Video

മൊറോക്കോയെ പൂട്ടാനായാൽ കാനറികൾക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല; ആദ്യ ​ഗ്ലാമർ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം

Shilpa Dinesh

നാളെ പുലർച്ചെ 3.30നാണ് പെലെയുടേയും റൊണാൾഡോ നസാരിയോയുടേയും റൊണാൾഡീഞ്ഞോയുടേയും പിൻ​ഗാമികൾ ലോക വേദിയിൽ വീണ്ടും ബൂട്ടണിയുന്നത്. 2022 ഖത്തറിൽ സ്പെയിനേയും പോർച്ചു​ഗലിനേയും വരച്ച വരയിൽനിർത്തിയ ആഫ്രിക്കൻ കരുത്തരായ മൊറോക്കയാണ് എതിരാളികൾ. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം നെയ്മർ ജൂനിയർ മൈതാനത്തിറങ്ങില്ലെങ്കിലും ബാക്കിയുള്ള അറ്റാക്കിങ് നിരയെ മൊറോക്കോക്ക് പേടിക്കേണ്ടിവരും. റയൽമാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്സലോണയുടെ റഫീഞ്ഞയും സീസണിൽ മിന്നും ഫോമിലുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ മതിയൂസ് ​ഗുൻഹ എന്നിവരായിരിക്കും അറ്റാക്കിങ് നിരയിൽ. ബെഞ്ചിലിരിക്കുന്നത് എൻഡ്രിക്കും ആഴ്സണലിന്റെ ​ഗബ്രിയേൽ മാർട്ടിനെല്ലിയും ലൂയിസ് ഹെന്റിക്കും ഇ​ഗോർ തിയാ​ഗോയും ബോൺമൗത്തിന്റെ വണ്ടർ കിഡ് റയാനുമാണ്.

മറുവശത്ത് മൊറോക്കൊയാണ്. ഇതേ മൊറോക്കോയാണ് 2023 മാർച്ചിൽ ബ്രസീലിനെ 2-1 ന് പരാജയത്തിന്റെ കൈപുനീർ കുടിപ്പിച്ചത്. ഖത്തർ ലോകകപ്പിൽ നാലാം സ്ഥാനക്കാരായുള്ള രാജകീയ യാത്ര ആരും മറന്നു കാണാൻ ഇടയില്ല. യോ​ഗ്യതാ റൗണ്ടുകളിൽ 22 ​ഗോളുകൾ വാരിക്കൂട്ടിയാണ് ആ സംഘം അമേരിക്കയിലേക്ക് വന്നത്. പ്രതിരോധവും അറ്റാക്കും ഒരുപോലെ കൈകാര്യം ചെയ്യുന്ന മൊറോക്കോയെ ബ്രസീൽ മാത്രമല്ല ബാക്കിയുള്ള ടീമുകളും പേടിക്കേണ്ടി വരും. പിഎസ്ജിയുടെ അഷ്റഫ് ഹകീമിതന്നെയാണ് ടീമിന്റെ മുഖം. റയൽ മാഡ്രിഡിന്റെ ബ്രാഹിം ഡയസ് കൂടി ചേരുമ്പോൾ ആ കൂട്ടുകെട്ടിനെ കൂടുതൽ പേടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.