

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്താലത്തില്‍ കഴിഞ്ഞ ഒരു മാസമായി സ്വര്‍ണ്ണവില ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. ദീര്‍ഘകാലമായി സുരക്ഷിത നിക്ഷേപമായി ഭൂരിഭാഗം പേരും കണ്ടിരുന്ന സ്വര്‍ണ്ണം ഇതോടെ സംശയത്തിന് നിഴലിലുമായി. യുദ്ധം മാറിയാല്‍ സ്വര്‍ണ്ണവില ശക്തിപ്രാപിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തലെങ്കിലും നിക്ഷേപകരുടെ ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല. ഇതോടെ ഡിജിറ്റല്‍ സ്വര്‍ണ്ണ നിക്ഷേപത്തിലും ആളുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഭൗതികമായി സ്വര്‍ണ്ണം വാങ്ങാതെ ഡിജിറ്റലായി സ്വര്‍ണ്ണം വാങ്ങിക്കാവുന്ന രീതിയാണ് ഡിജിറ്റല്‍ നിക്ഷേപ രീതി. കള്ളന്മാരെ പേടിച്ച് നിര്‍മ്മിക്കുന്ന ലോക്കറുപോലും ആവശ്യമില്ലാത്തതിനാല്‍ ഡിജിറ്റല്‍ നിക്ഷേപം താരതമ്യേന സുരക്ഷിതമാണ്.
ആദ്യമായി സ്വര്‍ണ്ണം നിക്ഷേപിക്കുന്നവരും പുതിയ ജനറേഷന്‍ നിക്ഷേപകരുമാണ് പ്രധാനമായും ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. ഇന്ത്യയിലെ ഡിജിറ്റല്‍ സ്വര്‍ണ വിപണിയിലെ പ്രധാന ഇടപാടുകാര്‍ MMTC PAMP, Augmont, SafeGold എന്നിവയാണ്. പ്ലാറ്റ്‌ഫോം വഴി എപ്പോള്‍ വേണമെങ്കിലും അവരുടെ ഹോള്‍ഡിംഗുകള്‍ വില്‍ക്കാന്‍ കഴിയും. ഉപഭോക്താവ് സ്വര്‍ണ്ണം വാങ്ങുന്ന മുറയ്ക്ക് ഇടനിലക്കാര്‍ വാങ്ങിയ സ്വര്‍ണ്ണത്തിന് തക്കതായ മൂല്യമുള്ള ഭൗതിക സ്വര്‍ണ്ണം നിലവറയില്‍ സൂക്ഷിക്കുകയും ചെയ്യും. മാര്‍ക്കറ്റ് വ്യതിയാനങ്ങളെ ഡിജിറ്റല്‍ സ്വര്‍ണ്ണമൂല്യത്തെ ബാധിക്കുകയുമില്ല. എന്നാല്‍ സ്വര്‍ണ്ണം വാങ്ങുന്ന ഏജന്‍സികള്‍ അംഗീകൃതമാണോയെന്ന് പരിശോധിക്കാതെ ഇടപാടുകള്‍ നടത്തിയാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഭൌതികമായി കയ്യിൽ സൂക്ഷിക്കുന്ന സ്വർണ്ണം പൂർണ്ണമായ നിയന്ത്രണം ഉടമയ്ക്ക് നൽകുന്നുണ്ട്. ഇവിടെ ഇടനിലക്കാരുടെ ആവശ്യമില്ലാത്തതിനാൽ ആസ്തിയുടെ മേൽ നിങ്ങൾക്ക് നേരിട്ട് അവകാശമുണ്ടാകും. എന്നാൽ ഇത് സുരക്ഷിതമായി സൂക്ഷിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. വീട്ടിൽ സൂക്ഷിക്കുമ്പോഴുള്ള മോഷണഭയവും ലോക്കറിൽ വെക്കുമ്പോഴുണ്ടാകുന്ന അധിക ചിലവും ഇതിന്റെ വെല്ലുവിളികളാണ്. കൂടാതെ ആഭരണങ്ങളായി വാങ്ങുമ്പോൾ പണിക്കൂലിയും വിൽക്കുമ്പോഴുണ്ടാകുന്ന വിലക്കുറവും നിക്ഷേപകർ പരിഗണിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, സൗകര്യവും ലാളിത്യവുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഡിജിറ്റൽ സ്വർണ്ണവും, പൂർണ്ണമായ ഉടമസ്ഥാവകാശവും നിയന്ത്രണവുമാണ് ലക്ഷ്യമെങ്കിൽ ഭൗതിക സ്വർണ്ണവുമാണ് അനുയോജ്യം.
English Summary: Digital gold is emerging as a convenient and secure investment option, especially amid fluctuating gold prices due to global tensions. However, investors must verify trusted platforms and understand risks before investing.