Travel

ടൈംടേബിളുകൾ വേണ്ട, യാത്രകൾ സ്വതന്ത്രമാകട്ടെ: 'ആന്റി-ഐറ്റിനററി', യാത്രാപ്രേമികൾക്കിടയിലെ പുതിയ ട്രെൻഡ്

പലപ്പോഴും ഈ യാത്രകൾ മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്യാറില്ല, അന്നത്തെ മൂഡ് അനുസരിച്ചുള്ള അവസാന നിമിഷത്തെ തീരുമാനങ്ങളായിരിക്കും അവ

Madism Desk

മുൻപൊക്കെ ഒരു അവധിക്കാല യാത്ര എന്നാൽ ദിവസങ്ങളോളം നീളുന്ന പ്ലാനിങ് ആണ്. ഓരോ ദിവസവും എവിടെയെല്ലാം പോകണം, എന്തെല്ലാം കാണണം എന്നെല്ലാം മുൻകൂട്ടി തീരുമാനിച്ചുള്ള ഷെഡ്യൂൾ. എല്ലാം കണ്ട് ഓടിനടന്ന് തിരിച്ചെത്തുമ്പോഴേക്കും യാത്ര പോയതിനേക്കാൾ വലിയ ക്ഷീണവുമായിരിക്കും പലർക്കും. എന്നാൽ ഇന്ന് കാര്യങ്ങൾ മാറിമറിയുകയാണ്. ടൈംടേബിളുകൾ വെച്ചുള്ള ഓട്ടപ്പാച്ചിലുകൾക്ക് പകരം, മുൻകൂട്ടി കാര്യമായ പ്ലാനിങ്ങുകൾ ഇല്ലാതെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുന്ന 'ആന്റി-ഐറ്റിനററി' (Anti-itinerary) ട്രാവലിങ് ആണ് ഇപ്പോൾ ഇന്ത്യക്കാരുടെ ഇടയിലെ പുതിയ യാത്രാ ട്രെൻഡ്.

ആന്റി-ഐറ്റിനററി എന്ന് കേൾക്കുമ്പോൾ തീരെ തയ്യാറെടുപ്പുകൾ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നതാണെന്ന് കരുതരുത്. മറിച്ച്, യാത്രയിൽ അപ്രതീക്ഷിതമായി ചില അനുഭവങ്ങൾക്ക് കൂടി ഇടം നൽകുക എന്നാണ് അർത്ഥമാക്കുന്നത്. രാവിലത്തെ ഓട്ടപ്പാച്ചിലുകൾ ഒഴിവാക്കുമ്പോൾ, ട്രാവൽ ഗൈഡുകളിൽ ഇല്ലാത്ത ഏതെങ്കിലും നല്ലൊരു നാടൻ കഫേ കണ്ടെത്താനോ, അവിടെയുള്ളവരുമായി സംസാരിച്ച് ആരും പോകാത്ത രഹസ്യകേന്ദ്രങ്ങൾ അറിയാനോ ഉള്ള സമയം നിങ്ങൾക്ക് ലഭിക്കുന്നു. പരമാവധി സ്ഥലങ്ങൾ കണ്ടുതീർക്കുക എന്നതിലുപരി, പോകുന്ന സ്ഥലത്ത് ശാന്തമായി സമയം ചെലവഴിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്നത്തെ യുവതലമുറയാണ് (Gen Z) ഇത്തരം യാത്രാശീലങ്ങളുടെ മുൻപന്തിയിലുള്ളത്. മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്ത് വർഷത്തിലൊരിക്കൽ നടത്തുന്ന വലിയ യാത്രകൾക്ക് പകരം, മാനസിക സമ്മർദ്ദമില്ലാതെ ഇടയ്ക്കിടെ പോകുന്ന ചെറിയ യാത്രകളാണ് അവർക്ക് കൂടുതൽ പ്രിയം. ഇന്റർനെറ്റിൽ വൈറലായതും ആളുകൾ തിങ്ങിനിറയുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പകരം, അധികമാരും അറിയാത്ത ശാന്തമായ ഇടങ്ങൾ കണ്ടെത്താനാണ് പുതിയ തലമുറയ്ക്ക് താല്പര്യം. പലപ്പോഴും ഇവരുടെ യാത്രകൾ മാസങ്ങൾക്ക് മുൻപേ പ്ലാൻ ചെയ്യാറില്ല, അന്നത്തെ മൂഡ് അനുസരിച്ചുള്ള അവസാന നിമിഷത്തെ തീരുമാനങ്ങളായിരിക്കും അവ.

