ഇന്ത്യയിലെ പഞ്ചസാര വിപണി അപൂര്‍വ്വമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് കരിമ്പ് ഉണ്ടെങ്കിലും പഞ്ചാര നിര്‍മാണത്തിന് ലഭ്യമല്ല എന്നതാണ് നിലവിലെ പ്രതിസന്ധി. ഇതോടെ പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇ20 പദ്ധതിയുടെ ഭാഗമായി എഥനോള്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കരിമ്പെല്ലാം ഉപയോഗപ്പെടുത്തുന്നത്. പഞ്ചസാരയ്ക്ക് വില കുതിച്ചതോടെ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഉത്സവ സീസണിലാണ് പഞ്ചസാര വിലയിലെ ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ പഞ്ചസാര ഇറക്കുമതി നടത്തുന്നത്.
ഇന്ത്യയിലെ പ്രധാന പഞ്ചസാര വ്യാപാര കേന്ദ്രങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മൊത്തവ്യാപാര വില ഏകദേശം 20% വര്‍ധിച്ച് 100 കിലോയ്ക്ക് 5,350 രൂപയെന്ന റെക്കോര്‍ഡ് നിരക്കിലെത്തി. ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് തെന്നെ ശരാശരി ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 52.3 രൂപയായിരുന്നു. പഞ്ചാബില്‍ പഞ്ചസാരയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 65 രൂപയിലെത്തി. അതേസമയം മുംബൈ, ഭോപ്പാല്‍ തുടങ്ങിയ പ്രദേശങ്ങളിലും മറ്റ് വിപണികളിലും വില കിലോയ്ക്ക് 58 മുതല്‍ 63 രൂപ വരെയായിട്ടുണ്ട്. ഗണേശ ചതുര്‍ത്ഥി, ദസറ, ദീപാവലി, ഓണം എന്നിവ മുന്നില്‍ നില്‍ക്കെ, പഞ്ചസാര ക്ഷാമം ഉത്സവ സീസണിലെ പണപ്പെരുപ്പ പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്.
പഞ്ചസാര വിലക്കയറ്റത്തിന് പിന്നിലെ എഥനോള്‍
പഞ്ചസാരയുടെ വില ഉയര്‍ന്നതിന്റെ പ്രധാന കാരണം കരിമ്പ് വിതരണത്തിലെ കുറവാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇ20 ലക്ഷ്യം കൈവരിക്കാനുമായി ഇന്ത്യ വന്‍തോതില്‍ കരിമ്പ് എഥനോളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇതിനായി സമീപവര്‍ഷങ്ങളില്‍ ഡസന്‍ കണക്കിന് ഡിസ്റ്റിലറികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കി. ഓള്‍ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, 499 കേന്ദ്രങ്ങളിലായി പ്രതിവര്‍ഷം എഥനോള്‍ ഉല്‍പ്പാദന ശേഷി 1,822 കോടി ലിറ്ററാണ്. എഥനോള്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ 30-35% കരിമ്പില്‍ നിന്നാണ് ലഭിക്കുന്നത്. ബാക്കി ഭാഗം ചോളത്തില്‍ നിന്നും അരിയില്‍ നിന്നുമാണ് കണ്ടെത്തുന്നത്.
