

മലയാളികളുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമായി കുതിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിറ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഒക്ടോബർ മാസത്തെ കണക്കുകൾ പ്രകാരം കേരളത്തിലെ മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിലെ 5.26 ശതമാനത്തിൽ നിന്ന് 6.22 ശതമാനത്തിലേക്ക് ഉയർന്നു. എന്നാൽ സാധാരണക്കാരനെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് ഭക്ഷ്യവിലക്കയറ്റത്തിന്റെ കണക്കുകളാണ്.
ദേശീയതലത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 6.09 ശതമാനവും ഭക്ഷ്യവിലക്കയറ്റം 8.94 ശതമാനവുമായിരിക്കെ, കേരളത്തിലെ ഭക്ഷ്യവിലക്കയറ്റം 10.92 ശതമാനത്തിലേക്കാണ് കുതിച്ചുകയറിയത്. രാജ്യത്ത് ഏറ്റവും ഉയർന്ന ഭക്ഷ്യവിലക്കയറ്റം നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉൾപ്പെട്ടതോടെ, വരാനിരിക്കുന്ന മാസങ്ങൾ സാധാരണ കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സമ്മർദ്ദത്തിന്റേതാകുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ വിലക്കയറ്റത്തിന്റെ ആഘാതം നഗരങ്ങളേക്കാൾ രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഗ്രാമീണ മേഖലകളെയാണ്. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ റീട്ടെയിൽ പണപ്പെരുപ്പം 5.58 ശതമാനമായിരിക്കെ, ഗ്രാമങ്ങളിൽ ഇത് 7.01 ശതമാനമാണ്. രാജ്യമാകെ പരിശോധിക്കുമ്പോഴും സമാനമായ പ്രവണതയാണ് കാണുന്നത്. ദേശീയതലത്തിൽ ഭക്ഷ്യവിലക്കയറ്റത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണെന്നത് ശ്രദ്ധേയമാണ്. 13.23 ശതമാനവുമായി ആന്ധ്രാപ്രദേശാണ് പട്ടികയിൽ ഒന്നാമത്. തമിഴ്നാട് (12.37%), കർണാടക (12.16%), തെലങ്കാന (11.66%) എന്നിവയാണ് കേരളത്തിന് തൊട്ടുമുന്നിലുള്ള സംസ്ഥാനങ്ങൾ. മൊത്തത്തിലുള്ള റീട്ടെയിൽ പണപ്പെരുപ്പത്തിലും തമിഴ്നാട് (7.29%), തെലങ്കാന (7.26%), ആന്ധ്രാപ്രദേശ് (7.25%) എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തന്നെയാണ് രാജ്യത്ത് മുന്നിട്ടുനിൽക്കുന്നത്.
ഉള്ളിയും മുളകും വെളുത്തുള്ളിയും കരയിക്കുന്നു
പലവ്യഞ്ജന വിപണിയിലുണ്ടായ അപ്രതീക്ഷിത വിലവർധനയാണ് കുടുംബ ബജറ്റുകളെ പാടെ താളംതെറ്റിച്ചത്. വിവിധ ഇനം അരിക്കും പലവ്യഞ്ജനങ്ങൾക്കും 40 ശതമാനം വരെയാണ് വില ഉയർന്നത്. ചില അവശ്യവസ്തുക്കളുടെ വില നൂറ് ശതമാനത്തിലേറെ വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായ 15 ഇനങ്ങളിൽ 12 എണ്ണവും ഭക്ഷ്യവസ്തുക്കളാണെന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
ഒരു കിലോ ചെറിയ ഉള്ളിയുടെ വില 80 രൂപയിൽ നിന്ന് 220 രൂപയിലേക്കും സവാളയുടെ വില 40 രൂപയിൽ നിന്ന് 80 രൂപയിലേക്കും കുതിച്ചുയർന്നു. വെളുത്തുള്ളിയുടെ വില 100 രൂപയിൽ നിന്ന് 260 രൂപയിലേക്കെത്തിയപ്പോൾ, വറ്റൽമുളകിന്റെ വില കിലോയ്ക്ക് 330 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം വറ്റൽമുളകിന് 130 രൂപയുടെ വർധനയാണുണ്ടായത്.
