

പശ്ചിമേഷ്യൻ സംഘർഷം ലോക സമ്പദ്ഘടനയുടെ നട്ടെല്ലൊടിക്കുമെന്ന് ബോധ്യപ്പെട്ട അമേരിക്ക താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആകാശത്ത് നിന്ന് ബോംബ് വർഷിച്ചുകൊണ്ട് അമേരിക്കയും ഇസ്രയേലും ആരംഭിച്ച 'മസിൽ ഫ്ലെക്സിങ്' കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. നിലവിൽ നടത്തുന്ന വമ്പൻ സൈനിക വിന്യാസം തെല്ല് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും, നീക്കം ഹോർമൂസ് തുറക്കാനുള്ള ട്രംപിന്റെ 'പടയൊരുക്ക ഭയപ്പെടുത്തല്‍' മാത്രമായിട്ടാണ് യുദ്ധ നിരീക്ഷകർ കാണുന്നത്.
ഇനി ബാക്കിയുള്ളത് ആരാണ് യുദ്ധത്തിൽ വിജയിച്ചതെന്ന് ചോദ്യത്തിനുള്ള ഉത്തരമാണ്!
വസ്തുതകളാണ് അവകാശവാദങ്ങളെക്കാൾ പരിശോധിക്കപ്പെടേണ്ടത്, അങ്ങനെയെങ്കിൽ വിജയപരാജയങ്ങളുടെ മാനദണ്ഡങ്ങൾ വിശകലന വിധേയമാക്കണം. ഭരണകൂടത്തെ അട്ടിമറിക്കുകയും ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് പൂർണമായും ഇറാനെ തടയുകയും ചെയ്യുകയാണ് ഓപ്പറേഷൻ ഫ്യൂറി ആരംഭിക്കുന്നതിന് മുൻപ് അമേരിക്കയും ഇസ്രയേലും പ്രഖ്യാപിച്ച യുദ്ധ ലക്ഷ്യങ്ങൾ. ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തി അമേരിക്ക ആദ്യഘട്ടത്തിൽ തന്നെ യുദ്ധത്തിൽ മേധാവിത്വം സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് സൈനിക തലപ്പത്തുള്ളവരെ ഓരോന്നായി വകവരുത്തി യുദ്ധതന്ത്രം ആവർത്തിക്കുകയും ചെയ്തു. എന്നാൽ ഇറാന്റെ പാശ്ചാത്യ വിരുദ്ധ നിലപാടിലോ പരമ്പരാഗത ഭരണമൂല്യങ്ങളിലോ മാറ്റം വരുത്താൻ ഈ കൊലപാതകങ്ങൾക്ക് സാധിച്ചിട്ടില്ല. ഭരണഘടനാപരമായ മാറ്റമുണ്ടാവാതെ പ്രഖ്യാപിത ലക്ഷ്യമായ 'ഭരണമാറ്റം' സാധ്യമായെന്ന് അവകാശപ്പെടാനാവില്ല.
പെഹലവി രാജവംശത്തെ ജനകീയ വിപ്ലവത്തിലൂടെ ആയത്തുള്ള ഖമനേയി അട്ടിമറിക്കുമ്പോൾ, ഭരണഘടനാ മാറ്റം സാധ്യമായിരുന്നു. ആ മാറ്റത്തിന്റെ ഭാഗമായിട്ടാണ് ഇറാന്റെ പരമോന്നത നീതി പീഠം വരെ നിർമ്മിക്കപ്പെടുന്നത്. അന്നത്തെ വിപ്ലവത്തിന് അതുകൊണ്ടുതന്നെ ഭരണഘടനാ അട്ടിമറിയുടെ പൂർണതയിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കുന്നതില്‍ തെറ്റില്ല. ഇവിടെ ഖമനേയി അച്ചുതണ്ടായി നിന്നുകൊണ്ട് വികസിപ്പിച്ച ഭരണഘടനയ്ക്ക് ഒരു പോറലുപോലുമേൽപ്പിക്കാൻ അമേരിക്കയുടെ ഉന്മൂലനങ്ങൾക്ക് സാധിച്ചിട്ടില്ല. പാശ്ചാത്യ ശക്തികൾ ഇറാൻ ഭരണഘടനയുടെ പടിക്ക് പുറത്തുതന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്.
