

''നോട്ട് മി ബട്ട് യൂ' എന്നതാണ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആപ്തവാക്യം. അപരനെ തന്നേക്കാള്‍ പരിഗണിക്കുന്ന ഈ വാചകം പ്രണയത്തിനും ബാധകമാണ്. എന്‍ എസ് എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത പ്രേംപാറ്റ പ്രണയത്തിന്റെ ഈ നിസ്വാര്‍ഥ ഭാവം ആവിഷ്കരിക്കുന്നുണ്ട്. കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയ ലിജീഷ് കുമാറിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ആയിഷ എന്ന ആദ്യ ചിത്രത്തിലൂടെ തന്റെ കരുത്ത് അറിയിച്ച ആമിര്‍ പള്ളിക്കലിന്റെ മേക്കിങ് ഈ കൊച്ചു പ്രമേയത്തെ മികച്ച കാഴ്ചാനുഭവമാക്കുന്നു. പ്രണയവും നര്‍മവും വൈകാരികതയും നിറഞ്ഞു നില്ക്കുന്ന തിരക്കഥയില്‍ ലിജീഷിന്റെ കയ്യൊതുക്കം പ്രകടമാണ്.
ക്യാമ്പസ് സൗഹൃദവും പ്രണയവുമൊന്നും സിനിമക്ക് പുതിയ വിഷയമല്ല. അത് ഒരു എന്‍എസ്എസ് സഹവാസ ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ പുതുമയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് സ്റ്റൂഡിയോ ഔട്ട്സൈഡേഴ്സ് നിര്‍മിച്ച പ്രേം പാറ്റയുടെ വിജയ രഹസ്യം.
പല കാരണങ്ങളാല്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന പാലം പണിയാനാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വയനാട്ടിലെ വെള്ളത്തൂവല്‍ ഗ്രാമത്തിലെത്തുന്നത്. ഏഴു ദിവസത്തെ സഹവാസ ക്യാമ്പിലേക്ക് പുറപ്പെടുമ്പോള്‍ എൻഎസ്എസ് സെക്രട്ടറി കൂടിയായ ഷഹ്ബാസിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഏറെക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന പ്രണയം ആലിയയോട് തുറന്നു പറയണം. ക്യാമ്പില്‍ മറ്റു പല പ്രണയങ്ങളും പൂമ്പാറ്റകളായി പറന്നുയരുമ്പോഴും ഷഹ്ബാസിന്റെ പ്രണയം പ്യൂപ്പ ദശ വിടാതെ ശ്വസം മുട്ടുകയാണ്. അധ്യാപകരും കൂട്ടുകാരുമൊക്കെ കൂടെ നിന്നിട്ടും അവന് മടിച്ചും പേടിച്ചും നില്‍ക്കുകയാണ്.
പ്രണയം തുറന്നു പറയും മുമ്പേ, ആശങ്കയോടെ ഷഹബാസ് ഫോണ്‍ ചെയ്യുമ്പോള്‍ അവന്റെ ഉമ്മ വായിക്കുന്നത്, ജലാലുദ്ദീന്‍ റൂമിയുടെ മസ്നവിയാണ്. റൂമിയും മസ്നവിയും പ്രണയവും സൂഫിസവുമൊക്കെ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭം കൂടിയാണല്ലോ ഇത്. അപ്പോള്‍ ഷഹബാസിന്റെ ഉമ്മ പറയുന്ന വാക്കുകളുണ്ട്. സ്നേഹിക്കാന്‍ ഒരാള്‍ വേണം. അയാള്‍ കുടെയുണ്ടാകണമെന്നില്ല. എവിടെയെങ്കിലും ഉണ്ടായാല്‍ മതി. ജീവിതകാലം മുഴുവന്‍ ഒറ്റക്കായിപ്പോയ ഒരു സ്ത്രീയുടെ വിശുദ്ധ സ്നേഹത്തിന്റെ വചനമാണത്. സിനിമയിലുടനീളമുള്ള ഇത്തരം സംഭാഷണങ്ങളിലൂടെ തിരക്കഥാകാരന്റെ വൈഭവം പ്രകടമാകുന്നുണ്ട്.
ക്യാമ്പസിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാപ്പകലുകള്‍ ഒന്നിച്ചു ചെലവിടാന്‍ കിട്ടുന്ന അപൂര്‍വാവസരമാണ് എന്‍.എസ്.എസ് സഹവാസ ക്യാമ്പുകള്‍. വെള്ളത്തൂവലിലെ ക്യാമ്പില്‍ വേറെയും പ്രണയങ്ങള്‍ പൂവിടുന്നുണ്ട്. വാര്‍ഡ് മെംബറായെത്തുന്ന ആകാശും ക്യാമ്പിലെ നന്ദിനി ടീച്ചറും പ്രണയത്തിലാകുന്നു. മുന്‍ മെമ്പര്‍ അക്ബറിനും ക്യാമ്പ് വഴിയാണ് വധുവിനെ കിട്ടുന്നത്. ഇടയ്ക്ക് ബ്രേക്ക് അപ്പിന്റെ വക്കിലെത്തിയ സൈനുവിന്റേയും ആയിശയുടേയും പ്രണയം വീണ്ടും പൂവിടുന്നതും ഇതേ ക്യാമ്പില്‍ തന്നെ.
