നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ കേന്ദ്രസർക്കാരിന്റെ ജെഇഇ- നീറ്റ് പരീക്ഷ ഒന്നാക്കാനുള്ള നീക്കം വലിയ ചർച്ചയായിരിക്കുകയാണ്. നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച പാർലമെന്ററി സമിതിക്ക് മുന്നിലാണ് കേന്ദ്ര സർക്കാർ ഈ നിർദേശം സമർപ്പിച്ചിരിക്കുന്നത്.
മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനായി ഏകീകൃത ദേശീയ പ്രവേശന പരീക്ഷ നടപ്പാക്കാനുള്ള സാധ്യതയാണ് കേന്ദ്രം പരിശോധിക്കുന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷകൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പ്രവേശന പരീക്ഷകൾ ഏകീകരിക്കുന്നതിനെക്കുറിച്ച് മുൻ ഐഎസ്ആർഒ മേധാവി ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി ശിപാർശ ചെയ്തിരുന്നു. 2024-ലെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കു പിന്നാലെയാണ് ഈ ഉന്നതതല സമിതി രൂപീകരിച്ചത്. പുതിയ നിർദ്ദേശം അനുസരിച്ച് ജെഇഇ, നീറ്റ് പരീക്ഷകൾ ഒരു പൊതു ചട്ടക്കൂടിന് കീഴിൽ വരികയും വിവിധ സ്ട്രീമുകൾക്കായി പ്രത്യേക വിഷയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും.
വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, കായികം എന്നിവയ്ക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലെ നിരവധി അംഗങ്ങൾ ഈ ഏകീകൃത പരീക്ഷാ ഘടനയെ പിന്തുണച്ചു. എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രവും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബയോളജിയും അടങ്ങുന്ന പ്രത്യേക വിഭാഗങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താമെന്നാണ് ഇവരുടെ പക്ഷം. ഇതുകൂടാതെ ഭാവിയിൽ നീറ്റ് പരീക്ഷ എഴുതുന്നവർക്ക് പ്രായപരിധിയും പരീക്ഷ എഴുതാവുന്ന തവണകളുടെ എണ്ണവും നിശ്ചയിക്കാൻ സമിതി നിർദ്ദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ്-യുജി 2026 റദ്ദാക്കിയ പശ്ചാത്തലത്തിൽ എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷി എന്നിവർ സമിതിക്ക് മുന്നിൽ പരീക്ഷാ പരിഷ്കരണങ്ങൾ വിശദീകരിച്ചു.
ദേശീയ പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്കുള്ള മാറ്റം, അടിസ്ഥാന സൗകര്യങ്ങൾ, പരീക്ഷകളുടെ ആവൃത്തി എന്നിവ സമിതി യോഗത്തിൽ ചർച്ചയായി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ തയ്യാറാക്കുന്ന പ്രക്രിയയിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ കുറയ്ക്കാനാണ് എൻടിഎ ലക്ഷ്യമിടുന്നത്. കൂടാതെ പരീക്ഷകൾ നടത്തുന്നതിനായി മൂന്നാം കക്ഷി ഏജൻസികളെ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വന്തം സാങ്കേതിക സൗകര്യങ്ങൾ വികസിപ്പിക്കാനും ഏജൻസി പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായി കമ്മിറ്റി ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് വ്യക്തമാക്കി.
മേയ് മൂന്നിന് ഇന്ത്യയിലും വിദേശത്തുമായി നടന്ന നീറ്റ്-യുജി 2026 പരീക്ഷയിൽ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. എന്നാൽ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ആരോപിക്കപ്പെട്ടതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. ഇത് രാജ്യവ്യാപകമായി വലിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് കാരണമായി. നിലവിൽ ഈ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തിവരികയാണ്. കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ജൂൺ 21-ന് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ പരീക്ഷാ പരിഷ്കരണങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന മെഡിക്കൽ, എൻജിനീയറിങ് ഉദ്യോഗാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും.
പ്രവേശന പരീക്ഷകളുടെ ഏകീകരണം വിദ്യാർത്ഥികൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. ഒന്നിലധികം മത്സര പരീക്ഷകൾക്കായി പ്രത്യേകം തയ്യാറെടുക്കുന്നതിനും പരീക്ഷാ ഫീസുകൾ നൽകുന്നതിനുമുള്ള ഭാരം കുറയ്ക്കാൻ ഈ ഏകീകൃത സംവിധാനം സഹായിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാൽ, രണ്ട് പരീക്ഷകളുടെയും പാഠ്യപദ്ധതിയും പരീക്ഷാ രീതിയും തികച്ചും വ്യത്യസ്തമായതിനാൽ ഇവ ഒരുമിപ്പിക്കുന്നത് തങ്ങളുടെ പഠനത്തെ ബാധിക്കുമോയെന്ന ആശങ്കയും മെഡിക്കൽ, എൻജിനീയറിങ് ഉദ്യോഗാർത്ഥികൾ പങ്കുവെക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം വരും ദിവസങ്ങളിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും വിദ്യാർത്ഥി സംഘടനകൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിതുറക്കും.
English Summary: Following the controversy surrounding the NEET question paper leak, the Central Government’s proposal to merge the JEE and NEET examinations has sparked widespread debate. The suggestion was presented before a parliamentary committee formed to address concerns related to the alleged NEET-UG 2026 question paper leak and examination irregularities.