് ഒറ്റക്കെട്ടായി നിന്ന്, I.N.D.I.A ബ്ലോക്കില്‍പ്പെട്ടതും പെടാത്തതുമായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ്. ഡല്‍ഹിയുടെ തെരുവ് കൈയടക്കി നടത്തുന്ന ഈ പോരാട്ടം, വെറുമൊരു രാജി ആവശ്യത്തിനപ്പുറം ഈ രാജ്യത്തിന്റെ മതേതര-സോഷ്യലിസ്റ്റ് സ്വഭാവം നിലനിര്‍ത്താനുള്ള സമീപകാല ഇന്ത്യ കണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര ഉള്ളടക്കത്തോടെയുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. കാലം ആവശ്യപ്പെടുന്ന ഈ ചരിത്രപരമായ ചുമതലയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ലക്ഷക്കണക്കിന് യുവജനങ്ങള്‍ ഡല്‍ഹിയുടെ കവാടങ്ങളിലേക്ക് ഇരച്ചെത്തുമ്പോള്‍, കഴിഞ്ഞ പന്ത്രണ്ടാണ്ട് ചോദ്യം ചെയ്യപ്പെടലുകളില്ലാതെ നിര്‍മ്മിച്ച് പോന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിത്തറയാണ് ഇളകി തുടങ്ങുന്നത്. അതിനാല്‍ തന്നെ പ്രത്യയശാസ്ത്ര കെട്ടുറപ്പിന്റെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും സമന്വയമായി ഈ സമരം മാറുന്നത് ഇന്ത്യയിലെ തൊഴിലാളി - ചൂഷിത ജനവിഭാഗങ്ങള്‍ക്ക് വലിയൊരു ആത്മവിശ്വാസമാണ് പകരുന്നത്. ഏതൊരു അടിച്ചമര്‍ത്തലിനും മറുപടിയായി ചരിത്രം തിരുത്തിക്കുറിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന ഡല്‍ഹി പ്രക്ഷോഭം. എണ്‍പത് പിന്നിട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രക്ഷോഭത്തെ നയിച്ച് മുന്നിലുണ്ട്. എന്നാല്‍ യുവ ജനത ഏറ്റെടുത്തു നടത്തുന്ന ഈ സമരത്തിന്റെ ഓരോ ചുവടുവയ്പ്പും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ പുതിയൊരു ദിശാബോധമാണ് രാജ്യത്തിന് സമ്മാനിക്കുന്നത്.

രാഷ്ട്രീയ ജാഗ്രതയുടെ ജൈവഭൂമിക ഗ്യാനേഷ് കുമാറിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ അടിത്തറയെത്തന്നെ തകര്‍ക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിയുടെ താല്പര്യങ്ങള്‍ക്ക് വഴിപ്പെടുന്നുവെന്ന ഗുരുതരമായ ആരോപണമാണ് 'ഇന്ത്യ'മുന്നണി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. വോട്ടര്‍ പട്ടികകളുടെ തീവ്രമായ പുതുക്കല്‍ പ്രക്രിയയായ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) നടപ്പിലാക്കുന്നതില്‍ വന്‍തോതിലുള്ള ക്രമക്കേടുകളും അട്ടിമറികളും നടന്നതായി ചൂണ്ടിക്കാട്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ രാജി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നത്.

ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി, പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട ലക്ഷക്കണക്കിന് വോട്ടര്‍മാരുടെയും പ്രതിപക്ഷ അനുകൂലികളുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാജ കാരണങ്ങള്‍ പറഞ്ഞ് ബോധപൂര്‍വ്വം നീക്കം ചെയ്തതായാണ് പ്രധാനമായും ഉയരുന്ന ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും വകവെക്കാതെ, ഭരണകക്ഷിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ജ്ഞാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊണ്ടു എന്നത് ജനാധിപത്യത്തോട് ചെയ്യുന്ന വലിയ വഞ്ചനയാണ്. വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വരുത്തിയ ഏകപക്ഷീയമായ മാറ്റങ്ങളും, പട്ടിക തിരുത്താനുള്ള സംവിധാനങ്ങളുടെ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലാക്കിയതും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോക്കപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും അടയ്ക്കപ്പെട്ടിട്ടും തെല്ലും കൂസാതെ ഇന്‍ക്വിലാബ് മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നേറിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ രാജ്യത്തെ മുഴുവന്‍ യുവജനങ്ങള്‍ക്കും വലിയൊരു ആവേശമാണ് പകര്‍ന്നുനല്‍കിയത്

നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു ഭരണഘടനാസ്ഥാപനം കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ സ്വാധീനത്തിന് പൂര്‍ണ്ണമായി വഴങ്ങി ജനങ്ങളുടെ വോട്ടവകാശം കവരുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിന്റെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയില്‍ ജ്ഞാനേഷ് കുമാറിനാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് ഫാസിസ്റ്റ് പ്രവണതകള്‍ക്ക് ഒത്താശ ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേതൃത്വത്തിന്റെ നടപടിക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് നിലവില്‍ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നത്. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളുടെ ഏറ്റവും അടുപ്പക്കാരില്‍പ്പെട്ട ഈ ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ പലനിലയില്‍ ഈ രാഷ്ട്രീയ ആരോപണങ്ങളെ വിശ്വസനീയമാക്കുന്നത് കൂടിയാണ്.

