

കാടിനുള്ളിലൂടെയാണ് ലിഫ്റ്റ് ചോദിച്ചുപോകേണ്ടതെന്ന ചിന്ത ഉള്ളിൽ അല്പം ഭയപ്പെടുത്തിയിരുന്നു. മനുഷ്യമൃഗങ്ങളോട് നമുക്ക് അപേക്ഷിക്കാം, അവരെ കബളിപ്പിക്കാം, രക്ഷപ്പെടാനും ചിന്തിക്കാനും അല്പം സമയം മനുഷ്യന്മാരോട് ഏറ്റുമുട്ടുമ്പോൾ ഇരയ്ക്ക് ലഭിക്കും. കാടിനു പക്ഷെ രണ്ട് നിയമങ്ങളേയുള്ളൂ. കൊല്ലുക,മരിക്കാതിരിക്കുക.
കാടിന്റെ വന്യത എപ്പോഴുമെന്നെ ഭയപ്പെടുത്തിയിട്ടേയുള്ളൂ. പക്ഷെ അനുഭവങ്ങളെ തേടിപ്പിടിക്കാനുള്ള തീവ്രമായ ആഗ്രഹം ഈ ഭയത്തിനും മേലെ നിൽക്കുന്നതിനാൽ പേടിയെ എങ്ങനെയെങ്കിലുമൊക്കെ കീഴ്‌പ്പെടുത്തി മുന്നേറും. ഊട്ടിയിലെ ഒരു ഗ്രാമത്തിലെ തേയിലത്തോട്ടത്തിൽ ഒരിക്കൽ കാടിനുള്ളിൽ രാത്രി കടുവയെ തേടിയിറങ്ങിയതും മസിനഗുഡിക്കടുത്തുള്ള ബൊക്കാപുരത്തിലെ കാടിനുള്ളിലൂടെ രാത്രി കത്തിയുമായിറങ്ങി ഒരു ടോർച്ചു ലൈറ്റിന്റെ വെളിച്ചത്തിൽ നടന്നതുമൊക്കെയങ്ങനെയാണ്.
ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ സത്യമംഗലം കാടിനുള്ളിലൂടെയാണ് കർണാടക അതിർത്തി കടക്കേണ്ടത്. ആനകളുടെ മസ്തകം നോക്കി വെടിവെച്ചിട്ടും ചന്ദനങ്ങൾ കടത്തിയും കേരളത്തിലെയും കർണാടകത്തിലെയും തമിഴ്നാട്ടിലെയും വനങ്ങളുടെ അപ്രഖ്യാപിത ചക്രവർത്തിയായിരുന്ന വീരപ്പന്റെ പിരിച്ചുവെച്ച മീശയും മുഖവുമാണ് സത്യമംഗലം കാട് എന്ന് കണ്ടപ്പോൾ ആദ്യം ഓർമ വന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും പിടികൂടാനാഞ്ഞു പരിശ്രമിച്ച കൊടും കുറ്റവാളിയുടെ പേരിനൊപ്പം ചേർത്തുവെക്കുന്നതായിരുന്നു തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ 1411 കിലോമീറ്റർ വിസ്തൃതിയിൽ നിറഞ്ഞു നിൽക്കുന്ന സത്യമംഗലം വനം.
സത്യമംഗലം ഇന്നൊരു കടുവാ സങ്കേതമാണ്. കടുവകളും, ആനകളും ഗൗറുകളും പുള്ളിപ്പുലികളും അടക്കി ഭരിക്കുന്ന വലിയൊരു വനം. വനത്തിലൂടെയുള്ള ലിഫ്റ്റ് ചോദിക്കൽ അല്പം സാഹസമാണോയെന്നു ഞാൻ ചിന്തിച്ചു. കാരണം ലിഫ്റ്റ് തരുന്നയാൾ കാടിനു നടുക്ക് എവിടെയെങ്കിലും ഇറക്കി വിട്ടാൽ ആ ഭയം മാത്രം മതി ഒരു മനുഷ്യനെ കൊല്ലാൻ. എങ്കിലും ലക്ഷ്യത്തെ മനസിലുറപ്പിച്ചു രാവിലെ തന്നെ കാടു മുറിച്ചു കടക്കാൻ ഞാൻ കോയമ്പത്തൂരിലെ കൗച്ച് സർഫറുടെ മുറിയിൽനിന്നുമിറങ്ങി.
