കേരളരാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലു വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ നഷ്ടം സി പി എമ്മിനു മാത്രമല്ല കേരളത്തിനാകെയുള്ള നഷ്ടമാണ്. മികച്ച പാര്‍ലമന്റേറിയന്‍, സംഘാടകന്‍, പ്രാസംഗികന്‍, ഭരണാധികാരി ഇതെല്ലാം ഒത്തുച്ചേരുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ എന്നപേര് യാഥാര്‍ത്ഥ്യമാവുന്നത്.
24 വര്‍ഷത്തോളം തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാ സാമാജികനായിരുന്നിട്ടുണ്ട്. കേരളത്തിന്റെ ടൂറിസം, ആഭ്യന്തര മന്ത്രിയായിരുന്നു. അതോടൊപ്പം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം നല്ലൊരു കേള്‍വിക്കാരനായിരുന്നു എന്നതാണ്. ഏതൊരാള്‍ക്കും ഏതൊരുവിഷയവുമായും ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കാമായിരുന്നു. എത്രസമയം വേണമെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടാമത്തെ പ്രത്യേകതയായി തോന്നിയിട്ടുള്ളത് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടുമാത്രം നില്‍ക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം എന്നതാണ്.
എനിക്ക് അദ്ദേഹവുമായി ഏതാണ്ട് കാല്‍ നൂറ്റാണ്ടിലേറെയുള്ള ബന്ധമുണ്ട്. അതില്‍ ഒരു ദിവസം പോലും ദേഷ്യത്തില്‍ പെരുമാറുന്ന ഒരാളായി ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. അത്രയും സൗമ്യമായ മുഖമായിരുന്നു സഖാവ് കോടിയേരിയുടേത്. മികച്ച പ്രാസംഗികനായതുകൊണ്ട് എപ്പോഴും സരസമായി കുറിക്കുകൊള്ളുന്ന രീതിയില്‍ സംസാരിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന് രോഗം ബാധിച്ച 2019 ഒക്ടോബര്‍ മാസം 19 മുതല്‍ നമ്മെയെല്ലാം വിട്ടുപിരിഞ്ഞ 2022 ഒക്ടോബര്‍ ഒന്നുവരെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം പാര്‍ട്ടിയ്ക്കും സംസ്ഥാനത്തിനും ഉണ്ടാക്കിയിട്ടുള്ള നഷ്ടം നികത്താന്‍ സാധിക്കാത്തതാണ്.
കേരളത്തിലെ സിപിഎമ്മിന്റെ നിരവധി കേഡര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു. വിദ്യാര്‍ഥി രംഗത്തുനിന്നും യുവജന രംഗത്തുനിന്നും കേഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. ഏത് സ്ഥലത്തു പോയാലും അവിടുള്ള എസ്.എഫ്.ഐക്കാരെ കണ്ട് സംസാരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കുമായിരുന്നു. ഓരോ കേഡറുടെയും കുടുംബവും കുടുംബ പശ്ചാത്തലവും എങ്ങിനെയാണ് എന്ന കാര്യങ്ങളിലെല്ലാം സൂക്ഷമമായ ശ്രദ്ധ അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയുള്ളൊരു സഖാവായിരുന്നു കോടിയേരി ബാലകൃഷണന്‍. അതുമാത്രമല്ല, എത്ര സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് പഠിക്കാനുതകുന്ന തരത്തിലുള്ളവയായിരുന്നു. പത്രസമ്മേളനങ്ങളില്‍ ക്ഷുഭിതനായോ പൊട്ടിത്തെറിച്ചോ അദ്ദേഹം മറുപടി പറയാറില്ല. വളരെ സരസമായി പുഞ്ചിരിച്ചു കൊണ്ട് ഏത് കാര്യങ്ങള്‍ക്കും മറുപടി പറയാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. സിപിഎം പ്രതിസന്ധിയിലും പ്രതിരോധത്തിലുമായ സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യഥാര്‍ത്ഥ സമ്പത്ത് എന്നദ്ദേഹം മനസിലാക്കിയിരുന്നു. സഖാവ് കോടിയേരിയുടെ മൂലധനം ജനങ്ങളായിരുന്നു. അങ്ങനെ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളുടെ വിഷയങ്ങള്‍ക്ക് അഹോരാത്രം പ്രവര്‍ത്തിച്ച കേരള രാഷ്ട്രീയത്തിലെ ഉയര്‍ന്ന നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന് സമീപകാലത്തുണ്ടായ ഏറ്റവും കനത്ത നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ അകാല വിയോഗം. ഇന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത നഷ്ടം സീതാറാം യച്ചൂരിയാണെങ്കില്‍ കേരളത്തിലെ സി.പി. എമ്മിന്റെ നഷ്ടം സഖാവ് കോടിയേരിയുടെ മരണമായിരുന്നു.
സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനം ഈ നഷ്ടങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സഖാവ് കോടിയേരിയുടെ ഓര്‍മ്മ പുതിയകാല രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകാനുള്ള കരുത്തു പകരും എന്ന ശുഭാപ്തി വിശ്വാസവും എനിക്കുണ്ട്.
CPI(M) State Secretary and Kerala Assembly Speaker A.N. Shamseer remembered former CPI(M) state secretary and senior leader Kodiyeri Balakrishnan on the fourth anniversary of his death, describing him as a gentle and approachable face of Kerala politics. Shamseer highlighted Kodiyeri’s long political career as a legislator representing Thalassery for nearly 24 years, Kerala’s Tourism and Home Minister, CPI(M) state secretary and Politburo member.