പൂര്‍ണ്ണ ഫാസിസത്തിലേക്ക് നടന്നടുക്കുന്ന ഇന്ത്യ

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ശിലകളായ മതേതരത്വം, ഫെഡറലിസം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെല്ലാം ഇന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഭരണകൂടത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതും, ജയിലറകളിലേക്ക് അടയ്ക്കുന്നതും പതിവായിരിക്കുന്നു. പാര്‍ലമെന്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കി രാജ്യത്ത് ഏകാധിപത്യ പ്രവണതകള്‍ നടപ്പിലാക്കപ്പെടുമ്പോള്‍, അത് സമ്പൂര്‍ണ്ണ ഫാസിസത്തിലേക്കുള്ള അപകടകരമായ നടത്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഈ ഭയത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയത്തിന് എതിരെ സഹിക്കെട്ട മനുഷ്യര്‍ ഉയര്‍ത്തുന്ന ശബ്ദമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അടിയന്തരാവസ്ഥാ സമാനമായ അന്തരീക്ഷമാണ് രാജ്യത്ത് നിലവിലുള്ളത്. ഭരണാധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാത്രം രാജ്യം ചലിക്കണമെന്ന സങ്കുചിത ചിന്താഗതിയെ വേരോടെ പിഴുതെറിയാന്‍ ഇത്തരം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. സങ്കുചിത ദേശീയതയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രതയാണ് ഈ സമരങ്ങള്‍ ഓരോ പൗരനിലും ഉണര്‍ത്തുന്നത്. ഫാസിസത്തിന്റെ ഇരുണ്ട കാലഘട്ടത്തെ അതിജീവിച്ച് ജനാധിപത്യത്തിന്റെ വെളിച്ചം തിരിച്ചുപിടിക്കാന്‍ ജനങ്ങള്‍ നടത്തുന്ന ഈ നിശ്ചയദാര്‍ഢ്യമായ പോരാട്ടം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും.

കോര്‍പ്പറേറ്റ് ദാസ്യതയും പെരുകുന്ന അതിദാരിദ്രവും

കോര്‍പ്പറേറ്റുകളെ പോറ്റി വളര്‍ത്തുന്ന ക്രോണി കാപ്പിറ്റലിസ്റ്റ് ഭരണത്തിന് കോണ്‍ഗ്രസ് കാലത്തും കുറവൊന്നുമുണ്ടായിരുന്നില്ല. എന്നുമാത്രമല്ല ഇന്നത്തെ പല കോര്‍പ്പറേറ്റ് ഹൗസുകളും പന്തലിച്ചത് കോണ്‍ഗ്രസ് ഭരണ കാലത്ത് തന്നെയാണ്. ഒരു മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന ഈ പാര്‍ടികള്‍ രാജ്യം ഭരിക്കുമ്പോള്‍ സമൂലമായ മറ്റൊരു മാറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല. പക്ഷെ അതില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ അദാനി, അംബാനി തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്കായി തീറെഴുതിക്കൊടുക്കുകയും അവരെ വിധേയപ്പെട്ട് മറ്റെല്ലാ സാമ്പത്തിക ആസൂത്രണങ്ങളും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന വിധേയത്വ നയങ്ങളാണ് ഇന്ന് യൂണിയന്‍ ഗവണ്മെന്റ് നടപ്പിലാക്കുന്നത്. മോദി കാലത്ത് രാജ്യത്തെ ആദ്യ രണ്ട് അതിസമ്പന്നരുടെ സ്വത്തുക്കള്‍ അഞ്ഞൂറും ആയിരവും മടങ്ങ് വര്‍ദ്ധിക്കപ്പെട്ടപ്പോള്‍ ആളോഹരി വരുമാനത്തിലും, പട്ടിണി സൂചികയിലും, അതിസാധാരണക്കാരുടെ ജീവിത സൂചികയിലും രാജ്യം കൂപ്പുകുത്തി. വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജ്ജം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊണ്ട് സര്‍ക്കാര്‍ നൊക്കുകുത്തിയായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റഴിക്കപ്പെടുമ്പോള്‍, സാധാരണക്കാരന്റെ അന്നം മുടങ്ങുകയും അതിദാരിദ്ര്യം ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളില്‍പ്പോലും പടര്‍ന്നുപിടിക്കുകയുമാണ്. ഓക്സ്ഫോം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ, രാജ്യത്തെ സമ്പത്തിന്റെ വലിയൊരു ശതമാനവും വിരലിലെണ്ണാവുന്ന ചുരുക്കം ചില കോര്‍പ്പറേറ്റ് ഭീമന്മാരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. അദാനിയുടെയും അംബാനിയുടെയും ആസ്തികള്‍ കുതിച്ചുയരുമ്പോള്‍, മറുഭാഗത്ത് പണിയെടുക്കുന്ന കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണിയിലേക്കും കടക്കെണിയിലേക്കും തള്ളപ്പെടുകയാണ്. ഭരണകൂടവും കോര്‍പ്പറേറ്റ് ഭീമന്മാരും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്തിന്റെ പരമാധികാരത്തെയാണ് ഗുരുതരമായി ചോദ്യം ചെയ്യുന്നത്. രാജ്യത്തിന്റെ പൊതുമുതല്‍ വിദേശ കുത്തകകള്‍ക്കും ഈ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്കുമായി തീറെഴുതുന്ന ഭരണകൂട നടപടികള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ ഈ രാജ്യത്തെ, കോര്‍പ്പറേറ്റുകളുടെ കൊള്ളമുതലാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയമാണ് ഈ പ്രക്ഷോഭങ്ങളുടെ അന്തഃസത്ത. വിശപ്പും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ രോഷം അണപൊട്ടിയെത്തുമ്പോള്‍, ഭരണാധികാരികളുടെ കോര്‍പ്പറേറ്റ് അനുകൂല സിംഹാസനങ്ങള്‍ തകര്‍ന്നടിയുമെന്ന ചരിത്രസത്യമാണ് ഡല്‍ഹിയിലെ പോരാട്ടങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ യൂണിയന്‍ ഗവണ്മെന്റിന്റെ കാര്‍ഷിക ബില്ലിനെതിരെ പല സംസ്ഥാനങ്ങളിലും അലയടിച്ച കര്‍ഷക പ്രക്ഷോഭങ്ങളാണ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയിരുന്നത്. ഒരു പക്ഷെ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ബിജെപി ഭരിക്കുന്ന യൂണിയന്‍ ഭരണകൂടം മുട്ടുമടക്കിയത് കര്‍ഷക പ്രക്ഷോഭത്തിന് മുന്നിലാണെന്ന് പറയാം.