രാവിലെയായിരുന്നെങ്കിൽപ്പോലും തമിഴ്നാട്ടിലെ ചുട്ടുപൊള്ളുന്ന വെയിൽ അസഹനീയമായിരുന്നു. എങ്കിലും തമിഴ്നാട്ടുകാർക്ക് അതിഥികളോടുള്ള സ്നേഹം എന്നിലെ ഹിച്ച്ഹൈക്കറെ വളരെ പെട്ടെന്നുതന്നെ കോയമ്പത്തൂർ നഗരം കടത്തി തന്നു.
കുറെ നാളുകൾ കഴിഞ്ഞാണ് തമിഴ് സംസാരിക്കാനുള്ള അവസരം കിട്ടുന്നത്. എന്നിട്ടും പൊന്നി നദി പോലെ സുന്ദരമായൊഴുകുന്ന തമിഴാണ് എന്നിൽനിന്നും പുറത്തുവന്നത്. തമിഴ്നാട്ടുകാർക്ക് തമിഴ് ജീവനാണ്. തമിഴ് സംസാരിക്കുന്ന കണ്ണൂർക്കാരനെ അതിഥിയായിക്കിട്ടിയതു കൊണ്ടാവണം തമിഴ്നാടിൽ നിന്ന് കർണാടക അതിർത്തിയിലേക്ക് ലിഫ്റ്റ് ചോദിച്ചുള്ള യാത്ര വേഗത്തിൽ നടന്നു.
ഇടയ്ക്കുവെച്ച് ലിഫ്റ്റ് തന്നൊരാൾ പോകുന്ന വഴി ഭവാനി സാഗർ അണക്കെട്ടു കാണിച്ചു തന്നു. സത്യമംഗലം കാടിന്റെ അതിർത്തിക്കടുത്താണ് ഈ സുന്ദരമായ ഡാം. അടുത്തുനിന്ന് കാണാൻ കഴിഞ്ഞില്ലെങ്കിലും ഡാമിന്റെ വിദൂര ദൃശ്യം എന്റെ കണ്ണുകളിൽ തെളിഞ്ഞു. അത്യാവശ്യം നല്ല വെള്ളമൊഴുകുന്ന ഡാം കാണാൻ കുറച്ച് സഞ്ചാരികളും ചുറ്റുമുണ്ടായിരുന്നു. ഡാമിനടുത്തായി ധാരാളം കൃഷിസ്ഥലങ്ങളുമുണ്ട്.
കൂടുതൽ ചോദ്യത്തിൽ നിന്ന് അയാളൊരു കോവിലിൽ പ്രാർത്ഥിക്കാൻ പോകുകയാണെന്നെനിക്ക് മനസിലായി. സംസാരം അധികം നീളുന്നതിനു മുൻപ് തന്നെ അയാളൊരു കോവിലിനു മുന്നിൽ ബൈക്ക് കൊണ്ടുനിർത്തി.
'വരിയാ..കോവിലിൽ കൂമ്പിടറുത്ക്ക്?'
'ഓ..വരിയേ.'
ഷൂ അഴിച്ചുവച്ച് ഞാനയാളുടെ പിറകെ നടന്നു. ഒരുത്സവത്തിന്റെ ജനസാഗരമായിരുന്നു അമ്പലത്തിൽ. ഒരു സാധാരണ വെള്ളിയാഴ്ച ദിവസത്തെ ആൾപ്പെരുപ്പം എന്നെ അത്ഭുതപ്പെടുത്തി. തൊഴാനുള്ള നീണ്ട ക്യൂ കണ്ടപ്പോൾ അയാളുടെ ക്ഷണത്തിൽ നിന്ന് എനിക്ക് ബഹുമാനപൂർവം ഒഴിയേണ്ടി വന്നു. അരുൾമിഗു ബന്നാരി മാരിയമ്മൻ ക്ഷേത്രം. ഈറോഡ് ജില്ലയിലെ മാത്രമല്ല, തമിഴ്‌നാട്ടിലെ തന്നെ വളരെ പ്രശസ്തമായ ക്ഷേത്രമാണ് കൂറ്റൻ മലനിരകൾക്കു മടിത്തട്ടിലുള്ള ഈ ക്ഷേത്രം. സത്യമംഗലം കാടിന്റെ അതിർത്തി തുടങ്ങുന്നത് ഈ ക്ഷേത്രം മുതലാണ്. സത്യമംഗലം കാട് സ്വന്തം പേരിനോട് ചേർത്തുവെച്ചത് പോലെ തന്നെ മുനിസാമി വീരപ്പന്റെ പേര് ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിലുമുണ്ട്. ഈ കഥ ഞാൻ അവിടെ പരിചയപ്പെട്ട ഒരു വൃദ്ധനിൽ നിന്നുമറിഞ്ഞതാണ്.
