രാജ്യത്തെ പ്രതിപക്ഷവും അതിനുമപ്പുറം ഇവിടുത്തെ പൗരസമൂഹവും അത്രമേല്‍ ചേര്‍ന്നുനില്‍ക്കേണ്ടുന്ന സമരമാണ് ഡല്‍ഹി ജന്തര്‍മന്തറില്‍ കഴിഞ്ഞ ഇരുപത് ദിവസമായി നടന്നുവരുന്നത്. 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സി ജെ പി) യുടെയും ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസ (ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ)- ടെയും ഇവ രണ്ടിലും ഉള്‍പ്പെടാത്ത സ്വതന്ത്രയുവാക്കളുടെ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഈ അനിശ്ചിതകാല നിരാഹാരസമരത്തിന്റെയും ധര്‍ണയുടെയും മുദ്രാവാക്യം ഒറ്റയൊന്നാണ്; നീറ്റ് യു ജി പരീക്ഷാക്രമക്കേടിന്റെയും അതിനെത്തുടര്‍ന്ന് രാജ്യത്തുണ്ടായ വിദ്യാര്‍ഥി ആത്മഹത്യകളുടെയും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക എന്നത്. നേരത്തെ സിജെപിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവിലിറങ്ങിയും നടന്ന സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു ജന്തര്‍മന്തറിൽ നടക്കുന്ന ഈ തീവ്രസമരപരിപാടികള്‍.
പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളൊന്നും ഇന്നുവരെ സമരത്തിനോ സമരമുദ്രാവാക്യത്തിനോ പിന്തുണ അറിയിച്ച് പൊതുസമൂഹത്തില്‍ ഒരുതരത്തിലുള്ള ഐക്യപ്പെടലുകളും നടത്തിയിട്ടില്ല. ചില പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ സമരപ്പന്തലിലെത്തി തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയതു കാണാതിരിക്കുന്നില്ല. അതിനപ്പുറം ഈ സമരമുദ്രാവാക്യത്തെ എങ്ങനെ ഇന്ത്യയുടെ ആത്മാവ് തൊടുന്ന വൈകാരികപ്രക്ഷോഭമായി മാറ്റാമെന്നതിനെ സംബന്ധിച്ച കൂട്ടായ ആലോചനകളോ പ്രതിഷേധങ്ങളോ ഉയര്‍ന്നുവരുന്നില്ല.
അതുകൊണ്ടുതന്നെ നമ്മുടെ മുഖ്യധാര പത്ര, ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് ഈ സമരം, നിരാഹാരികള്‍ മരണത്തോടടുത്തിട്ടും ഇന്നും മുഖ്യവാര്‍ത്തയല്ല! ഇന്ത്യന്‍ രാഷ്ട്രീയമനസ്സിനും മധ്യവര്‍ഗ താത്പര്യങ്ങള്‍ക്കും അരുനില്‍ക്കാത്ത ചില ഘടകങ്ങള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളുന്നതു കൊണ്ടാകാം 'കോക്രോച്ച് ജനതാ പാര്‍ട്ടി' എന്ന 'ട്രോള്‍പാര്‍ട്ടി'യുടെ മുഖ്യനേതൃത്വത്തില്‍ നടന്നുവരുന്ന ഈ ജീവന്മരണ സമരത്തോട് അവരെല്ലാം ഒറ്റമനസ്സോടെ മുഖംതിരിച്ചു നില്‍ക്കുന്നത്. എന്നാല്‍, സോനം വാങ്ചുകിന്റെയും വിദ്യാര്‍ഥികളുടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടുകള്‍ പതുക്കെയെങ്കിലും രാജ്യത്തിന്റെ പൊതുവികാരമായി രൂപാന്തരപ്പെടുന്നുണ്ട്.
രാജ്യത്തിന്റെ പരീക്ഷാ സമ്പ്രദായത്തെയും അവയുടെ വിശ്വാസ്യതയെയും പടുകുഴിയിലാഴ്ത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചുവര്‍ഷമെങ്കിലുമായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രത്യക്ഷത്തിലുള്ള നിദര്‍ശനങ്ങളില്‍ ഒന്നുമാത്രമാണ് നീറ്റ് യു ജി പരീക്ഷാക്രമക്കേടും അതിനെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി ആത്മാഹുതികളും. ഇവിടുത്തെ ഭരണകൂടത്തോടും നീതിന്യായ സംവിധാനങ്ങളോടും തെല്ലും ഉത്തരവാദിത്തമില്ലാത്ത നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്ന സ്വയംഭരണാധികാരമുള്ള സൊസൈറ്റിയുടെ രൂപീകരണം മുതല്‍ തുടങ്ങുന്നുണ്ട് ഈ വിശ്വാസത്തകര്‍ച്ച. നീറ്റ്, ജെഇഇ മെയിന്‍, സിഎസ്ഐആര്‍- യുജിസി നെറ്റ് പരീക്ഷകള്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലെക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിങ്ങനെ എന്‍ ടി എ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷകളെല്ലാം ഒന്നൊഴിയാതെ ക്രമക്കേടുകളുടെയും നടത്തിപ്പിലെ പിഴവുകളുടെയും പഴി കേള്‍പ്പിക്കാതിരുന്നിട്ടില്ല.
ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇന്നും കാണാനോ മനസ്സിലാക്കാനോ ശ്രമിക്കാതിരുന്ന ജെന്‍ സി തലമുറയുടെ രാഷ്ട്രീയവും നിശ്ചയദാര്‍ഢ്യവും സമരോന്മുഖതയും ഈ സമരത്തില്‍ ജ്വലിച്ചുനില്‍ക്കുന്നതായി കാണാം. ഘടനാപരമായ രീതിയിലുള്ള നേതൃത്വമോ മറ്റു സംഘടനാ സംവിധാനങ്ങളോ അടിയുറച്ച പ്രത്യയശാസ്ത്രബലമോ ഈ കൂട്ടായ്മയ്ക്ക് ഉണ്ടാകണമെന്നില്ലപി പ്രേമചന്ദ്രൻ
നാമമാത്രമായ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉള്ള ഈ സ്ഥാപനം, (അതുതന്നെ മുഴുവനാളുകളും ഡെപ്യൂട്ടേഷനിലും കരാര്‍ അടിസ്ഥാനത്തിലുമാണു നിയമിക്കപ്പെട്ടത്) ചോദ്യപേപ്പര്‍ അച്ചടി മുതല്‍ അതിന്റെ വിതരണവും പരീക്ഷാസെന്റര്‍ ഒരുക്കലും അവിടേക്കുള്ള ജീവനക്കാരെ നിയമിക്കലും അതിന്റെ മൂല്യനിര്‍ണയവും വരെ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചാണ് നടത്തുന്നത്. കോടിക്കണക്കിനു രൂപ പരീക്ഷയ്ക്കായി വിദ്യാര്‍ഥികളില്‍നിന്ന് പിരിച്ചെടുക്കുകയും അതിനൊന്നും ആരോടും കണക്ക് വയ്ക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനമാണിതെന്നതും മറന്നുകൂടാ.
ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ നടത്തിപ്പിലെ പോരായ്മകള്‍, സാങ്കേതിക തകരാറുകൾ തുടങ്ങി തങ്ങളുടെ സ്വന്തക്കാര്‍ക്കു വഴിവിട്ട സഹായങ്ങള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതിനുവരെ സുപ്രീംകോടതിയുടെ വരെ നിശിതവിമര്‍ശനങ്ങള്‍ക്ക് പാത്രമായ ഈ സ്ഥാപനത്തിന്റെ പാകപ്പിഴകള്‍ക്ക് ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയ ഭരണനേതൃത്വമാണ് ഉത്തരവാദികളെന്നതിനു യാതൊരു സംശയവുമില്ല. യഥാര്‍ത്ഥത്തില്‍ ഈ സമരം ആ രാഷ്ട്രീയ ഭരണനേതൃത്വത്തിനു നേരെത്തന്നെയാണ് ഉറപ്പായും കൈവിരല്‍ ചൂണ്ടിനില്‍ക്കുന്നത്.
ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇന്നും കാണാനോ മനസ്സിലാക്കാനോ ശ്രമിക്കാതിരുന്ന ജെന്‍ സി തലമുറയുടെ രാഷ്ട്രീയവും നിശ്ചയദാര്‍ഢ്യവും സമരോന്മുഖതയും ഈ സമരത്തില്‍ ജ്വലിച്ചുനില്‍ക്കുന്നതായി കാണാം. ഘടനാപരമായ രീതിയിലുള്ള നേതൃത്വമോ മറ്റു സംഘടനാ സംവിധാനങ്ങളോ അടിയുറച്ച പ്രത്യയശാസ്ത്രബലമോ ഈ കൂട്ടായ്മയ്ക്ക് ഉണ്ടാകണമെന്നില്ല. പതാകകളും ഓഫീസുകളും കോര്‍പ്പറേറ്റ് ഫണ്ടിങ്ങുകളും അവര്‍ക്കില്ല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും അധികാരത്തിനായി മത്സരിക്കുകയും ചെയ്യുക അവരുടെ ലക്ഷ്യമല്ല.
