Viral

കാമുകിയെ കാണാൽ സ്വത്തെല്ലാം വിറ്റ് 1200 മൈൽ യാത്ര; ചെന്നപ്പോൾ കാമുകി മനുഷ്യനല്ല, 'എഐ' പണി!

ടിക് ടോക്കിൽ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിലൂടെയായിരുന്നു ഈ 'എഐ യുവതി'യുടെ വീഡിയോകൾ പങ്കുവെച്ചിരുന്നത്.

Madism Desk

ഓൺലൈൻ കാമുകിയെ നേരിൽ കാണാനും വിവാഹം കഴിക്കാനും വേണ്ടി തന്റെ സമ്പാദ്യമെല്ലാം വിറ്റുപെറുക്കി 1200 മൈൽ ദൂരം സഞ്ചരിച്ച ബ്രസീൽ സ്വദേശിക്ക് ഒടുവിൽ ലഭിച്ചത് വലിയൊരു എട്ടിന്റെ പണി. താൻ പ്രണയിച്ച യുവതി യഥാർത്ഥത്തിൽ ഇല്ലെന്നും അത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു വെർച്വൽ കഥാപാത്രം മാത്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

ബ്രസീലിലെ മാരൻഹാവോയിൽ നിന്നുള്ള എഡിമർ മാർട്ടിൻസ് എന്ന കെട്ടിട നിർമ്മാണത്തൊഴിലാളിക്കാണ് ഈ അമളി പറ്റിയത്. 2020ലാണ് ഇദ്ദേഹം ജെസ്സിക്ക ഒലിവേര എന്ന യുവതിയുടെ പ്രൊഫൈൽ സമൂഹ മാധ്യമങ്ങളിൽ കാണുന്നത്. ടിക് ടോക്കിൽ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിലൂടെയായിരുന്നു ഈ 'എഐ യുവതി'യുടെ വീഡിയോകൾ പങ്കുവെച്ചിരുന്നത്.

സ്വന്തമായി ഒരു ഫാം ഉണ്ടെന്നും അവിടെ തനിക്കൊപ്പം ജീവിക്കാൻ ഒരു പങ്കാളിയെ വേണമെന്നുമാണ് ഈ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരുന്നത്. തന്റെ കൂടെ വരുന്നയാൾക്ക് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഒരിക്കലും ജോലിക്ക് പോകാതെ തന്നെ ജീവിക്കാമെന്നും വീഡിയോകളിൽ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് മാർട്ടിൻസ് അവരുമായി പ്രണയത്തിലായത്.

കാമുകിയെ നേരിൽ കാണാനുള്ള ബസ് ടിക്കറ്റിനും മറ്റുമായി തന്റെ സാധനങ്ങളെല്ലാം ഒക്ടോബർ 9ന് അദ്ദേഹം വിറ്റു. തുടർന്ന് ഒക്ടോബർ 11ന് ബെലോ ഹൊറിസോണ്ടെ ന​ഗരത്തിൽ എത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് സഹായത്തിനായി ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനിൽ വിവരമന്വേഷിച്ചപ്പോഴാണ് ഈ യുവതി യാഥാർത്ഥത്തിൽ ഇല്ലെന്നും ഇതൊരു എഐ അക്കൗണ്ടാണെന്നും അദ്ദേഹം അറിയുന്നത്.

സംഭവം വാർത്തയായതോടെ, കൂടുതൽ റീച്ച് കിട്ടാൻ വേണ്ടി നിർമ്മിത ബുദ്ധി ഉപയോഗിച്ച് താൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ് ഇതെന്ന് ടിക് ടോക്ക് അക്കൗണ്ടിന് പിന്നിലുള്ള വ്യക്തി വീഡിയോയിലൂടെ വെളിപ്പെടുത്തി. മാർട്ടിൻസുമായി താൻ നേരിട്ട് സംസാരിക്കുകയോ ഇങ്ങോട്ട് വരാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കൈയിലുള്ള പണമെല്ലാം തീർന്ന് വഴിയാധാരമായ മാർട്ടിൻസിന് ഒടുവിൽ ബെലോ ഹൊറിസോണ്ടെ സിറ്റി ഹാൾ അധികൃതരാണ് നാട്ടിലേക്ക് മടങ്ങാനുള്ള സഹായം നൽകിയത്. സംഭവം കടുത്ത നിരാശയുണ്ടാക്കിയെങ്കിലും ഇനിയും തനിക്ക് അനുയോജ്യയായ യഥാർത്ഥ പങ്കാളിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മാർട്ടിൻസ് ഇപ്പോൾ.

A 49-year-old Brazilian man sold all his belongings and traveled 1,200 miles to meet his online girlfriend, who promised him a wealthy life on her farm. Upon arriving, he was left stranded and heartbroken after discovering she was not real, but merely an AI-generated persona created for a TikTok account.