ആനയുടെ കൊമ്പും പുലിയുടെ തോലും ചന്ദനത്തിന്റെ തടിയും പോലെ തന്നെ വീരപ്പന് പ്രിയപ്പെട്ടതായിരുന്നു ബന്നാരിയിലെ മാരിയമ്മനും. മാരിയമ്മന്റെ ഉത്സവത്തിനു ഏതു കൊടുംകാട്ടിൽ ഒളിവിലാണെങ്കിലും സമയമാകുമ്പോൾ വീരപ്പൻ ഇവിടെയെത്തി പൂജ ചെയ്തു മടങ്ങും. ഇതറിയാവുന്ന പോലീസും പട്ടാളവുമെല്ലാം വേഷം മാറിയും അല്ലാതെയുമൊക്കെ ആൾക്കൂട്ടത്തിനിടയിലുണ്ടാവും. എന്നാൽ ഇവിടത്തുകാർക്കിടയിൽ റോബിൻഹുഡിന്റെ പരിവേഷമുള്ള വീരപ്പൻ ഭക്തന്മാർക്കിടയിൽ ഭക്തനായി തന്നെ വന്നു പൂജ ചെയ്തു മടങ്ങും. വീരപ്പൻ വന്നതും പോയതും പോലീസുകാർ അറിഞ്ഞിട്ടുണ്ടാകില്ല. എന്നാൽ ചില നാട്ടുകാർക്കും മാരിയമ്മനും മാത്രം വീരപ്പൻ മുഖം കൊടുക്കുകയും ചെയ്യും.
വൃദ്ധൻ പറഞ്ഞ കഥ വിശ്വാസയോഗ്യമായി തോന്നിയില്ലെങ്കിലും കഥാതന്തു എനിക്കിഷ്ടപ്പെട്ടു. കർണാടകത്തിലെയും തമിഴ്നാട്ടിലെയും പതിനായിരത്തോളം ഏക്കർ വരുന്ന കാട് മാത്രമല്ല വീരപ്പൻ സ്വന്തം പേരിലാക്കിയത്, ഇത് പോലുള്ള വീര സാഹസിക കഥകൾ കൂടിയാണ്.
ക്ഷേത്രത്തിനു മുന്നിലെ വിളക്കിനു മുന്നിൽ അടച്ചിട്ട പൂട്ടുകളുടെ ഒരു കൂട്ടവുമുണ്ടായിരുന്നു. അതിനു മുന്നിൽ ഉപ്പ് കൊണ്ട് ഒരു കൂമ്പാരമുയർന്നു കൊണ്ടിരിക്കുന്നു, അതിന്റെ ഉയരം ഓരോ നിമിഷം കഴിയുമ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്, അവസാനമില്ലാതെ. ഒന്നിന് പിറകെ ഒന്നായി ഭക്തർ അതിനു മുകളിൽ ഉപ്പ് വിതറിക്കൊണ്ടിരിക്കുകയാണ്. കാഴ്ചകൾ ഇനിയുമുണ്ടെന്നറിഞ്ഞിട്ടും അവിടം അലഞ്ഞു തിരിയുന്നത് നിർത്തി ഞാൻ പുറത്തേക്കിറങ്ങി. അധികം സമയം നഷ്ടപ്പെടുന്നത് മുന്നേ കാട് കടക്കണം.
