1949 നവംബർ 26, രാവിലെ ഭരണഘടനാ നിർമാണസഭയുടെ ചരിത്രപ്രസിദ്ധമായ സമ്മേളനം നടക്കുകയാണ്. സാമാന്യ നടപടിക്രമങ്ങൾക്കുശേഷം ഭരണഘടനയുടെ അന്തിമ കരട് അംഗീകരിക്കാവാനായി അന്ന് വോട്ടെടുപ്പ് നടക്കും. തലേന്നാൾ ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാ ചർച്ചകളുടെ ഉപസംഹാരമെന്ന നിലയിൽ പിൽക്കാലത്ത് ഏറെ പ്രസിദ്ധമായ പ്രഭാഷണം നടത്തിക്കഴിഞ്ഞു. സഭാധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനയുടെ അന്തിമരൂപത്തിന് അംഗീകാരം നൽകാനായുള്ള ഭരണഘടനാ നിർമാണസഭാംഗങ്ങളുടെ വോട്ടെടുപ്പിലേക്ക് കടന്നു. ഏകദേശം മൂന്ന് വർഷത്തോളം നീണ്ട സങ്കീർണ്ണമായ ഒരു പ്രവർത്തനത്തിൻ്റെ ക്ലൈമാക്സിലേക്കടുക്കുകയാണ്.
ആഹ്ളാദാരവങ്ങളോടെ, അഭിമാനപൂർവ്വം സഭയിൽനിന്ന് ശക്തമായ 'യെസ്' വിളികൾ ഉയർന്നു. പക്ഷേ, അനുകൂല ശബ്ദങ്ങളുടെ ആ ഭീമാകാര ഭൂരിപക്ഷത്തിനിടയിൽ ഒരാൾ മാത്രം 'നോ! എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. മെലിഞ്ഞ്, ദുർബലനെങ്കിലും ദീർഘകായനായ ഒരു വൃദ്ധനായിരുന്നു വിയോജിപ്പുന്നയിച്ചത്. 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന വിപ്ലവമുദ്രാവാക്യം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സംഭാവന ചെയ്ത, കവിയും ദേശീയവാദിയുമായ മൗലാനാ ഹസ്രത്ത് മൊഹാനിയായിരുന്നു ആ ശബ്ദത്തിനുടമ.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ജനത, സ്വാതന്ത്ര്യത്തിനുശേഷം സ്വന്തം രാജ്യത്തിനകത്ത് മറ്റൊരു സാമ്രാജ്യത്വ സ്വഭാവമുള്ള അധികാരഘടന സൃഷ്ടിക്കലായിരിക്കും അതിൻ്റെ ആത്യന്തികഫലം. അദ്ദേഹമതിനെ 'ഇന്ത്യൻ സാമ്രാജ്യത്വം' (Indian Empire) എന്നു വിശേഷിപ്പിച്ചു
1950 ജനുവരി 24-ന് ഭരണഘടനയിൽ ഒപ്പുവെക്കാൻ സഭാംഗങ്ങൾ നിരന്നപ്പോഴും മൊഹാനി അതിന് തയ്യാറായില്ല. ഒപ്പിടാൻ വിസമ്മതിച്ച സഭയിലെ മൂന്ന് അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. മൂന്നു വർഷത്തിലേറെക്കാലം ഭരണഘടനാ നിർമാണപ്രക്രിയയിൽ സജീവമായും ഉത്തരവാദിത്വബോധത്തോടെയും അദ്ദേഹം പങ്കെടുത്തു. ഭരണഘടനാ നിർമാണസഭാംഗം എന്ന നിലയിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും, ടെലിഫോൺ സൗകര്യം വരെ നിരാകരിച്ച്, തൻ്റെ ചെറുപഠനമുറിയിൽ ഭരണഘടനാ കരടിലെ ഓരോ വാക്കിനെയും വരിയെയും കീറിമുറിച്ച് പഠിച്ചു. ചർച്ചകളിൽ നിരവധി തവണ ഇടപെട്ടു. അംബേദ്കറും നെഹ്രുവും സർദാർ പട്ടേലും എച്ച് വി കാമത്തും വിമർശനത്തിൻ്റെ ചൂടറിഞ്ഞു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയിലും തന്റെ നിലപാടുകൾ അവതരിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടനാ നിർമാണത്തെക്കുറിച്ചുള്ള മിക്ക ചരിത്രരചനകളിലും അദ്ദേഹം അവഗണിക്കപ്പെടുകയോ, നിരന്തരം പ്രശ്നമുന്നയിച്ച 'വിചിത്രസ്വഭാവമുള്ള വ്യക്തി’യായി ചിത്രീകരിക്കപ്പെടുകയോ ചെയ്തു പോന്നു. പൊതുസമ്മതത്തിന്റെ സമ്മർദങ്ങൾക്കിടയിലും ആവർത്തിച്ചുന്നയിക്കപ്പെട്ട, മിക്കപ്പോഴും ഒറ്റയായ ആ ശബ്ദത്തിൻ്റെ പ്രാധാന്യം ഇന്നു പക്ഷേ രേഖപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. രോഹിത് ദേയും ഓർനിത് ഷാനിയും ചേർന്നെഴുതിയ വിഖ്യാത ഭരണഘടനാപഠനം (Assembling India’s Constitution: A New Democratic History) ഇതിൻ്റെ ആരംഭമാണെന്നു പറയാം.