ഇതിന് പുറമെ പഞ്ചസാര, തുവരപ്പരിപ്പ്, മല്ലി, ജീരകം, പയറുവർഗങ്ങൾ, മഞ്ഞൾ, ഉലുവ, കടുക് എന്നിവയ്ക്കെല്ലാം ശരാശരി 20 മുതൽ 40 രൂപ വരെ അധികം നൽകേണ്ട അവസ്ഥയാണ്. ബ്രാൻഡഡ് ഭക്ഷ്യപ്പൊടികൾ വാങ്ങുമ്പോൾ പാക്കിങ്, ബ്രാൻഡിങ് ചെലവുകൾ കൂടി ചേരുന്നതോടെ 30 മുതൽ 40 രൂപയുടെ അധികഭാരം ഉപഭോക്താവിന് വഹിക്കേണ്ടിവരുന്നു. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതം സാധാരണ കുടുംബങ്ങളുടെ മാസച്ചെലവിലാണ് പ്രതിഫലിക്കുന്നത്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് കഴിഞ്ഞ വർഷം ഇതേ സമയത്ത് പലവ്യഞ്ജനങ്ങൾ വാങ്ങാൻ ചെലവായിരുന്ന തുകയുടെ ഏകദേശം ഇരട്ടിയാണ് ഇപ്പോൾ വേണ്ടിവരുന്നത്
അരിവിലയിലെ വർധന മാത്രം ഒരു കുടുംബത്തിന്റെ പ്രതിമാസ ബജറ്റിൽ 500 മുതൽ 600 രൂപ വരെ അധികച്ചെലവുണ്ടാക്കുന്നു. ഹോട്ടലുകളിലെ ചായയ്ക്കും ഊണിനും പലഹാരങ്ങൾക്കും വില കൂടിയതോടെ പുറത്തുനിന്നുള്ള ഭക്ഷണച്ചെലവും വർധിച്ചു. അതേസമയം, പൊതുവിപണിയിലെ ഈ കൊള്ളവിലയ്ക്കിടയിലും സംസ്ഥാനത്തെ 1,600 സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി 13 സബ്സിഡി ഇനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് സാധാരണക്കാർക്ക് ചെറിയൊരു ആശ്വാസമാകുന്നുണ്ട്. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയിലുണ്ടായ കുറവും അടുക്കളയ്ക്ക് നേരിയ ആശ്വാസം നൽകുന്നു.
എന്തുകൊണ്ട് ഈ കുതിച്ചുചാട്ടം?
ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത കുറയുമ്പോഴാണ് പണപ്പെരുപ്പം രൂക്ഷമാകുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിൽ ആഭ്യന്തര കാലാവസ്ഥാ പ്രശ്നങ്ങളും ആഗോള സംഘർഷങ്ങളും ഒരുപോലെ കാരണമായിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ക്രൂഡ് ഓയിൽ വില അപ്രതീക്ഷിതമായി 40 ശതമാനത്തോളം ഉയർന്നതോടെ ഒക്ടോബറിൽ ഇന്ധന വിലക്കയറ്റം 32.84 ശതമാനത്തിലേക്ക് കുതിച്ചു.
സെപ്റ്റംബറിൽ ഇത് 25.85 ശതമാനമായിരുന്നു. ക്രൂഡ് ഓയിൽ, മിനറൽ ഓയിൽ, വൈദ്യുതി എന്നിവയുടെ വിലവർധനവ് ചരക്കുനീക്കത്തെയും ഉത്പ്പാദനച്ചെലവിനെയും നേരിട്ട് ബാധിച്ചു. ലോഹങ്ങളുടെയും കെമിക്കലുകളുടെയും വില കൂടിയത് കാറുകളുടെ വിലയിൽ പോലും പ്രതിഫലിച്ചിട്ടുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും ഇതേ പ്രതിസന്ധിയുണ്ട്. അമേരിക്കയിൽ മൂന്നര ഡോളറായിരുന്ന ഒരു ഗ്യാലൻ ഗ്യാസോലിന്റെ വില ആറ് ഡോളറിനടുത്തായി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ തോത് താരതമ്യേന കുറവാണെന്നാണ് വിലയിരുത്തൽ.