ജോമോന് ജ്യോതിര്‍ ഇതിനകം കഴിവു തെളിയിച്ച നടനാണ്. ഷഹ്ബാസിലെ കാമുകനെ ജോമോൻ ഉജ്വലമാക്കി. നായികയായി എത്തുന്ന പുതുമുഖം അയന ചാറ്റർജി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആകാശായി സൈജു കുറുപ്പും നന്ദിനി ടീച്ചറായി അനുശ്രീയും അക്ബറായി സഞ്ജു ശിവറാമും സൈനുവായി വി.പി. ജുനൈസും ആയിശയായി നയന എല്‍സയും വരുന്നു. സിദ്ദീഖിന്റെ പട്ടാളം തോമസേട്ടനാണ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം.
സഹവാസ ക്യാമ്പിനെത്തുന്ന വളണ്ടിയര്‍മാരെ വെള്ളത്തൂവല്‍ ഗ്രാമവാസികള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വരവേല്‍ക്കുകയാണ്. പട്ടാളം തോമസേട്ടനെ പോലുള്ളവര്‍ക്ക് അവര്‍ മക്കളാകുന്നുണ്ട്. പക്ഷേ, അവര്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന പാലം അവിടെ വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ചിലര്‍ അതേ ഗ്രാമത്തില്‍ തന്നെയുണ്ട്. നിര്‍മാണം തുടങ്ങിയ പാലം ആദ്യം തകര്‍ക്കപ്പെടുന്നു. പിന്നീട് പാലത്തിന് ആരോ തീ വെയ്ക്കുന്നു. അതിനു പിന്നില്‍ പക്ഷേ, ഒരു രാഷ്ട്രീയം കൂടിയുണ്ട്.ക്ലൈമാക്സിനു മുമ്പുള്ള സ്വീകന്സുകളില് ആ രാഷ്ട്രീയം വെളിപ്പെടുന്നുണ്ട്. എല്ലാ വികസനവും വികസനമല്ല, ചില വികസനങ്ങള്‍ ചില ജീവിതങ്ങളുടെ ആവാസ വ്യവസ്ഥയുടെ കയ്യേറ്റം കൂടിയാണല്ലോ. ചിത്രം ഒളിപ്പിച്ചു വെക്കുന്ന രാഷ്ട്രീയം അതുതന്നെയാണ്.
ഹൃദയസ്പർശിയായ ക്ലൈമാക്സാണ് പ്രണയകഥകളുടെ കാതല്‍. അത് പ്രേംപാറ്റയക്കുണ്ട്.ആ കലാസൗകുമാര്യം അനുഭവിക്കണമെങ്കിൽ തിയറ്ററിൽ നിന്നുതന്നെ ഈ ചിത്രം കാണണം.
ആദ്യ പകുതിയില്‍ അല്പം ലാഗ് തോന്നിക്കുന്ന സീനുകളെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ സഹനിര്‍മാതാവു കൂടിയായ അങ്കിത് മേനോന്റെ ബാക്ക് ഗ്രൗണ്ട് സ്കോര്‍ സഹയകമാകുന്നുണ്ട്. സുഹൈല്‍ കോയയും മുത്തുവും രചിച്ച് ഡബ്സിയും നിഹാല്‍ ഷായും പാടിയ പാട്ടുകളും ചിത്രത്തിന്റെ താളത്തിന് ഒപ്പം നില്ക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ പുഴയും കാടും മലകളുമൊക്കെ നിറഞ്ഞ ദൃശ്യങ്ങളെ കഥയുടെ മൂഡിനൊപ്പിച്ച് പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ രണദിവെ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. ആകാശ് ജോസഫ് വര്‍ഗ്ഗീസിൻ്റെ എഡിറ്റിംഗ് മികവും എടുത്തു പറയേണ്ടതുണ്ട്.
‘Not Me, But You’ is the motto of the National Service Scheme (NSS), a philosophy of putting others before oneself that also forms the emotional core of love. Directed by Aamir Pallikkal, Prempata explores this selfless dimension of love against the backdrop of an NSS college camp. The film also marks the screenwriting debut of Lijish Kumar, who has handled the story, screenplay and dialogues. Following his impressive directorial debut with Aisha, Aamir once again demonstrates his filmmaking abilities by turning a simple storyline into an engaging cinematic experience. The screenplay effectively blends romance, humour and emotional moments, showcasing Lijish Kumar's storytelling skills.