യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ട് കാലം കുറച്ചായി. ചായക്കടയിലെ പത്തു രൂപ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ആയിരങ്ങള്‍ വരെ നമ്മള്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അടയ്ക്കുമ്പോള്‍ ഒരു രൂപ പോലും അധികം നല്‍കേണ്ടി വന്നിട്ടില്ല. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, വലിയൊരു മാറ്റത്തിനു കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. വന്‍കിട വ്യാപാരികളില്‍നിന്ന് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാനുള്ള പുതിയ നിര്‍ദേശം സജീവ ചര്‍ച്ചയാകുകയാണ്.
ചെറിയ ഇടപാടുകള്‍ക്കും വ്യക്തിഗത കൈമാറ്റങ്ങള്‍ക്കും യാതൊരു ചാര്‍ജും ഉണ്ടാകില്ല. ഒരു സുഹൃത്തിനു നിങ്ങള്‍ 500 രൂപ അയയ്ക്കുകയോ, അടുത്തുള്ള പലചരക്ക് കടയില്‍നിന്ന് സാധനം വാങ്ങുമ്പോള്‍ 100 രൂപ നല്‍കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പഴയതുപോലെ തന്നെ സൗജന്യമായി ഇത് തുടരാം. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1.5 കോടി രൂപ വരെ വിറ്റുവരവുള്ള വലിയ ബിസിനസ് സ്ഥാപനങ്ങളെ മാത്രമാണ്. അതായതു നിങ്ങള്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വാങ്ങാന്‍ അയല്‍പക്കത്തെ കടയില്‍ പോകുന്നു. ബില്‍ 200 രൂപയാണ്. നിങ്ങള്‍ യുപിഐ വഴി പണം നല്‍കുന്നു. ഈ ഇടപാടിനു യാതൊരു ഫീസും ഉണ്ടാകില്ല. ചെറുകിട വ്യാപാരികള്‍ക്കു സര്‍ക്കാരിന്റെ പുതിയ തീരുമാനം ബാധകമായിരിക്കില്ല.
സര്‍ക്കാരിന്റെ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. എത്ര ശതമാനമായിരിക്കും ഫീസ് എന്നതിലോ, ആരെയൊക്കെ പൂര്‍ണമായി ഒഴിവാക്കുമെന്നതിലോ ഇപ്പോള്‍ വ്യക്തതയില്ല.
എന്നാല്‍ നിങ്ങള്‍ ഒരു വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 50,000 രൂപയുടെ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നുവെന്ന് കരുതുക. ഇവിടെ വ്യാപാരിക്കു ബാങ്ക് ഈടാക്കുന്ന എംഡിആര്‍ ഫീസ് നല്‍കേണ്ടി വരും. ആ കടക്കാരന്‍ ഈ ഫീസ് സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കുന്നതിനു പകരം, സാധനങ്ങളുടെ വിലയിലോ അല്ലെങ്കില്‍ ബില്ലിലോ ചെറിയൊരു ശതമാനം അധികമായി ഈടാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ആ 50,000 രൂപയുടെ വാങ്ങലിനു നിങ്ങള്‍ പരോക്ഷമായി അധിക ചെലവ് വഹിക്കേണ്ടി വന്നേക്കാം. കൂടാതെ നിങ്ങള്‍ സ്വിഗ്ഗി അല്ലെങ്കില്‍ സൊമാറ്റോ വഴി വലിയൊരു തുകയുടെ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നു. ഈ പ്ലാറ്റ്ഫോമുകള്‍ വന്‍കിട ബിസിനസുകളുടെ ഗണത്തില്‍പ്പെടുന്നതിനാല്‍ അവരില്‍നിന്ന് സര്‍ക്കാര്‍ ഫീസ് ഈടാക്കും. ആ തുക കമ്പനികള്‍ 'സര്‍വീസ് ചാര്‍ജ്' എന്ന പേരിലോ മറ്റു മാര്‍ഗങ്ങളിലൂടെയോ നിങ്ങളുടെ ബില്ലിലേക്കു ചേര്‍ക്കാന്‍ സാധ്യതയുണ്ട്.
ബാങ്കുകളും ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ ഫിന്‍ടെക് കമ്പനികളും കോടിക്കണക്കിന് ഇടപാടുകളാണ് ദിവസവും കൈകാര്യം ചെയ്യുന്നത്. ഈ ഇടപാടുകള്‍ സുരക്ഷിതമായി നടക്കണമെങ്കില്‍ അതിനു പിന്നില്‍ വലിയ സാങ്കേതിക സൗകര്യങ്ങളും സെര്‍വറുകളും സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണ്. ഇതിനൊക്കെ വലിയ ചെലവ് വരുന്നുണ്ട്. ഇത്രയും കാലം ബാങ്കുകളും കമ്പനികളും സ്വന്തം പോക്കറ്റില്‍നിന്ന് ഈ ചെലവ് വഹിച്ചെങ്കിലും, ഇപ്പോള്‍ അത് വലിയൊരു ബാധ്യതയായി മാറിയിരിക്കുന്നു. ഈ മേഖലയുടെ നിലനില്‍പ്പിന് എംഡിആര്‍ ആവശ്യമാണെന്നാണ് കമ്പനികളുടെ വാദം.
സര്‍ക്കാരിന്റെ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. എത്ര ശതമാനമായിരിക്കും ഫീസ് എന്നതിലോ, ആരെയൊക്കെ പൂര്‍ണമായി ഒഴിവാക്കുമെന്നതിലോ ഇപ്പോള്‍ വ്യക്തതയില്ല. എങ്കിലും, ഭാവിയില്‍ വന്‍കിട പര്‍ച്ചേസുകള്‍ നടത്തുമ്പോള്‍ യുപിഐ വഴി പണം നല്‍കുന്നതിനു മുന്‍പ് അത്തരം അധിക ചാര്‍ജുകളുണ്ടോയെന്ന് പരിശോധിക്കുന്നതു നന്നായിരിക്കും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുഗമമാക്കാന്‍ വന്ന സംവിധാനം ഇപ്പോള്‍ ഒരു സാമ്പത്തിക ചക്രത്തിന്റെ ഭാഗമായി മാറുകയാണെന്ന് ഓര്‍ക്കുക.
The Central Government is reportedly considering a major shift in the digital payment ecosystem by introducing a Merchant Discount Rate (MDR) on UPI transactions for large-scale merchants. Everyday consumers and small-scale vendors will not be affected by this move. The proposed policy explicitly targets large business establishments. Routine small transactions, peer-to-peer (P2P) money transfers, and payments made to small merchants will remain completely free of any additional charges. The government's final decision on this matter is still pending. There is currently no clarity on the exact percentage of the proposed fee or the precise criteria for which businesses will be completely exempted.