കരിമ്പ് കൃഷി കൂടിയും കയറ്റുമതി നിയന്ത്രിച്ചിട്ടും വിലക്കയറ്റമുണ്ടായി
നെല്ല്, പരുത്തി, എണ്ണക്കുരുക്കള്‍ തുടങ്ങിയ മറ്റ് വിളകളെ അപേക്ഷിച്ച് ഇന്ത്യയില്‍ കരിമ്പ് കൃഷി കൂടുതലാണ്. മഴക്കുരവ് ഉണ്ടായിട്ടും അത് കരിമ്പ് കൃഷിയെ ബാധിച്ചിട്ടില്ല. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 1.5% കൂടുതലായിരുന്നു ഈ വര്‍ഷത്തെ കരിമ്പ് കൃഷി. എന്നിട്ടും എന്തുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിച്ചു എന്നാണ് പ്രധാന ചോദ്യം. എത്രമാത്രം കരിമ്പ് പഞ്ചസാരയായും എത്രമാത്രം എഥനോളായും മാറ്റപ്പെടുന്നു എന്നതിലാണ് ഇതിന്റെ ഉത്തരം കിടക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ബ്രസീലിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര കയറ്റുമതിക്കാരാണ് ഇന്ത്യ. 1960 മുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന ഇന്ത്യ, മുന്‍ വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് അളവായ 12 ദശലക്ഷം ടണ്ണിലധികം കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ആഭ്യന്തര ലഭ്യതയ്ക്ക് മുന്‍ഗണന നല്‍കിയതോടെ രാജ്യത്തിന്റെ കയറ്റുമതി നയം കര്‍ശനമായി. നിലവിലെ പഞ്ചസാര സീസണില്‍ ഇന്ത്യ അനുവദിച്ച കയറ്റുമതി ക്വാട്ട ഏകദേശം 2 ദശലക്ഷം മെട്രിക് ടണ്‍ മാത്രമായിരുന്നു. തുടര്‍ന്ന് മെയ് മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ പഞ്ചസാര കയറ്റുമതി ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഇന്ത്യ നിരോധിച്ചു. ആഭ്യന്തര വിതരണം സംരക്ഷിക്കുക, വില നിയന്ത്രിക്കുക, ഉല്‍പ്പാദനത്തിലെയും ആഗോള വിപണിയിലെയും അനിശ്ചിതത്വങ്ങള്‍ നേരിടുക എന്നിവയായിരുന്നു ലക്ഷ്യം.
ദീര്‍ഘകാലത്തേക്ക് പൂര്‍ണ്ണമായ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം, മുന്‍പ് ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങളും ക്വാട്ടകളും മാത്രമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാല്‍ ഈ നിരോധനം ശ്രദ്ധേയമാണ്. മുന്‍കാല നിയന്ത്രണങ്ങളില്‍ പോലും യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചെറിയ ക്വാട്ട അടിസ്ഥാനത്തിലുള്ള കയറ്റുമതി തുടര്‍ന്നിരുന്നു. അതേസമയം, ഈ നടപടികള്‍ സ്വീകരിച്ചിട്ടും ആഭ്യന്തര വില ഉയരുകയാണ്. നിലവില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പഞ്ചസാരയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഈ നീക്കം ഏകദേശം ഒരു പതിറ്റാണ്ടിനിടെ ആദ്യമായി വിദേശ പഞ്ചസാര ഇന്ത്യയിലേക്ക് എത്താന്‍ വഴിയൊരുക്കും.
അന്താരാഷ്ട്ര പഞ്ചസാര വിപണിയിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവ് അതിര്‍ത്തി കടന്നും ചലനങ്ങള്‍ ഉണ്ടാക്കാം. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളിലൊന്നായ ഇന്ത്യയുടെ ഇറക്കുമതി, ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും ബെഞ്ച്മാര്‍ക്ക് പഞ്ചസാര വില ഉയരാന്‍ കാരണമായേക്കാം. നിലവിലെ വിലക്കയറ്റം പെട്ടെന്നുണ്ടായ ഒന്നല്ല. ഇന്ത്യന്‍ ചില്ലറ വിപണിയില്‍ പഞ്ചസാര വില മുന്‍ വര്‍ഷങ്ങളില്‍ കിലോയ്ക്ക് 40-45 രൂപയായിരുന്നത് 50 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു. എങ്കിലും ഓരോ സംസ്ഥാനത്തും വിപണിയിലും ഗുണനിലവാരത്തിലും വ്യത്യാസങ്ങളുണ്ട്. എന്നാല്‍ അടുത്തിടെ വില വേഗത്തില്‍ കൂടി. ശരാശരി വില കിലോയ്ക്ക് 51.752.3 രൂപയിലെത്തി. ഇത് ഒരു മാസത്തിനുള്ളില്‍ 7-8% വര്‍ദ്ധനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12-13% വര്‍ദ്ധനവുമാണ് കാണിക്കുന്നത്.
India’s sugar market is facing an unusual supply crunch: although sugarcane production remains adequate, a growing share of cane is being diverted towards ethanol production under the government’s E20 blending programme. This has reduced the availability of cane for sugar production, pushing domestic sugar prices to record levels. In Maharashtra’s Kolhapur, one of India’s key sugar trading centres, wholesale prices rose nearly 20% to a record ₹5,350 per 100 kg. The average retail price across India reached around ₹52.3 per kg, while prices in some markets, including Punjab, Mumbai and Bhopal, have climbed significantly higher. With Onam, Ganesh Chaturthi, Dussehra and Diwali approaching, the rise could add to festive-season inflation.