പെരുകുന്ന തൊഴിലില്ലായ്മ, ഉയരുന്ന അസമത്വം

യുവതലമുറയുടെ കണ്മുന്നില്‍ വെച്ച് കരിയറും ജീവിതവും കരിച്ചുകളയുന്ന തരത്തിലുള്ള രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നത്. ഔദ്യോഗിക കണക്കുകളും ആനുകാലിക പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (PLFS) ഡാറ്റകളും വ്യക്തമാക്കുന്നത് പ്രകാരം, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയിലെയും വിദ്യാസമ്പന്നരായ വിഭാഗങ്ങള്‍ക്കിടയിലെയും തൊഴില്‍രഹിതരുടെ കണക്കുകള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. തൊഴിലില്ലായ്മ നിരക്കിനെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകളില്‍ തന്നെ കൃത്രിമത്വം കാണിക്കുന്നുവെന്ന് വലിയ പരാതി ഉയരാറുണ്ട്. എന്നിട്ടും അഞ്ചര ശതമാനത്തിനടുത്ത് നില്‍ക്കുന്ന തൊഴിലില്ലായ്മ നിരക്കും, ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാതെ ആറര ശതമാനത്തിലധികം വരുന്ന യുവനിരയും രാജ്യത്തിന്റെ ഭാവിയെ ഇരുട്ടിലാക്കുന്നു. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തൊഴിലിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.പ്രത്യാശ നഷ്ടപ്പെട്ട ഒരു തലമുറയെ കാത്തിരിക്കുന്നത് അനിശ്ചിതത്വത്തിന്റെ ഇരുണ്ട നാളുകളാണ്. ഈ സാമൂഹിക അനീതിക്കെതിരെ യുവജനങ്ങളുടെ രോഷം ഏറെ കാലമായി അഗ്നിപര്‍വ്വതം പോലെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ഇന്ന് രാജ്യത്തെ യുവജനങ്ങളെ ഓരോ വര്‍ഷവും തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജീവിക്കാന്‍ വകയില്ലാതെ അലയുന്ന ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ അമര്‍ഷമാണ് ഡല്‍ഹിയിലെ സമരമുഖങ്ങളില്‍ അലയടിക്കുന്നത്. സമ്പന്നന്മാര്‍ കൂടുതല്‍ സമ്പന്നരാവുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന ക്രൂരമായ സാമ്പത്തിക അസമത്വത്തിനെതിരെയുള്ള വര്‍ഗ്ഗപരമായ പ്രതിരോധം കൂടിയാണ് ഈ പ്രക്ഷോഭം. തുല്യതയുടെയും നീതിയുടെയും പുതിയ ലോകം സൃഷ്ടിക്കപ്പെടണമെങ്കില്‍ തൊഴിലില്ലായ്മയുടെയും ചൂഷണത്തിന്റെയും മൂലധന സംസ്‌കാരം പൂര്‍ണ്ണമായി തൂത്തെറിയപ്പെടേണ്ടതുണ്ട്.

