Opinion

തൃക്കാക്കരയിൽ മുൻതൂക്കം ഉമാ തോമസിന്; അട്ടിമറിക്കാൻ എൽഡിഎഫ്, വരവറിയിക്കാൻ അഖിൽ മാരാർ

Kousalya Murugan

കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലേക്ക് കടക്കുകയാണ്. നഗരസഭകളും മണ്ഡലങ്ങളും സ്ഥാനാർത്ഥികളും അണികളും ഒരുപോലെ സജീവമായിക്കഴിഞ്ഞു. കൊച്ചി എന്ന മഹാനഗരത്തിന്റെ ഹൃദയമിടിപ്പായ തൃക്കാക്കര മണ്ഡലം ഇത്തവണയും രാഷ്ട്രീയ കേരളത്തിന്റെ ഉറ്റുനോക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു. വെറുമൊരു ഉപനഗരം എന്നതിലുപരി, കൊച്ചിയുടെ വാണിജ്യ കേന്ദ്രത്തിനും ഐടി ഇടനാഴിക്കും മധ്യേയുള്ള തന്ത്രപ്രധാനമായ മണ്ഡലമാണ്.

Thrikkakara Municipality

എറണാകുളം ജില്ലയിലെ തൃക്കാക്കര നഗരസഭയും കൊച്ചി നഗരസഭയുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മണ്ഡലം. ചരിത്രപരമായി, വാമനമൂർത്തി ക്ഷേത്രത്താൽ പ്രസിദ്ധമായ പ്രദേശം, ഒരുകാലത്ത് കൃഷിയും ശാന്തമായ ഗ്രാമീണ ജീവിതവും നിറഞ്ഞതായിരുന്നു. എന്നാൽ 2011-ൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ രൂപീകൃതമായ ശേഷം തൃക്കാക്കര അതിവേഗം നഗരവൽക്കരണത്തിന് വിധേയമായി. ഇന്ന് ഇൻഫോപാർക്കും സ്മാർട്ട് സിറ്റിയും അടങ്ങുന്ന കേരളത്തിന്റെ ഐടി തലസ്ഥാനവും സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭരണകേന്ദ്രങ്ങളും ഈ വിസ്തൃതിക്കുള്ളിലാണ്. ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ബിസിനസ്സുകാരും സാധാരണക്കാരായ തൊഴിലാളികളും ഒത്തുചേരുന്ന ഒരു മിനി കേരളം തന്നെയാണ് തൃക്കാക്കര.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വ്യക്തമായ ആധിപത്യം തൃക്കാക്കര നൽകിയിട്ടുണ്ട്. 2011-ൽ ബെന്നി ബെഹനാനിലൂടെ തുടങ്ങിയ യു.ഡി.എഫ് പ്രയാണം പിന്നീട് പി.ടി. തോമസിലൂടെ കൂടുതൽ ശക്തമായി. 2016-ൽ നടന്ന തിരഞ്ഞെടുപ്പിൽ പി.ടി. തോമസ് 61,268 വോട്ടുകൾ (45.42 ശതമാനം) നേടി വിജയിച്ചു. അന്ന് എൽ.ഡി.എഫിന്റെ സെബാസ്റ്റ്യൻ പോളിന് 49,455 വോട്ടുകളും ബി.ജെ.പിക്ക് 21,247 വോട്ടുകളുമാണ് ലഭിച്ചത്. 11,966 വോട്ടുകളുടെ ആധികാരിക ഭൂരിപക്ഷമായിരുന്നു അന്ന് പി.ടി. തോമസിനുണ്ടായിരുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃക്കാക്കര പി.ടി. തോമസിനെ കൈവിട്ടില്ല. 59,839 വോട്ടുകൾ നേടി അദ്ദേഹം വിജയം ആവർത്തിച്ചു. എൽ.ഡി.എഫിന്റെ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകൾ നേടി രണ്ടാമതെത്തി. എന്നാൽ പി.ടി. തോമസിന്റെ അപ്രതീക്ഷിത വിയോഗം 2022-ൽ ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചു. പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസിനെ യു.ഡി.എഫ് രംഗത്തിറക്കിയപ്പോൾ, മണ്ഡലം പിടിച്ചെടുക്കാൻ എൽ.ഡി.എഫ് ഡോ. ജോ ജോസഫിനെ നിയോഗിച്ചു. എന്നാൽ ജനവിധി യു.ഡി.എഫ് അനുകൂല തരംഗമായി മാറി. 72,770 വോട്ടുകൾ (53.76 ശതമാനം) നേടി ഉമാ തോമസ് റെക്കോർഡ് ഭൂരിപക്ഷമായ 25,016 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ.ഡി.എഫിന് 47,754 വോട്ടുകളും ബി.ജെ.പിയുടെ എ.എൻ. രാധാകൃഷ്ണൻ 12,957 വോട്ടുകളുമാണ് അന്ന് ലഭിച്ചത്.

