

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ എണ്ണ, പ്രകൃതിവാതക ഇറക്കുമതി ചെലവില്‍ വന്‍ വര്‍ധന. ഒക്ടോബറില്‍ എണ്ണ, വാതക ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ച തുക കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60 ശതമാനം വര്‍ധിച്ച് 16 ബില്യണ്‍ ഡോളറിലെത്തി. 2025 ഒക്ടോബറില്‍ ഇന്ത്യയുടെ അറ്റ ഇറക്കുമതി ബില്‍ 10 ബില്യണ്‍ ഡോളറായിരുന്നു. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 124.77 ഡോളറിലെത്തിയതാണ് ചെലവ് ഉയരാന്‍ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 64.75 ഡോളറായിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ വില ഏതാണ്ട് ഇരട്ടിയായി.
ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ചെലവായത് 19.5 ബില്യണ്‍ ഡോളര്‍
അസംസ്കൃത എണ്ണ ഇറക്കുമതിക്കായി ഒക്ടോബറില്‍ മാത്രം ഇന്ത്യ ചെലവഴിച്ചത് 19.5 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.4 ബില്യണ്‍ ഡോളറായിരുന്നു ഈ ഇനത്തിലെ ചെലവ്. ഇറക്കുമതി അളവില്‍ 11 ശതമാനം മാത്രമാണ് വര്‍ധനയുണ്ടായത്. ആകെ 23.3 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണയാണ് ഒക്ടോബറില്‍ ഇറക്കുമതി ചെയ്തത്.
അതേസമയം, ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍എന്‍ജി) ഇറക്കുമതിക്ക് 1.3 ബില്യണ്‍ ഡോളര്‍ ചെലവായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 6.3 ബില്യണ്‍ ഡോളര്‍ വരുമാനവും രാജ്യത്തിന് ലഭിച്ചു.
എല്‍പിജി ഉപഭോഗത്തിലും ഇറക്കുമതിയിലും ഇടിവ്
രാജ്യത്ത് പാചകവാതക ഉപഭോഗത്തിലും ഇറക്കുമതിയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും പിപിഎസി കണക്കുകള്‍ അടിവരയിടുന്നു. ഒക്ടോബറില്‍ എല്‍പിജി ഉപഭോഗം 12.3 ശതമാനം കുറഞ്ഞു. ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ കണക്കുകള്‍ പ്രകാരം കുറവ് 15.1 ശതമാനമാണ്. അതിനിടെ രാജ്യത്തെ സജീവ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കളുടെ എണ്ണം നവംബര്‍ ഒന്നിലെ കണക്കനുസരിച്ച് 32.6 കോടിയായി കുറഞ്ഞു. ഏപ്രില്‍ ഒന്നിന് ഇത് 33.4 കോടിയായിരുന്നു.
സ്വകാര്യ മേഖലയിലൂടെയുള്ള നേരിട്ടുള്ള എല്‍പിജി ഇറക്കുമതിയില്‍ ഒക്ടോബറില്‍ 83.8 ശതമാനം ഇടിവുണ്ടായി. ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ ഇടിവ് 97.3 ശതമാനമാണ്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പായ്ക്ക് ചെയ്ത ഗാര്‍ഹിക എല്‍പിജി വില്‍പ്പന ഒക്ടോബറില്‍ 11.8 ശതമാനവും ബള്‍ക്ക് എല്‍പിജി വില്‍പ്പന 49.1 ശതമാനവും കുറഞ്ഞു. എന്നാല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഓട്ടോ എല്‍പിജി വില്‍പ്പന 23.9 ശതമാനം വര്‍ധിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിലുണ്ടായ തടസ്സങ്ങളും എല്‍പിജി ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. കപ്പല്‍ ഗതാഗതം തടസ്സപ്പെട്ട ആദ്യ രണ്ടു മാസങ്ങളില്‍ എല്‍പിജി ഇറക്കുമതിയില്‍ 50 ശതമാനത്തിലധികം കുറവുണ്ടായതായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ വേള്‍ഡ് എനര്‍ജി ഔട്ട്ലുക്ക് 2026 റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിതരണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ബുക്കിങ് ഇടവേള നിശ്ചയിച്ചിരുന്നു. നഗരപ്രദേശങ്ങളില്‍: 25 ദിവസവും, ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവുമായിരുന്നു ഇതിനുള്ള കാലപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ എല്‍പിജി ലഭ്യത മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 2026 സെപ്റ്റംബര്‍ 7ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയന്ത്രണം പരിഷ്കരിച്ചു. ഗ്രാമപ്രദേശങ്ങളിലെയും ഇടവേള 25 ദിവസമാക്കി കുറച്ചു. ഇതോടെ രാജ്യത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഒരേ ബുക്കിങ് വ്യവസ്ഥ നിലവില്‍ വന്നു. ഈ നിയന്ത്രണവും ഉപഭോഗത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഡീസല്‍, പെട്രോള്‍ ഉപഭോഗം വര്‍ധിച്ചു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലും ഇടിവാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബറില്‍ 41.2 ശതമാനവും ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ 49.3 ശതമാനവുമാണ് ഇടിവ്. എല്‍പിജി, പെട്രോളിയം കോക്ക്, ഫ്യൂവല്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി കുറഞ്ഞതാണ് സാമ്പത്തിക വര്‍ഷത്തെ ഇടിവിന് പ്രധാന കാരണം.
