

2002-ലാരംഭിച്ച റെസിഡന്റ്ഈവിള്‍ (ResidentEvil) സിനിമാ പരമ്പരയിലെ എട്ടാമത്തെ അധ്യായമാണ് സാക്ക് ക്രെഗര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം. നന്നായി പേടിപ്പിക്കുന്ന നല്ല എന്റര്‍ടെയ്‌നര്‍ മാത്രമല്ല, ഇക്കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയിലെ 'റെസിഡന്റ് ഈവിള്‍' സീരീസിലെ ഏറ്റവും മികച്ച ചിത്രവും കൂടിയാണിത്.
'റെസിഡന്റ് ഈവിള്‍' സീരീസിന്റെ രണ്ടാമത്തെ റീബൂട്ടാണ് പുതിയ ചിത്രം. അതുകൊണ്ട് തന്നെ മുന്‍പടങ്ങളൊന്നും കാണാത്ത ഓഡിയന്‍സിനും ഈ അധ്യായം പൂര്‍ണമായും ആസ്വദിക്കുവാനാകും. തീര്‍ത്തും പുതിയ കഥയാണെന്ന് മാത്രമല്ല, ഇത്തരം ചിത്രങ്ങള്‍ കണ്ട് പരിചയമില്ലാത്തവര്‍ക്ക് പോലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നത്ര ലളിതവുമാണ് 'റെസിഡന്റ് ഈവിള്‍' (2026).
ഒരൊറ്റ രാത്രിയിലാണ് കഥ നടക്കുന്നത്. ബ്രയാന്‍ (ഓസ്റ്റിന്‍ അബ്രാംസ്) എന്ന മെഡിക്കല്‍ കുറിയറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. 'റെസിഡെന്റ് ഈവിള്‍' പരമ്പരയിലെ സാങ്കല്‍പിക നഗരമായ 'റാക്കൂണ്‍ സിറ്റി'യില്‍ പ്രവര്‍ത്തിക്കുന്ന 'അംബ്രല്ലാ കോര്‍പറേഷന്‍', മ്യൂട്ടജെനിക് വൈറസുകളുടെയും ബയോ ഓര്‍ഗാനിക് ആയുധങ്ങളുടെയും ഗൂഢപരീക്ഷണ-നിര്‍മാണ ശാലയാണ്. അംബ്രല്ലാ ലാബില്‍ നിന്ന് ലീക്കായ വൈറസുകളുടെ ഇന്‍ഫെക്ഷന്‍ നിമിത്തം മനുഷ്യര്‍ സോമ്പികളായി മാറിയ ഒരു അപ്പോകാലിപ്റ്റിക് നഗരമാണ് റാക്കൂണ്‍ സിറ്റി. ഈ വിവരമൊന്നുമറിയാതെ അങ്ങോട്ടേക്ക് മെഡിക്കല്‍ പാക്കേജുമായി യാത്ര തിരിക്കുന്ന ബ്രയാന്‍, സോംബികളുമായി നടത്തേണ്ടിവരുന്ന ജീവന്‍ മരണപ്പോരാട്ടങ്ങളും അതിന്റെ ഭീകരമായ പര്യവസാനവുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ദുസ്വപ്നത്തിലകപ്പെട്ട മനുഷ്യന്റെ നിദ്രാടനം പോലെയാണ് ബ്രയാന്റെ യാത്ര ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്.