ലഡാക്കിലെ പരിസ്ഥിതി വിദ്യാഭ്യാസപ്രവര്‍ത്തകനായ സോനം വാങ്ചുകിന്റെയും വിദ്യാര്‍ത്ഥി നേതാക്കളുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരം ഇരുപത് ദിവസം പിന്നിടുകയാണ്. ഇന്നുവരെ ഭരണകൂടം ഈ സമരമുദ്രാവാക്യങ്ങളെ അഭിമുഖീകരിക്കുകയോ ചര്‍ച്ചകള്‍ക്കു തയ്യാറാവുകയോ ചെയ്തിട്ടില്ലപി പ്രേമചന്ദ്രൻ
എന്നാല്‍ ഇതൊന്നും രാഷ്ട്രീയത്തിലെയും അധികാരത്തിലെയും തിരുത്തല്‍ ശക്തികളാകാന്‍ ആവശ്യവുമില്ല. വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അര്‍ഹമായ തൊഴിലോ വരുമാനമോ ഇല്ലാത്ത, തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കുപോലും ഇന്നും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന 'പാറ്റകള്‍' എന്നും 'സമൂഹത്തിലെ പരാന്നഭോജികൾ' എന്നും അധിക്ഷേപിക്കപ്പെട്ട ഈ തലമുറ ഐക്യപ്പെടുന്നത്, അതെ പരിഹാസങ്ങളെ ആയുധമാക്കി മൂര്‍ച്ചകൂട്ടിയാണ്. അതിജീവനത്തിന്റെ പ്രതീകമായി അവര്‍ ആ വിളിപ്പേരുകളെ സ്വീകരിക്കുന്നു. രാഷ്ട്രീയത്തിലെ കാപട്യങ്ങളെയും അധികാരികളുടെ പരാജയങ്ങളെയും മീമുകളാലും റീലുകളാലും ട്രോളുകളാലും എ ഐ ചിത്രങ്ങളാലും പരിഹസിച്ചുകൊണ്ട് അതിശക്തമായ സാന്നിധ്യമായി ഇന്ത്യയിലെ ചെറുപ്പക്കാരുടെ മനസ്സില്‍ ഈ മൂവ്മെന്റ് വേരുകള്‍ ആഴ്ത്തിക്കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കാണാതിരിക്കാനോ പരിഗണിക്കാതിരിക്കാനോ സാധിക്കാത്ത നിലയില്‍ ചെറുപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ തെളിവുകൂടിയാണ് ജന്തര്‍മന്തറില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഈ സമരത്തീ.
ലഡാക്കിലെ പരിസ്ഥിതി വിദ്യാഭ്യാസപ്രവര്‍ത്തകനായ സോനം വാങ്ചുകിന്റെയും വിദ്യാര്‍ത്ഥി നേതാക്കളുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരം ഇരുപത് ദിവസം പിന്നിടുകയാണ്. ഇന്നുവരെ ഭരണകൂടം ഈ സമരമുദ്രാവാക്യങ്ങളെ അഭിമുഖീകരിക്കുകയോ ചര്‍ച്ചകള്‍ക്കു തയ്യാറാവുകയോ ചെയ്തിട്ടില്ല. സമാധാനപൂര്‍ണമായ ഒരു സമരവും സ്പര്‍ശിക്കാത്ത ഇന്ത്യയിലെ ഭരണകൂടം, അതിന്റെ ഫാസിസ്റ്റ് ദംഷ്ട്രകളിലെ രക്തം നുണഞ്ഞുകൊണ്ട് മനുഷ്യരെ വിഭജിക്കാനും പരസ്പര സ്പര്‍ദ്ധ വളര്‍ത്തി തമ്മിലടിപ്പിക്കാനും വീണ്ടും വീണ്ടും മന്ദിറിന്റെയും മസ്ജിദിന്റെയും പൗരാണികമായ മൂല്യബോധങ്ങളില്‍ കെട്ടിയിടാനുമുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കില്‍ ഈ സമരത്തീയെ അവഗണിച്ച് അണയ്ക്കാനാണ് ശ്രമിക്കുന്നത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലായ് 20 ന്, ജന്തർമന്തറിൽനിന്നു പാർലമെന്റിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും യുവാക്കളും ഒന്നിച്ച് സമാധാനപൂര്‍ണമായി സംഘടിപ്പിക്കാന്‍ ആലോചിക്കുന്ന റാലിയോടെ ഈ സമരം മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്. പാര്‍ലമെന്റിനകത്തും പുറത്തും നടക്കുന്ന സമരം, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ മാർക്കിങ് ക്രമക്കേടുകളും തൊഴില്‍ പരീക്ഷകളുടെ വിശ്വാസ്യതനഷ്ടമായതും ഉള്‍പ്പെടെ, രാജ്യത്തെ ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ ഭാവിയില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും കണക്കുകള്‍ പറയിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധമാക്കുമെന്നു തന്നെ കരുതാം.
