ഒത്തിണക്കമില്ലെന്ന കടുത്ത വിമർശനങ്ങൾ പലകോണിൽനിന്ന് ഉയർന്നപ്പോഴും കോഴി, കുഞ്ഞുങ്ങളെ ചിറകിലൊളിപ്പിക്കുന്നതുപോലെ അയാൾതന്റെ ടീമിനെ ചേർത്തുപിടിച്ചു. സബ്ബ് ചെയ്താലും ടച്ച് ലൈനിൽ നിലയുറപ്പിച്ച് ഗ്രൗണ്ടിലേക്ക് തന്ത്രങ്ങൾ കൈമാറി. സഹതാരങ്ങളുടെ പിഴവുകളെ സ്നേഹപൂർവം തിരുത്തുന്ന മാതൃകാ നായകനായി. പിഴക്കുന്ന പ്ലാനുകളെ തിരുത്തി പരിശീലകർക്കയാൾ സഹ പരീശീലകനായി. ഗാലറിയിൽനിന്ന് വരുന്ന വിദ്വേഷ ചാണ്ടുകളെ പുഞ്ചിരിച്ച് നേരിട്ടു. ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി തന്റെ സമീപത്തെത്തുന്ന ആരാധകരെ കെട്ടിപ്പിടിച്ചു. അയാളെ എന്ത് വിശേഷിപ്പിക്കും! THE SUPREME LEADER, ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പെയിനെതിരെ ലോകകപ്പ് മോഹത്തിന് അടിയറവ് പറഞ്ഞ് നിരാശയുടെ ഭാണ്ഡക്കെട്ടും പേറി ഏകനായി അയാൾ ടണലിലേക്ക് നടന്നടുത്തപ്പോൾ എതിരാളികൾ പോലും കരഞ്ഞിട്ടുണ്ടാകണം.