ക്ഷേത്രത്തിനു പുറത്തു തന്നെ തൊട്ടടുത്ത് ചെക്ക് പോസ്റ്റാണ്. ലോറികൾ നിരനിരയായി കിടക്കുന്നത് കണ്ടപ്പോൾ തന്നെ എന്നെ കടത്തി വിടുമോയെന്നാണ് ഞാൻ സംശയിച്ചത്. ടൈഗർ റിസേർവിൽ ലിഫ്റ്റ് ചോദിച്ചു പോകാൻ ശ്രമിക്കുന്ന എന്നെ വിചാരണ ചെയ്യുമോയെന്നു ഞാൻ ഭയപ്പെട്ടു.
തോക്കുമായി ചെക്ക്‌പോസ്റ്റിൽ കാവൽ നിൽക്കുന്ന ആരുടേയും മുഖത്ത് നോക്കാതെ മുന്നോട്ട് പോകാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ വിജനമായി നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേ എന്നെ ചതിച്ചു. പിറകിൽ നിന്ന് വിളിയെത്തി. പട്ടാളവേഷം ധരിച്ച ഒരു ചെറുപ്പക്കാരൻ ഓഫീസറാണ്. സമീപത്തായി അല്പം പ്രായം കൂടിയ ഒരു ഉദ്യോഗസ്ഥൻ ചെക്പോസ്റ്റ് ഓഫീസിൽ ഇരിക്കുന്നു.
'എങ്കെ പോകിറേ?'
'കർണാടകേലെ'
'എപ്പടി നടന്തിട്ടിയാ?'
'ഇല്ലൈ സാർ..ലിഫ്റ്റ് കേട്ട്'.. അയാളെ സോപ്പിടാൻ ഞാനൊരു ചിരി പാസാക്കി.
'ലിഫ്റ്റാ..അപ്പടീനാ?'
'ഇപ്പടി..' ഞാൻ കൈ കൊണ്ട് ലിഫ്റ്റ് ചോദിക്കുന്ന ആംഗ്യം കാണിച്ചു.
'ഇത് ടൈഗർ റിസേർവ്.. അപ്പടിയൊന്നും പോക മുടിയാത്.. ഇങ്കെ നില്ല്.'
ഹെൽമറ്റും കയ്യിൽ പിടിച്ചു ഞാനവിടെ കാത്തിരിക്കാൻ തുടങ്ങി. അയാൾ ചെക്പോസ്റ്റിലൂടെ കടന്നു പോകുന്ന ലോറികളുടെ നമ്പർ കുറിച്ചിടുന്ന ജോലി തുടരാൻ തുടങ്ങി. കൂടെയുള്ള ഓഫീസർ അപ്പോഴും മിണ്ടുന്നുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീണ്ടും എന്റെയടുക്കൽ വന്നു.
'കർണാടകേലെ എന്ന വേല?'
'കർണാടകേലെ വേലയൊന്നുമില്ല സാർ..പഞ്ചാബ് വരേയ്ക്കും ലിഫ്റ്റ് മട്ടും കേട്ട് പോകിറേ.'
അയാളുടെ കണ്ണിലെ വിസ്മയം ഞാൻ കണ്ടു. പക്ഷെ പിന്നീടൊന്നും ചോദിക്കാതെ അയാൾ വീണ്ടും തന്റെ ജോലിയിൽ വ്യാപൃതനായി. പെട്ടെന്ന് ഒരു ലോറിയോടു ചേർന്ന് തന്നെ ഒരു ബുള്ളറ്റും പാഞ്ഞു വരുന്നത് ഞാൻ കണ്ടു. ഇല്ല, പിൻസീറ്റിലാരുമില്ല..ഞാൻ കൈ നീട്ടി. ഭാഗ്യം! ലോറിയോടു ചേർന്ന് തന്നെ അയാൾ വണ്ടി നിർത്തി. കർണാടകയിലോട്ടാണെന്നു പറഞ്ഞപ്പോൾ കയറിക്കോളാൻ പറഞ്ഞു. യൂണിഫോമിട്ട യുവാവ് ഞാൻ വണ്ടിയിൽ കയറുന്നത് കണ്ടു കഴിഞ്ഞുവെങ്കിലും കൂടുതൽ ചോദ്യങ്ങളുമായി വരുന്നതിനു മുന്നേ തന്നെ ബുള്ളറ്റ് വേഗതയിൽ പാഞ്ഞു തുടങ്ങി. ഞാൻ തിരിഞ്ഞു ഒരു ടാറ്റ കൊടുത്തു. അയാളും തിരിച്ചെന്നെ കൈ ഉയർത്തി അഭിവാദ്യം ചെയ്തു. അങ്ങനെ സത്യമംഗലം ടൈഗർ റിസേർവിനുള്ളിലൂടെയുള്ള എന്റെ യാത്രയ്ക്ക് തുടക്കമായി.