Uma Thomas, P T Thomas

സിറ്റിംഗ് എം.എൽ.എ ഉമാ തോമസ് യു.ഡി.എഫിനായി വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാനുള്ള എൽ.ഡി.എഫ് ദൗത്യം അഡ്വ. പുഷ്പ ദാസിനാണ്. അതേസമയം ഇത്തവണ ട്വന്റി ട്വന്റിയുമായി സഖ്യം ചേർന്ന് ബിജെപി തെരഞ്ഞെടുപ്പിൽ നിർണായക സാന്നിധ്യമാവാനുള്ള ശ്രമത്തിലാണ്. സംവിധായകനും ബി​ഗ് ബോസ് താരവുമായ അഖിൽ മാരാരെയാണ് ട്വന്റി-20 തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.ഉപതെരഞ്ഞെടുപ്പിൽ അതിദയനീയ പ്രകടനം കാഴ്ച്ചവെച്ച എ.എൻ.രാധാകൃഷ്ണനെക്കാൾ കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കുക മാത്രമായിരിക്കും അഖിൽ മാരാരിന്റെ മുന്നിലുള്ള ലക്ഷ്യം. വിജയ പ്രതീക്ഷകളില്ലെങ്കിലും വോട്ട് ശതമാനം വർധിപ്പിക്കാൻ സാധിച്ചാൽ എൻഡിഎ പാളയത്തിന് ​ഗുണകരമാവും. ബിജെപിയുമായിട്ടുള്ള സഖ്യപ്രഖ്യാപനത്തിന് ശേഷം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ട്വന്റി ട്വന്റി അധ്യക്ഷൻ സാബു ജേക്കബിനും ഇത്തവണ നിർണായകമാണ്. കൂടാതെ ആം ആദ്മി പാർട്ടിക്ക് (AAP) വേണ്ടി ജോസ് ജോർജും ഇത്തവണ മത്സരരംഗത്തുണ്ട്.

മറുവശത്ത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച 53 ശതമാനമെന്ന വോട്ട് വിഹിതം നിലനിർത്തുക എന്നത് ഉമാ തോമസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പി.ടി തോമസിന്റെ മരണത്തോടെ മണ്ഡലത്തിലുണ്ടായ സഹതാപ തരം​ഗം ഉമാ തോമസിന്റെ ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമായിരുന്നു. എന്നാൽ ഇത്തവണ വികസനവും പ്രതിപക്ഷത്തിന്റെ പ്രകടവുമെല്ലാം സജീവ ചർച്ചയാ വും. 2016-ൽ 74.65 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ 2021-ൽ അത് 70.39 ശതമാനമായും 2022 ഉപതിരഞ്ഞെടുപ്പിൽ 68.75 ശതമാനമായും കുറഞ്ഞിട്ടുണ്ടെന്നത് നിർണായക ഘടകമാണ്. യുവാക്കൾ ഉൾപ്പെടെയുള്ള നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണ ഉറപ്പിക്കുന്നവർ പരമ്പരാഗത വോട്ടുബാങ്കുകളെ അട്ടിമറിക്കാനാവുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

പി.ടി. തോമസിന്റെ ഓർമ്മകളും ഉമാ തോമസിന്റെ പ്രവർത്തനങ്ങളും ഒരു വശത്തും, പുതിയ വികസന കാഴ്ചപ്പാടുകളുമായി എൽ.ഡി.എഫും വോട്ട് ബാങ്ക് ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയോടെ എത്തുന്ന ട്വന്റി-20യും കളത്തിലിറങ്ങുമ്പോൾ 2026ൽ തൃക്കാക്കര ശക്തമായ പോരാട്ട വേദിയാകുമെന്നതിൽ സംശയമില്ല.

The Thrikkakara constituency in Kerala is gearing up for a high-stakes election, with Uma Thomas leading for the UDF while LDF and NDA aim to challenge traditional vote banks. With new alliances and candidates like Akhil Marar entering the fray, the 2026 contest is expected to be intense and unpredictable.