

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ ഇഗ്നിസ് പുതിയൊരു രൂപത്തിൽ തിരിച്ചെത്തുന്നു. എന്നാൽ ഇത്തവണ പെട്രോൾ എൻജിനിലല്ല, പൂർണമായും ഇലക്ട്രിക് കരുത്തിലാണ് ഇഗ്നിസ് എത്തുന്നത്. കോംപാക്ട് ഇലക്ട്രിക് കാർ വിഭാഗത്തിലേക്ക് സുസുക്കി അവതരിപ്പിക്കുന്ന പുതിയ മോഡലിന് യൂറോപ്യൻ വിപണിയിൽ ഇഗ്നിസ് എന്ന പേര് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
2025-ൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച വിഷൻ ഇ-സ്‌കൈ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ഈ പുതിയ ഇലക്ട്രിക് കാർ. ജപ്പാനിൽ ഇ-സ്‌കൈ എന്ന പേരിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡൽ 2027-ൽ യൂറോപ്യൻ വിപണിയിലെത്തുമ്പോൾ ഇഗ്നിസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. അതേസമയം, ഈ ഇലക്ട്രിക് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ മാരുതി സുസുക്കി ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. ഇന്ത്യയിലെത്തിയാൽ മറ്റൊരു പേരായിരിക്കാം വാഹനത്തിന് നൽകുകയെന്നാണ് പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ച ഹാർടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ മോഡലിന്റെ നിർമാണം. 26 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്. ഒറ്റ ചാർജിൽ 310 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മുൻ ആക്‌സിലിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് 91 bhp കരുത്തും 133 Nm ടോർക്കും ഉത്പാദിപ്പിക്കാനാകും. ചാർജിങ്ങിന്റെ കാര്യത്തിലും മികച്ച സൗകര്യങ്ങളാണ് സുസുക്കി ഒരുക്കിയിരിക്കുന്നത്. 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 25 മിനിറ്റിനുള്ളിൽ ബാറ്ററി 0-ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം.
6 kW AC ചാർജർ ഉപയോഗിച്ചാൽ പൂർണ ചാർജിന് 4.5 മണിക്കൂറും 3 kW ചാർജർ ഉപയോഗിച്ചാൽ എട്ട് മണിക്കൂറുമാണ് വേണ്ടിവരിക. വലിപ്പത്തിൽ ചെറിയ കാറാണെങ്കിലും അകത്തളത്തിൽ പരമാവധി യാത്രാസൗകര്യം ഉറപ്പാക്കുന്ന ബോക്‌സി ഡിസൈനാണ് ഇ-സ്‌കൈയുടെ പ്രധാന ആകർഷണം. ഉയർന്ന ബോഡി ഡിസൈനും വിശാലമായ ക്യാബിനും വാഹനത്തിന് പ്രായോഗികമായ രൂപം നൽകുന്നു. പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ എന്നിവയാണ് മുൻവശത്തെ പ്രധാന ഡിസൈൻ ഘടകങ്ങൾ. ഇലക്ട്രിക് വാഹനത്തിന് അനുയോജ്യമായി അടച്ചുവെച്ച ഫ്രണ്ട് ഗ്രില്ലും ബമ്പറിന്റെ താഴ്ഭാഗത്തുള്ള എയർ ഇൻടേക്കും മുൻഭാഗത്തിന് വ്യത്യസ്തമായ ഭാവം നൽകുന്നു.
വശങ്ങളിലേക്ക് കടന്നാൽ നേരിയ പരുക്കൻ ഭാവമുള്ള ബോക്‌സി രൂപമാണ് കാണാനാകുക. ഇരുവശങ്ങളിലും രണ്ട് ഡോറുകൾ വീതമുള്ള വാഹനത്തിൽ അലോയ് വീലുകളും നൽകിയിട്ടുണ്ട്. പിന്നിൽ റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽലാമ്പുകളാണ് ശ്രദ്ധേയമായത്. ഫ്ലാറ്റ് ഹാച്ച്‌ഡോർ, റിയർ വൈപ്പർ, സ്‌പോയിലർ, ആന്റിന, ബോഡി കളർ ബമ്പർ എന്നിവയും പിൻഭാഗത്തെ സവിശേഷതകളാണ്. ഇന്റീരിയറിൽ സ്ഥലസൗകര്യത്തിനൊപ്പം ആധുനിക ഫീച്ചറുകൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീൽ എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഡാഷ്‌ബോർഡിൽ തന്നെയാണ് ഗിയർ സെലക്ടർ നൽകിയിരിക്കുന്നത്. ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കൺട്രോൾ പാനൽ, വിവിധ സ്റ്റോറേജ് സൗകര്യങ്ങൾ എന്നിവയും അകത്തളത്തിലുണ്ട്. നാല് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ക്യാബിൻ ക്രമീകരിച്ചിരിക്കുന്നത്. കോംപാക്ട് വലിപ്പം, 310 കിലോമീറ്റർ റേഞ്ച്, പ്രായോഗികമായ ഇന്റീരിയർ എന്നിവയുമായി എത്തുന്ന സുസുക്കിയുടെ പുതിയ ഇലക്ട്രിക് കാർ യൂറോപ്യൻ വിപണിയിൽ ശ്രദ്ധ നേടുമോയെന്നാണ് ഇനി അറിയേണ്ടത്.
Maruti Suzuki’s popular hatchback, the Ignis, is set to enter the European market as an electric model in 2027. Featuring a 26 kWh battery, a 310 km range and 91 bhp of power, the compact car combines a practical design with modern features.