

പുതുവര്‍ഷത്തില്‍ പുതിയ കാറെന്ന സ്വപ്നത്തിന് തിരിച്ചടിയായി വില വര്‍ധന. ബജറ്റ് കാറുകള്‍ മുതല്‍ ആഡംബര കാറുകള്‍ വരെയുള്ളവയ്ക്കാണ് കമ്പനികള്‍ വിലകൂട്ടിയത്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായി, ഔഡി തുടങ്ങിയ കമ്പനികളാണ് വിവിധ മോഡലുകളുടെ വില ഉയര്‍ത്തുന്നത്. ഉല്പ്പാദനച്ചെലവിലെയും മറ്റ് ചെലവുകളിലെയും വര്‍ധനവാണ് വില പരിഷ്കരണത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഇതിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും.
മാരുതി സുസുക്കിയാണ് ഇതിനോടകം വിലവര്‍ധന നടപ്പാക്കിയ കമ്പനികളിലൊന്നാണ് . കമ്പനിയുടെ വിവിധ മോഡലുകള്‍ക്ക് ശരാശരി 0.31 ശതമാനം വിലവര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഓരോ മോഡലിനും ബാധകമായ വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. പുതുക്കിയ വില നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. കമ്പനിയുടെ എല്ലാ മോഡല്‍ നിരയിലും വില പരിഷ്കരണം സ്വാധീനിക്കും.
ടാറ്റ മോട്ടോഴ്സും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഉള്‍പ്പെടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ മോഡലുകള്‍ക്ക് ശരാശരി 0.5 ശതമാനം വരെയാണ് വര്‍ധന. ഡിസംബര്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഹ്യുണ്ടായിയും തങ്ങളുടെ മോഡലുകള്‍ക്ക് 8,000 രൂപ വരെ വില ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ പുതുക്കിയ വിലയും ഡിസംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും.
ആഡംബര കാര്‍ വിപണിയിലും വിലവര്‍ധനയുടെ സൂചനയുണ്ട്. ഔഡിയാണ് ഇന്ത്യയില്‍ വില ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ച ആദ്യ ആഡംബര വാഹന നിര്‍മാതാക്കള്‍. ഔഡിയുടെ എല്ലാ മോഡല്‍ നിരയിലും രണ്ട് ശതമാനം വരെ വില വര്‍ധിക്കും. 2027 ജനുവരി ഒന്നുമുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുന്നത്.
നവംബര്‍ ആദ്യവാരം ഫോക്സ്വാഗണ് ടൈഗൂണിന്റെ വില 30,000 രൂപ വരെ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വിര്‍ട്ടസിന്റെ വിലയില്‍ മാറ്റമില്ല. എന്നാല്‍ ഡിസംബര്‍ 11ന് പ്രതീക്ഷിക്കുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ വരവോടെ വിര്‍ട്ടസിനും വില പുതുക്കിയേക്കാം.
എംജി മജസ്റ്ററിനാണ് ഏറ്റവും വലിയ വിലവര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ വേരിയന്റുകള്‍ക്കും ഒരുലക്ഷം രൂപ വീതമാണ് വര്‍ധിപ്പിച്ചത്. വിന്‍ഡ്സര്‍ ഇവിക്ക് 15,000 രൂപ വരെയും കോമറ്റ് ഇവിക്ക് 10,000 രൂപ വരെയും വില ഉയര്‍ന്നിട്ടുണ്ട്.
കിയ, മഹീന്ദ്ര, ഹോണ്ട, സ്കോഡ തുടങ്ങിയ കമ്പനികള്‍ വിലവര്‍ധന പ്രഖ്യാപിച്ചിട്ടില്ല. ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയും നിലവില്‍ പഴയ വിലയിലാണ് വാഹനങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍ 2026 അവസാനിക്കാനിരിക്കെ ഈ കമ്പനികളും വരും ആഴ്ചകളില്‍ വില പരിഷ്കരണം പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.
Several automobile manufacturers in India are increasing car prices towards the end of 2026. Maruti Suzuki has already implemented an average price hike of 0.31% from November 22. Tata Motors will increase prices by up to 0.5%, while Hyundai has announced hikes of up to ₹8,000, effective December 1. Audi will raise prices by up to 2% from January 1, 2027. Volkswagen and MG have also revised prices for select models. Meanwhile, Kia, Mahindra, Honda, Skoda, Mercedes-Benz and BMW are yet to announce price increases.