രണ്ട് ദിവസം മുൻപ് ട്രംപ് പറഞ്ഞത് ഇറാനുമായി ഒരു ചർച്ചക്കും ഇല്ലെന്നായിരുന്നു. കാരണം അമേരിക്ക ഓൾറെഡി യുദ്ധം ജയിച്ചു കഴിഞ്ഞു. ഇറാൻ്റെ നാവികസേന, വ്യോമസേന, മിസൈൽ ശേഷി എല്ലാം നശിപ്പിച്ചു. നേതാക്കളെ എല്ലാം കൊന്നു. ഇനി എന്തിനാണ് വെടിനിർത്തൽ എന്നാണ് ട്രംപ് ചോദിച്ചത്. എന്നാൽ ഇപ്പോൾ പറയുന്നത് “ഇറാൻ എന്ന രാജ്യവുമായി” (note ‘ഭീകര ഭരണകൂടം’ എന്നല്ല) “വളരെ നല്ലതും ഫലപ്രദവുമായ ചർച്ച” നടന്നു എന്നാണ്. ട്രംപിൻ്റെ ലക്ഷ്യം regime change ആയിരുന്നു. അത് നടന്നില്ല. ട്രംപ് ഇറാനെ മിസ് ജഡ്‌ജ് ചെയ്തു. ഖമനേയിയെ വധിച്ചത് ധാർമികമായും നിയമപരമായും മാത്രമല്ല, വലിയ തന്ത്രപരമായ പിഴവ് കൂടിയായിരുന്നു.
ദി ഹിന്ദു ഫോറിൻ അഫഴേയ്സ് എഡിറ്റർ സ്റ്റാൻലി ജോണി
ഇനി ട്രംപിൻ്റെ ലക്ഷ്യമായ ഭരണകൂട മാറ്റം സാധ്യമാകണമെങ്കിൽ കരയുദ്ധത്തിലൂടെ ഇറാനെ സമ്പൂർണമായും പരാജയപ്പെടുത്തണം. ഇത് അമേരിക്ക ഇപ്പോൾ നടത്തുന്ന മസിൽ ഫ്ളെക്സിങുകൊണ്ട് മാത്രം സാധ്യമല്ല. മരഭൂമിയും സമതലങ്ങളും ഉൾപ്പെട്ട ഇറാന്റെ ഭൂപ്രദേശത്ത് കാലുകുത്തണമെങ്കിൽ അമേരിക്കയ്ക്ക് ട്രില്യൺ കണക്കിന് ഡോളറിന്റെ ചിലവുണ്ട്. 10 ലക്ഷത്തിലധികം സൈനികരും വേണം., യുദ്ധ സന്നാഹങ്ങൾക്കായും വെടിക്കോപ്പുകൾക്കുമായുള്ള മറ്റു തയ്യാറെടുപ്പുകൾ വേറെയും. ലിബിയയിൽ മുഹമ്മദ് ഖദ്ദാഫിക്കെതിരെ പ്രയോഗിച്ച പോലെ പ്രാദേശിക വിമതരെ കൂട്ടുപിടിച്ച് ജനകീയ വിപ്ലവം സാധ്യമാക്കുകയെന്ന സ്ട്രാറ്റജിയും ഇറാനിൽ സാധ്യമല്ലെന്ന് സിഐഎയ്ക്കും മൊസാദിനും നന്നായി അറിയാം. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഇതിനൊരു ശ്രമം ഇരുരാജ്യങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗം നടത്തിയതുമാണ്. എന്നാൽ മസിൽ പവറുകൊണ്ട് നേരിട്ട ഇറാൻ ഭരണകൂടം, പ്രക്ഷോഭം അടിച്ചൊതുക്കിയതിനും ലോകം സാക്ഷിയാണ്.