എന്തുകൊണ്ടായിരുന്നു മൊഹാനിയുടെ എതിർപ്പ്?
ഭരണഘടനയിൽ ചില വ്യവസ്ഥകൾ ഉൾപ്പെടുത്തിയില്ല എന്നതിലുപരി, സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയഘടനയെക്കുറിച്ചുതന്നെ അദ്ദേഹത്തിന് അടിസ്ഥാനപരമായ വിയോജിപ്പുകളുണ്ടായിരുന്നു. ഇന്ത്യയെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' എന്നതിനു പകരം പരമാധികാരവും സ്വയംഭരണാധികാരവുമുള്ള റിപ്പബ്ലിക്കുകളുടെ ഫെഡറേഷനായി വിഭാവനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഫെഡറേഷൻ ആയാണ് സ്വതന്ത്ര്യ ഇന്ത്യ നിലകൊള്ളേണ്ടത് എന്നദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
'യൂണിയൻ ഓഫ് സ്റ്റേറ്റ്സ്', 'ഫെഡറേഷൻ' എന്നീ പദങ്ങൾ തമ്മിലുള്ള വ്യത്യാസം കേവലം ഭാഷാപരമായ ഒന്നായിരുന്നില്ല. അതിന് പിന്നിൽ അധികാരത്തെക്കുറിച്ചുള്ള രണ്ട് വ്യത്യസ്ത രാഷ്ട്രീയ സങ്കൽപ്പങ്ങളുണ്ടായിരുന്നു.
മൊഹാനിയെ സംബന്ധിച്ചിടത്തോളം ഫെഡറേഷൻ എന്നത് കേന്ദ്രഭരണകൂടത്തിൽ നിക്ഷിപ്തമായ ഭരണാധികാരം താഴേക്ക് അനുവദിക്കപ്പെടുന്ന ഒരു ഭരണക്രമമല്ല. സംസ്ഥാനങ്ങൾ (പ്രവിശ്യകൾ) ചേർന്ന് സ്വമേധയാ രൂപപ്പെടുത്തുന്ന രാഷ്ട്രീയ സംവിധാനമാണത്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം തുടങ്ങിയ പരിമിതമായ വിഷയങ്ങളിൽ മാത്രമേ കേന്ദ്രത്തിന് അധികാരം കൈമാറേണ്ടതുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
1949 സെപ്റ്റംബർ 18-ലെ ഭരണഘടനാ നിർമാണസഭാ ചർച്ചയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമായി പറഞ്ഞു. ഘടകങ്ങളുടെ കൂട്ടായ്മയായി ഇന്ത്യയെ സങ്കല്പിച്ചില്ല എങ്കിൽ സംഭവിക്കാൻ സാധ്യതയുള്ള ഒന്നിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ ചൂണ്ടിക്കാട്ടി;
"നിങ്ങൾക്ക് എന്നെ വിശ്വസിക്കാം; ജർമ്മനിയിൽ പ്രിൻസ് ബിസ്മാർക്ക് മുന്നോട്ടുവെച്ചതും, അദ്ദേഹത്തിനുശേഷം കൈസർ വില്യം സ്വീകരിച്ചതും, അതിനുശേഷം അഡോൾഫ് ഹിറ്റ്ലർ പിന്തുടർന്നതുമായ യൂണിയൻ പോലൊന്നായി ഇന്ത്യൻ യൂണിയനെ മാറ്റാനാണ് അദ്ദേഹത്തിന്റെ (ഡോ. ബി ആർ അംബേദ്കറുടെ) ആഗ്രഹം".
