ഇന്ത്യ ഭരിക്കുന്നത് അഞ്ചു കുടുംബങ്ങള്‍; കോര്‍പ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും ഇവരുടെ കയ്യില്‍, മുന്നില്‍ റിലയന്‍സും അദാനിയും

2020-ല്‍ രാജ്യത്തെ മുന്‍നിര 25 കുടുംബ ബിസിനസ് ഗ്രൂപ്പുകളുടെ വരുമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 15 ശതമാനത്തിലധികമായിരുന്നുവെന്ന് പഠനം പറയുന്നു.
ഇന്ത്യ ഭരിക്കുന്നത് അഞ്ചു കുടുംബങ്ങള്‍; കോര്‍പ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും ഇവരുടെ കയ്യില്‍, മുന്നില്‍ റിലയന്‍സും അദാനിയും
Published on

ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയിലെ മൊത്തം വരുമാനത്തിന്റെ 60 ശതമാനത്തിലധികവും കൈയടക്കി വച്ചിരിക്കുന്നത് രാജ്യത്തെ അഞ്ച് പ്രമുഖ കുടുംബ ബിസിനസ് ഗ്രൂപ്പുകളെന്നു പഠനം. ലോകബാങ്ക് ഇക്കണോമിക് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ വെളിപ്പടുത്തലുള്ളത്. 2001-നും 2020-നും ഇടയിലുള്ള കാലയളവില്‍ ഇന്ത്യയിലെ 'ബിഗ് ഫൈവ്' എന്ന് വിളിക്കപ്പെടുന്ന റിലയന്‍സ്, അദാനി, ബിര്‍ള, ഒ.പി ജിന്‍ഡാല്‍, ടാറ്റ എന്നീ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രാജ്യത്തിന്റെ മൊത്തം ബിസിനസ് വരുമാനത്തിന്റെ 60% ലധികവും സമ്പാദിച്ചു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം വിപണിയില്‍ മത്സരം വര്‍ധിച്ചെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ അഞ്ചു കുടുംബ ബിസിനസുകളുടെ ആധിപത്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. സെമണ്‍ കമാന്‍ഡര്‍, സാള്‍ ഈസ്ട്രിന്‍, നവീന്‍ ജോസഫ് തോമസ്, വരുണ്‍ ലിംഗിനേനി എന്നിവര്‍ ചേര്‍ന്നാണ് 'ബിസിനസ് ഗ്രൂപ്പുകള്‍, കേന്ദ്രീകരണവും വിപണി ശക്തിയും ഇന്ത്യയില്‍' എന്ന പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വ്യവസായാടിസ്ഥാനത്തിലുള്ള വിപണി കേന്ദ്രീകരണവും വിപണി വിഹിതവും പരിശോധിച്ചാണ് മൂലധനത്തിന്റെ കേന്ദ്രീകരണം അവലോകനം ചെയ്തത്.

മുന്നില്‍ അംബാനിയും അദാനിയും

രാജ്യത്തിന്റെ മൊത്തം കുത്തക വരുമാനത്തിന്റെ 20 ശതമാനത്തിലധികവും കയ്യടക്കിയിരിക്കുന്നത് മുകേഷ് അംബാനി നയിക്കുന്ന അംബാനി ഗ്രൂപ്പും ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പുമാണ്. വരുമാനത്തില്‍ സ്ഥിരമായ ഉയര്‍ച്ച ഉണ്ടായെങ്കിലും ജിന്‍ഡാല്‍, ടാറ്റ ഗ്രൂപ്പുകളുടെ വരുമാന വിഹിതം 10 ശതമാനത്തില്‍ താഴെയാണ്. ബിര്‍ള ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, ആദ്യ അഞ്ചിലാണ് അവരുടെ സ്ഥാനം എങ്കിലും ഈ പഠന കാലയളവില്‍ അവരുടെ വരുമാന വിഹിതത്തില്‍ ഇടിവുകള്‍ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശേഷം മത്സരം വര്‍ധിച്ചതോടെ വിപണിയിലെ കേന്ദ്രീകരണം കുറഞ്ഞിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് ഈ കുടുംബ ബിസിനസുകള്‍ തന്നെയാണ്.

