

ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിലെ പുരുഷ കേന്ദ്രീകൃത അധികാര പരിധികളെ സൂചിപ്പിക്കുന്ന സിനിമകൾ ഏതാണ്ട് എല്ലാ ഇന്ത്യൻ ഭാഷകളിലും പുറത്ത് വന്നിട്ടുണ്ടാകണം. എന്നാൽ പാട്രിയാർക്കിയെ വിമർശന വിധേയമാക്കി നിർമ്മിച്ച സിനിമകൾ മലയാളത്തിലോ മറ്റു പ്രാദേശിക ഭാഷകളിലോ വിജയിച്ചത് പോലെ ഹിന്ദി ഭാഷയിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോവുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് . ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ മൊഴിമാറ്റങ്ങൾ വിജയിക്കാതെ പോയത് (Mrs ) ഉദാഹരണമായി എടുക്കാം. സന്തോഷ് എന്ന ഇന്ത്യയിൽ പ്രദർശനാനുമതി ലഭിക്കാതെ പോയ സിനിമയ്ക്ക് ഒപ്പം ചേർക്കാവുന്ന തരത്തിൽ വിഷയ പരിചരണം കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട ഒരു സിനിമയാണ് ASI ബബിത സിങ് റിപ്പോർട്ടിങ്. പ്രൈം വിഡിയോയിൽ റിലീസ് ചെയ്യപ്പെട്ട അംബേക്ക പണ്ഡിറ്റ് സംവിധാനം നിർവഹിച്ച ഈ സിനിമയുടെ രചയിതാവ് അമിത വ്യാസ് ആണ്.
ഒരു കുറ്റാന്വേഷണ സിനിമയുടെ സ്വഭാവത്തിലാണ് ഈ സിനിമയെ അണിയറ പ്രവർത്തകർ മുന്നോട്ടു വയ്ക്കുന്നത്. സാമൂഹിക യാഥാർത്ഥ്യങ്ങൾ ആ അന്വേഷണ സഞ്ചാരത്തിന്റെ പശ്ചാത്തല ദൃശ്യങ്ങളാണ്. ബബിത സിങ് എന്ന ASI യായി അഭിനയിച്ച മലയാളി അഭിനേതാവ് നിമിഷ സജയന്റെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ച എന്ന നിലയിലാണ് ASI ബബിത സിങ് റിപ്പോർട്ടിങ് വേറിട്ട് നിൽക്കുക. പിതാവിന്റെ അകാല മരണം കൊണ്ട് ലഭിച്ച ജോലിയായതിനാൽ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ബബിതയുടെ ജോലിയെ വേണ്ടത്ര പരിഗണിക്കുന്നില്ല. ഭർതൃകുടുംബത്തിനാവട്ടെ ഈ പൊലീസ് ജോലി ചുറ്റുമുള്ള ആൾക്കാരോട് പറയാൻ കൊള്ളാത്ത ഒരു മോശം തൊഴിൽ കൂടിയാണ്. അത് ബബിതയുടെ മുഖത്തു നോക്കി പറയുന്നത് ഭർത്തൃമാതാവാണ്.