ബുള്ളറ്റിലെ യാത്രികൻ ബാലാജി എന്ന് പേരുള്ള കന്നഡക്കാരനാണ്. കാട് കഴിഞ്ഞാലും കുറെ ദൂരം കൂടി പിന്നിട്ടാലാണ് കർണാടകയെത്തുക.
അതൊരു നീണ്ട യാത്രയുടെ തുടക്കമായിരുന്നു. നൂറിലേറെ കിലോമീറ്ററുകൾ ഞങ്ങൾക്ക് ഒരുമിച്ചു പിന്നിടാനുണ്ട്. കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന അവനു നന്നായി തന്നെ തമിഴ് അറിയാം. മലയാളി കൂട്ടുകാരുള്ള അവനു മലയാളവും അല്പസ്വല്പം അറിയാം. സത്യമംഗലം കാടിനെ നന്നായി തന്നെ അറിയാവുന്ന ഒരു ബൈക്ക് യാത്രികനാണ് ബാലാജി. ആഴ്ചയിലൊരിക്കൽ ഈ കാട് ബൈക്കുമായി മുറിച്ചു കടക്കും.
യാത്രയ്ക്കിടയിൽ ഞങ്ങളൊരുപാട് സംസാരിച്ചു.
മരങ്ങൾക്കിടയിലും ചില്ലകൾക്കിടയിലും കടുവയെയും പുള്ളിപ്പുലിയെയും തിരഞ്ഞു കൊണ്ടാണ് എന്റെ കണ്ണുകൾ പാഞ്ഞത്. ഇരുമ്പഴികളാൽ തളച്ചിടാത്ത സ്വതന്ത്രവിഹാരികളായ മാംസഭോജികളെ നേരിട്ട് കാണാൻ ഞാൻ പലവട്ടം ശ്രമിച്ചു നോക്കിയതാണ്. മുതുമലൈയിലും ഗുഡലൂരിലുമൊക്കെ കുറച്ചൊന്നാഞ്ഞു തന്നെ പരിശ്രമിച്ചിട്ടുണ്ട്. അതിനുള്ള ഭാഗ്യം മാത്രം പക്ഷെ ഇത് വരെ കണ്ണുകൾക്ക് ലഭിച്ചിട്ടില്ല. ഉച്ചയായിരുന്നതിനാൽ മൃഗങ്ങൾ പാതയോരത്തു കാണാനുള്ള സാധ്യത കുറവാണെന്നു ബാലാജി പറഞ്ഞെങ്കിലും എനിക്കവയെ ദർശിക്കാനുള്ള ഭാഗ്യം ലഭിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്.
കണ്ണുകൾ കടുവയെ പരതിക്കൊണ്ടിരുന്നപ്പോഴും ഉയരം കൂടുംതോറും ഇമ്പമുള്ള കാഴ്ചകളാണ് സത്യമംഗലം നൽകിക്കൊണ്ടിരുന്നത്. ഹെയർപിൻ വളവുകളിലൂടെ കറങ്ങിയാണ് വനത്തിലൂടെയുള്ള പാത. ചുരുളി പോലെ കറങ്ങിക്കറങ്ങി നാം ആ കൂറ്റൻ മലയുടെ പകുതി എത്തുമ്പോഴേയ്ക്കും സ്വർഗത്തിന്റെ പടവുകളാണോയെന്നു തോന്നിപോകും. തമിഴ്‌നാടിന്റെ ഒരു വലിയ ഭാഗം നമുക്ക് കീഴെ, ചുറ്റും മലനിരകൾ. ആകാശത്തെയാണ് നാം കീഴടക്കികൊണ്ടിരിക്കുന്നത്. ആകെ മൊത്തം 27 ഹെയർപിൻ വളവുകളാണ് നാം പൂർത്തിയാക്കേണ്ടത്.