സൂപ്പര്‍ മെഗാഹിറ്റ് സീരീസ് 'ജോണ്‍ വിക്കി'ന്റെ മൂന്ന് സീക്വലുകളുടെയടക്കം രചയിതാവായ ഷേ ഹട്ടനും സംവിധായകന്‍ സാക്ക് ക്രെഗറും ചേര്‍ന്നാണ് പടത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. രചനയിലും സംവിധാനത്തിലുമുള്ള മിടുക്ക് തന്നെയാണ് പടത്തിന്റെ ക്രിട്ടിക്കലും കൊമേര്‍സ്യലുമായ വിജയങ്ങളുടെ ആധാരം. 'കാപ്‌കോം' എന്ന ജാപ്പനീസ് വിഡിയോ ഗെയിം കമ്പനിയുടെ വിഡിയോ ഗെയിം സീരീസായ 'റെസിഡന്റ് ഈവിളി'നെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്ര പരമ്പര വിരചിതമായത്. ഒരു വിഡിയോ ഗെയിമിലേര്‍പ്പെടുന്നതിന്റെ പ്രതീതി പ്രേക്ഷനില്‍ സൃഷ്ടിക്കുന്ന രീതിയിലാണ് പുതിയ ചിത്രത്തിന്റെ ക്രാഫ്റ്റ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സിനിമ എത്രമാത്രം ദൃശ്യപ്രധാനമായ കലയാണെന്ന് സാക്ക് ക്രെഗര്‍ 'റെസിഡന്റ് ഈവിളി'ല്‍ അടിവരയിട്ട് പറയുന്നു. പടത്തിന്റെ ദൃശ്യ-ശ്രാവ്യ രൂപകല്‍പന ഒന്നാന്തരമാണ്. ബ്രയാന് പുറമേയുള്ള കഥാപാത്രങ്ങളെ മുഴുവന്‍ സൈഡ് ലൈനില്‍ കണിശമായി ഒതുക്കിയിട്ട്, മുഖ്യ കഥാപാത്രത്തിന്റെ യാത്രയില്‍ ആവശ്യമായ സപ്ലിമെന്ററി റോള്‍ സമയാസമയം നിര്‍വഹിച്ച് പിന്മാറുന്ന പാര്‍ശ്വവര്‍ത്തികളായാണ് അവതരിപ്പിക്കുന്നത്. അത്‌കൊണ്ട് തന്നെ സംഭാഷണങ്ങള്‍ ഏറ്റവും കുറച്ച് മാത്രമേയുള്ളൂ. അതില്‍ത്തന്നെ നല്ലൊരു പങ്കും ബ്രയാന്റെ ആത്മഭാഷണങ്ങളുമാണ്. പ്രഡിക്റ്റബിലിറ്റി, ലോജിക്‌സ് തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് വലിയൊരളവില്‍ ബാധകമല്ലല്ലോ. ഭീതിയുടെയും നടുക്കത്തിന്റെയും ബീഭത്സതയുടെയും രംഗഭാഷ സാക്ക് ക്രെഗര്‍ മനോഹരമായവതരിപ്പിക്കുന്നു.
സുന്ദരമാണ് 'റെസിഡന്റ് ഈവിളി'ന്റെ വിഷ്വല്‍ ലാംഗ്വേജ്. 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍' അടക്കമുള്ള അനവധി ബ്രഹ്മാണ്ഡ സിനിമകളുടെ ക്യാമറ ചലിപ്പിച്ച ഹോളിവുഡിലെ അതികായനായ പോളിഷ് സിനിമട്ടോഗ്രാഫര്‍ ഡാരിയസ് വോള്‍സ്‌കിയാണ് 'റെഡിഡെന്റ് ഈവിളി'ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ഓവര്‍ ദി ഷോള്‍ഡര്‍ - തേഡ് പേഴ്‌സണ്‍ പിഒവിയ്ക്ക് അടുത്തുനില്‍ക്കുന്ന തരത്തിലുള്ള ടൈറ്റ് ഫോളോ ഷോട്ടുകളിലാണ് പടം ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ക്ലോസ്‌ട്രോഫോബിക് കോറിഡോറുകളും മഞ്ഞുവീണ തെരുവുകളുമടക്കമുള്ള ലൊക്കേഷനുകള്‍ ലോ-കീ ലൈറ്റിംഗിലും പ്രാക്ടിക്കല്‍ ലൈറ്റുകളിലും ചിത്രീകരിച്ചതിനാല്‍ ഭയത്തിന്റെ അന്തരീക്ഷം അനായാസം സൃഷ്ടിക്കപ്പെടുന്നു. പഴയ 'റെഡിഡെന്റ് ഈവിള്‍' ഗെയിമുകളിലെ ഫിക്‌സഡ് ക്യാമറ ആംഗിളിനെ ഓര്‍മിപ്പിക്കും വിധം വൈഡ് ആംഗിള്‍ ലെന്‍സില്‍ കഥാപാത്രം ചെറുതായി, ചുറ്റുപാട് വലുതായി കാണിക്കുന്ന നിരവധി ദൃശ്യങ്ങളുണ്ട് പടത്തില്‍. ഇതും ഭീതി ഇരട്ടിയാക്കുന്നു.
