

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. കമ്പനിയുടെ പുതിയ റസാദ് ഇലക്ട്രിക് മാക്സി സ്‌കൂട്ടറിന്റെ ഡിസൈനിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചതോടെയാണ് മോഡൽ രാജ്യത്ത് അവതരിപ്പിക്കാനുള്ള സാധ്യതകൾ ശക്തമായത്. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടർ ശക്തമാക്കാനുള്ള വിൻഫാസ്റ്റിന്റെ പദ്ധതിയുടെ ഭാഗമാണെന്നാണ് പുതിയ പേറ്റന്റിനെ വാഹനലോകം വിലയിരുത്തുന്നത്. റസാദ് എത്തുന്നതോടെ രാജ്യത്തെ ഇലക്ട്രിക് മാക്സി സ്‌കൂട്ടർ വിഭാഗത്തിലും വിൻഫാസ്റ്റ് സാന്നിധ്യമറിയിക്കാനാണ് സാധ്യത.
വ്യത്യസ്തമായ രൂപകൽപ്പന, മാക്സി സ്‌കൂട്ടർ ശൈലി
സാധാരണ ഇലക്ട്രിക് സ്‌കൂട്ടറുകളിൽനിന്ന് വ്യത്യസ്തമായി മസ്കുലർ മാക്സി സ്‌കൂട്ടർ ശൈലിയിലാണ് വിൻഫാസ്റ്റ് റസാദ് എത്തുന്നത്. ഷാർപ് എഡ്ജ് ഡിസൈനാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. വി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലിനൊപ്പം നൽകിയിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റാണ് മുന്നിലെ പ്രധാന ആകർഷണം. ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, റൈഡർക്കും കോ പാസഞ്ചറിനും കൂടുതൽ സൗകര്യം ഉറപ്പാക്കുന്ന സ്റ്റെപ്പ്ഡ് സീറ്റ്, ഫ്ലാറ്റ് ഫ്ലോർബോർഡ് എന്നിവയും റസാദിന്റെ പ്രത്യേകതകളാണ്. സ്‌പ്ലിറ്റ് പില്യൺ ഗ്രാബ് റെയിലാണ് സ്‌കൂട്ടറിന്റെ പിൻ ഡിസൈനിലെ മറ്റൊരു ശ്രദ്ധേയമായ ഘടകം.
മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ
സസ്‌പെൻഷൻ സംവിധാനത്തിലും ശ്രദ്ധേയമാണ് റസാദ്. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ്. വലിയ അലോയ് വീലുകളും വീതിയേറിയ ടയറുകളും സ്‌കൂട്ടറിന് കരുത്തുറ്റ ഭാവം സമ്മാനിക്കുന്നു. സിറ്റി ഡ്രൈവിന് പുറമെ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് റസാദ് മാക്സി സ്‌കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
100 കിലോമീറ്റർ വരെ വേഗത?
വാഹനത്തിന്റെ ബാറ്ററിയെയും മോട്ടോറിനെയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വിൻഫാസ്റ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ വിയറ്റ്നാമീസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വാഹനത്തിന്റെ മധ്യഭാഗത്തായിരിക്കും ഇലക്ട്രിക് മോട്ടോർ നൽകുക. ഏകദേശം 7.1 കിലോവാട്ട് പരമാവധി കരുത്ത് നൽകുന്ന മോട്ടോറായിരിക്കും ഇതെന്നും മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ മോട്ടോറിന് സാധിക്കുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ റസാദിന്റെ മോട്ടോർ, ബാറ്ററി, ടോപ് സ്പീഡ് തുടങ്ങിയ വിവരങ്ങൾ വിൻഫാസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽതന്നെ അന്തിമ സവിശേഷതകൾ കമ്പനി പുറത്തുവിട്ടതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.
റസാദ് ഇന്ത്യയിൽ എത്തുമോ?
രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, പുതിയ മോഡലിനുള്ള പേറ്റന്റ് ഭാവിയിൽ ഇന്ത്യൻ മാർക്കറ്റ് പിടിക്കാനുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. റസാദിന് മുമ്പും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ വിൻഫാസ്റ്റ് നടത്തിയിരുന്നു. സുലാദ് ആശയത്തെ അടിസ്ഥാനമാക്കിയുള്ള വൈപ്പർ ഇലക്ട്രിക് സ്‌കൂട്ടറിനും ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിനും കമ്പനി ഇന്ത്യയിൽ പേറ്റന്റ് നേടിയിട്ടുണ്ട്.
2026ൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കടക്കാനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്ന വിൻഫാസ്റ്റ്, ആദ്യഘട്ടത്തിൽ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പേറ്റന്റ് ലഭിച്ചതിനെ മാത്രം ഇന്ത്യയിലെ വിപണി പ്രവേശനത്തിന്റെ സ്ഥിരീകരണമായി കാണാനാകില്ല. ഒരു വാഹനത്തിന്റെ ഡിസൈൻ പ്രധാനമായും പേറ്റന്റ് സഹായിക്കുന്നത്; അതിന്റെ വിൽപ്പന, വില, ഉൽപ്പാദനം, വിപണി അവതരണം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം അതിൽനിന്ന് വ്യത്യസ്തമാണ്. റസാദിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി, വില, ബാറ്ററി ശേഷി, റേഞ്ച്, മോട്ടോർ സവിശേഷതകൾ എന്നിവയും വിൻഫാസ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
റസാദ് ഇന്ത്യയിലെത്തുകയാണെങ്കിൽ, സാധാരണ സിറ്റി ഇലക്ട്രിക് സ്‌കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി മാക്സി സ്‌കൂട്ടർ വിഭാഗത്തിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വലിപ്പമേറിയ ബോഡി, ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രൂപകൽപ്പന, ഹൈഎന്റ് മോട്ടോർ എന്നിവയുള്ളതുകൊണ്ട് തന്നെ വാഹനത്തെ പ്രീമിയം വിഭാഗത്തിയിരിക്കും ക്ലൈസിഫൈ ചെയ്യുക. അതിനാൽ തന്നെ വിൻഫാസ്റ്റിന് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പ്രീമിയം കസ്റ്റമെഴ്സിനെ ലക്ഷ്യമിടാനും കഴിയും.
അതേസമയം, ഇന്ത്യയിലെ ശക്തമായ ആഭ്യന്തര മത്സരവും വില നിർണയവും വിൻഫാസ്റ്റിന്റെ വിപണി പിടിച്ചുനിൽപ്പിൽ നിർണായകമാകും. നിലവിലുള്ള പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളുമായി മത്സരിക്കാൻ റസാദിന്റെ വിലയും റേഞ്ചും ഫീച്ചറുകളും നിർണായക ഘടകങ്ങളായിരിക്കും. അതിനാൽ വാഹനത്തിന്റെ പേറ്റന്റ്, കമ്പനി ഇന്ത്യയിലെത്താനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെങ്കിലും യഥാർഥ വിപണി പ്രവേശനം സ്ഥിരീകരിക്കാൻ വിൻഫാസ്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് വാഹനപ്രോമികൾ.
Vietnamese automaker VinFast is gearing up to establish a stronger presence in India’s electric two-wheeler market. The possibility of introducing the company’s new Rasad electric maxi-scooter in India has gained momentum after its design was granted a patent in the country.
The latest patent is being viewed by the automotive industry as part of VinFast’s broader strategy to strengthen its electric scooter portfolio in the Indian market. If launched, the Rasad could also mark VinFast’s entry into India’s electric maxi-scooter segment, further expanding the company’s presence in the country’s rapidly growing electric two-wheeler market.