മലനിരകളുടെ സൗന്ദര്യമാസ്വദിക്കുമ്പോഴും മാർജാര രാജാക്കന്മാരെ എന്റെ കണ്ണുകൾ തിരയുന്നത് നിർത്തിയില്ല. കടുവയെ കാണാൻ സാധ്യത വളരെ കുറവാണെങ്കിലും പുള്ളിപ്പുലിയെ ഭാഗ്യമുണ്ടെങ്കിൽ കാണാം.
ബാലാജി പെട്ടെന്ന് വണ്ടി നിർത്തി ഒരു മരത്തിന്റെ മുകളിലേക്ക് കൈ ചൂണ്ടി. ഒരിക്കൽ ബസിൽ വരുമ്പോൾ മരത്തിന്റെ മുകളിൽ ഒരു പുള്ളിപ്പുലിയെ കണ്ടിരുന്നുവത്രേ. പിന്നീട് ഓരോ വളവിലും ബാലാജിയുടെ ഓരോ കഥകളുണ്ടായിരുന്നു.
കാടിനെ പ്രണയിക്കുന്ന ബൈക്ക് യാത്രികനാണ് ബാലാജി എന്നെനിക്ക് മനസിലായി. പ്രത്യേകിച്ച് സത്യമംഗലം കാട് തന്നെ. അവൻ അവന്റെ കയ്യിലെ ഒരു മുറിവെനിക്ക് കാണിച്ചു തന്നു. ഒരിക്കൽ രാത്രിയിൽ ബൈക്കിൽ ഒറ്റയ്ക്ക് വരുമ്പോൾ പെട്ടെന്നൊരാനയെ കണ്ടു തെന്നി വീണതാണ്. ആന ആക്രമിക്കാൻ പാഞ്ഞെങ്കിലും പിന്നാലെ വന്ന ഒരു ലോറിക്കാരൻ വണ്ടി റോഡിനു കുറുകെയിട്ടു രക്ഷപ്പെടുത്തി. ഭയപ്പെടുത്തുന്ന ആ അനുഭവത്തിനു ശേഷവും വനപാതയോടുള്ള അവന്റെ പ്രണയത്തിനു കുറവൊന്നുമില്ല.
അവസാന ഹെയർപിൻ വളവും പിന്നിട്ടു ഞങ്ങൾ സ്വർഗത്തിന്റെ മുകളിലെത്തിയപ്പോഴേക്കും കടുവയെ നേരിട്ട് കാണാനുള്ള എന്റെ ആഗ്രഹവും അസ്തമിച്ചു തുടങ്ങിയിരുന്നു. കടുത്ത വേനലിൽ എല്ലാ മൃഗങ്ങളും കാട്ടിലേക്ക് ഉൾവലിഞ്ഞു. മലയുടെ ഏറ്റവും മുകളിലെത്തിയാലും പിന്നെയും കിലോമീറ്ററുകളോളം കാട്ടുപാതയാണ്.
മാർജാര ഭീകരന്മാരെ കാണാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് കാട്ടാനകളായിരുന്നു എന്റെ ലക്ഷ്യം. കാട്ടാനകളെ ഞാൻ മുമ്പ് പല തവണ കണ്ടിട്ടുണ്ട്. എന്നാൽ ആനകളിലെ ഇത്തിരിക്കുഞ്ഞന്മാരെ കാണാൻ കഴിഞ്ഞാൽ അത് ഭാഗ്യമാണ്. കുട്ടിത്തം വിട്ടുമാറാത്ത കുട്ടിയാനകളുടെ ചേഷ്ടകൾ രസകരമാണ് കണ്ടിരിക്കാൻ. പക്ഷെ ഇവിടെയും നിരാശ തന്നെയായിരുന്നു ഫലം. ആനകളെ കാണണമെങ്കിൽ അതിരാവിലെ അല്ലെങ്കിൽ വൈകീട്ടോ ഇറങ്ങണമായിരുന്നുവെന്നു ബാലാജി പറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിനു കീഴെ അവയെയിപ്പോൾ നേരിട്ടു ഹൈവേയുടെ സമീപം കാണുന്നത് പ്രയാസകരമാണ്.
