യൂറോ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ; സുരക്ഷയിൽ മികവ് തെളിയിച്ച് പുതുതലമുറ കിയ സെൽറ്റോസ്

ക്രാഷ് പ്രൊട്ടക്ഷനിൽ 84 ശതമാനവും അപകടാനന്തര സുരക്ഷയിൽ 90 ശതമാനവും സ്‌കോർ നേടിയാണ് സെല്‍ടോസ് ഈ നേട്ടം കൈവരിച്ചത്
യൂറോ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ; സുരക്ഷയിൽ മികവ് തെളിയിച്ച് പുതുതലമുറ കിയ സെൽറ്റോസ്
Published on: 

യൂറോ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കി പുതുതലമുറ കിയ സെൽറ്റോസ്. ക്രാഷ് പ്രൊട്ടക്ഷനിൽ 84 ശതമാനവും അപകടാനന്തര സുരക്ഷയിൽ 90 ശതമാനവും സ്‌കോർ നേടിയാണ് സെല്‍ടോസ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിലും അഞ്ച് സ്റ്റാർ നേടിയ സെൽറ്റോസ്, രണ്ട് പ്രധാന വിപണികളിലെയും സുരക്ഷാ പരിശോധനകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

നവംബർ 18നാണ് യൂറോ എൻക്യാപ് പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവിട്ടത്. സുരക്ഷിത ഡ്രൈവിങ്, കൂട്ടിയിടി ഒഴിവാക്കൽ, ക്രാഷ് പ്രൊട്ടക്ഷൻ, അപകടാനന്തര സുരക്ഷ തുടങ്ങി നാല് വിഭാഗങ്ങളിലായാണ് വാഹനത്തെ വിലയിരുത്തിയത്. ഇതിൽ ഏറ്റവും ഉയർന്ന സ്‌കോർ ലഭിച്ചത് അപകടാനന്തര സുരക്ഷാ വിഭാഗത്തിലാണ്. അപകടത്തിന് ശേഷം യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സെൽറ്റോസ് മികച്ച പ്രകടനം കാഴ്ചവച്ചു.

ആദ്യ ആഘാതത്തിന് ശേഷം സ്വയം ബ്രേക്ക് പ്രയോഗിക്കുന്ന മൾട്ടി കൊളീഷൻ ബ്രേക്കിങ് സംവിധാനം വാഹനത്തിലുണ്ട്. തുടർന്നുണ്ടാകാവുന്ന കൂട്ടിയിടികൾ ഒഴിവാക്കാൻ ഇത് സഹായിക്കും. അപകടത്തിന്റെ വിവരങ്ങൾ അടിയന്തര സേവന വിഭാഗത്തിന് കൈമാറുന്ന എമർജൻസി കോൾ സംവിധാനവും രക്ഷാപ്രവർത്തകർക്ക് യാത്രക്കാരെ വേഗത്തിൽ പുറത്തെത്തിക്കാൻ സഹായിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളും മികച്ച പോയിന്റുകൾ നേടി.

ഫ്രണ്ട് ഇംപാക്ടില്‍ സേഫ്റ്റി മെച്ചപ്പെടണം

അഞ്ച് സ്റ്റാർ റേറ്റിങ് ലഭിച്ചെങ്കിലും ചില സുരക്ഷാ മേഖലകളിൽ സെൽറ്റോസിന് മെച്ചപ്പെടാനുണ്ടെന്നാണ് പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ഫ്രണ്ടൽ ഇംപാക്ട് പരിശോധനയിൽ ഡ്രൈവറുടെയും മുൻസീറ്റിലെ യാത്രക്കാരന്റെയും നെഞ്ചിന് ലഭിക്കുന്ന സംരക്ഷണം പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നില്ല. ഫ്രണ്ടൽ ഓഫ്‌സെറ്റ് പരിശോധനയിൽ ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം ശരാശരിയും സഹയാത്രികന്റേത് ദുർബലവുമായിരുന്നു.

അതേസമയം, ഫുൾ വിഡ്ത്ത് ഫ്രണ്ടൽ കൊളീഷൻ പരിശോധനയിൽ യാത്രക്കാരുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങൾക്ക് മികച്ചതോ തൃപ്തികരമോ ആയ സംരക്ഷണം ലഭിച്ചു. സൈഡ് ബാരിയർ പരിശോധനയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ നെഞ്ചിനുള്ള സംരക്ഷണം ശരാശരിയായിരുന്നു. മുൻസീറ്റിലെ യാത്രക്കാർ തമ്മിലുള്ള കൂട്ടിയിടി മൂലമുള്ള പരിക്കുകൾ കുറയ്ക്കാൻ യൂറോപ്യൻ മോഡലിൽ സെന്റർ എയർബാഗും ഉൾപ്പെടുത്തിയിട്ടുണ്ട്.

