

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും വൻതോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുകയാണ് മെറ്റ. ആഗോളതലത്തിലുള്ള തങ്ങളുടെ ആകെ ജീവനക്കാരിൽ 10 ശതമാനം പേരെ ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ ഏകദേശം 8,000-ത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പിരിച്ചുവിടൽ നടപടികൾ സംബന്ധിച്ച എച്ച്.ആർ വിഭാഗത്തിന്റെ ഔദ്യോഗിക മെമ്മോ ഇതിനോടകം തന്നെ ജീവനക്കാർക്ക് ലഭിച്ചു കഴിഞ്ഞു. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ കമ്പനിയുടെ പുനസംഘടനയുടെ ഭാഗമായാണ് ഈ കടുത്ത നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ നിക്ഷേപങ്ങൾ വർധിച്ചതോടെ കമ്പനിക്കുണ്ടായ അധിക സാമ്പത്തിക ബാധ്യതകളാണ് മെറ്റയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിലെ വിവിധ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയുണ്ടെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. പുതിയ സാഹചര്യത്തിൽ പുറത്തുവന്ന എച്ച്.ആർ വിഭാഗത്തിന്റെ മെമ്മോ ഈ ആശങ്കകളെ ശരിവെക്കുന്നതാണ്. എഐ സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച പരമ്പരാഗത തൊഴിൽ മേഖലകളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഈ നടപടി വിലയിരുത്തപ്പെടുന്നു.
പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കി മെറ്റ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയ്ൽ ജീവനക്കാർക്ക് മെമ്മോ അയച്ചു. നിലവിലെ സാഹചര്യത്തിൽ ലഭ്യമായ വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു എന്ന് സൂചിപ്പിച്ചാണ് മെമ്മോ ആരംഭിക്കുന്നത്. മെയ് 20-ഓടെ ആഗോളതലത്തിലുള്ള പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്ന രീതിയിലുള്ള പുനസംഘടനാനടപടികൾ കമ്പനി ആലോചിച്ചുവരികയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇതോടെ വരും ദിവസങ്ങളിൽ മെറ്റയുടെ വിവിധ വിഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.
നിലവിലുള്ള ജീവനക്കാരെ മാത്രം പിരിച്ചുവിടുന്നതല്ല, മുമ്പ് തീരുമാനിച്ചിരുന്ന ഏകദേശം ആറായിരത്തോളം ഒഴിവുകളും റദ്ദാക്കാനാണ് കമ്പനി നീക്കം നടത്തുന്നത്. മറ്റ് നിക്ഷേപങ്ങൾക്കായി ധനസമാഹരണം ഉറപ്പാക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഈ നടപടിയെന്ന് മെമ്മോയിൽ വിശദീകരിക്കുന്നു.
പിരിച്ചുവിടലിനൊപ്പം ജീവനക്കാർക്ക് സഹായകരമായ പാക്കേജും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിൽ ജോലി ചെയ്യുന്നവർക്ക് 16 ആഴ്ചയുടെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും. കൂടാതെ അവിടുത്തെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പതിനെട്ട് മാസത്തേക്ക് കോബ്രാ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ചെലവ് കമ്പനി വഹിക്കും. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ പാക്കേജുകൾ വ്യത്യാസപ്പെടുമെങ്കിലും സമാനമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പുതിയ തൊഴിൽ കണ്ടെത്തുന്നതിന് കരിയർ സേവനങ്ങളും ആവശ്യമായവർക്ക് കുടിയേറ്റവുമായി ബന്ധപ്പെട്ട പിന്തുണയും കമ്പനി നൽകുമെന്ന് മെമ്മോയിൽ വ്യക്തമാക്കുന്നു. മേയ് 20-നു മുമ്പ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവെക്കുന്ന തുടർ അറിയിപ്പ് പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
എഐ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ തൊഴിലാളികളെ പിരിച്ചുവിട്ട ഒറാക്കിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ നിരയിലേക്കാണ് മെറ്റയും ഇപ്പോൾ ചേർന്നിരിക്കുന്നത്.
English Summary: Meta has announced plans to lay off around 10% of its global workforce amid rising costs driven by increased AI investments. The decision comes as part of restructuring efforts, with additional job cuts and canceled positions also planned. Employees will receive severance packages and support services during the transition