അതേസമയം, കാർഷിക മേഖലയിൽ എൽ-നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവാണ് അരി, ഗോതമ്പ്, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉത്പ്പാദനം കുറച്ചതും വില കൂട്ടിയതും. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതിനാൽ അയൽസംസ്ഥാനങ്ങളിലെ കൃഷി നിയന്ത്രണങ്ങളും ഉത്പ്പാദന ഇടിവും ഇവിടെ അതിവേഗം പ്രതിഫലിച്ചു. നവംബർ 11-ലെ കേന്ദ്ര ജലകമ്മിഷൻ കണക്കനുസരിച്ച് രാജ്യത്തെ 178 പ്രധാന അണക്കെട്ടുകളിലായി 37 ശതമാനം ജലശേഖരക്കുറവാണുള്ളത്. അണക്കെട്ടുകളിലെ ജലക്കുറവും മണ്ണിലെ ഈർപ്പം നഷ്ടപ്പെട്ടതും പല സംസ്ഥാനങ്ങളിലെ വരൾച്ചയും റാബി വിളകളുടെ വിതയ്ക്കലിനെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജിഎസ്ടിയിലെ പ്രതികൂല അടിസ്ഥാന പ്രഭാവവും അസംസ്കൃത വസ്തുക്കളുടെ വിലവർധനവും വരും മാസങ്ങളിലും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിൽ തുടരാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇനി എന്ത് സംഭവിക്കും?
വിലക്കയറ്റം ഏറ്റവുമധികം ഉലയ്ക്കുന്നത് താഴ്ന്ന, ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളെയാണ്. വിപണിയിൽ വലി ഉയരുമ്പോൾ ചില സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാമെങ്കിലും വിദ്യാഭ്യാസ ചെലവുകൾ, ഗതാഗതം, ചികിത്സാ ആവശ്യങ്ങൾ എന്നിവ മാറ്റിവയ്ക്കാൻ സാധാരണക്കാർക്ക് കഴിയില്ല. വരുമാനം അതേ നിലയിൽ തുടരുമ്പോൾ നിത്യച്ചെലവ് ഇരട്ടിയാകുന്നത് ഇവരുടെ ജീവിതനിലവാരം താഴാനും സമ്പാദ്യം ചോരാനും ഇടയാക്കുന്നു.
ഇതിനൊപ്പമാണ് ബാങ്ക് വായ്പ്പയുള്ളവർക്ക് ഇരുട്ടടിയായി പലിശവർധനയുടെ ഭീഷണി ഉയരുന്നത്. രാജ്യത്തെ പണപ്പെരുപ്പം രണ്ട് മുതൽ ആറ് ശതമാനം വരെയുള്ള പരിധിയിൽ നിയന്ത്രിച്ചുനിർത്താനാണ് ആർബിഐക്ക് നിർദേശമുള്ളത്. എന്നാൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം—2024 ഒക്ടോബറിന് ശേഷം ആദ്യമായി—ദേശീയ ചില്ലറ വിലക്കയറ്റം ആറ് ശതമാനമെന്ന സഹനപരിധി മറികടന്ന് 6.09 ശതമാനത്തിലെത്തി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റത്തിന് തടയിടാൻ ആർബിഐ സാധാരണയായി പ്രയോഗിക്കുന്ന ആയുധമാണ് റിപ്പോ നിരക്ക് വർധന. ബാങ്കുകൾ ആർബിഐയിൽ നിന്ന് അടിയന്തരമായി എടുക്കുന്ന കടത്തിന് നൽകേണ്ട പലിശയായ റിപ്പോ നിരക്ക് കൂട്ടിയാൽ, ബാങ്കുകൾക്ക് വായ്പാ ചെലവ് കൂടും. സ്വാഭാവികമായും ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ബാങ്കുകൾ ഉയർത്തും. പലിശ കൂടുമ്പോൾ ആളുകൾ വായ്പയെടുക്കുന്നതും പണം ചെലവഴിക്കുന്നതും കുറയ്ക്കുമെന്നും അതുവഴി വിപണിയിലെ പണമൊഴുക്ക് നിയന്ത്രിക്കാനാകുമെന്നുമാണ് ഇതിന്റെ സാമ്പത്തിക യുക്തി.
വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷയിലാണ് അടുത്തിടെ ആർബിഐ റിപ്പോ നിരക്ക് 0.25 ശതമാനം മാത്രം ഉയർത്തിയതെന്നും, എന്നാൽ നിലവിലെ സ്ഥിതി തുടർന്നാൽ ഇനിയും പലിശ നിരക്ക് കൂട്ടാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു. ഡിസംബറിലെയും ഫെബ്രുവരിയിലെയും പണനയ അവലോകന യോഗങ്ങളിൽ 0.25 ശതമാനം വീതമോ, സാഹചര്യം രൂക്ഷമായാൽ ഒറ്റയടിക്ക് 0.50 ശതമാനം വരെയോ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാൽ പുതുതായി വായ്പയെടുക്കുന്നവർക്ക് കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന പലിശ നൽകേണ്ടിവരും. നിലവിൽ ഫ്ലോട്ടിങ് പലിശ നിരക്കിൽ വായ്പയുള്ളവർക്ക് മാസത്തവണയായ ഇഎംഐ തുക വർധിക്കുകയോ, അല്ലെങ്കിൽ കൂടുതൽ ഗഡുക്കളായി വായ്പാ കാലാവധി നീണ്ടുപോകുകയോ ചെയ്യും.
അതേസമയം, പലിശനിരക്ക് ഉയരുന്നത് ബാങ്ക് നിക്ഷേപകർക്ക് ഒരു ചെറിയ ആശ്വാസം നൽകുന്നുണ്ട്. പുതുതായി സ്ഥിരനിക്ഷേപം ഇടുന്നവർക്കും പഴയ എഫ്ഡി പുതുക്കുന്നവർക്കും ഉയർന്ന പലിശ ലഭിക്കും. എന്നാൽ എഫ്ഡിക്ക് മേൽ ഫ്ലോട്ടിങ് പലിശ നിരക്കിൽ വായ്പയെടുത്തവർക്ക് തിരിച്ചടവ് ഭാരം കൂടാനും ഇത് കാരണമാകും. ചുരുക്കത്തിൽ, ഒരുവശത്ത് അടുക്കളച്ചെലവും ചികിത്സാ-വിദ്യാഭ്യാസ ചെലവുകളും കുതിക്കുകയും മറുവശത്ത് വായ്പാ തിരിച്ചടവ് ഭാരം വർധിക്കുകയും ചെയ്യുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് വരും മാസങ്ങളിൽ സാധാരണ കുടുംബങ്ങൾ കടന്നുപോകേണ്ടി വരിക.
Kerala is facing a severe cost-of-living squeeze as food inflation surged to 10.92% in October, surpassing the national average of 8.94% and placing the state among the top five hardest-hit in India. Overall retail inflation in Kerala rose to 6.22%, with rural areas (7.01%) feeling a sharper pinch than urban centers (5.58%), while prices of staples like rice, onions, garlic, and dried chillies have spiked dramatically. Driven by a combination of El Niño-induced rainfall deficits, depleted reservoir levels, and surging crude oil prices amid West Asian tensions, the national retail inflation has also breached the RBI's 6% upper tolerance limit (6.09%). With economists anticipating potential repo rate hikes of 0.25% to 0.50% in upcoming policy reviews, common households face a double blow of doubled kitchen budgets and higher loan EMIs.