ഇരുപത് ദിവസമായി നിരാഹാരം തുടരുന്ന സോനം വാങ്ചുകിന്റെയും ഐസയുടെ അഖിലേന്ത്യാ പ്രസിഡന്റായ നേഹ ബോറയുടെയും നേതാക്കളായ മനീഷിന്റെയും അമീന്റെയും ജീവന്‍ ഏതുനിമിഷവും നഷ്ടപ്പെടാമെന്നതാണ് നിലവിലെ അവസ്ഥയെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ വ്യക്തമാക്കുന്നത്. എല്ലാവരും ശരീരഭാരം അങ്ങേയറ്റം നഷ്ടമായും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പറ്റെത്താഴ്ന്നും നിര്‍ജ്ജലീകരണം കാരണം എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമാണ്. കോമയിലേക്കു വഴുതിവീഴാനും ആന്തരിക അവയവങ്ങളെ ഗുരുതരമായി ബാധിക്കാനും ഇടയുണ്ടെന്ന ഡോക്റ്റര്‍മാരുടെ മുന്നറിയിപ്പുകളെ പോലും അവഗണിച്ച് നിരാഹാരികള്‍ അവരുടെ പോരാട്ടവീര്യം കെടാതെ സമരപ്പന്തലില്‍ തുടരുകയാണ്.
ഈ അവസ്ഥയിലും സോനം വാങ്ചുക്ക് ഇന്ത്യയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് ഒന്നുമാത്രമാണ്. "ജൂലൈ 20-ന് പാർലമെന്റിലേക്കു നിങ്ങളോടൊപ്പം മാർച്ച് ചെയ്യാൻ ഏതുവിധേനയും ഞാൻ ജീവനോടെയിരിക്കും. എന്നോട് സഹതാപം കാണിക്കുന്നതിനു പകരം, ഈ സമാധാനപരമായ മാർച്ചിൽ പങ്കുചേരാൻ ഡൽഹിയിലേക്കു വരികയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നമുക്ക് ഒന്നിച്ച് നമ്മുടെ അപേക്ഷ സമർപ്പിക്കാം." മാർച്ച് വിജയിച്ചില്ലെങ്കിൽ താൻ ഒരു പ്രേതമായി തിരികെ വരുമെന്നുകൂടി സരസമായും ഗൗരവത്തോടെയും അദ്ദേഹം നമ്മളെ ഓർമിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ തങ്ങളുടെ വിഷലിപ്തമായ നുണപ്രചാരണങ്ങള്‍ വഴിയും ദേശീയപ്രണയ നാട്യങ്ങള്‍ കൊണ്ടും വൈദേശികശക്തികളുടെ ആസൂത്രണഫലമായുണ്ടായ രാജ്യദ്രോഹപ്രവര്‍ത്തനമെന്ന സ്ഥിരം പല്ലവിയാലും വിലക്കെടുത്ത മുഖ്യാധാരാമാധ്യമ പ്രചാരങ്ങള്‍ കൊണ്ടും ഇതെല്ലാം അവഗണിക്കാമെന്ന് ഉറച്ചുവിശ്വസിക്കുകയാണ് കണ്ണില്‍ചോരയില്ലാത്ത ഭരണകൂടം. സത്യവും നീതിയും ധാര്‍മ്മികയും ഉള്ളില്‍കയറാത്തവിധം, നുണകളുടെ ഉരുക്കൊഴിച്ച്, ഇന്ത്യന്‍ ജനതയുടെ ഇന്ദ്രിയങ്ങളും മനസ്സും അടയ്ക്കാന്‍ അവര്‍ക്കായിട്ടുണ്ടോ എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് ജന്തര്‍മന്തറില്‍ നടക്കുന്ന സമരവും പ്രഖ്യാപിച്ചിരിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും. ജനാധിപത്യവിശ്വാസികള്‍ അവയ്ക്കൊപ്പം നില്‍ക്കേണ്ടതു വേട്ടക്കാര്‍ക്കൊപ്പമല്ല തങ്ങളെന്നു സ്വയം പ്രഖ്യാപിക്കാന്‍ കൂടിയാണ്.
For the past 20 days, an indefinite hunger strike has been taking place at Delhi's Jantar Mantar. The protest is led by climate activist Sonam Wangchuk alongside student leaders from the youth-led 'Cockroach Janata Party', AISA, and independent youths. The protesters are holding the government and the National Testing Agency accountable for the NEET-UG exam irregularities, paper leaks, and the tragic student suicides that followed. The author strongly criticizes the mainstream media and major opposition parties for largely ignoring this life-and-death struggle. The ruling government is also called out for its silence and attempts to distract the public rather than addressing the students' grievances.