കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലേക്ക് കടക്കുകയാണ്. കലാശക്കൊട്ടിന് നാളുകള്‍ മാത്രം അവശേഷിക്കെ പ്രചാരണം പരമാവധി കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. കൊച്ചിയുടെ ചരിത്രപ്രസിദ്ധമായ രാജവീഥിയായ തൃപ്പൂണിത്തുറ മണ്ഡലം ഇത്തവണയും രാഷ്ട്രീയ കേരളത്തിന്റെ ഉറ്റുനോക്കുന്ന കേന്ദ്രമായി മാറി കഴിഞ്ഞു. വെറുമൊരു ഉപനഗരം എന്നതിലുപരി, കൊച്ചി രാജവംശത്തിന്റെ പഴയ തലസ്ഥാനവും ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ പുണ്യഭൂമിയുമായ തൃപ്പൂണിത്തുറ, ഹിൽ പാലസ്, മ്യൂസിയം തുടങ്ങിയ സാംസ്കാരിക-ചരിത്രപരമായ പ്രാധാന്യത്തോടെ കൊച്ചി നഗരസഭയുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന തന്ത്രപ്രധാനമായ മണ്ഡലമാണ്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിൽ ഇരുമ്പനവും, തിരുവാങ്കുളവും ഒഴിച്ച് കൊച്ചി നഗരസഭയുടെ പള്ളുരുത്തി, ഉദയംപേരൂർ പഞ്ചായത്ത്, കുമ്പളം ഗ്രാമ പഞ്ചായത്ത്, ഇടക്കൊച്ചി പ്രദേശം, മരട് ഉൾപ്പെടുന്നതാണ് മണ്ഡലം. കോർപറേഷനും, പഞ്ചായത്തും, മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന കേരളത്തിലെ അപൂർവ്വ മണ്ഡലങ്ങളിൽ ഒന്നെന്ന പ്രത്യേകതയും തൃപ്പുണിത്തുറക്കുണ്ട്. ചരിത്രപരമായി, കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന പ്രദേശം, ഒരുകാലത്ത് ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിറഞ്ഞ ശാന്തമായ ഗ്രാമീണ-നഗര ജീവിതവും നിറഞ്ഞതായിരുന്നു. എന്നാൽ നഗരവൽക്കരണത്തിന്റെ തരംഗത്തിൽ ഇന്ന് ഐടി പ്രൊഫഷണലുകളും ഉദ്യോഗസ്ഥരും ബിസിനസുകാരും സാധാരണ തൊഴിലാളികളും ഒത്തുചേരുന്ന ഒരു മിനി കൊച്ചി തന്നെയാണ് തൃപ്പൂണിത്തുറ. കൊച്ചി-തൃപ്പൂണിത്തുറ റോഡ്, മെട്രോ സംയോജനം, വ്യാപകമായ അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം മണ്ഡലത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ദീർഘകാലം യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു തൃപ്പൂണിത്തുറ. 1991 മുതൽ മണ്ഡലത്തിൽ അപ്രമാദിത്വം പുലർത്തിയ കെ. ബാബു, 2011-ൽ 15,778 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ സി.എം. ദിനേശ് മണിയെ (54,108 വോട്ടുകൾ) പരാജയപ്പെടുത്തിയത്. കെ. ബാബു (69,886 വോട്ടുകൾ) നേടി വിജയിച്ചു. എന്നാൽ 2016-ൽ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞു. ബാർ കോഴ വിവാദം ഉൾപ്പെടെയുള്ള ഘടകങ്ങൾ തിരിച്ചടിയായ തിരഞ്ഞെടുപ്പിൽ, ഇടതിനായി അങ്കത്തിനിറങ്ങിയ അഡ്വ. എം. സ്വരാജ് (62,697 വോട്ടുകൾ) 4,467 വോട്ടുകൾക്ക് കെ. ബാബുവിനെ (58,230 വോട്ടുകൾ) അട്ടിമറിച്ചു. യുഡിഎഫിന്റെ വോട്ട് വിഹിതം 40 ശതമാനത്തിലേക്ക് താഴ്ന്നത് മണ്ഡലത്തിലെ ജനവിധിയിൽ നിർണ്ണായകമായി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ വീണ്ടും കെ. ബാബുവിനൊപ്പം നിലകൊണ്ടു. 65,875 വോട്ടുകൾ നേടി അദ്ദേഹം തിരിച്ചു വന്നു. എൽ.ഡി.എഫിന്റെ അഡ്വ. എം. സ്വരാജ് 64,883 വോട്ടുകൾ നേടി രണ്ടാമതെത്തി. എന്നാൽ ഭൂരിപക്ഷം വെറും 992 വോട്ടുകൾ മാത്രം.
സ്വരാജിന്റെ പരാജയത്തിന് പിന്നിൽ ഒന്നിലധികം ഘടകങ്ങൾ സ്വാധീനം ചെലുത്തിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കെ. ബാബുവിന് മണ്ഡലത്തിലുള്ള ദീർഘകാല ജനസമ്പർക്കവും വികസന പ്രവർത്തനങ്ങളും, എൽ.ഡി.എഫ് തരംഗത്തിനിടയിലും യു.ഡി.എഫ് വോട്ടുകൾ ഏകീകരിക്കാൻ സാധിച്ചതും ഇതിൽ പ്രധാനമാണ്.