ഹെയ്‌സ്-റയാന്‍ ഹോളഡേയുടെ സ്‌കോറും സൗണ്ട് ഡിസൈനും പടത്തിന്റെ വിജയത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഹൃദയമിടിപ്പ് പോലുള്ള പെര്‍ക്കഷന്‍. ജംപ് സ്‌കെയര്‍ വരുന്നതിന് മുന്‍പ് നിലനില്‍ക്കുന്ന പൂര്‍ണ നിശബ്ദത, പിന്നെ പൊട്ടിത്തെറിക്കുന്ന ബാസ് - പ്രേക്ഷകനെ പിടിച്ചിരുത്തുന്നു പടത്തിന്റെ സ്‌കോര്‍. അകലെയും അടുത്തും നിന്നുള്ള സോംബികളുടെ മുരള്‍ച്ച ലെയര്‍ ചെയ്ത് മിക്‌സ് ചെയ്തിരിക്കുന്നത്, ആ ഭീകരരൂപികള്‍ തൊട്ടടുത്തുണ്ടോ അതോ അകലെയാണോ എന്ന ആധിയും ആശയക്കുഴപ്പവും പ്രേക്ഷകനില്‍ നിക്ഷേപിക്കുവാന്‍ സംവിധായകനെ പ്രാപ്തനാക്കുന്നു.
ഫസ്റ്റ് ഹാഫ്, സ്ലോ-ബേണ്‍ സര്‍വൈവല്‍ ഹൊററായും സെക്കന്‍ഡ് ഹാഫ് നോണ്‍-സ്റ്റോപ്പ് ചെയ്‌സായുമാണ് സാക്ക് ക്രെഗര്‍ പടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജോ മര്‍ഫിയുടെ എഡിറ്റിംഗും പേയ്‌സിംഗും ഗെയിംപ്ലേയുടെ റിഥം സിനിമയിലേക്ക് കൊണ്ടുവരുവാനും ഭയമുളമാക്കുവാനും സംവിധായകനെ നന്നായി സഹായിക്കുന്നു.
'ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്സി' പോലുള്ള വന്‍ പടങ്ങള്‍ക്ക് സെറ്റിട്ട ടോം ഹമ്മോക്കിന്റെ പ്രൊഡക്ഷന്‍ ഡിസൈനില്‍ റാക്കൂണ്‍ സിറ്റി 1998-ലെ മിഡ്വെസ്റ്റ് ടൗണ്‍ ആയി അത്ഭുതകരമായി പുനര്‍ജനിക്കുന്നു. വിഎഫ്എക്‌സി-നേക്കാള്‍ ബോഡി ഹൊററും പ്രാക്ടിക്കല്‍ മേയ്ക്കപ്പും പ്രോസ്‌തെറ്റിക്‌സുമാണ് സോംബികളെ അവതരിപ്പിക്കുവാന്‍ ഏറിയകൂറും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സോംബി ട്രാന്‍സ്ഫര്‍മേഷന്‍ സീനുകള്‍ക്ക് ഒട്ടിപ്പിടിക്കുന്ന മാംസളതയുടെ ഓക്കാനം തോന്നുന്ന റിയലിസ്റ്റിക് ഫീല്‍ ഉണ്ട്.
പടത്തിലെ നായകന്‍ ബ്രയാന്‍ ഒരതിമാനുഷ വീരനായകനല്ല. കഥാഭൂമികയില്‍ അയാളൊരു സാധാരണക്കാരന്‍, നിസ്സാരന്‍, നോബഡി, ആണ്. അയാള്‍ക്ക് കഥാപരിസരം പൂര്‍ണമായും അപരിചിതമാണ്. സോംബികളെ നേരിടാനുള്ള റീസോഴ്‌സുകളുടെ ദൗര്‍ലഭ്യം, ഒരു സമയത്ത് ഒരെതിരാളി എന്ന ക്രമം, കണ്ണ് തള്ളിക്കുന്ന പസിലുകള്‍, ഉല്‍ക്കടഭീതി തുടങ്ങിയ ഗെയിം മെക്കാനിസങ്ങള്‍ പടത്തിന്റെ ട്രാവലില്‍ ഉടനീളം കാണാം. നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ബ്രയാന്‍ തനി ഗെയിമറുടെ സ്വത്വം പരസ്യമായി എടുത്തണിയുന്നത് പോലും കാണാം.