കാൽനടയാത്രക്കാരുടെ സുരക്ഷയാണ് മറ്റൊരു ദുർബല മേഖല. വാഹനം ഇടിക്കുമ്പോൾ കാൽനടയാത്രക്കാരുടെ ഇടുപ്പ് ഭാഗത്തിന് ലഭിക്കുന്ന സംരക്ഷണം വളരെ കുറവായിരുന്നു. ഈ പരിശോധനയിൽ അഞ്ച് ശതമാനം പോയിന്റുകൾ മാത്രമാണ് സെൽറ്റോസിന് നേടാനായത്.

ഡ്രൈവർ നിരീക്ഷണ സംവിധാനത്തിന് പ്രശംസ

സുരക്ഷിത ഡ്രൈവിങ് വിഭാഗത്തിൽ 67 ശതമാനവും കൂട്ടിയിടി ഒഴിവാക്കൽ വിഭാഗത്തിൽ 71 ശതമാനവുമാണ് സെൽറ്റോസിന്റെ സ്‌കോർ. സീറ്റ് ബെൽറ്റിന്റെ തെറ്റായ ഉപയോഗം തിരിച്ചറിയാനും യാത്രക്കാരുടെ ശരീരപ്രകൃതിയും ഇരിപ്പിന്റെ രീതിയും മനസിലാക്കാനുമുള്ള സംവിധാനങ്ങളെയും യൂറോ എൻക്യാപ് വിലയിരുത്തൽ സംഘം പ്രശംസിച്ചു.

ഡ്രൈവറുടെ ക്ഷീണം, ശ്രദ്ധക്കുറവ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ കണ്ടെത്താൻ ഡ്രൈവർ മോണിറ്ററിങ് സംവിധാനത്തിന് കഴിയും. ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിലായി ഏകദേശം 2,000 കിലോമീറ്റർ നടത്തിയ യഥാർത്ഥ റോഡ് പരിശോധനകളിലും സ്പീഡ് അസിസ്റ്റൻസ് സംവിധാനം മികച്ച പ്രകടനം കാഴ്ചവച്ചു.

യൂറോ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ; സുരക്ഷയിൽ മികവ് തെളിയിച്ച് പുതുതലമുറ കിയ സെൽറ്റോസ്
സിയേറ ഇവിയ്ക്കും കിട്ടി 5 സ്റ്റാർ; വീണ്ടും കരുത്ത് കാട്ടി ടാറ്റ

പരിശോധിച്ച സാഹചര്യങ്ങളിൽ 87 ശതമാനത്തിലും വേഗപരിധി കൃത്യമായി തിരിച്ചറിയാൻ സംവിധാനത്തിനായി. സൈക്കിൾ യാത്രക്കാരുടെ സമീപത്ത് വാഹനത്തിന്റെ ഡോർ അശ്രദ്ധമായി തുറക്കുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള സംവിധാനവും വാഹനത്തിലുണ്ട്. എന്നാൽ കാറിനുള്ളിൽ കുട്ടികളെ മറന്നുവയ്ക്കുമ്പോൾ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന ചൈൽഡ് പ്രസൻസ് ഡിറ്റക്ഷൻ സംവിധാനം ഇല്ലാത്തത് പോരായ്മയായി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ മോഡലും അഞ്ച് സ്റ്റാർ സുരക്ഷയുമായി

യൂറോ എൻക്യാപ് പരിശോധനയിൽ ലഭിച്ച റേറ്റിങ് ആഗോള വിപണിയിലെ എല്ലാ സെൽറ്റോസ് പതിപ്പുകൾക്കും ഒരുപോലെ ബാധകമാകില്ല. വിവിധ രാജ്യങ്ങളിൽ എൻജിൻ, സുരക്ഷാ സജ്ജീകരണങ്ങൾ എന്നിവയിൽ വ്യത്യാസങ്ങളുള്ളതിനാലാണിത്. ഇന്ത്യൻ വിപണിയിലെ സെൽറ്റോസും ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടിയിട്ടുണ്ട്.

ഇന്ത്യൻ മോഡലിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ സ്റ്റാൻഡേർഡായി ലഭ്യമാണ്. ഉയർന്ന വകഭേദങ്ങളിൽ ലെവൽ 2 അഡാസ് സുരക്ഷാ സംവിധാനങ്ങളുമുണ്ട്. യൂറോ എൻക്യാപ് പരിശോധനയിലെ നേട്ടം ആഗോള വിപണിയിൽ സെൽറ്റോസിന്റെ സുരക്ഷാ മികവിന് കൂടുതൽ അംഗീകാരമാകുമ്പോൾ, ചില മേഖലകളിലെ പോരായ്മകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Summary

The new-generation Kia Seltos has secured a five-star safety rating in the Euro NCAP crash test. It scored 90% in post-crash safety, demonstrating strong performance in safety features, including multi-collision braking and emergency call systems. However, some areas still require improvement in the frontal impact test.