വീശിയടിക്കുന്ന ജെന്‍ സീ പ്രക്ഷോഭം

ചരിത്രത്തിന്റെ പുതിയ വഴിമാറലുകളില്‍ ലോകമെമ്പാടും ഇന്ന് ജെന്‍ സീ (Gen Z) യുവത തെരുവിലിറങ്ങിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ നമ്മുടെ അയല്‍ രാജ്യങ്ങളായി തന്നെയുണ്ട്. ഫ്രാന്‍സ്, ഗ്രീസ്, മെക്സിക്കോ എന്നിങ്ങനെ പാശ്ചാത്യ നാടുകളിലും പുതുതലമുറ യുവാക്കള്‍ തെരുവിലാണ്. ഇതിലെ പല പ്രക്ഷോഭങ്ങളിലെയും ന്യായങ്ങളും അവയില്‍ ചിലത് മുന്നോട്ട് വെക്കുന്ന ഫലത്തിലും പല തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, യുവതലമുറ, ആഗോളമായി തന്നെ നിരാശരാണ് എന്നത് സുവ്യക്തമാണ്. പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയും ഏകാധിപത്യ പ്രവണതകളെയും ചോദ്യം ചെയ്തുകൊണ്ട് പുതിയ തലമുറ വലിയ മാറ്റങ്ങള്‍ക്ക് തിരിതെളിക്കുന്നു. അധികാരത്തിന്റെ തോക്കിന്‍മുനകളെയും സൈബറിടങ്ങളിലെ സെന്‍സര്‍ഷിപ്പുകളെയും അതിജീവിച്ച്, തങ്ങളുടെ അവകാശങ്ങള്‍ക്കായി അവര്‍ ഒരേ ശബ്ദത്തില്‍ പ്രതികരിക്കുന്നു. ഈ ആഗോള യുവജന മുന്നേറ്റത്തിന്റെ അലയൊലികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യുവജനങ്ങള്‍ ഉയര്‍ത്തിയ വിപ്ലവകരമായ ചെറുത്തുനില്‍പ്പുകള്‍ ഇന്ന് ഇന്ത്യയിലെ ക്യാമ്പസുകളിലേക്കും തെരുവുകളിലേക്കും പടര്‍ന്നുപിടിക്കുകയാണ്. ഫാസിസ്റ്റ് ഭരണാധികാരികള്‍ക്ക് മുന്നില്‍ മുട്ടുകുത്താന്‍ തയ്യാറാകാത്ത, സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി വിട്ടവീഴ്ചയില്ലാതെ പോരാടുന്ന ജെന്‍ സീ യുവതയുടെ ആവേശകരമായ സാന്നിധ്യമാണ് ഡല്‍ഹി സമരങ്ങളെ മറ്റ് പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഡിജിറ്റല്‍ കാലത്തിന്റെ വേഗതയോടൊപ്പം സഞ്ചരിക്കുന്ന ഈ യുവനിര ഭരണകൂടത്തിന്റെ എല്ലാത്തരം ഭയപ്പെടുത്തലുകളെയും തൃണവത്കരിച്ചുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ കണ്ട ജനകീയ മുന്നേറ്റങ്ങളുടെ തനിയാവര്‍ത്തനമായി ഇന്ത്യയിലും യുവത തെരുവ് കൈയടക്കുമ്പോള്‍, അത് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന വലിയൊരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമായി മാറുന്നു. അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തലകുനിക്കാത്ത ഈ പുതിയ തലമുറയുടെ പോരാട്ടവീര്യം ഫാസിസത്തിന്റെ അടിത്തറ തോണ്ടിക്കൊണ്ടിരിക്കുകയാണ്.

