അനലോഗ് ഓട്ടോമോട്ടീവിന്റെ മാന്ത്രികത; ലോട്ടസ് എലീസിന്റെ വിഎച്ച്പികെ അവതാരം

പൂർണ്ണമായും കാർബൺ ഫൈബറിൽ തീർത്ത ഈ കാറിന് 600 കിലോഗ്രാമിൽ താഴെ മാത്രമേ ഭാരമുള്ളൂ
അനലോഗ് ഓട്ടോമോട്ടീവിന്റെ മാന്ത്രികത; ലോട്ടസ് എലീസിന്റെ വിഎച്ച്പികെ അവതാരം
Published on

സാധാരണ കാറുകളേക്കാൾ ഭാരം കുറഞ്ഞ, നടുക്കായി ഒരൊറ്റ സീറ്റ് മാത്രമുള്ള ഒരു പുത്തൻ ഫെറാറി കാറിന്റെ അത്രയും വിലവരുന്ന ഒരു സ്പോർട്സ് കാറിനെക്കുറിച്ച് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ.. കേൾക്കുമ്പോൾ ഇതൊരു സ്വപ്നമാണെന്ന് തോന്നാമെങ്കിലും വാഹനപ്രേമികൾക്കിടയിൽ ഇപ്പോൾ ഇതാണ് സംസാരവിഷയം. വലിയ എഞ്ചിനുകളും അമിതഭാരവുമുള്ള ആധുനിക കാറുകൾക്കിടയിൽ ഒരു യഥാർത്ഥ സ്പോർട്സ് കാറിന് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് വർഷങ്ങൾക്ക് മുൻപേ തെളിയിച്ച വാഹനമാണ് ലോട്ടസ് എലീസ്.

നിരത്തിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, യുകെ ആസ്ഥാനമായുള്ള അനലോഗ് ഓട്ടോമോട്ടീവ് എന്ന കമ്പനി ഈ ഐതിഹാസിക മോഡലിനെ പുതിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. 'വിഎച്ച്പികെ' (VHPK) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡൽ അതിന്റെ വേറിട്ട പ്രത്യേകതകൾ കൊണ്ട് ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്.

കാറിന്റെ നടുക്കായി ഡ്രൈവർക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ഒറ്റ സീറ്റ് മാത്രമാണ് ഇതിലുള്ളത് എന്നതാണ് ഈ പുത്തൻ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. സീരീസ് 1 ലോട്ടസ് എലീസ് കാറിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഈ മോഡലിൽ പഴയ കാറിന്റെ മിക്കവാറും എല്ലാ ഭാ​ഗങ്ങളും പൂർണ്ണമായും ഉടച്ചുവാർത്തിട്ടുണ്ട്. ആകർഷകമായ പർപ്പിൾ നിറത്തിൽ, ​ഗോൾഡൻ എക്സ്ഹോസ്റ്റുകളുമായി പുറത്തിറങ്ങിയ ആദ്യത്തെ കസ്റ്റമർ കാർ കാഴ്ചയിൽ തന്നെ ആരുടെയും മനം മയക്കും.

പൂർണ്ണമായും കാർബൺ ഫൈബറിൽ തീർത്ത ഈ കാറിന് 600 കിലോഗ്രാമിൽ താഴെ മാത്രമേ ഭാരമുള്ളൂ. എന്നാൽ കരുത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. 250 കുതിരശക്തിയാണ് (250 bhp) ഈ കുഞ്ഞൻ കാർ ഉത്പാദിപ്പിക്കുന്നത്. കാറിന്റെ ഭാരം വളരെ കുറവായതിനാൽ ഈ എഞ്ചിൻ കരുത്ത് ഒരു ആധുനിക സൂപ്പർ കാറിനോട് കിടപിടിക്കുന്ന പ്രകടനമാണ് നിരത്തിൽ കാഴ്ചവെയ്ക്കുന്നത്.

ല​ഗേജുകൾ വെക്കാനോ കൂടെ ഒരാളെ കൂട്ടാനോ ആ​ഗ്രഹിക്കാത്ത, ഡ്രൈവിങ് മാത്രം ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു യന്ത്രമാണിത്. രണ്ട് ടണ്ണോളം ഭാരമുള്ള എസ്‍യുവികൾ നിറഞ്ഞ നിരത്തിൽ ഇത്തരമൊരു വാഹനം ശരിക്കും വേറിട്ടുനിൽക്കും. ലോകമെമ്പാടുമായി വെറും 35 കാറുകൾ മാത്രമായിരിക്കും കമ്പനി നിർമ്മിക്കുക.

ഏകദേശം 3.7 കോടി രൂപയ്ക്ക് മുകളിലാണ് (£350,000) ഈ സ്പെഷ്യൽ എഡിഷൻ വാഹനത്തിന്റെ അടിസ്ഥാന വില വരുന്നത്. പഴയകാല ഡ്രൈവിങ് അനുഭവം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വാഹനപ്രേമികൾക്ക് ഒരു മികച്ച സമ്മാനം തന്നെയാണ് ഈ ലോട്ടസ് എലീസ് റെസ്റ്റോമഡ്.

അനലോഗ് ഓട്ടോമോട്ടീവിന്റെ മാന്ത്രികത; ലോട്ടസ് എലീസിന്റെ വിഎച്ച്പികെ അവതാരം
നോക്കി ഓടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും, ഡ്രൈവിങ്ങിന് ഇനി പോയിന്റും; പുതിയ നിർദേശവുമായി ​ഗഡ്കരി

1995-ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച ലോട്ടസ് എലീസിന്റെ മുപ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ പുതിയ പ്രോജക്റ്റ് വരുന്നത്. അന്ന് വെറും 725 കിലോഗ്രാമും 118 കുതിരശക്തിയുമുള്ള ആ കാർ മികച്ച പ്രകടനത്തിലൂടെ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഭാരം കുറച്ച് കരുത്ത് കൂട്ടുക എന്ന ആ പഴയ ആശയത്തെ, വലിയ സാമ്പത്തികച്ചെലവിൽ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുകയാണ് വിഎച്ച്പികെ ഇപ്പോൾ ചെയ്യുന്നത്. ഇതിലെ നടുക്കുള്ള ഒറ്റ സീറ്റ് കാണുമ്പോൾ പലർക്കും മക്ലാരൻ എഫ് 1 കാറുകളെ ഓർമ്മവരുമെങ്കിലും, അതിൽ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ ചരിത്രം. 2000-2001 കാലഘട്ടത്തിൽ ബ്രിട്ടീഷ് ടൂറിങ് കാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സിംഗിൾ സീറ്റ് എലീസ് റേസിങ് കാറുകളിൽ നിന്നാണ് അനലോഗ് ഓട്ടോമോട്ടീവ് ഈ ആശയം ഉൾക്കൊണ്ടത്. ചുരുക്കത്തിൽ, പഴയകാല റേസിങ് ട്രാക്കുകളിലെ ആവേശം സാധാരണ നിരത്തുകളിലേക്ക് പുനരാവിഷ്കരിക്കുകയാണ് ഈ മനോഹരമായ വാഹനം.

Summary

Analogue Automotive has unveiled the VHPK, a radical single-seat restomod of the iconic Series 1 Lotus Elise. Weighing under 600 kg and producing 250 bhp, this lightweight sports car sacrifices the passenger seat and luggage space for a pure, uncompromised driving experience. Inspired by the single-seat Elise race cars from the early 2000s, the VHPK brings track-focused thrills directly to the road.

Madism Digital
madismdigital.com