മധ്യപ്രദേശിലെ രാജ്ഗഢിൽ മാലിന്യം നിറഞ്ഞ അജ്നാർ നദി വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയ ഇരുപത്തിയൊന്നുകാരനായ ബിട്ടു തബാഹിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഏഴ് മാസമായി സ്വന്തം കൈകൾകൊണ്ട് പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് ബിട്ടു നദി വൃത്തിയാക്കുകയാണ്. ബിട്ടുവിന്റെ പ്രവർത്തിയെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നെതർലൻഡ്സിലെ ഒരു കമ്പനി ബിട്ടുവിന് സി.ഇ.ഒ ജോലി വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഒരു നദി വൃത്തിയാക്കുന്നതിലുപരി, മാലിന്യം വീണ്ടും അവിടേക്ക് എത്താതിരിക്കാൻ ഓരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന വലിയ സന്ദേശമാണ് ബിട്ടുവിന്റെ പ്രവർത്തനം നൽകുന്നത്.