നീറ്റ് പ്രക്ഷോഭം - മാറി വീശുന്ന കാറ്റിന്റെ ആദ്യ ദിശാസൂചിക

വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിക്കാനും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ അട്ടിമറിക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന നീറ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ വരാനിരിക്കുന്ന വലിയൊരു കൊടുങ്കാറ്റിന്റെ ആദ്യ സൂചികയായിരുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണീരും അമര്‍ഷവും നിറഞ്ഞ ആ പ്രക്ഷോഭങ്ങള്‍ ഭരണകൂട സംവിധാനങ്ങളുടെ അഴിമതിയെയും ക്രൂരതയെയും തുറന്നുകാട്ടി. കാമ്പസുകളില്‍ നിന്ന് തുടങ്ങിയ ആ ചെറുത്തുനില്‍പ്പ് ഇന്ത്യയിലെ യുവതയുടെ രാഷ്ട്രീയ ബോധത്തെ അടിമുടി മാറ്റിയെഴുതുന്നതായിരുന്നു. കുത്തഴിഞ്ഞ പരീക്ഷാ നടത്തിപ്പിനൊപ്പം പണമുള്ളവര്‍ക്ക് മാത്രം ഉന്നത വിദ്യാഭ്യാസം എന്ന തരത്തിലുള്ള വിവേചനപരമായ നയങ്ങള്‍ക്കെതിരെ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി തെരുവിലിറങ്ങിയത് ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നതായിരുന്നു. നീറ്റ് പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുട്ടിലാക്കിയത്. അതിനെതിരെ സിജെപി പ്രക്ഷോഭങ്ങള്‍ക്ക് മുന്നേ തന്നെ എസ്.എഫ്.ഐയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളും നടത്തിയ ശക്തമായ സമരങ്ങള്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. അത്തരം പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയും കൂടുതല്‍ വിപുലമായ രൂപവുമാണ് ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിലും മറ്റ് യുവജന മുന്നേറ്റങ്ങളിലും നാം കാണുന്നത്. വിദ്യാര്‍ത്ഥികളുടെ ഈ സംഘടിതമായ ചെറുത്തുനില്‍പ്പ് ഭരണകൂടത്തിന്റെ ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്ന കാവിവല്‍ക്കരണ-കച്ചവടവല്‍ക്കരണ അജണ്ടകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഇനിയും തെരുവില്‍ പൊരുതുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ നല്‍കുന്നത്.

സിജെപി - ജെന്‍-സി അമര്‍ഷത്തിന്റെ ഇന്ത്യന്‍ മുഖം

ഈ പശ്ചാത്തലത്തിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) പ്രക്ഷോഭം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ സുതാര്യതയില്ലായ്മയ്ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ഈ മുന്നേറ്റം, ഇന്നത്തെ യുവതലമുറയുടെ അതൃപ്തിയുടെയും അമര്‍ഷത്തിന്റെയും കൃത്യമായ പ്രഖ്യാപനമാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ കടുപ്പമേറിയ ചട്ടക്കൂടുകള്‍ക്കപ്പുറം, പുതിയ കാലത്തിന്റെ പ്രതിഷേധ രീതികളെ ഉള്‍ക്കൊണ്ട് സിജെപി നടത്തുന്ന ഇടപെടലുകള്‍ ഭരണകൂടത്തിന്റെ ചെറുതല്ലാത്ത ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നടപടികളും രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയെ തകര്‍ക്കുമ്പോള്‍, അതിനെതിരെ ശക്തമായ നിലപാടുമായി യുവനിര അണിനിരക്കുകയായിരുന്നു. ജനാധിപത്യത്തെ കോര്‍പ്പറേറ്റുകളുടെയും ഭരണാധികാരികളുടെയും കാല്‍ക്കീഴില്‍ അടിയറവ വെക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഈ പ്രക്ഷോഭം രാജ്യത്തെ യുവാക്കള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നു. രാഷ്ട്രീയ വിയോജിപ്പുകളെയും അവകാശവാദങ്ങളെയും ഭയപ്പെടുത്തലുകളിലൂടെ ഇല്ലാതാക്കാമെന്ന ഭരണകൂടത്തിന്റെ വ്യാമോഹത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട്, ഭരണഘടനയെയും അംബേദ്കറിനെയും മുന്നില്‍ വച്ചുകൊണ്ട് സിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയ ബദല്‍ ഇന്ന് രാജ്യവ്യാപകമായി വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നിഷ്പക്ഷത വീണ്ടെടുക്കാനും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുമുള്ള ഈ പോരാട്ടം രാജ്യത്തെ പുരോഗമന ശക്തികള്‍ക്ക് വലിയൊരു ഊര്‍ജ്ജമാണ് പകരുന്നത്. യുവജനങ്ങളുടെ ഈ മുന്നേറ്റം ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെ മുഖപത്രമായി മാറിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയ ഭരിക്കുന്ന പുതു രാഷ്ടീയരൂപങ്ങള്‍