ഒരു സ്ത്രീ പരിഗണന അർഹിക്കുന്നില്ല, അല്ലെങ്കിൽ അവൾ തികച്ചും സാധാരണയിൽ താഴെയുള്ള ഒരു മനുഷ്യജീവിയാണ് എന്ന് പറയാതെ പറയാനുള്ള വഴിയാണ് അവളെ ചുറ്റുമുള്ളവർ സംബോധന ചെയ്യുന്ന രീതികൾ, നല്ല കുട്ടി, അനുസരണയുള്ളവൾ, അനുകമ്പയോടെ ബബിതയെ ചുറ്റുമുള്ളവർ ബേബി എന്നാണ് സംബോധന ചെയ്യുന്നത്. നീ ഇത്രയേ ഉള്ളൂ, എന്ന ഓർമ്മപ്പെടുത്തൽ. ഇതിനെല്ലാം പുറമെയാണ് തന്റെ ജാതിയേക്കാൾ ഉയർന്ന ജാതിക്കാരനായ ഒരാളെ വിവാഹം ചെയ്യേണ്ടി വരിക; അതും മുപ്പതുകൾക്ക് ശേഷം നടക്കുന്ന ഒരു വിവാഹം, തൈറോയ്ഡ് മൂലം അമിതമായി വണ്ണം വയ്ക്കുകയും ഒരു മാതാവാകാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾ എല്ലാം നീണ്ടു പോവുക, കുടുംബത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് പങ്കെടുക്കാൻ അവധി ലഭിക്കാതെ പോവുക - ഒരു സാധാരണ മനുഷ്യനെ, പ്രത്യേകിച്ചും ഒരു യുവതിയുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ ദുരനനുഭവങ്ങളുടെതുമായ വലിയൊരു ഭാരം താങ്ങിയാണ് ബബിത സിങ് പ്രേക്ഷകന്റെ മുന്നിൽ നിൽക്കുന്നത്. ഒരേ സമയം വീട്ടിലെ അടുക്കളയിലും പൊലീസ് സ്റ്റേഷനിലെ ജോലിയിലും രാത്രി കിടക്കയിലും ബബിതയുടെ വേദനയുടെയും അവഗണനയുടെയും ലോകം അവസാനമില്ലാത്ത ചുറ്റിത്തിയിരിക്കുന്നതിനിടയിൽ ഭർതൃ സഹോദരിയുടെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ലീവ് ലഭിക്കാതെ വരുന്നു. ഒടുവിൽ താൻ ചെയ്യാത്ത ഒരു തെറ്റ് , ചെയ്തു എന്ന് ഏറ്റുപറഞ്ഞു ലഭിച്ച സസ്പെഷൻ ബബിതയ്ക്ക് ഭർതൃ വീട്ടിലേക്ക് പോകുവാനുള്ള അവസരം തുറന്നു നൽകുന്നു.
ബബിത മറ്റ് ഏതൊരു വ്യക്തിയെയും പോലെ തന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ സന്തോഷിക്കുന്ന ഒരാളാണ്.ഈ സസ്പെഷൻ സഞ്ചാരത്തിന് ഇടയിൽ അവൾ തന്റെ ബാല്യകാല സുഹൃത്തായ ബൻസിയെ കണ്ടു മുട്ടുന്നു. അയാൾക്ക് അവളോട് എന്തോ പറയാനുണ്ട്. അത് സംസാരിക്കാൻ കാണാൻ അവർ തീരുമാനിച്ചു. പക്ഷെ ആ രാത്രി ബൻസി കൊല്ലപ്പെടുന്നു. അയാളുമായി കത്തിക്കുത്തിൽ ഏർപ്പെട്ട ഒരു ചെറുപ്പക്കാരനെ പിടികൂടി പോലീസ് കേസ് അവസാനിപ്പിച്ചു. പക്ഷെ ആ കത്തിക്കുത്തല്ല ബൻസിയുടെ മരണത്തിനു കാരണം എന്ന് ബബിതയ്ക്ക് തോന്നുന്നു. ആ തോന്നലാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ആ മരണകാരണം ഒടുവിൽ ബബിത കണ്ടെത്തുന്നു. ഒരു പക്ഷെ ഈ സിനിമയുടെ ഏറ്റവും വലിയ ദുർബലത ഈ മരണകാരണം ആണെന് തോന്നുന്നു. ഒരു കുറ്റാന്വേഷണ സിനിമയുടെ രചനാരീതി പിന്തുടർന്നതിലൂടെ പ്രേക്ഷകനെ എൻഗേജ് ചെയ്യാൻ കഴിയുന്നുണ്ട് എങ്കിലും അത് കണ്ടെത്താൻ ബബിതയുടെ അലച്ചിലിന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോകും. ഒരു പക്ഷെ കേരളത്തിന് പുറത്ത്, ഉത്തരേന്ത്യയിൽ ഇത്തരം ഒരു സാധ്യത ഇപ്പോഴും ബാക്കിയുണ്ട് എന്നതിനാൽ ആവണം അണിയറ പ്രവർത്തകർ ഇങ്ങനെ ഒരു രീതി അവലംബിച്ചത്.
