Georgian National Tourism Administration
Travel

വിസ ഫ്രീ എൻട്രി, കുറഞ്ഞ യാത്രാച്ചെലവ്; യുഎഇ പ്രവാസികളുടെ 'സമ്മർ പാരഡൈസ്' ആയി ജോർജിയ

മുൻകൂർ വിസയുടെ ആവശ്യമില്ല, അറൈവൽ വിസയുടെ നൂലാമാലകളില്ലാതെ 90 ദിവസം വരെ ജോർജിയയിൽ തങ്ങാം.

Madism Desk

യുഎഇിയിൽ സൂര്യൻ കനലെരിയിക്കുമ്പോൾ, എസിയുടെ കൃത്രിമ തണുപ്പിൽ നിന്ന് പ്രകൃതിയുടെ യഥാർത്ഥ കുളിരിലേക്ക് ഓടിയൊളിക്കാൻ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ഈ പൊള്ളുന്ന വേനലിൽ അൽപമൊന്ന് തണുക്കാൻ, കുടുംബസമേതം എങ്ങോട്ടാണ് ഒരു യാത്ര പോവുക? അതിന് അധികം കാശും ചെലവാകരുത്, വിസയ്ക്ക് വേണ്ടി എംബസികൾ കയറിയിറങ്ങി സമയം കളയുകയും ചെയ്യരുത്. ഈ ചോദ്യങ്ങൾക്ക് ഇന്ന് യുഎഇയിലെ പ്രവാസികൾ നൽകുന്ന ഒറ്റ ഉത്തരമേയുള്ളൂ- യൂറേഷ്യൻ വശ്യതയുള്ള 'ജോർജിയ'.

പലപ്പോഴും യാത്രകളെ എപ്പോഴും മടുപ്പിക്കുന്ന ഒരു കാര്യം വിസയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും പേപ്പർവർക്കുകളുമാണ്. എന്നാൽ ജോർജിയയുടെ കാര്യത്തിൽ ആ തലവേദനയില്ല എന്നതാണ് പ്രവാസികളെ ഇവിടേക്ക് ആകർഷിക്കുന്നതിലെ പ്രധാന ഘടകം. വാലിഡായ ഒരു എമിറ്റേറ്റ് ഐഡിയോ പാസ്പോർട്ടിൽ പതിച്ച യുഎഇ റസിഡന്റ് വിസയോ കയ്യിലുണ്ടെങ്കിൽ, ഒന്നുമാലോചിക്കാതെ നേരെ വിമാനത്താവളത്തിലേക്ക് പോകാം. മുൻകൂർ വിസയുടെ ആവശ്യമില്ല, അറൈവൽ വിസയുടെ നൂലാമാലകളില്ലാതെ 90 ദിവസം വരെ ജോർജിയയിൽ തങ്ങാം. ദുബൈയിൽ നിന്നോ ഷാർജയിൽ നിന്നോ വെറും മൂന്നര മണിക്കൂർ ആകാശത്തൂടെ പറന്നാൽ ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിൽ (Tbilisi) കാലുകുത്താം. ഫ്ലൈ ദുബായ്, എയർ അറേബ്യ പോലുള്ള ബജറ്റ് എയർലൈനുകൾ ഉള്ളതുകൊണ്ട് തന്നെ പോക്കറ്റ് കാലിയാകാതെ പറക്കുകയും ചെയ്യാം.

യൂറോപ്പിലേക്ക് ഒരു യാത്ര എന്നത് പലർക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഒന്നാണ്. എന്നാൽ, യൂറോപ്പിന്റെ തണുപ്പും കല്ലുകൾ പാകിയ പഴയ തെരുവുകളും പുരാതനമായ കോട്ടകളും കോടമഞ്ഞിറങ്ങിയ പർവതനിരകളും ജോർജിയയിൽ വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാം. നീണ്ട അവധിക്കാലം വേണമെന്നില്ല, ഒരു വാരാന്ത്യത്തിൽ പോയിവരാൻ കഴിയുന്ന രീതിയിലാണ് പലരും ഇപ്പോൾ ജോർജിയൻ യാത്രകൾ പ്ലാൻ ചെയ്യുന്നത്. കസ്ബെഗിയിലെ മലനിരകളും ഗുഡൗരിയിലെ (Gudauri) താഴ്‌വരകളും കണ്ട് തിരിച്ചിറങ്ങുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകില്ല എന്നത് സാധാരണക്കാരായ സഞ്ചാരികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

യുഎഇയിലെ ട്രാവൽ ഏജൻസികൾക്കും ഇത് തിരക്കിന്റെ കാലമാണ്. ചുരുങ്ങിയ ചിലവിൽ വിമാന ടിക്കറ്റും, മികച്ച ഹോട്ടൽ താമസവും, ഭക്ഷണവും, മലയാളികൾ ഉൾപ്പെടെയുള്ള ഗൈഡുകളുടെ സേവനവുമെല്ലാം ഉൾപ്പെടുന്ന ആകർഷകമായ പാക്കേജുകളാണ് അവർ വാഗ്ദാനം ചെയ്യുന്നത്. ഇതുകൊണ്ട് തന്നെ സുഹൃത്തുക്കൾക്കൊപ്പവും കുടുംബസമേതവും അവധി ആഘോഷിക്കാൻ ജോർജിയയിലേക്ക് പറക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളതെന്ന് 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന്, മഞ്ഞണിഞ്ഞ പർവതങ്ങളുടെയും പച്ചപ്പുൽമേടുകളുടെയും നാട്ടിലേക്കുള്ള ഈ യാത്ര വെറുമൊരു വിനോദസഞ്ചാരം മാത്രമല്ല. അതൊരു വലിയ മാറ്റമാണ്, ജോലിത്തിരക്കുകളിൽ നിന്നുള്ള, നഗരത്തിലെ കോൺക്രീറ്റ് ചൂടിൽ നിന്നുള്ള മനോഹരമായ ഒരു ഒളിച്ചോട്ടം. വിസയുടെ കടമ്പകളില്ലാതെ, കുറഞ്ഞ ചിലവിൽ ആ ഒളിച്ചോട്ടം സാധ്യമാകുമ്പോൾ ജോർജിയ യുഎഇക്കാരുടെ സ്വന്തം 'സമ്മർ പാരഡൈസ്' ആകുന്നതിൽ അത്ഭുതപ്പെടാനില്ല.

As the summer heat intensifies in the UAE, residents are increasingly looking for a cool, refreshing escape. For many, the answer lies just a short flight away: Georgia. The Eurasian country has emerged as a top summer destination for UAE travelers, thanks to a combination of affordability, convenience, and breathtaking landscapes. The biggest draw for many is the hassle-free entry. UAE residents with a valid Emirates ID or residence visa can travel to Georgia without the need for a pre-arranged visa, staying for up to 90 days. This eliminates the often tedious and time-consuming visa application process, allowing for spontaneous weekend getaways or longer summer vacations.