ജംപ് സ്‌കെയറുകളുടെ സമര്‍ത്ഥമായ പ്രയോഗമാണ് പടത്തിന്റെ മറ്റൊരാകര്‍ഷണം. സ്‌കെയറുണ്ടാകുമെന്ന് കൃത്യമായ ബോധ്യമുള്ള ഘട്ടങ്ങളില്‍പ്പോലും വളരെ ശക്തമായ അവതരണത്തിലൂടെ പ്രേക്ഷകനെ പേടിപ്പിക്കുന്ന ദൃശ്യ-ശബ്ദ വിന്യാസങ്ങള്‍ ചിത്രത്തില്‍, പ്രത്യേകിച്ച് ആദ്യപകുതിയില്‍, ഒരുപാടുണ്ട്. ബോഡി ഹൊററിന്റെ സാധ്യതകളും സാക്ക് ക്രെഗര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. പതിയെ വളര്‍ന്ന് ഉടനീളം ചൂഴുന്ന പേടിയുടെ നിഴലിനെയല്ല, മറിച്ച് നൊടിയിടയില്‍ നടുക്കമുളവാക്കി കടന്നുപോകുന്ന ഭീതിയുടെ വിസ്‌ഫോടക ശൈലിയാണ് ക്രെഗര്‍ പിന്തുടരുന്നത്.
മരണവാഹകരുടെ മധ്യത്തില്‍ പ്രാണനും കൊണ്ട് കുതിച്ചോടുമ്പോഴും ബ്രയാന്റെ സ്വതസിദ്ധമായ ആകാംക്ഷയും വിപത്‌ധൈര്യവും നര്‍മബോധവും നിര്‍മമത്വവും കൂള്‍ കസ്റ്റമര്‍ വ്യക്തിത്വവും നഷ്ടപ്പെടുത്താതെ നിലനിര്‍ത്താന്‍ 'റെസിഡന്റ് ഈവ്‌ളി'ന്റെ തിരക്കഥ ശ്രദ്ധിക്കുന്നുണ്ട്. അങ്ങേയറ്റം ഭയാനകമായ കാഴ്ചകള്‍ക്കും കല്‍പനകള്‍ക്കുമിടയിലും ബ്ലാക്ക് കോമഡിയുടെ ഇടങ്ങള്‍ നിര്‍മിച്ചു കൊണ്ട് പടത്തെ പൂര്‍ണമായും ലൈവാക്കി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ബ്രയാന്റെ റോളില്‍ ഓസ്റ്റിന്‍ അബ്രാംസ് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അയാളുടെ ചടുലതയും അതിസാധാരണത്വവും പകപ്പും നര്‍മബോധവും ഓസ്റ്റിന്‍ ഭംഗിയായി പകര്‍ത്തുന്നു. സാക്ക് ചെറിയാണ് മറ്റൊരു പരിചിത മുഖം.
ലാസ്റ്റ് വേഡ്: ഒന്നര മണിക്കൂര്‍ മാത്രമാണ് ദൈര്‍ഘ്യം; 18+ ആണ് സര്‍ട്ടിഫിക്കറ്റ്. പേടിക്കുവാന്‍ തയാറുള്ളവര്‍ക്ക്, ഗെയിമിങ്ങിന്റെ ട്രാക്കില്‍ ഒരു ചലച്ചിത്രാനുഭവത്തിലൂടെ കടന്നുപോകാന്‍ ആഗ്രഹമുള്ളവര്‍ക്ക്, ഇഷ്ടമാകുമെന്നുറപ്പുള്ള സ്‌റ്റൈലിഷ് ഹൊറര്‍ മൂവിയാണ് 'റെസിഡെന്റ് ഈവിള്‍'.
Directed by Zach Cregger, Resident Evil (2026) is the eighth instalment in the film franchise that began in 2002. The film serves as the second reboot of the Resident Evil movie series, featuring a completely new story that does not require audiences to have watched the earlier films. With a simple and accessible narrative, the film is positioned as a horror entertainer that can appeal even to viewers unfamiliar with the franchise. The review describes it as one of the strongest entries in the Resident Evil series in the past 25 years.