Travel

കേരളത്തിൻ്റെ പതിനഞ്ചാം ജില്ല, സലാം സലാല

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് മലനിരകളിലേക്ക് മേഘങ്ങള്‍ ഇറങ്ങിവരും

ഭാനുപ്രകാശ് യു പി

ഒമാന്റെ തെക്കന്‍ തീരത്തുള്ള സലാലയിലേക്കുള്ള യാത്ര ഏറെക്കാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹമായിരുന്നു. മരുഭൂമിയുടെ രാജ്യമായ ഒമാനിലെ പതിനൊന്ന് ഗവര്‍ണറേറ്റുകളിലൊന്നായ ദോഫാറിന്റെ തലസ്ഥാനമാണ് പച്ചപ്പും മഞ്ഞും മഴയും നിറഞ്ഞ സലാല എന്ന അത്ഭുത ദേശം. കഴിഞ്ഞ 41 വര്‍ഷമായി സലാലയിലെ ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സില്‍ ജോലി ചെയ്യുന്ന ആഷിക്ക എന്ന് ഞങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന തലശ്ശേരി സ്വദേശിയായ അഷറഫും പത്‌നി സബീനയും മക്കളായ സിമ്രാനും ഷിറിനുമാണ് ഏറെക്കാലത്തെ സ്‌നേഹനിര്‍ബന്ധത്തിനൊടുവില്‍ ഞങ്ങളെ സലാലയില്‍ എത്തിച്ചത്. സലാല എയര്‍ പോര്‍ട്ടില്‍ എന്നെയും ശ്രീരേഖയേയും കുടുംബം മാലയിട്ട് സ്വീകരിച്ചാനയിച്ചു.

ദൂരെയുള്ള മലനിരകള്‍ മഞ്ഞിന്റെ പുതപ്പണിഞ്ഞ് നില്‍ക്കുന്നു. നഗരംപിന്നിട്ട് യാത്ര അവസാനിച്ചുമാവും, പ്ലാവും, പപ്പായയും, നെല്ലും കേരളത്തിലെ മറ്റ് കാട്ടുചെടികളും നിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍

വിമാനം സലാലയുടെ ആകാശത്തോട് അടുക്കുമ്പോള്‍ താഴെ കണ്ട കാഴ്ചകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന തവിട്ടുനിറമാര്‍ന്ന മരുപ്രദേശത്തിന്റെ ഒരുകോണില്‍ വലിയൊരു തുരുത്തുപോലെ സലാല. മലനിരകളും തെങ്ങിന്‍തോപ്പുകളും വിശാലമായ കടല്‍ത്തീരവും ഒമാനെക്കുറിച്ചുള്ള പതിവ് സങ്കല്‍പ്പങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു സ്വര്‍ഗ്ഗ ലോകം.

ഖരീഫ് കാലത്താണ് സലാലയുടെ യഥാര്‍ത്ഥ സൗന്ദര്യം അനുഭവപ്പെടുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് മലനിരകളിലേക്ക് മേഘങ്ങള്‍ ഇറങ്ങിവരും. നേര്‍ത്ത മഴയും മൂടല്‍മഞ്ഞും പച്ചപിടിച്ച മലഞ്ചെരിവുകളും ചേര്‍ന്ന് സലാലയെ മറ്റൊരു മായിക ലോകമാക്കി മാറ്റും.

