സിയേറ ഇവിയ്ക്കും കിട്ടി 5 സ്റ്റാർ; വീണ്ടും കരുത്ത് കാട്ടി ടാറ്റ

ഭാരത് എന്‍ ക്യാപ് നടത്തിയ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയാണ് സിയേറ ഇവി ടാറ്റയുടെ കരുത്ത് കാട്ടിയത്
സിയേറ ഇവിയ്ക്കും
കിട്ടി 5 സ്റ്റാർ; വീണ്ടും കരുത്ത് കാട്ടി ടാറ്റ
Published on: 

സുരക്ഷാ മികവിൽ വീണ്ടും കരുത്ത് തെളിയിച്ച് ടാറ്റ സിയേറ ഇവി. ഭാരത് എന്‍ ക്യാപ് നടത്തിയ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയാണ് സിയേറ ഇവി ടാറ്റയുടെ കരുത്ത് കാട്ടിയത്. മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളിൽ മികച്ച സ്കോർ നേടിയ സിയേറ ഇവി, സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന വാഹന നിർമാതാക്കളെന്ന ടാറ്റ മോട്ടോഴ്‌സിന്റെ പ്രതിച്ഛായയ്ക്ക് കൂടുതൽ കരുത്തേകുകയാണ്.

മുതിർന്നവരുടെ സുരക്ഷാ പരിശോധനയിൽ 32ൽ 30.62 പോയിന്റും കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ 49ൽ 45 പോയിന്റുമാണ് സിയേറ ഇവി നേടിയത്. വാഹനത്തിന്റെ 75 kWh ബാറ്ററിയുള്ള ഓൾവീൽ ഡ്രൈവ് പതിപ്പാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. എന്നാൽ സിയേറ ഇവിയുടെ എല്ലാ വകഭേദങ്ങൾക്കും ഭാരത് എൻസിഎപിയുടെ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് ബാധകമാണെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.

മുതിർന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയിലെ വിവിധ ഘട്ടങ്ങളിലും വാഹനം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16ൽ 14.62 പോയിന്റ് ലഭിച്ചു. ഡ്രൈവറുടെയും മുൻസീറ്റിലെ യാത്രക്കാരന്റെയും തല, നെഞ്ച്, ഇടുപ്പ് തുടങ്ങിയ നിർണായക ശരീരഭാഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകാൻ വാഹനത്തിന് സാധിച്ചതായാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്. കാലുകളുടെ സുരക്ഷയിലും താരതമ്യേന മികച്ച വിലയിരുത്തലാണ് ലഭിച്ചത്.

വശങ്ങളിലെ ആഘാതത്തെ അതിജീവിക്കാനുള്ള ശേഷി പരിശോധിച്ച സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16ൽ 16 പോയിന്റും സിയേറ ഇവി സ്വന്തമാക്കി. ഇതോടെ മുതിർന്ന യാത്രക്കാരുടെ സുരക്ഷാ വിഭാഗത്തിൽ 95.7 ശതമാനം സ്കോർ നേടാനും വാഹനത്തിന് സാധിച്ചു.

കുട്ടികളുടെ സുരക്ഷയിലും സിയേറ ഇവി മികച്ച സ്കോറാണ് രേഖപ്പെടുത്തിയത്. കുട്ടികളുടെ സീറ്റുകളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും വിലയിരുത്തുന്ന പരിശോധനയിൽ 12ൽ 12 പോയിന്റും വാഹനം നേടി. എന്നാൽ വാഹനത്തിനുള്ളിൽ കുട്ടികൾക്ക് ലഭിക്കുന്ന നേരിട്ടുള്ള സംരക്ഷണം വിലയിരുത്തിയ പരിശോധനയിൽ 13ൽ 9 പോയിന്റാണ് ലഭിച്ചത്. ആകെ 49ൽ 45 പോയിന്റ്, അതായത് 91.8 ശതമാനം സ്കോറാണ് കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ സിയേറ ഇവി സ്വന്തമാക്കിയത്. കുടുംബ യാത്രകളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവർക്കിടയിൽ ഈ നേട്ടം ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ.

