

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ സൃഷ്ടിക്കുന്ന അശാന്തിയുടെ തോത് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അമേരിക്കയും ഇസ്രയേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇറാന്‍ പ്രത്യാക്രമണം പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അബുദാബിയിലും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അമേരിക്ക സൈനിക വിന്യാസം ശക്തമാക്കുന്നതിനിടെയാണ് ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതെന്നും ശ്രദ്ധേയമാണ്. ആക്രമണങ്ങളുടെ കാഠിന്യം വര്‍ധിച്ചതോടെ ഇറാന് ലഭിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുന്നുണ്ട്.
അമേരിക്കന്‍ യുദ്ധക്കപ്പലുകളെക്കുറിച്ചും പോര്‍വിമാനങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ഇറാന് ലഭിക്കുന്നുണ്ടെന്നാണ് ടെഹ്‌റാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷം ആരംഭിച്ച ഘട്ടത്തില്‍ ലഭിച്ചിരുന്ന ഇന്റലിജന്‍സ് വിവരങ്ങളെക്കാളേറെ ഉപഗ്രഹ രേഖകളും ഇതര വിവരങ്ങളും ഇറാനിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ഇന്റലിജന്‍സാണ് വിവര കൈമാറ്റത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനകളുണ്ട്. നേരത്തെ റഷ്യയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അഗ്‌റാച്ചി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് വിവരകൈമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇരുപക്ഷവും തയ്യാറായിട്ടില്ല.
റഷ്യയുടെ ചാര ഉപഗ്രഹമായ 'ലിയാനി'ല്‍ നിന്ന് ലഭിക്കുന്ന നിര്‍ണായക വിവരങ്ങളാണ് ഇറാന്‍ സൈന്യത്തെ സാങ്കേതികമായി സഹായിക്കുന്നതെന്നാണ് അഭ്യൂഹം. ചാര ഉപഗ്രഹ വിക്ഷേപണത്തില്‍ നേരത്തെ ഇറാനെ റഷ്യ സഹായിച്ചിരുന്നു. ഇറാന്റെ 'ഖയ്യാം' എന്ന ഉപഗ്രഹം റഷ്യന്‍ നിര്‍മിതമാണ്. ഇതില്‍നിന്നുള്ള വിവരങ്ങളും യുദ്ധത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവയാണ്. ഇന്റലിജന്‍സ് വിവരങ്ങള്‍ മോസ്‌കോയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ടെഹ്‌റാനിലെത്തുന്നതെന്നും സൂചനയുണ്ട്.
ഇറാന് നിലവില്‍ അമേരിക്കയുടെ ഗള്‍ഫിലെ സൈനിക താവളങ്ങള്‍ ആക്രമിക്കുന്നത് പൂര്‍ണമായും ഡ്രോണുകള്‍ ഉപയോഗിച്ചാണ്. താരതമ്യേന വിലകുറഞ്ഞ 'ഷഹീദ്' ഡ്രോണുകളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. യുക്രൈനില്‍ റഷ്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്കെല്ലാം ഷഹീദിനോട് സാദൃശ്യമുള്ള ഡ്രോണുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഈ ഡ്രോണുകളെ യുക്രൈന്‍ വിജയകരമായി പ്രതിരോധിച്ചെങ്കിലും അമേരിക്കയ്ക്ക് ഇക്കാര്യത്തില്‍ പൂർണമായും വിജയിക്കാനായിട്ടില്ല. കൂടാതെ പ്രതിരോധത്തിനായി കോടിക്കണക്കിന് ഡോളറും ചെലവിടേണ്ടി വരുന്നുണ്ട്. വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണും ഇത്തരത്തില്‍ ആക്രമിച്ചിരുന്നുവെന്ന് നേരത്തെ ഇറാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാന്‍ ഈ ഡ്രോണുകള്‍ക്ക് കഴിയുമെന്നാണ് ഇറാന്റെ വിലയിരുത്തല്‍. സംഘര്‍ഷം നീണ്ടുപോയാല്‍ റഷ്യ നിലവില്‍ നല്‍കിയതിന്റെ ഇരട്ടി ഡ്രോണുകള്‍ ഇറാന് നിര്‍മ്മിച്ചു നല്‍കുമെന്നും സൂചനകളുണ്ട്. സൈനിക നടപടികളുടെ ആദ്യ 24 മണിക്കൂറിനിടയില്‍ തന്നെ അമേരിക്കയ്ക്ക് ഏതാണ്ട് 77.9 കോടി ഡോളറിലധികം പണം ചെലവഴിക്കേണ്ടി വന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണുകളുടെ ആക്രമണം വര്‍ധിച്ചാല്‍ സമാന ബജറ്റ് പ്രതിരോധത്തിനായിട്ടും മാറ്റിവെക്കേണ്ടി വരും.
English Summary: Amid the West Asia conflict, Iran is reportedly enhancing its attack capabilities using advanced intelligence inputs, possibly linked to Russia. Satellite surveillance and drone warfare, including Shahed drones, are believed to be key factors increasing the intensity of strikes against United States assets in the Gulf.