കാനനപാതയിൽ ഒറ്റയ്ക്കും കൂട്ടമായും നിൽക്കുന്ന മാനുകളുടെ അഴക് വർണനകൾക്കതീതമാണ്. അവരുടെ നീണ്ട ശിഖരം പോലെയുള്ള കൊമ്പ് കണ്ടാൽ ഒന്ന് തലോടാൻ തോന്നിപ്പോകും. മാനുകൾ മാത്രമായി പോകുമോ വനത്തിലെ മൃഗങ്ങളുടെ കാഴ്ച എന്ന് തോന്നിയപ്പോൾ കുറച്ചകലെയായി ഒരു കറുത്ത ഭീകരൻ. വളഞ്ഞ കൊമ്പുകളുമായി തലയുയർത്തി അവനെന്നെ നോക്കി. ഇന്ത്യൻ ഗൗർ എന്ന് വിളിപ്പേരുള്ള കാട്ടുപോത്താണ്. കാട്ടുപോത്ത് എനിക്ക് പുതുമയുള്ള കാഴ്ചയല്ലായിരുന്നു. കൊടൈക്കനാലിനടുത്തുള്ള വട്ടക്കനാലിൽവച്ചു എട്ടടി ദൂരത്തിൽ മുഖാമുഖം ഞാനീ ഭീകരനെ കണ്ടിട്ടുണ്ട്. എങ്കിലും മസിലും പെരുപ്പിച്ചു നടക്കുന്ന ഈ ശക്തിശാലിയുടെ ശരീരത്തു നിന്ന് എത്ര കണ്ടാലും കണ്ണെടുക്കാൻ തോന്നില്ല.
വനത്തെ പ്രകമ്പനം കൊള്ളിച്ചു 'കുടു കുടു' ശബ്ദത്തിൽ ബുള്ളറ്റ് കുറേ ദൂരം പിന്നിട്ടു കാടിന്റെയതിർത്തി കടന്നു. ഇടയ്ക്കെപ്പോഴോ കർണാടകയുടെ ചെക്ക് പോസ്റ്റും പിന്നിട്ടു കഴിഞ്ഞിരുന്നു. അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററുകൾ പിന്നെയും പിന്നിട്ടാലാണ് അവന്റെ വീടെത്തുക. മൊത്തത്തിൽ നൂറിലേറെ കിലോമീറ്ററുകൾ ഞങ്ങളൊരുമിച്ചു പിന്നിട്ടു കഴിഞ്ഞിരുന്നു. അത്രയും ദൂരമുള്ള യാത്രയുടെ അവസാനമായപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. രാജസ്ഥാനിലും പഞ്ചാബിലുമൊക്കെ അവനു സുഹൃത്തുക്കളുണ്ട്. യാത്രാ മധ്യേ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു ഞങ്ങൾ നമ്പർ കൈമാറി. കർണാടകയിലെ കത്തിയമരുന്ന നഗരത്തിൽ അവനെന്നെ ഇറക്കിവിട്ടു, ഞാൻ അടുത്ത വണ്ടിയെ ലക്ഷ്യമാക്കി കൈകാണിച്ചു നടക്കാൻ തുടങ്ങി. ഇന്ന് രാത്രിയോടെ മൈസൂരിലെത്തിച്ചേരണം. തിപ്പേഷ എന്ന് പേരുള്ള കൗച്ച് സർഫറാണ് ഇന്നത്തെ ഹോസ്റ്റ്. മൈസൂരിലേക്ക് ഇവിടെ നിന്ന് അധികം ദൂരമില്ല. എളുപ്പത്തിൽ എത്തിച്ചേരുമെന്ന ഉറപ്പിൽത്തന്നെ ഞാൻ ഹൈവേയുടെ ഇടതുവശത്തുകൂടെ നടന്നു തുടങ്ങി.
An excerpt from “Sathyamangalam Kadinulliloode” (Through the Sathyamangalam Forest), a chapter from the travelogue “Orasadharana Yathrayude Katha” (The Story of an Extraordinary Journey). The passage captures the author’s experiences and observations while travelling through the dense Sathyamangalam forests.