ഇന്ത്യ ഭരിക്കുന്നത് അഞ്ചു കുടുംബങ്ങള്‍; കോര്‍പ്പറേറ്റ് വരുമാനത്തിന്റെ 60 ശതമാനവും ഇവരുടെ കയ്യില്‍, മുന്നില്‍ റിലയന്‍സും അദാനിയും
ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ വിവാദം: സമരം കടുക്കുന്നു, വിദ്യാർഥി പ്രക്ഷോഭം ഇരുപത്തിമൂന്നാം ദിവസത്തിൽ

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍

2020-ല്‍ രാജ്യത്തെ മുന്‍നിര 25 കുടുംബ ബിസിനസ് ഗ്രൂപ്പുകളുടെ വരുമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 15 ശതമാനത്തിലധികമായിരുന്നുവെന്ന് പഠനം പറയുന്നു. കൂടാതെ, വിപണി ഉദാരവല്‍ക്കരിക്കപ്പെട്ടിട്ടും ഇവരുടെ സ്ഥാനങ്ങളില്‍ കാര്യമായ മാറ്റങ്ങളോ സ്ഥാനച്ചലനങ്ങളോ ഉണ്ടായില്ല. അദാനി, റിലയന്‍സ് തുടങ്ങിയ വമ്പന്‍ ഗ്രൂപ്പുകള്‍ രാഷ്ട്രീയക്കാരുമായുള്ള തങ്ങളുടെ അടുപ്പവും സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ അവസരങ്ങളും വിടവുകളും സ്വന്തം വളര്‍ച്ചയ്ക്കായി കൃത്യമായി ഉപയോഗപ്പെടുത്തിയതായി പഠനം നിരീക്ഷിക്കുന്നു.

നയപരമായ മാറ്റങ്ങള്‍ മൂലം പൊതുമേഖല ചുരുങ്ങിയതോടെ ഇവിടെയൊക്കെ സ്വകാര്യ മേഖലയും കുടുംബ ബിസിനസ് ഗ്രൂപ്പുകളും സ്ഥാനമുറപ്പിച്ചു. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ക്ലാസിഫിക്കേഷന്‍-3 വര്‍ഗ്ഗീകരണത്തിന് കീഴിലുള്ള വ്യവസായ മേഖലകളില്‍ 74 ശതമാനത്തിലെ പകുതിയിലധികം വരുമാനവും ഈ അഞ്ച് വന്‍കിട ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ കുടുംബ ബിസിനസ് ഗ്രൂപ്പുകള്‍ വിവിധ മേഖലകളിലേക്ക് വളരെ വേഗത്തില്‍ ബിസിനസ് വ്യാപിപ്പിച്ചുവെന്ന് പഠനം നിരീക്ഷിച്ചു.

വിപണി കുത്തകയും നയപരമായ തിരിച്ചടികളും

സ്വകാര്യവല്‍ക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലും കാരണം വിപണിയിലെ പൊതുവായ കേന്ദ്രീകരണം കുറഞ്ഞിട്ടുണ്ടെങ്കിലും അഞ്ച് വന്‍കിട ഗ്രൂപ്പുകളുടെ ലാഭവിഹിതം 2013-ന് ശേഷം കുത്തനെ ഉയര്‍ന്നു. 2000-നും 2013-നും ഇടയിലുള്ള കാലയളവില്‍ ചില പ്രത്യേക ബിസിനസ് ഗ്രൂപ്പുകളെ 'ദേശീയ ചാമ്പ്യന്മാരായി' കണ്ട കേന്ദ്ര ഭരണകൂടങ്ങളുടെ സമീപനം ഇത്തരം കുത്തകവല്‍ക്കരണത്തിന് ആക്കം കൂട്ടിയിട്ടുണ്ടാകാമെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ അഭിപ്രായപ്പെടുന്നു. വിപണിയുടെ മത്സരക്ഷമതയില്‍ വര്‍ധിച്ചുവരുന്ന ഈ കേന്ദ്രീകരണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതില്‍ പൊതുനയങ്ങള്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനം നിരീക്ഷിച്ചു. തൊഴില്‍-വാണിജ്യ മേഖലകളില്‍ ആരോഗ്യകരമായ മത്സരവും നവീകരണവും നിലനിര്‍ത്താന്‍ ഇത്തരം വന്‍കിട കമ്പനികളുടെ വിപണി വിഹിതത്തിന് നിശ്ചിത പരിധി നിശ്ചയിക്കുന്നത് പോലുള്ള കര്‍ശനമായ നയങ്ങള്‍ ഇന്ത്യ നടപ്പാക്കേണ്ടതുണ്ടെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു.

Summary

A new study published in the World Bank Economic Review has found that five major Indian family business groups—Reliance, Adani, Birla, O.P. Jindal and Tata—accounted for more than 60% of total corporate business revenue in India between 2001 and 2020. The study found that despite economic liberalisation and increased competition, these business groups have continued to dominate the Indian corporate sector. Reliance and Adani together accounted for more than 20% of total monopoly revenue, while the shares of the Jindal and Tata groups remained below 10%. The study also found that the top 25 family business groups generated more than 15% of India's GDP in 2020. It warned that increasing concentration of market power could weaken competition and innovation and recommended stronger policies to limit excessive market dominance.

Madism Digital
madismdigital.com