ഇറാന്റെ പരമാധികാരത്തിൽ കരയുദ്ധത്തിലൂടെ ഇടപെട്ടാൽ ഉണ്ടായേക്കാവുന്ന ആഭ്യന്തര രാഷ്ട്രീയ തിരിച്ചടിയും ട്രംപ് പ്രതീക്ഷിക്കേണ്ടിവരും. 1992-93 കാലഘട്ടത്തിൽ സൊമാലിയയിൽ നടന്ന സൈനിക ഇടപെടലിനിടെ 'ബ്ലാക്ക് ഹോക്ക് ഡൗൺ' സംഭവം 18 അമേരിക്കൻ സൈനികരുടെ ജീവനാണ് കവർന്നെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ അന്ന് അമേരിക്കയിലുണ്ടാക്കിയ രാഷ്ട്രീയ കോലാഹലങ്ങൾ ചെറുതല്ല. സമാനമായ ആഭ്യന്തര വൈകാരിക തരംഗങ്ങളും ജനാധിപത്യ വിശ്വാസികളിൽ നിന്നുള്ള എതിർപ്പും ഇറാനിൽ നിന്ന് തിരിച്ചടിയുണ്ടായാൽ ട്രംപ് നേരിടേണ്ടിവരും. ലോക പൊലീസ് കളിച്ച് വിയറ്റ്നാമിൽ നിന്നേറ്റ തിരിച്ചടിയുടെ ചരിത്രവും ഈ ഘട്ടത്തിൽ ഓർമ്മപ്പെടുത്തേണ്ടിവരും. ഇറാനെക്കാൾ താരതമ്യേന ശക്തരല്ലാത്ത ഇറാഖിനെ കീഴടക്കാൻ 3 ട്രില്യൺ ഡോളറാണ് അമേരിക്കയ്ക്ക് ചിലവഴിക്കേണ്ടി വന്നത്. സമാന്യം ആൾനാശവും ഈ അധിനിവേഷത്തിൽ അമേരിക്കയ്ക്ക് സംഭവിച്ചിട്ടുണ്ട്. ഇറാഖില്‍ ഏകദേശം 8000 സൈനികർ കൊല്ലപ്പെടുകയും 30,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തത് ജോർജ്ജ് ഡബ്ല്യൂ ബുഷിന്റെ ജനപിന്തുണയിലും കാര്യമായി ഇടിവുണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ ഇറാനിലും ആവർത്തിക്കപ്പെടാൻ സാധ്യതയുള്ള വസ്തുതകളുമാണ്.
യുദ്ധത്തിന്റെ രണ്ടാമത്തെ ലക്ഷ്യമായി അമേരിക്കയും ഇറാനും ഉയർത്തി കാണിച്ചത് ആണവായുധം നിർമ്മിക്കുന്നതിന് തടയിടുകയെന്നതാണ്. മിസൈൽ ശക്തി ക്ഷയിപ്പിക്കുമെന്ന മുന്നറിയിപ്പും ലക്ഷ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം. എന്നാൽ സ്ട്രാറ്റജിക്കലി നോക്കിയാൽ ആണവായുധവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഇറാൻ മുൻപ് തന്നെ ചർച്ച ചെയ്യാൻ തയ്യാറായിരുന്നുവെന്നത് അവരുടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വാക്കുകളിലുണ്ടായിരുന്നു. നേരത്തെ ഉണ്ടായിരുന്ന കരാറിൽ നിന്ന് പിന്മാറിയതും ഇറാനല്ല, മറിച്ച് ഡൊണാൾഡ് ട്രംപ് തന്നെയാണ്. ആണവായുധവുമായി ബന്ധപ്പെട്ട് ഇസ്രയേലിന് അതത് കാലങ്ങളിൽ ഇറാന് മേൽ ശക്തമായ മേൽകൈ ഉണ്ടായിരുന്നുവെന്നതും ഇതിനൊപ്പം ചേർത്തുവായിക്കാവുന്നതാണ്.
ഇറാന്റെ ഓപ്പൺഹൈമറെന്ന് വിളിക്കാനാവുന്ന മെഹ്സിൻ ഫക്രിസാദെയുടെ കൊലപാതകം ഇറാനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ മൊസാദാണെന്ന 'സത്യം' പ്രചാരത്തിലുണ്ട്. ഫക്രിസാദെയെ ഇല്ലാതാക്കിയതിലൂടെ തന്നെ പാതിനിറവേറ്റപ്പെട്ട ലക്ഷ്യത്തിനായി യുദ്ധം പ്രഖ്യാപിക്കേണ്ട സാഹചര്യം അമേരിക്കയ്ക്ക് ഉണ്ടായിരുന്നില്ല. ഫക്രിസാദെ മാത്രമല്ല ഇറാന്റെ ആണവബുദ്ധികേന്ദ്രമായ ഷെഹ്‍രാം അമിറിന്റെ തിരോധാനത്തിന് പിന്നിലും അമേരിക്കയോ ഇസ്രയേലോ ആയിരുന്നുവെന്ന വാദവും പ്രചാരത്തിലുണ്ട്. ശാസ്ത്രജ്ഞരുടെ അഭാവത്തിൽ ആണവായുധം വികസിപ്പിക്കാൻ ഇറാന് ഇനിയും ദശാബ്ദങ്ങളെടുക്കും. ധ്രുതഗതിയിലുള്ള ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ചുരുക്കി പറയാം.
