ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ 'ഡാർക്ക് പാറ്റേണുകൾ': 9 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം; ഈടാക്കിയത് 20 ലക്ഷം രൂപ പിഴ

ഏറ്റവും ഉയർന്ന പിഴയായ 7 ലക്ഷം രൂപ ചുമത്തിയത് പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോയ്ക്കാണ്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ 'ഡാർക്ക് പാറ്റേണുകൾ': 9 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം; ഈടാക്കിയത് 20 ലക്ഷം രൂപ പിഴ
Published on

ഓൺലൈൻ ഇടപാടുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വഞ്ചനാപരമായ ഡാർക്ക് പാറ്റേണുകൾ ഉപയോഗിച്ചതിന് സെപ്റ്റോ, ബുക്ക് മൈ ഷോ, ഇൻഡിഗോ എന്നിവയുൾപ്പെടെ ഒൻപത് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുത്ത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). ഈ ഒൻപത് കമ്പനികളിൽ നിന്നായി ഏകദേശം 20 ലക്ഷം രൂപയാണ് സിസിപിഎ പിഴയായി ഈടാക്കിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ അടിയന്തരമായി നിർത്തിവെക്കാൻ കർശന നിർദ്ദേശം നൽകിയതായി കേന്ദ്ര സർക്കാർ രാജ്യസഭയെ രേഖാമൂലം അറിയിച്ചു.

2023-ലെ ഡാർക്ക് പാറ്റേൺസ് നിയന്ത്രണ മാർഗ്ഗരേഖ പ്രകാരം ഉപഭോക്താക്കളെ അന്യായമായി സ്വാധീനിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ബാസ്കറ്റ് സ്നീക്കിങ്, ഡ്രിപ്പ് പ്രൈസിങ്, കൺഫേം ഷെയ്മിങ് എന്നിവ ഉൾപ്പെടെ 13 തരം രീതികളാണ് സർക്കാർ നിരോധിച്ചിട്ടുള്ളത്.

ഏറ്റവും ഉയർന്ന പിഴയായ 7 ലക്ഷം രൂപ ചുമത്തിയത് പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോയ്ക്കാണ്. സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തുടക്കത്തിൽ കുറഞ്ഞ വില കാണിക്കുകയും, എന്നാൽ ബില്ലടക്കുന്ന സമയത്ത് കൈകാര്യച്ചെലവുകളും മെമ്പർഷിപ്പ് ഫീസും ഉപഭോക്താക്കൾ പോലുമറിയാതെ തനിയെ കൂട്ടിച്ചേർക്കുകയും ചെയ്തതിനാണ് ഈ നടപടി. പിഴ ഈടാക്കിയതിന് പിന്നാലെ സെപ്റ്റോ ഈ രീതി അവസാനിപ്പിച്ചതായി സർക്കാർ വ്യക്തമാക്കി. സമാനമായ രീതിയിൽ പ്രമുഖ വിദ്യാഭ്യാസ ആപ്പായ ഫിസിക്സ് വാലയ്ക്ക് 5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ 'ഡാർക്ക് പാറ്റേണുകൾ': 9 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം; ഈടാക്കിയത് 20 ലക്ഷം രൂപ പിഴ
യുദ്ധത്തിനിടയിലും എണ്ണക്കമ്പനികളുടെ കൊള്ളലാഭം, മുന്നില്‍ ആരാംകോ; മൂന്ന് മാസംകൊണ്ട് നേടിയത് 8.84 ലക്ഷം കോടി