ഇന്നത്തെ പ്രക്ഷോഭങ്ങള്‍ തെരുവില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് സൈബറിടങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ചെറുത്തുനില്‍പ്പുകള്‍ക്കും രൂപം നല്‍കുന്നുണ്ട്. ഭരണകൂടത്തിന്റെ സെന്‍സര്‍ഷിപ്പുകളെയും ഐടി സെല്ലിന്റെ നുണ പ്രചാരണങ്ങളെയും പ്രതിരോധിച്ചുകൊണ്ട് യുവജന ശബ്ദം ഡിജിറ്റല്‍ ഇടങ്ങളില്‍ ഉയര്‍ത്തുന്നു. മീമുകളിലൂടെയും റീലുകളിലൂടെയും ലൈവ് സ്റ്റ്രീമിംഗുകളിലൂടെയും ഏകാധിപത്യ വിരുദ്ധ രാഷ്ട്രീയം സാധാരണക്കാരിലേക്ക് അതിവേഗം പടരുന്നു. ആശയപരമായ പോരാട്ടങ്ങളുടെ പുതിയ ആയുധമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറുമ്പോള്‍, സാമൂഹിക മാധ്യമങ്ങള്‍ സാധാരണക്കാരുടെയും യുവജനങ്ങളുടെയും സ്വതന്ത്രമായ ശബ്ദമായി മാറുന്ന അദ്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. സര്‍ക്കാരിന്റെ ഏകാധിപത്യ നയങ്ങളെ തുറന്നുകാട്ടുന്ന ഡിജിറ്റല്‍ ക്യാമ്പെയ്നുകള്‍ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് നിമിഷനേരം കൊണ്ട് എത്തിച്ചേരുന്നത്. സൈബറിടങ്ങളിലെ ഈ ശക്തമായ ഇടപെടലുകള്‍ തെരുവിലെ സമരങ്ങള്‍ക്ക് കൃത്യമായ ഏകോപനവും പിന്തുണയും നല്‍കുന്നുണ്ട്. ആശയ പ്രചാരണത്തിന്റെ രീതികള്‍ മാറിയെങ്കിലും, പൊരുതാനുള്ള ചോദനയും വിപ്ലവത്തിന്റെ തീപ്പൊരിയും പുതിയ തലമുറയുടെ സൈബറിടങ്ങളിലും ജ്വലിച്ചുനില്‍ക്കുന്നുണ്ടെന്ന് ഈ മുന്നേറ്റങ്ങള്‍ തെളിയിക്കുന്നു. കോടിക്കണക്കിന് രൂപയുടെ സൈബര്‍ സെല്ലുകളുടെ വ്യാജ പ്രചാരണങ്ങളെയും വിദ്വേഷ അജണ്ടകളെയും പ്രതിരോധിച്ചുകൊണ്ട് തങ്ങളാലാകും വിധം സത്യത്തിന്റെ കൊടിപ്പടം ഉയര്‍ത്താന്‍ ഡിജിറ്റല്‍ യുദ്ധക്കളത്തില്‍ യുവജനങ്ങള്‍ സജീവമായി മുന്നിലുണ്ട്.

പ്രക്ഷോഭങ്ങളുടെ നട്ടെല്ലായി മാറിയ സംഘടിത ഇടതുപക്ഷം

ഈ പ്രതിഷേധങ്ങളുടെയെല്ലാം സംഘടനാപരമായ നട്ടെല്ലായി മാറിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും എ.ഐ.എസ്.എഫും ഐസയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ നല്‍കിയ പിന്തുണ പ്രക്ഷോഭത്തിന് വലിയ രാഷ്ട്രീയ ദിശാബോധം നല്‍കി. സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, ബൃന്ദ കാരാട്ട്, വിജൂ കൃഷ്ണന്‍ സി.പി.ഐ ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എ.എ. റഹീം, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജി, ജോയിന്റ് സെക്രട്ടറി ഐഷെ ഘോഷ്, ഐസ നേതാവ് നേഹ ബോറ തുടങ്ങിയ യുവനേതാക്കളും നടത്തിയ ഇടപെടലുകള്‍ സമരത്തിന് കരുത്ത് പകര്‍ന്നു. ജോണ്‍ ബ്രിട്ടാസ്, ജെയ്ക് സി തോമസ് തുടങ്ങിയ കേരളത്തില്‍ നിന്നുള്ള ഇടത് നേതാക്കളെ അതിക്രൂരമായാണ് ഡല്‍ഹി പോലീസ് മര്‍ദിച്ചത്. പോലീസിന്റെ ലാത്തിച്ചാര്‍ജുകളെയും കരുതല്‍ തടങ്കലുകളെയും അതിജീവിച്ച് ഇടതുപക്ഷ നേതാക്കള്‍ ഉയര്‍ത്തിയ പ്രതിരോധം അവരുടെ പ്രത്യയശാസ്ത്ര - സംഘടനാ കരുത്ത് തുറന്ന് കാണിക്കുന്നതാണ്.. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സര്‍വ്വ അടിച്ചമര്‍ത്തലുകളെയും സംഘടിതമായ കരുത്തുകൊണ്ട് നേരിടാന്‍ ഇടത് പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന് ഡല്‍ഹി തെരുവുകള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ലോക്കപ്പുകളിലും പോലീസ് സ്റ്റേഷനുകളിലും അടയ്ക്കപ്പെട്ടിട്ടും തെല്ലും കൂസാതെ ഇന്‍ക്വിലാബ് മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നേറിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ രാജ്യത്തെ മുഴുവന്‍ യുവജനങ്ങള്‍ക്കും വലിയൊരു ആവേശമാണ് പകര്‍ന്നുനല്‍കിയത്. സമരമുഖങ്ങളില്‍ എന്നും മുന്‍നിരയില്‍ നിന്ന് നയിക്കാനും, ജനങ്ങളുടെ അവകാശങ്ങള്‍ക്കായി സ്വന്തം ജീവന്‍ പോലും പണയം വെച്ച് പൊരുതാനുമുള്ള കമ്മ്യൂണിസ്റ്റ് ആവേശം ഡല്‍ഹിയില്‍ പൂര്‍ണ്ണശക്തിയോടെ ഉണ്ടായിരുന്നു. വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് കൊള്ളയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ നട്ടെല്ലായി ഇടതുപക്ഷം എക്കാലത്തും ഉറച്ചുനില്‍ക്കുമെന്ന് ഈ പ്രക്ഷോഭം വീണ്ടും തെളിയിക്കുന്നു.