ബബിതയുടെയും ഭർത്താവ് ശരത്തിൻെറയും രാത്രികൾ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ ഓർമ്മകൾ കൊണ്ടുവരുന്നുണ്ട്. ഇവിടെ പക്ഷെ ബബിത തങ്ങളുടെ ഇച്ഛകളിൽ തളച്ചിടാൻ ശരത് ചെയ്യുന്നത് പ്രകോപനം സൃഷ്ടിക്കുകയോ ഭീഷണിപ്പെടുത്തിയോ അല്ല, മറിച്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് ആണ് - അയാൾ പറയുന്നത് നിന്നെ മുപ്പതുകൾക്ക് ശേഷം കണ്ടുമുട്ടി വിവാഹം ചെയ്തു. അതും എന്റെ ജാതിയിൽ പെട്ട ബ്രാഹ്മിൻ പെണ്ണുങ്ങളെ ഒഴിവാക്കിയതിന് ശേഷം. എന്റെ വീട്ടുകാരോട് നീ തർക്കുത്തരം പറയുന്നു. എന്നോട് തർക്കുത്തരം പറയുന്നു. നിനക്ക് ഇതെങ്ങനെ സാധിക്കുന്നു. എന്നെ ഇങ്ങനെ കരയിപ്പിക്കാൻ നിനക്കെങ്ങനെ കഴിയുന്നു? ഇതേ രീതിയിൽ തന്നെയാണ് അവളോട് മേലുദ്യോഗസ്ഥരും പെരുമാറുന്നത്. ബബിതയ്ക്ക് അവളെ കണ്ടെത്താൻ ഉള്ള ഒരു വഴിയായിരുന്നു ബൻസിയുടെ മരണത്തിന്റെ കാരണം കണ്ടെത്തുക, അല്ലെങ്കിൽ കൊലപാതികളെ കണ്ടെത്തുക എന്നത്,അവൾ അത് നേടുന്നത് ഒട്ടും അമാനുഷികത്വം ഇല്ലാതെ ഏറ്റവും സാധാരണ രീതികൾ അവലംബിച്ചാണ്. അതിന് പുരുഷ കേന്ദ്രീകൃത പാർട്ടിയാർക്കിക്കൽ സൊസൈറ്റിയിൽ അവൾക്ക് നഷ്ടപ്പെടാൻ ഏറെയുണ്ടായിരുന്നു. പക്ഷെ അവസാനത്തെ ചിരി ബബിതയുടേതാണ്. അവൾ ഏറെ ആത്മവിശ്വാസത്തോടെ ASI ബബിത സിംഗ് റിപ്പോർട്ടിങ് - എന്ന് തന്റെ വരവറിയിക്കുന്നത്, ഏതൊരു പെണ്കുട്ടിയ്ക്കും മാതൃയാക്കാവുന്ന രീതിയിലാണ്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റും.
Indian cinema across various languages has frequently explored the patriarchal power structures embedded in society. However, films that openly critique patriarchy often appear to receive less attention and commercial success in Hindi cinema compared with Malayalam and other regional-language films. The limited success of the Hindi remake of The Great Indian Kitchen (Mrs) can be seen as an example of this difference.
ASI Babita Singh Reporting, which premiered on Prime Video, is another film that deserves attention for its treatment of gender, patriarchy and power structures. Directed by Ambika Pandit and written by Amit Vyas, the film can be discussed alongside Santosh, another socially relevant Hindi film that faced difficulties securing theatrical release in India. Through its subject and narrative approach, ASI Babita Singh Reporting raises important questions about women, institutional power and the realities of a patriarchal society.