ഫിസിക്സ് വാലയുടെ ചാരിറ്റി ഫൗണ്ടേഷനിലേക്കുള്ള 10 രൂപയുടെ സംഭാവന ഉപഭോക്താക്കളുടെ സമ്മതമില്ലാതെ മുൻകൂട്ടി തന്നെ തിരഞ്ഞെടുക്കപ്പെട്ട നിലയിലായിരുന്നു ആപ്പിൽ നൽകിയിരുന്നത്. ഇത് ഒഴിവാക്കാൻ ശ്രമിക്കുന്നവരോട് വൈകാരികമായ സന്ദേശങ്ങൾ കാണിക്കുന്നതും, കൂടാതെ സൗജന്യ കോഴ്‌സുകൾ ലഭിക്കാൻ വ്യക്തിവിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കിയതും നടപടിക്ക് കാരണമായി. കമ്പനി പിഴയൊടുക്കുകയും ഈ രീതി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

വിമാന ടിക്കറ്റ് ബുക്കിങ് സമയത്ത് ഉപഭോക്താക്കളെ വൈകാരികമായി സ്വാധീനിക്കുന്ന തന്ത്രങ്ങൾ പ്രയോഗിച്ചതിന് ഇൻഡിഗോ എയർലൈൻസിനെതിരെയും സിസിപിഎ ഇടപെട്ടു. ട്രാവൽ ഇൻഷുറൻസ് പോലുള്ള അധിക സേവനങ്ങൾ വേണ്ടാത്തവർക്കായി നൽകിയിരുന്ന "ഇല്ല, ഞാൻ റിസ്ക് എടുക്കാൻ തയ്യാറാണ്" എന്ന ഭയപ്പെടുത്തുന്ന സന്ദേശം സിസിപിഎയുടെ ഇടപെടലിനെ തുടർന്ന് തിരുത്താൻ കമ്പനി നിർബന്ധിതരായി. ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ, തങ്ങളുടെ ചാരിറ്റി സംരംഭമായ 'ബുക്ക് എ സ്മൈൽ'-ലേക്ക് ഒരു രൂപ സംഭാവന നൽകുന്നത് ഉപഭോക്താക്കൾ അറിയാതെ മുൻകൂട്ടി ടിക്ക് ചെയ്ത് വെക്കുന്ന രീതി ഉപയോഗിച്ചതിനും നടപടി നേരിട്ടു. ഇത് ഒഴിവാക്കാൻ അതോറിറ്റി കർശന നിർദ്ദേശം നൽകി.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ 'ഡാർക്ക് പാറ്റേണുകൾ': 9 ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം; ഈടാക്കിയത് 20 ലക്ഷം രൂപ പിഴ
തേനും നെയ്യും തേങ്ങാപ്പാലും നൂറു ശതമാനം ശുദ്ധമല്ല; ഡാബറിന്റെ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി എഫ്എസ്എസ്എഐ

ഇവരെക്കൂടാതെ ഫസ്റ്റ്ക്രൈ (2 ലക്ഷം രൂപ), ഫാർമ ഈസി (1 ലക്ഷം രൂപ), ആന്റിവൈറസ് കമ്പനിയായ മക്കാഫി (1 ലക്ഷം രൂപ), സ്പൈസ് ജെറ്റ് (1 ലക്ഷം രൂപ), കോച്ചിംഗ് പ്ലാറ്റ്‌ഫോമായ അനുജ് ജിൻഡാൽ (3 ലക്ഷം രൂപ) എന്നിവർക്കും സിസിപിഎ പിഴ ചുമത്തിയിട്ടുണ്ട്. മറഞ്ഞിരിക്കുന്ന ചാർജുകൾ, നിർബന്ധിത സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന എല്ലാ അന്യായമായ ഡിജിറ്റൽ പ്രവൃത്തികളും അവസാനിപ്പിക്കാൻ ഈ കമ്പനികളോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

The Central Consumer Protection Authority (CCPA) has penalized nine major digital platforms, including Zepto, BookMyShow, IndiGo, and Physics Wallah, for deceiving consumers using 'dark patterns'. A total fine of ₹20 lakh was imposed for unethical practices like hidden charges (basket sneaking), drip pricing, and confirm shaming. Following the strict intervention by the government, these platforms have been directed to immediately halt these unfair online practices and remove the deceptive interface elements.

Madism Digital
madismdigital.com