ആരും മൊഹാനിയെ വിശ്വസിച്ചില്ല, എങ്കിലും ഹിറ്റ്ലറും ഫാസിസവും ഭരണഘടനാ ചർച്ചകളിൽ പ്രത്യക്ഷപ്പെട്ടത് അദ്ദേഹത്തിലൂടെയാണ് എന്നു നാമറിയേണ്ടതുണ്ട്.
മൊഹാനിയുടെ ആശങ്ക വ്യക്തമായിരുന്നു: അമിതാധികാര സ്വഭാവമുള്ള ഒരു കേന്ദ്രഭരണകൂടം ഭാവിയിൽ നിലവിൽ വന്നാൽ രൂപീകരിക്കാൻ പോവുന്ന സംസ്ഥാനങ്ങൾ എല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിന് കീഴിലാകുന്ന ഒരു സംവിധാനമായി ഇന്ത്യ മാറുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ജനത, സ്വാതന്ത്ര്യത്തിനുശേഷം സ്വന്തം രാജ്യത്തിനകത്ത് മറ്റൊരു സാമ്രാജ്യത്വ സ്വഭാവമുള്ള അധികാരഘടന സൃഷ്ടിക്കലായിരിക്കും അതിൻ്റെ ആത്യന്തികഫലം. അദ്ദേഹമതിനെ 'ഇന്ത്യൻ സാമ്രാജ്യത്വം' (Indian Empire) എന്നു വിശേഷിപ്പിച്ചു. അത്തരമൊരു രാഷ്ട്രസംവിധാനത്തിനുള്ള സാധൂകരണം ഭരണഘടനയിലുണ്ടാവരുത് എന്ന നിലപാടിൽ ആ ദുർബലശബ്ദം ഉറച്ചു നിന്നു.
ഈ ആശങ്കയുടെ മറ്റൊരു പ്രകടനമായിരുന്നു പ്രവിശ്യകളിലെ ഗവർണർ പദവിയോടുള്ള അദ്ദേഹത്തിന്റെ എതിർപ്പ്.
1947 ജൂലൈ 15-ന് പ്രവിശ്യാ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയിൽ, 'ഗവർണർ' എന്ന പദത്തിന് പകരം 'പ്രസിഡണ്ട്' എന്നാക്കണമെന്ന് അദ്ദേഹം ഭേദഗതി അവതരിപ്പിച്ചു.
കൊളോണിയൽ ഭരണകാലത്ത് നിലവിൽ വന്ന സംവിധാനം സ്വാതന്ത്ര്യം ലഭിച്ചിട്ടും തുടരരുത് എന്നായിരുന്നു മൊഹാനിയുടെ വാദം. കൊളോണിയൽ ഭരണകാലത്തെ പ്രവിശ്യാ ഭരണസംവിധാനത്തിന്റെ തുടർച്ച സ്വതന്ത്ര ഇന്ത്യയിലും ഉണ്ടാകരുതെന്നായിരുന്നു മൊഹാനിയുടെ വാദം. പ്രവിശ്യകൾക്ക് സ്വന്തം ഭരണത്തലവന്മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം വേണം. അതുകൊണ്ടാണ് 'ഗവർണർ' എന്ന പദത്തിന് പകരം 'പ്രസിഡന്റ്' എന്ന പദം ഉപയോഗിക്കണമെന്നും ആ ഭരണത്തലവനെ പ്രവിശ്യയുടെ നിയമനിർമാണസഭ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. ഭരണത്തലവൻ കേന്ദ്രത്തിൽ നിന്ന് നിയോഗിക്കപ്പെടുന്ന ഒരാളാവുന്നത് സംസ്ഥാനങ്ങളുടെ അധികാരത്തെ നിയന്ത്രിക്കാനുള്ള സംവിധാനമായി മാറാമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു.