'വോട്ട് ചോരി' ആരോപണവും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളും

  • പലപ്പോഴും പ്രതിപക്ഷത്തെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസും അതിന്റെ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയും കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന വിമര്‍ശനം പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍, രാജ്യത്തെ നടുക്കിയ 'വോട്ട് ചോരി' ആരോപണത്തിലും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളിലും രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലുകള്‍ എടുത്തുപറയേണ്ട ഒന്നാണ്. വെറും രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം കൃത്യമായ തെളിവുകളുടെയും ഡാറ്റയുടെയും പിന്‍ബലത്തോടെയാണ് ലോകസഭ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം ഈ വിഷയത്തില്‍ രംഗത്തുവന്നത്.

  • തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) പ്രക്രിയയിലെ അട്ടിമറികള്‍ തുറന്നുകാട്ടാനും, വ്യാജ കാരണങ്ങള്‍ പറഞ്ഞ് വോട്ടര്‍മാരെ ഒഴിവാക്കുന്ന നടപടികള്‍ തുറന്ന് കാണിക്കാന്‍ ഒരുപരിധിവരെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാരണമായിട്ടുണ്ട്. കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍പ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരേ വ്യക്തിയുടെ പേര് പലതവണ ആവര്‍ത്തിച്ചതും, വ്യാജ വിലാസങ്ങള്‍ നല്‍കി വോട്ടര്‍മാരെ ചേര്‍ത്തതും ഉള്‍പ്പെടെ ലക്ഷത്തോളം വോട്ടുകളുടെ വ്യതിയാനം അന്വേഷണത്തിലൂടെ അദ്ദേഹം പത്രസമ്മേളനത്തില്‍ തെളിവുസഹിതം പുറത്തുവിട്ടത് നമ്മള്‍ കണ്ടു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലക്ഷക്കണക്കിന് പുതിയ വോട്ടര്‍മാര്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ടതിലെ ദുരൂഹതയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

  • ഇതിനുപുറമേ, വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ ഡിജിറ്റല്‍, അല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് സെര്‍ച്ച് ചെയ്യാവുന്ന ഫോര്‍മാറ്റില്‍ നല്‍കാതെ, പരിശോധന അസാധ്യമാക്കുന്ന തരത്തില്‍ പേപ്പര്‍ ഫോര്‍മാറ്റുകളില്‍ സ്‌കാന്‍ ചെയ്ത് മാത്രം നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒളിച്ചു കളിയേയും രാഹുല്‍ ഗാന്ധി പരസ്യമായി തുറന്നുകാട്ടിയിരുന്നു. പ്രതിപക്ഷ പാര്‍ടികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ മാത്രം കേന്ദ്രീകരിച്ച് ഫോം-7 ഉപയോഗിച്ച് ബോധപൂര്‍വം വോട്ടര്‍മാരുടെ പേര് വെട്ടിമാറ്റാന്‍ നടന്ന ആസൂത്രിത ശ്രമങ്ങളെ സിസിടിവി ദൃശ്യങ്ങളും ഡാറ്റയും മുന്‍നിര്‍ത്തി ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ വിഷയത്തോടുള്ള ഗൗരവം വ്യക്തമാക്കുന്നതാണ്.

  • ഡല്‍ഹിയില്‍ യുവജനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും തെരുവില്‍ പോരാടുമ്പോള്‍, ദേശീയ രാഷ്ട്രീയത്തിലും നിയമപോരാട്ടങ്ങളിലും രാഹുല്‍ ഗാന്ധി നടത്തിയ ഈ ഇടപെടലുകള്‍ ജനങ്ങളുടെ വോട്ടവകാശ സംരക്ഷണത്തിനായുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തി നല്‍കുന്നതാണ്.