സിയേറയുടെ പെട്രോൾ, ഡീസൽ എൻജിൻ പതിപ്പായ ഐസിഇ മോഡലും നേരത്തെ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേടിയിരുന്നു. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ ഐസിഇ പതിപ്പിനാണ് കൂടുതൽ പോയിന്റ്. 32ൽ 31.14 പോയിന്റാണ് ഐസിഇ പതിപ്പ് നേടിയത്. സിയേറ ഇവിക്ക് ലഭിച്ചത് 30.62 പോയിന്റാണ്. അതേസമയം കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ ഇവി പതിപ്പ് മുന്നിലെത്തി. ഐസിഇ മോഡലിന് 44.73 പോയിന്റ് ലഭിച്ചപ്പോൾ ഇലക്ട്രിക് പതിപ്പ് 45 പോയിന്റ് നേടി. സ്കോറിലെ ഈ ചെറിയ വ്യത്യാസങ്ങൾ രണ്ട് മോഡലുകളുടെയും 5 സ്റ്റാർ സുരക്ഷാ റേറ്റിങ്ങിനെ ബാധിച്ചിട്ടില്ല.

സിയേറ ഇവിയ്ക്കും
കിട്ടി 5 സ്റ്റാർ; വീണ്ടും കരുത്ത് കാട്ടി ടാറ്റ
മഹീന്ദ്രയെ മറികടന്ന് രണ്ടാം സ്ഥാനത്ത്, ഇവി വിപണിയിലും കുതിപ്പ്; ഒക്ടോബറിൽ ടാറ്റയ്ക്ക് റെക്കോർഡ് വിൽപ്പന

വിപണിയിലെ മറ്റ് ഇലക്ട്രിക് എസ്‌യുവികളുമായുള്ള താരതമ്യത്തിലും സിയേറ ഇവിയുടെ പ്രകടനം ശ്രദ്ധേയമാണ്. മുതിർന്നവരുടെ സുരക്ഷയിൽ മഹീന്ദ്ര ബിഇ 6 സ്പോർടെക് 31.97 പോയിന്റും മാരുതി സുസുക്കി ഇ-വിറ്റാര 31.49 പോയിന്റും നേടിയപ്പോൾ സിയേറ ഇവിക്ക് 30.62 പോയിന്റാണ് ലഭിച്ചത്. വിൻഫാസ്റ്റ് വിഎഫ്6 നേടിയ 27.13 പോയിന്റിനേക്കാൾ ഉയർന്ന സ്കോറാണിത്.

കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ മഹീന്ദ്ര ബിഇ 6 സ്പോർടെക്കിനൊപ്പം 45 പോയിന്റ് പങ്കിടുകയാണ് സിയേറ ഇവി. മാരുതി സുസുക്കി ഇ-വിറ്റാരയ്ക്ക് 43 പോയിന്റും വിൻഫാസ്റ്റ് വിഎഫ്6ന് 44.41 പോയിന്റുമാണ് ലഭിച്ചത്. ഈ നാല് വാഹനങ്ങളും ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയവയാണ്.

മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളിൽ ഒരുപോലെ മികച്ച സ്കോർ നേടാനായത് സിയേറ ഇവിയുടെ പ്രധാന നേട്ടമാണ്. ഐസിഇ പതിപ്പിന് പിന്നാലെ ഇലക്ട്രിക് മോഡലും പരമാവധി സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയതോടെ സിയേറ ശ്രേണിയുടെ സുരക്ഷാ മികവ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

Summary

The Tata Sierra EV has secured a 5-star safety rating in the Bharat NCAP crash test. Tata's electric SUV impressed with strong scores in both adult and child occupant safety categories. The performance of the 75 kWh all-wheel-drive variant further strengthens Tata's reputation for vehicle safety.