അതൊരു പേരുമാറ്റത്തിനുള്ള ആവശ്യം മാത്രമായിരുന്നില്ല; പ്രവിശ്യകളുടെ ഭരണ പദവിയെക്കുറിച്ചുള്ള നിലപാടായിരുന്നു. ഓരോ സംസ്ഥാനത്തിൻ്റെയും പ്രസിഡൻ്റിനെ അതത് സംസ്ഥാനത്തിൻ്റെ നിയമനിർമാണ സഭ തിരഞ്ഞെടുത്താൽ മാത്രമേ കോളനീകരണ സ്വഭാവമില്ലാത്ത ഒരു ഫെഡറേഷൻ നിലവിൽ വരൂ എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എല്ലാവരെയും ഒരേ ഭരണചട്ടക്കൂടിലേക്ക് ലയിപ്പിക്കാനുള്ള സ്വാംശീകരണ പ്രവണതകൾക്കും ഡൽഹിയിൽ അധികാരം കേന്ദ്രീകരിക്കുന്നതിനുമെതിരെ അദ്ദേഹം മുന്നറിയിപ്പു നൽകി. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഉദാഹരണമാണ് അദ്ദേഹം ഇതിനായി മുന്നോട്ടുവെച്ചത്.
‘എല്ലാവരെയും ബലപ്രയോഗത്തിലൂടെ നിങ്ങളുടെ ചട്ടക്കൂടിനുള്ളിലേക്ക് കൊണ്ടുവന്ന് ഒരൊറ്റ ഏകീകൃത ഭരണകൂടം രൂപീകരിക്കുന്നത് എളുപ്പമാണെന്ന് കരുതരുത്’ എന്ന് അദ്ദേഹം സഭയ്ക്ക് മുന്നറിയിപ്പു നൽകി. ഔറംഗസേബിന്റെ സാമ്രാജ്യവ്യാപന നയമാണ് മുഗൾ അധികാരത്തിന്റെ തകർച്ചയ്ക്ക് വഴിവെച്ചതെന്നും മതനയം മാത്രമായിരുന്നില്ലെന്നും മൊഹാനി മുന്നറിയിപ്പ് നൽകി.
മൊഹാനിയുടെ ആശയങ്ങൾ ഭരണഘടനയിൽ അതേപടി ഇടംപിടിച്ചില്ല. ഇന്ത്യ 'യൂണിയൻ ഓഫ് സ്റ്റേറ്റ്' ആയി പ്രഖ്യാപിക്കപ്പെട്ടു. ശക്തമായ കേന്ദ്രഭരണ സംവിധാനത്തോടുകൂടിയ ഫെഡറൽ ഭരണഘടന നിലവിൽ വന്നു. പ്രവിശ്യാ ഗവർണർമാരെ തിരഞ്ഞെടുക്കുന്നതിനുപകരം രാഷ്ട്രപതി നിയമിക്കുന്ന സംവിധാനവും അംഗീകരിക്കപ്പെട്ടു. ചരിത്രത്തിൽ മൗലാനാ ഹസ്രത്ത് മൊഹാനി 'പരാജിതനായ ഒരു എതിർപ്പുകാരൻ' മാത്രമായി.
അദ്ദേഹത്തിൻ്റെ ആശങ്കകൾ വെറും ആശങ്കകളായി മാത്രം നിലനിൽക്കട്ടെ എന്നു നമുക്കാഗ്രഹിക്കാം. എക്കാലത്തും അദ്ദേഹം പരാജിതനായ ഒരു എതിർപ്പുകാരൻ മാത്രമാവട്ടെ. അദ്ദേഹത്തിൻ്റെ തോൽവിയിലൂടെ തന്നെ ഭാവി ഇന്ത്യ ചരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. എങ്കിലും ആഹ്ളാദാരവങ്ങളോടെ ഉയർന്ന അനേകം 'യെസ്' വിളികൾക്കിടയിൽ ഉയർന്ന ദുർബലമായ ആ 'നോ' കൂടി ഭരണഘടനാ ദിനത്തിൽ നാം ഓർക്കേണ്ടതുണ്ട്.
Maulana Hasrat Mohani, an Urdu poet, freedom fighter and prominent political activist, was the only member of India's Constituent Assembly to vote against the adoption of the Constitution in 1949. His dissent reflected concerns over the concentration of power at the Centre, the extent of provincial autonomy and the principles of federalism. A strong advocate of civil liberties and democratic rights, Mohani believed that the Constitution should provide greater autonomy to states and protect the rights of the people. His opposition highlighted an important debate over India's political structure and the balance of power between the Centre and the states.