ഇറാന്റെ ശക്തിയെ കുറച്ചുകണ്ടുവെന്നതാണ് യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ട്രംപിന്റെ സൈന്യത്തിന് പറ്റിയ വലിയ പിഴവ്. നിലവിൽ മുന്നിലുള്ള ഏക വഴി വിജയപ്രഖ്യാപനം നടത്തി, പൂർണമായും പിൻവാങ്ങുകയെന്നതാണ്. എന്നാൽ ഇതിന് ഹോർമൂസ് കടലിടുക്ക് അടച്ചിട്ട ശേഷം ഇറാൻ നടത്തിയ പ്രതിരോധം തടസ്സമായി നിൽക്കുന്നുണ്ട്. പലതവണ വിജയപ്രഖ്യാപനം നടത്തി യുദ്ധത്തിൽ നിന്ന് പിന്മാറാൻ അമേരിക്ക ശ്രമിച്ചെങ്കിലും സാധിക്കാതെ പോയതിന് കാരണം ഹോർമൂസ് തന്നെയാണ്. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഗൾഫിലെ ഓയിൽ റിഫൈനറികളെ തകർത്ത് ഇറാൻ തിരിച്ചടിക്കുമെന്ന ഭയം ഈ പ്രഖ്യാപനത്തെ പിന്നോട്ടുവലിച്ചു. ഹോർമൂസ് പിടിച്ചെടുക്കാൻ സൗദി അറേബ്യ വഴി ഇറാന്റെ തീരദേശം അമേരിക്ക ആക്രമിച്ചാലും ശക്തമായ പ്രതിരോധം നേരിടേണ്ടിവരും.
യമനിലെ ഹുതികൾ നിലവിൽ യുദ്ധത്തിൽ പങ്കാളികളല്ല, ഹുതികളും ഇറാന്റെ സൈലന്റ് മിസൈൽ അണ്ടർഗ്രൗണ്ടും കൊണ്ടുവരാൻ പോകുന്ന പ്രതിരോധം ചെറുതല്ല. ഹോർമൂസ് അടച്ചിട്ട ശേഷം ഇറാൻ എതിരാളികൾക്ക് മേൽ നടത്തിയ ആക്രമണങ്ങൾ പരിശോധിച്ചാലും ഇറാന്റെ ശക്തിയെക്കുറിച്ചുള്ള 'മിനിമൽ' ധാരണയുണ്ടാക്കാനാവും. ഇറാൻ പൂർണമായും തകർന്നു കഴിഞ്ഞാൽ അമേരിക്കയുടെ ലോക പൊലീസിനുണ്ടാകുന്ന വളർച്ചയും ആധിപത്യവും എല്ലാ ലോകശക്തികൾക്കും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന കാര്യവും ഇവിടെ പ്രശ്ന വിഷയമാക്കാവുന്നതാണ്. ചൈന, റഷ്യ തുടങ്ങിയ വമ്പൻമാരും ഈ സാഹചര്യമൊഴിവാക്കാൻ പരമാവധി ശ്രമിക്കും. രഹസ്യമാണെങ്കിലും നിലവിൽ റഷ്യ ഇറാന് കൈസഹായം നൽകുന്നുണ്ട്, ഇത് ചൈന കൂടെ ഏറ്റെടുത്താൽ മറ്റൊരു മഹായുദ്ധം സാഹചര്യം വരെ സൃഷ്ടിക്കപ്പെട്ടേക്കാം.
English Summary: The West Asia conflict highlights how the United States failed to achieve its key objectives against Iran despite initial military dominance. While targeting leadership and military assets, Washington could not enforce regime change or weaken Iran’s core political structure, leading to a temporary ceasefire and strategic reassessment.