ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ വിവാദം: സമരം കടുക്കുന്നു, വിദ്യാർഥി പ്രക്ഷോഭം ഇരുപത്തിമൂന്നാം ദിവസത്തിൽ

ഈ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്ന് അന്ത്യശാസനവും വി​ദ്യാർഥികൾ നൽകിക്കഴിഞ്ഞു.
ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ വിവാദം: സമരം കടുക്കുന്നു, വിദ്യാർഥി പ്രക്ഷോഭം ഇരുപത്തിമൂന്നാം ദിവസത്തിൽ
Published on

ജാർഖണ്ഡിൽ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവയുടെ നിയമന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകൾ ആരോപിച്ച് ഉദ്യോ​ഗാർഥികൾ നടത്തിവരുന്ന പ്രക്ഷോഭം കൂടുതൽ തീവ്രമായ തലത്തിലേക്ക് കടക്കുകയാണ്. വിദ്യാർഥി സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും തങ്ങളുടെ പ്രധാന ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണെന്നാരോപിച്ച്, സംസ്ഥാനത്തെ 24 ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കാനാണ് വിദ്യാർഥി നേതാക്കളുടെ തീരുമാനം. പരീക്ഷകൾ പൂർണ്ണമായും റദ്ദാക്കുക, സിബിഐ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനം വലിയ രാഷ്ട്രീയ-വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ നൽകുന്നത്.

ജെഎസ്‍എസ്‍സി സിജിഎൽ പരീക്ഷയും, ജെപിഎസ്‍സി 11 മുതൽ 13 വരെയുള്ള പരീക്ഷകളും പൂർണ്ണമായും റദ്ദാക്കുക എന്നതാണ് സമരക്കാരുടെ അടിസ്ഥാന ആവശ്യം. ഇതിനുപുറമെ ഈ ക്രമക്കേടുകളെക്കുറിച്ച് സ്വാതന്ത്ര്യവും നിഷ്പക്ഷവുമായ സിബിഐ അന്വേഷണം തന്നെ വേണമെന്നും അവർ ശക്തമായി വാദിക്കുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്ന് അന്ത്യശാസനവും വി​ദ്യാർഥികൾ നൽകിക്കഴിഞ്ഞു.

ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ വിവാദം: സമരം കടുക്കുന്നു, വിദ്യാർഥി പ്രക്ഷോഭം ഇരുപത്തിമൂന്നാം ദിവസത്തിൽ
പാഠപുസ്തകങ്ങളിലെ തിരുത്തിയെഴുത്ത്; ഹിന്ദുത്വ ദേശീയതയുടെ ആസൂത്രണങ്ങൾ

ഈ സമരത്തിൽ ഏറ്റവും ശ്രദ്ധേയമായത് വിദ്യാർഥികളുടെ സമരരീതിയിൽ വന്നിരിക്കുന്ന മാറ്റമാണ്. ഇത്രയും നാൾ ​ഗാന്ധിയൻ മാതൃകയിൽ സമാധാനപരമായി മുന്നോട്ടുപോയിരുന്ന പ്രക്ഷോഭം ഇനിമുതൽ ഭ​ഗത് സിങിന്റെ പാതയിലേക്ക് മാറുമെന്നാണ് വിദ്യാർഥി നേതാവായ പിയൂഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. സർക്കാരിൽ നിന്നുള്ള ഏത് അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാണെന്ന പ്രഖ്യാപനം വിദ്യാർഥികളിൽ വർധിച്ചുവരുന്ന നിരാശയുടെയും വ്യവസ്ഥിതിയോടുള്ള രോഷത്തിന്റെയും പ്രതിഫലനമാണ്.

മുഖ്യമന്ത്രിയുടെ കോലത്തിനൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കോലം കൂടി കത്തിക്കാനുള്ള തീരുമാനത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ മാനങ്ങളുണ്ട്. ജാർഖണ്ഡിൽ ഹേമന്ത് സോറൻ നയിക്കുന്ന സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്ന പ്രധാന സഖ്യകക്ഷിയാണ് കോൺഗ്രസ്.

രാജ്യത്തുടനീളം വിദ്യാർഥികളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് നേതൃത്വവും ജാർഖണ്ഡിലെ വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന വലിയ വിമർശനമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. കോൺ​ഗ്രസ് യഥാർത്ഥത്തിൽ വിദ്യാർഥികൾക്കൊപ്പമാണെങ്കിൽ, അന്വേഷണത്തിനും പരീക്ഷാ റദ്ദാക്കലിനും വേണ്ടി സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ അവർ തയ്യാറാകണമെന്ന് മറ്റൊരു വിദ്യാർത്ഥി നേതാവായ രവീന്ദർ പാസ്വാൻ ചൂണ്ടിക്കാട്ടി. ഭരണമുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയിൽ കോൺഗ്രസിനും ഈ പ്രതിസന്ധിയിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഈ നീക്കത്തിലൂടെ സമരക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം, പ്രശ്നപരിഹാരത്തിനായി സർക്കാർ ചില നടപടികൾ സ്വീകരിച്ചിരുന്നു എന്ന് വി​ദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സിഐഡി അന്വേഷണം പ്രഖ്യാപിക്കുകയും ജെപിഎസ്‍സി മുൻ ചെയർമാൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ വിദ്യാർഥികളുമായി ചർച്ച നടത്താൻ ഒരു മന്ത്രിതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.

എന്നാൽ ഈ ഭാഗികമായ അന്വേഷണങ്ങളോ നടപടികളോ പോരാ, മറിച്ച് തർക്കവിഷയമായ ഏജൻസി നടത്തിയ മുഴുവൻ പരീക്ഷകളും റദ്ദാക്കി സിബിഐ അന്വേഷണം തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ. തങ്ങളുടെ ഭാവിയെ വെച്ച് കളിച്ച സർക്കാർ സംവിധാനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ അവർക്ക് കഴിയുന്നില്ല.

ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ വിവാദം: സമരം കടുക്കുന്നു, വിദ്യാർഥി പ്രക്ഷോഭം ഇരുപത്തിമൂന്നാം ദിവസത്തിൽ
ലക്ഷ്യം ആർഎസ്എസ്സോ? പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന ബില്ലിന് കർണാടകയുടെ പച്ചക്കൊടി

സ്വാതന്ത്ര്യദിനത്തിൽ ഉൾപ്പെടെ പൊലീസ് നടപടികൾ നേരിട്ട വിദ്യാർഥികൾ സർക്കാരിന് ഓഗസ്റ്റ് 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ പൂർണ്ണമായും അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഓഗസ്റ്റ് 20-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.

ദേവേന്ദ്ര നാഥ് മഹ്‌തോയെപ്പോലുള്ള നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമരവും അതിന് ലഭിക്കുന്ന വർധിച്ച പിന്തുണയും ഹേമന്ത് സോറൻ സർക്കാരിന് വരും ദിവസങ്ങളിൽ വലിയ ഭരണപരവും രാഷ്ട്രീയവുമായ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന ജാർഖണ്ഡിൽ ഈ വിദ്യാർഥി പ്രക്ഷോഭം സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നിർണ്ണായക വിഷയമായി മാറിക്കഴിഞ്ഞു.

Summary

The ongoing student protest in Jharkhand against alleged irregularities in JPSC and JSSC exams has entered its 23rd day. Escalating their agitation, students have decided to burn effigies of Chief Minister Hemant Soren and Congress leader Rahul Gandhi across all 24 districts. The protesters are demanding the complete cancellation of the controversial exams and a CBI investigation. They have also warned of gheraoing the Chief Minister's residence on August 20 if their demands are not met.

Madism Digital
madismdigital.com