ചെന്നിറങ്ങിയപാടെ ഭക്ഷണ ശേഷം വൈകിട്ട് ഞങ്ങള്‍ നഗരം കാണാനിറങ്ങി. മുന്‍പ് സഞ്ചരിച്ച ദുബായിയടക്കമുള്ള അറേബ്യന്‍ നഗരങ്ങളില്‍നിന്നു വ്യത്യസ്തമായി ഒമാനിലെ മനുഷ്യരെപോലെ തന്നെ ശാന്തവും സുന്ദരവും വൃത്തിയുള്ളതുമായഒരു മായികനഗരമാണ് സലാല. തണുത്ത കാറ്റാണ് നഗരത്തിലിറങ്ങിയ ഞങ്ങളെ ആദ്യം വരവേറ്റത്. മഴത്തുള്ളികള്‍ മുഖത്ത് പതിച്ചു. വഴിയരികിലെ മരങ്ങളും പുല്ലുകളും കഴുകിയെടുത്തതുപോലെ തിളങ്ങുന്നു. ദൂരെയുള്ള മലനിരകള്‍ മഞ്ഞിന്റെ പുതപ്പണിഞ്ഞ് നില്‍ക്കുന്നു. നഗരംപിന്നിട്ട് യാത്രഅവസാനിച്ചത് മാവും, പ്ലാവും, പപ്പായയും, നെല്ലും കേരളത്തിലെ മറ്റ് കാട്ടുചെടികളും നിറഞ്ഞ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍. മൂന്നരമണിക്കൂര്‍ വിമാനയാത്രനടത്തി ഞാന്‍ എത്തിപ്പെട്ടത് എന്റെ ജന്മനാടായ മേമുണ്ടയിലേക്കായിരുന്നോ എന്ന മതിഭ്രമത്തിലായി അല്പനേരം. ഞങ്ങള്‍സന്ദര്‍ശിച്ച അല്‍ഹഫ പ്രദേശത്തിനടുത്തുതന്നെയായിരുന്നു ഇസ്ലാംമതം സ്വീകരിച്ച് മക്കയിലേക്ക് പുറപ്പെട്ട അവസാനചേരരാജാവായിരുന്ന രാമവര്‍മ്മ കുലശേഖരന്റെ ഖബറിടം.സ്വഹാബി താജുദ്ദീന്‍ ചേരമന്‍പെരുമാള്‍ മഖാം എന്നാണ് ഈ ചരിത്ര സ്ഥലം അറിയപ്പെടുന്നത്.

പിറ്റെദിവസം നടത്തിയ വാദി ദര്‍ബാത്ത് യാത്രയായിരുന്നു ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്ന്. മരുഭൂമിയുടെ അനന്ത വിശാലതയില്‍നിന്നും അടുത്തനിമിഷം മഞ്ഞിന്റെപുതപ്പിനുള്ളിലൂടെ വാഗമണിലേക്കോ കൊടൈക്കനാലിലേക്കോ എത്തിപ്പെട്ട പ്രതീതി. പച്ചപ്പിന്റെ വിശാലതയും മലകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളവും തടാകവും ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെ ചേര്‍ന്ന് പ്രകൃതിയുടെ ഒരു വലിയ ചിത്രപടം പോലെ തോന്നിച്ചു. അവിടെ എത്തുന്ന ഓരോ യാത്രക്കാരനും കുറച്ചുസമയം പ്രകൃതിയുടെ നിശ്ശബ്ദതയില്‍ അലിഞ്ഞുപോകും.

പച്ചപ്പിനിടയിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ട ഒട്ടകക്കൂട്ടങ്ങള്‍ ആ യാത്രയ്ക്ക് മറ്റൊരു ഭാവം നല്‍കി. ഒമാന്റെ മരുഭൂമിയുടെയും സലാലയുടെ പച്ചപ്പിന്റെയും അപൂര്‍വമായൊരു സംഗമം. വാദി ദര്‍ബാത്തില്‍ നിന്നും മടങ്ങും വഴി മുന്നാറിലെ നീലകുറിഞ്ഞിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ പച്ചപുതച്ച മലനിരകളില്‍ പിങ്ക്പുള്ളികള്‍ നിറഞ്ഞു നില്‍ക്കുന്നപോലെ ചെറിയ പൂക്കളുടെ മനോഹരമായ ഒരു മലഞ്ഞെരുവില്‍ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തി. കാറില്‍ നേരെത്തെ കരുതിയിരുന്ന വര്‍ണ്ണ കസേരകളും ചെറിയ പായകളും വിരിച്ച് വീട്ടില്‍ നിന്നുംതയ്യാറാക്കി കൊണ്ടുവന്ന ബിരിയാണി ഞങ്ങള്‍ ആസ്വദിച്ച് കഴിച്ചു. മലയുടെ പല ഭാഗങ്ങളിലുംനി ദുബായില്‍നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തിയ കുടുംബങ്ങള്‍ ഭക്ഷണം പാകം ചെയ്തു കഴിച്ച് വിശ്രമിക്കുന്നുണ്ടായിരുന്നു.

വിശ്രമശേഷം യാത്ര ജബല്‍ സംഹാനിലേക്കായിരുന്നു. സലാലയിലെ ജബല്‍ സംഹാന്‍ ദോഫാര്‍ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ മലനിരകളിലൊന്നാണ്. സലാലയില്‍ നിന്ന് കിഴക്കോട്ട്, തഖാമിര്‍ബാത്ത് ഭാഗത്തേക്ക് വ്യാപിച്ചുകിടക്കുന്ന പ്രദേശമാണിത്. ഏകദേശം 2,100 മീറ്ററിലധികം ഉയരമുള്ള ദോഫാറിലെ ഏറ്റവും ഉയര്‍ന്ന മലനിരകളില്‍ ഒന്നാണ് ഇത്. ദൂരെ അറബികടലും, വീശിയടിക്കുന്ന ശക്തമായ കാറ്റും താഴെ മേഘങ്ങള്‍ നിറഞ്ഞ താഴ്വരയും യാത്രയിലെ അനുഭവങ്ങള്‍ക്ക് മാറ്റുകൂട്ടി.