എങ്കിലും, തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ചർച്ചയായത് 'അയ്യപ്പൻ വിവാദ'മായിരുന്നു. വോട്ടർമാർക്ക് വിതരണം ചെയ്ത സ്ലിപ്പുകളിൽ ശബരിമല അയ്യപ്പന്റെ ചിത്രം പതിപ്പിക്കുകയും "നിങ്ങളുടെ വോട്ട് അയ്യപ്പന്" എന്ന് രേഖപ്പെടുത്തുകയും ചെയ്തതായി ഇടതുമുന്നണി ആരോപിച്ചു. ഭക്തർക്ക് വലിയ സ്വാധീനമുള്ള തൃപ്പൂണിത്തുറയിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് ഈ നീക്കം കാരണമായെന്നായിരുന്നു എൽ.ഡി.എഫ് ക്യാമ്പിന്റെ വാദം. ഈ വിഷയം ഉന്നയിച്ച് എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെട്ടു. എങ്കിലും, മണ്ഡലത്തിലെ വിശ്വാസി സമൂഹത്തിനിടയിൽ ഈ വിവാദം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്..
കൂടാതെ 2020-ൽ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ രാമായണ ദർശനത്തിനിടെ സ്വരാജ് നടത്തിയ പ്രസംഗവും ശബരിമല വിഷയത്തിലെ എൽ.ഡി.എഫിന്റെ നിലപാടും ചില ഭക്തരെ അകറ്റിയെന്ന വിലയിരുത്തലും ഉണ്ട്. ശബരിമല വിഷയത്തിൽ സ്ത്രീകളുടെ പ്രവേശനത്തെ പിന്തുണച്ച സ്വരാജിന്റെ നിലപാട് തൃപ്പൂണിത്തുറയിലെ പരമ്പരാഗത ക്ഷേത്ര വോട്ടുബാങ്കിനെ ബാധിച്ചെന്നാണ് ചില വിശകലനങ്ങൾ. ബി.ജെ.പി.യുടെ ഡോ. കെ.എസ്. രാധാകൃഷ്ണൻ 23,756 വോട്ടുകൾ നേടി മൂന്നാമതെത്തിയതും യു.ഡി.എഫിന് അനുകൂലമായി വോട്ടുകൾ ഭിന്നിപ്പിക്കാതിരുന്നതും ബാബുവിന്റെ വിജയത്തിന് സഹായകമായി.
ഇത്തവണ സിറ്റിംഗ് എം.എൽ.എ കെ. ബാബു മത്സരിക്കുന്നില്ല. യു.ഡി.എഫ് അദ്ദേഹത്തിന്റെ പിൻഗാമിയായി കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയിയെ രംഗത്തിറക്കിയിരിക്കുന്നു. മണ്ഡലം തിരിച്ചുപിടിക്കാനുള്ള എൽ.ഡി.എഫ് ദൗത്യം കെ.എൻ. ഉണ്ണിക്കൃഷ്ണനാണ് (വൈപ്പിൻ മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എ). 2021-ൽ വൈപ്പിനിൽ ദീപക് ജോയിയെ തന്നെ 8,000-ത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ച ഉണ്ണിക്കൃഷ്ണൻ ഇത്തവണ തൃപ്പൂണിത്തുറയിൽ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം ബിജെപിയാകട്ടെ സഖ്യത്തിലെ നവാഗതരായ ട്വൻറി ട്വൻറിക്കാണ് തൃപ്പൂണിത്തറ സീറ്റ് വിട്ടു നൽകിയിരിക്കുന്നത്. നടി അഞ്ജലി നായരാണ് ട്വന്റി-20 യെ പ്രതിനിധീകരിച്ച് മത്സരരംഗത്ത്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പി. യുടെവോട്ട് ശതമാനം (2016-ൽ 19.29%, 2021-ൽ 15.2%) വർധിപ്പിക്കുകയാണ് അഞ്ജലി നായരുടെ മുന്നിലുള്ള ലക്ഷ്യം. വിജയ പ്രതീക്ഷകൾ കുറവാണെങ്കിലും വോട്ട് ബാങ്ക് ശക്തിപ്പെടുത്താൻ ട്വന്റി-20-യ്ക്ക് ഇത് നിർണായകമാണ്.
മറുവശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം നിലനിർത്തുകയോ വർധിപ്പിക്കുകയോ ചെയ്യുക എന്നത് ദീപക് ജോയിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. 'ബാബു ഫാക്ടർ' ഇത്തവണ ഇല്ലാത്തതിനാൽ യു.ഡി.എഫ് പുതിയ ഊർജ്ജത്തോടെ മുന്നോട്ടുപോകണം. എൽ.ഡി.എഫ് വികസന കാഴ്ചപ്പാടുകളും പ്രതിപക്ഷ ക്ഷീണവും ചൂണ്ടിക്കാട്ടി ആക്രമണത്തിലാണ്.
ട്വന്റി-20-യുടെ സാന്നിധ്യം വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന സാധ്യതയും ഉണ്ട്. 2011-ൽ 76.30 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തിൽ 2016-ൽ അത് 78.03 ശതമാനമായും 2021-ൽ 73.88 ശതമാനമായും മാറിയിട്ടുണ്ട്. യുവാക്കളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണ പരമ്പരാഗത വോട്ടുബാങ്കുകളെ അട്ടിമറിക്കാനാവുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.
കെ. ബാബുവിന്റെ ദീർഘകാല സേവനങ്ങളും തൃപ്പൂണിത്തുറയിലെ യു.ഡി.എഫിന്റെ പഴയ സ്വാധീനവും ഒരു വശത്തും പ്രതിരോധിക്കാൻ പുതി മുഖങ്ങളുമായി എൽ.ഡി.എഫും ട്വന്റി-20-യും മറുവശത്തും അണിനിരക്കുമ്പോള് തൃപ്പൂണിത്തുറയിൽ ഇത്തവണ മത്സരം പൊടിപാറുമെന്ന് ഉറപ്പാണ്
English Summary: Thrippunithura emerges as a key battleground in Kerala elections 2026. With K. Babu not contesting, UDF, LDF, and Twenty-20 face a tough fight