ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലം, മനുഷ്യബുദ്ധിയെ മറികടക്കുന്ന ശേഷിയിലേക്ക് എഐ വളരും: വിഡി സതീശന്‍

കെഎംസിടി കുറ്റിപ്പുറം ക്യാമ്പസില്‍ നടന്ന കെഎംസിടി കണ്‍വെര്‍ജ് ഫ്യൂച്ചര്‍ ടെക് സമ്മിറ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലം, മനുഷ്യബുദ്ധിയെ മറികടക്കുന്ന ശേഷിയിലേക്ക് എഐ വളരും: വിഡി സതീശന്‍
Published on

മനുഷ്യബുദ്ധിയെപ്പോലും മറികടക്കുന്ന ശേഷിയിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സാങ്കേതികവിദ്യ വളരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടമായിരിക്കും. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസ സംവിധാനവും വ്യവസായ മേഖലയും ഒരുമിച്ച് മുന്നേറേണ്ടത് അനിവാര്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും, വ്യവസായ മേഖലയുമായി സഹകരിച്ച് ഭാവിയുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അക്കാദമിക് പ്രോഗ്രാമുകള്‍ രൂപപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎംസിടി കുറ്റിപ്പുറം ക്യാമ്പസില്‍ നടന്ന കെഎംസിടി കണ്‍വെര്‍ജ് ഫ്യൂച്ചര്‍ ടെക് സമ്മിറ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കെഎംസിടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ കരുത്താകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍സാധ്യതകള്‍ കേരളത്തില്‍ തന്നെ സൃഷ്ടിക്കപ്പെടുന്ന സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, അതിലൂടെ വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനായി പോകേണ്ട സാഹചര്യം കുറയുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ വ്യവസായ, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്യൂച്ചര്‍ ടെക്‌നോളജീസ് ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.

ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലം, മനുഷ്യബുദ്ധിയെ മറികടക്കുന്ന ശേഷിയിലേക്ക് എഐ വളരും: വിഡി സതീശന്‍
വ്യാവസായിക വിപ്ലവത്തേക്കാൾ വേഗത്തിൽ എഐ തൊഴിൽ മേഖലയെ കാർന്ന് തിന്നും; മുന്നറിയിപ്പുമായ് വിദ​ഗ്ധർ

വിദ്യാഭ്യാസ-വ്യവസായ സഹകരണം ശക്തിപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതിലധികം വിദഗ്ധര്‍ പങ്കെടുത്തു. എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, പി.കെ. നവാസ്, കെ.പി. നൗഷാദ് അലി, വി.എസ്. ജോയ്, ഡോ. ആബിദ ഫാറൂഖി, വ്യവസായ പ്രമുഖരായ നാരായണന്‍ രാമസ്വാമി, വിവേക് ഗോവിന്ദ്, ആനന്ദ് മണി എന്നിവരും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി. ചടങ്ങില്‍ കെഎംസിടി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ. മൊയ്തു, സ്ഥാപനത്തിന്റെ 2031 വരെയുള്ള 'വിഷന്‍ ഡോക്യുമെന്റ് ' മുഖ്യമന്ത്രിക്ക് കൈമാറി.

2031-ഓടെ വിദ്യാഭ്യാസം, ഗവേഷണം, നൂതന സാങ്കേതികവിദ്യ, ആരോഗ്യം, സില്‍വര്‍ ഇക്കോണമി, സംരംഭകത്വം, തൊഴില്‍ തുടങ്ങിയ നിരവധി മേഖലകളില്‍ സമഗ്ര വികസന പദ്ധതികളാണ് കെഎംസിടി വിഭാവനം ചെയ്യുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ കെഎംസിടി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. നവാസ് കെ എം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുകയും ഭാവിയുടെ സാങ്കേതിക ലോകത്തിന് അനുയോജ്യമായ നൈപുണ്യം വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary

Chief Minister V. D. Satheesan said that the coming years will be defined by the rapid advancement of artificial intelligence (AI), with the technology expected to surpass even human cognitive capabilities. Speaking at the inauguration of the KMCT Converge Future Tech Summit 2026 at the KMCT Kuttippuram campus, he stressed that the education system and industry must evolve together to keep pace with these technological transformations. He emphasized the need to prepare future generations with the skills required for an AI-driven world.

Madism Digital
madismdigital.com