കടല്‍ത്തീരങ്ങളിലേക്കായിരുന്നു അടുത്ത ദിവസത്തെയാത്ര. സലാലയില്‍ നിന്നും45കിലോമീറ്റര്‍ അകലെയുള്ള മുഗ്‌സൈല്‍ ബീച്ച്. വിശാലമായ നീലക്കടലും വെളുത്ത മണല്‍പ്പരപ്പും പിന്നില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകളുംപ്രസിദ്ധമായ മര്‍നീഫ് ഗുഹയുമുള്ള മനോഹരമായ ഒരുകടലോരം. പ്രസിദ്ധമായ ബ്ലോഹോള്‍സ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. കടല്‍ തീരത്തെ പാറക്കെട്ടുകള്‍ക്കിടയിലെ ഗുഹകളില്‍ ശക്തമായതിരമാലകള്‍ അടിച്ചുകയറുമ്പോള്‍ കരയിലെ ചില പ്രത്യേക ഭാഗങ്ങളിലൂടെ മുകളിലേക്ക് ജലധാരകണക്കെ ഉയരുന്നതാണ് ബ്ലോ ഹോള്‍സ്. കടലിന്റെ തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുമ്പോള്‍ അതിന്റെ ശബ്ദം മാത്രം കേട്ടുനില്‍ക്കുന്നത് തന്നെ ഒരു അനുഭവമായിരുന്നു. ഖരീഫ് കാലമായതിനാല്‍ കടല്‍ക്ഷോഭിച്ചിരിക്കുന്നതും അല്പം ഭീതിപടര്‍ത്തി.

ജബൽ സംഹാൻ

മുഗ്‌സൈലില്‍നിന്ന് മലനിരകളിലൂടെ പോകുന്ന റോഡ് ചെന്നവസാനിക്കുന്നത് തൊട്ടടുത്ത രാജ്യമായ യമന്റെ അതിര്‍ത്തിയിലാണ്. ഈറോഡില്‍തന്നെയാണ് ഷാത്ത് വ്യൂപോയിന്റം. വരണ്ടുവിണ്ടുകീറികിടക്കുന്ന ചെങ്കുത്തായ മലനിരകള്‍ പലപ്പോഴും പേടിപ്പിച്ചെങ്കിലും വന്യമായ ആ സൗന്ദര്യം ഞങ്ങള്‍ നന്നായി ആസ്വദിച്ചു. വളവുകളും കയറ്റിറക്കങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ ഓരോ വളവിനപ്പുറവും പുതിയൊരു കാഴ്ച. മേഘങ്ങള്‍ മലകളെ തഴുകിപ്പോകുന്നു. ചിലയിടങ്ങളില്‍ മഴ ശക്തമാകുന്നു; മറ്റൊരിടത്ത് സൂര്യപ്രകാശം. ഷാത്ത് വ്യൂപോയിന്റിലെത്തിയെങ്കിലും കനത്ത മൂടല്‍മഞ്ഞുകാരണം താഴെയുള്ള കാഴ്ചകള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. സലാലയില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയാണ് ഷാത്ത് വ്യൂപോയിന്റ്.ഇവിടെ നിന്നും കുറച്ചു ദൂരം മാത്രമേ ഫസായ ബീച്ചിലേക്ക് ഉണ്ടായിരുന്നുള്ളു പക്ഷേ മൂടല്‍മഞ്ഞിനിടയിലൂടെ താഴേക്ക് യാത്രചെയ്യുന്നത് അപകടകരമായതിനാല്‍ ബീച്ചിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഞങ്ങള്‍ മടങ്ങി.