എല്‍പിജി, പ്രകൃതിവാതക മേഖലകളില്‍ ഉപഭോഗം കുറഞ്ഞപ്പോഴും മറ്റ് ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ വര്‍ധന രേഖപ്പെടുത്തി. ഒക്ടോബറില്‍ ഡീസല്‍ ഉപഭോഗം 12 ശതമാനം വര്‍ധിച്ച് 8.5 ദശലക്ഷം ടണ്ണിലെത്തി. പെട്രോള്‍ ഉപഭോഗത്തില്‍ 3.5 ശതമാനവും റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെന്‍ ഉപഭോഗത്തില്‍ 16.5 ശതമാനവും വര്‍ധനയുണ്ടായി. ആകെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ഒക്ടോബറില്‍ 2.7 ശതമാനം ഉയര്‍ന്ന് 20.5 ദശലക്ഷം ടണ്ണായി. എന്നാല്‍ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ആകെ ഉപഭോഗം 3.2 ശതമാനം കുറഞ്ഞ് 134.2 ദശലക്ഷം ടണ്ണിലെത്തി. പ്രകൃതിവാതക ഉപഭോഗം ഒക്ടോബറില്‍ 7.27 ശതമാനം കുറഞ്ഞ് 5,707 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററായി. എല്‍എന്‍ജി ഇറക്കുമതി 6.94 ശതമാനം കുറഞ്ഞ് 3,014 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററിലെത്തി.
എണ്ണ ശുദ്ധീകരണത്തില്‍ 7.1 ശതമാനം വര്‍ധനയാണ് ഒക്ടോബറില്‍ കണക്കാക്കുന്നത്. ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകള്‍ ഇക്കാലയളവില്‍ 24.1 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണ സംസ്കരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.1 ശതമാനമാണ് ഈ വിഭാഗത്തിലെ വര്‍ധന. പ്രതിദിനം ഏകദേശം 5.70 ദശലക്ഷം ബാരല്‍ എണ്ണ സംസ്കരിച്ചതിന് തുല്യമാണ് ഈ കണക്ക്. അതേസമയം, സംസ്കരിച്ച എണ്ണയില്‍ 22 ദശലക്ഷം ടണ്ണും ഇറക്കുമതി ചെയ്തതാണ്. ആഭ്യന്തര ഉല്‍പ്പാദനം 2.1 ദശലക്ഷം ടണ്ണായിരുന്നു. ഒക്ടോബറിലെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 88.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നിറവേറ്റിയത്. ആഭ്യന്തര ക്രൂഡ് ഓയില്‍, കണ്ടന്‍സേറ്റ് ഉല്‍പ്പാദനം 2.3 ദശലക്ഷം ടണ്ണാ ണെന്നും കണക്കുകള്‍ പറയുന്നു.
India's oil and natural gas import bill surged by 60 per cent year-on-year to $16 billion in October, compared with $10 billion in October 2025, according to data from the Petroleum Planning and Analysis Cell (PPAC) under the Ministry of Petroleum and Natural Gas.
The sharp increase was primarily driven by a nearly twofold rise in global crude oil prices. Brent crude averaged $124.77 per barrel in October, compared with $64.75 during the same period last year.