ഈ വലിയ മാറ്റത്തിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്. നമ്മുടെയെല്ലാം ദൈനംദിന ജീവിതം ഡെഡ്‌ലൈനുകളും മീറ്റിങുകളുമായി വളരെ തിരക്കേറിയതാണ്. അവധിക്കാലത്തും ഇതേ ടൈംടേബിൾ ആവർത്തിക്കാൻ പലരും ആഗ്രഹിക്കുന്നില്ല. ക്യാമറയിൽ ഫോട്ടോ എടുത്ത് കൂട്ടാനല്ല, മറിച്ച് പൂർണ്ണമായി വിശ്രമിക്കാനും സ്വന്തമായി കുറച്ചു സമയം കണ്ടെത്താനും വേണ്ടിയാണ് പലരും യാത്ര ചെയ്യുന്നത്. ഇതിന് പുറമെ, ഇന്നത്തെ സാങ്കേതികവിദ്യ നൽകുന്ന ധൈര്യവും ചെറുതല്ല. റിമോട്ട് വർക്കിങ്, അവസാന നിമിഷമുള്ള ഫ്ലൈറ്റ്-ഹോട്ടൽ ബുക്കിങുകൾ, എളുപ്പത്തിലുള്ള ക്യാൻസലേഷൻ പോളിസികൾ, വിസ-ഓൺ-അറൈവൽ സൗകര്യങ്ങൾ എന്നിവയെല്ലാം ഇത്തരം യാത്രകളെ കൂടുതൽ എളുപ്പമാക്കി മാറ്റുന്നു.

എങ്കിലും പൂർണ്ണമായും പ്ലാനിങുകൾ ഒഴിവാക്കുന്നത് ചിലപ്പോൾ വെല്ലുവിളിയാകാനും സാധ്യതയുണ്ട്. അവസാന നിമിഷം വലിയ തുക നൽകേണ്ടി വരികയോ, സീസൺ സമയങ്ങളിൽ റൂമുകൾ ലഭിക്കാതിരിക്കുകയോ ചെയ്തേക്കാം. അതിനാൽ, തീർത്തും പ്ലാനിങ്ങില്ലാത്ത അവസ്ഥ ഒഴിവാക്കി, സമ്മർദ്ദമില്ലാത്ത രീതിയിൽ അത്യാവശ്യം ഫ്ലെക്സിബിൾ ആയ ഒരു പ്ലാൻ കയ്യിൽ കരുതുന്നതാണ് എപ്പോഴും സുരക്ഷിതമെന്ന് ട്രാവൽ വിദഗ്ദ്ധർ ഓർമിപ്പിക്കുന്നു.

ചുരുക്കത്തിൽ, കാഴ്ചകൾ കണ്ട് തീർക്കാനുള്ള വെറുമൊരു ടാസ്കല്ല ഇന്ന് യാത്രകൾ. അത് സ്വന്തം മനസ്സിനും ശരീരത്തിനും നൽകുന്ന ഒരു വലിയ ഇടവേളയാണ്. അടുത്ത യാത്രയ്ക്കായി തയ്യാറെടുക്കുമ്പോൾ ആ ടൈംടേബിളുകൾ മാറ്റിവെച്ച്, അല്പം അപ്രതീക്ഷിതത്വത്തോടെ യാത്രയുടെ സ്വാഭാവികതയെ അങ്ങ് ആസ്വദിച്ച് നോക്കൂ.

Most of the Indians are increasingly ditching the exhausting, rigidly planned vacations of the past in favor of a new trend: "anti-itinerary" travel. Instead of rushing to check off a long list of tourist hotspots, today’s travelers are seeking flexibility, slow travel, and genuine rest. It doesn't mean traveling with zero plans. Rather, it is about keeping a flexible schedule that leaves room for spontaneous and unexpected experiences. Instead of waking up early to rush to famous monuments, travelers are using that time to relax, discover hidden local cafes, or chat with locals to find offbeat locations not mentioned in travel guides.