സലാല നഗരത്തിന് 3000ത്തിലേറെ വര്‍ഷത്തെ ചരിത്ര പശ്ചാത്തലമുണ്ട്. പുരാതനകാലം മുതല്‍ സുഗന്ധ വ്യഞ്ജനങ്ങളുടെയും പ്രത്യേകിച്ച് കുന്തിരിക്കത്തിന്റെയും വ്യാപാരവുമായി ഈ പ്രദേശത്തിന് ബന്ധമുണ്ട്. പുരാതനകാലത്ത് ദോഫാര്‍ അറേബ്യ, ഇന്ത്യ, കിഴക്കന്‍ ആഫ്രിക്ക, മെഡിറ്ററേനിയന്‍ ലോകം എന്നിവയെ ബന്ധിപ്പിച്ച സുഗന്ധവ്യഞ്ജന വ്യാപാരപാതകളുടെ ഭാഗമായിരുന്നു.

ഫസായ ബീച്ച്

അല്‍ ഹഫ സൂഖ് സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ ഗന്ധവും നിറങ്ങളും പഴയകാല വ്യാപാരത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി. കുന്തിരിക്കത്തിന്റെ സുഗന്ധം നിറഞ്ഞ കടകളും പരമ്പരാഗത ഒമാനി വസ്തുക്കളും അവിടുത്തെ ജീവിതത്തിന്റെ മറ്റൊരു മുഖം പരിചയപ്പെടുത്തി. അറേബ്യന്‍ തനതു സംഗീതവും നൃത്തവും ജീവിതവും ആഹാരരീതികളും പരിചയപ്പെടാനുള്ള ഒരു സന്ദര്‍ഭംകൂടി ആയാത്രയില്‍ ലഭിച്ചിരുന്നു.

അയൂബ് നബി(അ)യുടെ ഖബര്‍ സ്ഥാന്‍ സന്ദര്‍ശിച്ചതാണ് സലാല യാത്രയിലെ മറ്റൊരു ഗംഭീര അനുഭവം. മലമുകളിലെ ആ ഖബറിടത്തില്‍ സ്വദേശികളും വിദേശികളുമായി ഒരുപാട് സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ശാന്തമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ആ സ്ഥലം ആത്മീയമായൊരു അനുഭവം നല്‍കി. ചരിത്രവും വിശ്വാസവും പ്രകൃതിയും ഒരേ യാത്രയില്‍ ഒന്നിച്ചുചേരുന്ന നിമിഷമായിരുന്നു അത്.

ഷാത്ത്വ്യൂപോയിന്റ്

സലാലയില്‍നിന്ന് മടങ്ങാനുള്ള ദിവസം എത്തിയപ്പോള്‍ മനസ്സില്‍ ഒരു ചെറിയ വിഷമമുണ്ടായിരുന്നു. ജീവിതത്തിന്റെ ആകുലതകളില്ലാത്ത ആറുദിവസം, അതിലുപരി സബീനയുടെ രുചികരമായ ആഹാരം, ഗുജറാത്തികുടുംബങ്ങളടക്കം പലരുടെയും സല്‍ക്കാരങ്ങള്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ പിന്നിലേക്ക് നോക്കി. മഞ്ഞില്‍ മറഞ്ഞ മലകള്‍, പച്ചപ്പിന്റെ തുരുത്തുകള്‍, തെങ്ങിന്‍തോപ്പുകള്‍എല്ലാം പതിയെ അകന്നുപോയി.

സലാല ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല; പ്രകൃതിയുടെയും അറേബ്യന്‍ സംസ്‌കാരത്തിന്റെയും വൈവിധ്യങ്ങള്‍ നേരില്‍ അനുഭവിപ്പിക്കുന്ന ഒരു ഭൂമികയാണ്. അവിടെനിന്ന് മടങ്ങിയെങ്കിലും സലാലയുടെ മഴയുടെ മണം, മലകളിലെ മഞ്ഞ്, കടലിന്റെ ശബ്ദം, പച്ചപ്പിന്റെ കാഴ്ചഇവയെല്ലാം ഇന്നും മനസ്സിലെ യാത്രാവഴിയില്‍ മായാതെ കിടക്കുന്നു.

ചില യാത്രകള്‍ അവസാനിക്കുന്നത് വിമാനമിറങ്ങുമ്പോഴാണ്. എന്നാല്‍ ചില യാത്രകള്‍ ഓര്‍മ്മകളില്‍ വീണ്ടും വീണ്ടും ആരംഭിച്ചുകൊണ്ടേയിരിക്കും. സലാല അത്തരമൊരു യാത്രയായിരു അതിലുപരി ഒരു അനുഭവമായിരുന്നു.

Bhanu Prakash U. P. shares his travel experiences from Oman in “Salam Salalah,” describing Salalah as Kerala’s “15th district” and offering a personal perspective on the region, its landscapes, culture and Malayali connections.