സമര വഴിയില്‍ വീണ്ടും കരുത്താര്‍ജ്ജിക്കുന്ന ഇടത് പക്ഷം

ചരിത്രത്തിലെന്നപോലെ പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും ജനങ്ങളുടെ മോചനത്തിനായി വിപ്ലവ വഴിയില്‍ വീണ്ടും ഉറച്ചുനില്‍ക്കുകയാണ് ഇടതുപക്ഷം. തൊഴിലാളികളുടെയും കര്‍ഷകരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഒരടി പോലും പിന്നോട്ട് പോകാതെ അവര്‍ മുന്‍നിരയിലുണ്ട്. ഡല്‍ഹി പോലീസിന്റെ ഇരുപതിലധികം കള്ളക്കേസുകളെയും അടിച്ചമര്‍ത്തലുകളെയും നേരിട്ടുകൊണ്ട് ലോക്കപ്പുകളിലും തെരുവുകളിലും മുഴങ്ങിയ ഇന്‍ക്വിലാബ് മുദ്രാവാക്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം വ്യക്തമാണ് - ചൂഷണത്തിനും ഫാസിസത്തിനുമെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല. ചരിത്രത്തിന്റെ ഏടുകളില്‍ എപ്പോഴൊക്കെ ജനങ്ങള്‍ വലിയ ദുരിതങ്ങളെയും ഏകാധിപത്യ ഭരണങ്ങളെയും നേരിട്ടിട്ടുണ്ടോ, അപ്പോഴൊക്കെ ശരിയായ ദിശാബോധം നല്‍കി മുന്നോട്ട് നയിച്ചത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ഇന്നത്തെ ഡല്‍ഹി പ്രക്ഷോഭങ്ങളിലും ആ ചരിത്രപരമായ ദൗത്യമാണ് രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷം ഏറ്റെടുത്തിരിക്കുന്നത്. ചൂഷണത്തിന്റെ എല്ലാ വേരുകളെയും പിഴുതെറിയാന്‍ വര്‍ഗ്ഗസമരത്തിന്റെ പാതയിലൂടെയുള്ള ഈ മുന്നേറ്റം രാജ്യത്തിന് പുതിയൊരു ദിശാബോധം നല്‍കും. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഐക്യവും വിപ്ലവകരമായ ആശയങ്ങളും മുന്‍നിര്‍ത്തി ഇടതുപക്ഷം നടത്തുന്ന ഈ പോരാട്ടമാണ് ഇപ്പോഴുള്ള ഈ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതില്‍ നിന്ന് ഭരണകൂടത്തിന് വിജയിക്കാതെ പോയത്.

ഭയപ്പെടുത്തിക്കൊണ്ട് കീഴ്‌പ്പെടുത്താമെന്ന വ്യാമോഹങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ചുവപ്പ് കൊടികള്‍ വീണ്ടും ഡല്‍ഹിയുടെ തെരുവുകളില്‍ ആവേശത്തോടെ പാറിക്കളിക്കുകയാണ്. വരുംകാല ഇന്ത്യയുടെ രാഷ്ട്രീയ ദിശയെ നിര്‍ണയിക്കുന്നതില്‍ ഈ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരിക്കും. ജനാധിപത്യത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കുന്നതിനുള്ള ഈ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ ഫാസിസത്തിന്റെ കടയ്ക്കല്‍ തീക്കനല്‍ കോരിയിടുന്നതാണ്. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളും ചെങ്കൊടിയുമായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് ഭരണകൂടത്തെ മുട്ട് കുതിച്ച ഒരേയൊരു പ്രക്ഷോഭം. പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രീയ പ്രസ്താവനകള്‍ വളരെ കുറച്ചു മാത്രം നടതിയ നരേന്ദ്രമോദി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അന്ന് കേരളത്തില്‍ ഭരണത്തിലിരുന്ന കമ്യൂണിസ്റ്റ് പാര്‍ടിയെ സൂചിപ്പിച്ചു കൊണ്ട്, അവര്‍ രാഷ്ട്രീയാധികാരത്തില്‍ ഒരു ചെറിയ സംസ്ഥാനത്ത് മാത്രമാണെങ്കിലും അവരുടെ ആശയം അപകടകരമാണ് എന്ന് പറയുന്നുണ്ട്. പാര്‍ലിമെന്ററി രാഷ്ട്രീയ അധികാരത്തില്‍ ശുഷ്‌കമാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയ അടിത്തറയും സംഘടനാ ശേഷിയും എങ്ങനെ പൊതുബോധത്തെ നിയന്ത്രിക്കുമെന്ന ഒരു പഴയ ആര്‍എസ്എസ് പ്രചാരകന്റെ തിരിച്ചറിവാണ് ആ വാക്കുകള്‍. അതിനാല്‍ തന്നെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളിലെ ഇടത് നേതാക്കളെ നോട്ടമിട്ട് അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങളും അതിനുള്ള കാരണവും അത് തന്നെയാണ്. ഇടതുപക്ഷം സമര സംഘാടനത്തിന്റെ നട്ടെല്ലായി നില്‍ക്കുമ്പോള്‍ തന്നെ അതിനെ എളുപ്പം വഴിമാറ്റി വിടാന്‍ സാധിക്കില്ല എന്നത് അവര്‍ക്കറിയാം.

The article examines the challenges facing Indian democracy, focusing on concerns about the functioning of constitutional institutions, parliamentary opposition, electoral processes and voter-list irregularities. It discusses protests led by the CJP demanding the resignation of the Chief Election Commissioner and criticises the government’s response to demonstrations. The piece frames street protests and student activism as forms of resistance in a period of growing political tension.