ബ്രിട്ടന്റെ സൈക്കിളിങ് ക്യാപിറ്റൽ: കേംബ്രിഡ്ജ്

ഐശ്വര്യ കമലയുടെ ലണ്ടൻ ഡയറീസ് തുടരുന്നു- പാർട്ട് 3
ബ്രിട്ടന്റെ സൈക്കിളിങ് ക്യാപിറ്റൽ: കേംബ്രിഡ്ജ്
Published on

ജീവിതമൊരു സൈക്കിൾ സവാരി പോലെയാണെന്നും നിരന്തരം മുന്നോട്ടാഞ്ഞു ചവിട്ടിയാൽ മാത്രമേ സ്ഥിരത കണ്ടെത്താനാകു എന്നും പറഞ്ഞത് ചലനസിദ്ധാന്തങ്ങളുടെ മുഴുവൻ ഉടയോനായ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനാണ്.1930 ൽ രോഗാതുരനായ തന്റെ മകന് എഴുതിയ കത്തിലാണ് അദ്ദേഹം സൈക്കിളിന്റെ ചലനത്തിലെ മെറ്റഫിസിക്സ്‌ തത്ത്വം കണ്ടെത്തിയത്. ഇരുന്നൂറ് വർഷങ്ങളാകുന്നു സൈക്കിൾ എന്ന ഈ ഇരുചക്രയത്ഭുതം മനുഷ്യജീവിതത്തിലേക്ക് കടന്നു വന്നിട്ട്.

ബ്രിട്ടന്റെ ''സൈക്കിളിങ് ക്യാപിറ്റൽ'' അഥവാ ''സൈക്കിൾ സവാരിയുടെ തലസ്ഥാനം'' എന്നറിയപെടുന്ന കേംബ്രിഡ്ജ് നഗരത്തിലിരുന്ന് സൈക്കിൾ സവാരിയെ കുറിച്ച് എഴുതുമ്പോൾ ഇംഗ്ലണ്ടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഹെച്ച് ജി വെയിൽസിന്റെ വാക്കുകൾ ഓർക്കാതിരിക്കാനാവില്ല.

“എപ്പോഴൊക്ക ഒരാളെ സൈക്കിളിങ്ങിലേർപ്പെട്ട് കാണുമ്പോഴും എനിക്ക് ശുഭാപ്തി വിശ്വാസം തോന്നും”

ഒരു മനുഷ്യന്റെ ആവേശം രണ്ട് ചക്രങ്ങളെ ഭൂമിക്ക് ലംബമായുയർത്തി, ഒരൊറ്റ നേർരേഖയിലേക്കുറപ്പിച്ചു, മുന്നോട്ട് കുതിക്കുന്ന അത്ഭുതം കാണുമ്പോൾ ഹെച്ച് ജി വെയിൽസ് പറഞ്ഞ ആത്മവിശ്വാസം ഏതൊരു മനുഷ്യന്റെ ഉള്ളിലും നിറയും. ട്രാമുകളും ട്യൂബുകളും നിറഞ്ഞ ലണ്ടനിൽ നിന്ന് കേംബ്രിഡ്ജിന്റെ ഭൂമികയിലേക്ക് കുടിയേറിയപ്പോൾ കൈവന്ന ഒരു ശീലം സൈക്കിൾ സവാരിയും ഒപ്പം അത് പകർന്ന ആത്മവിശ്വാസവുമാണ്. കേംബ്രിഡ്ജ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ ആദ്യം കാണാനാവുന്നത് യുകെയിലെ തന്നെ ഏറ്റവും വലിയ സൈക്കിൾ പോയിന്റ് അഥവാ സൈക്കിൾ പാർക്കിങ് സ്പേസാണ്. മൂവായിരത്തിൽ അധികം സൈക്കിളുകൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യമുണ്ടിവിടെ. നഗരത്തിലേക്കിറങ്ങിയാൽ റോഡുകൾക്ക് വശത്തായി കൃത്യമായി അടയാളപെടുത്തിയ നീണ്ട സൈക്കിൾ ലൈനുകൾ കാണാം. കേംബ്രിഡ്ജ് നഗരത്തിൽ അഞ്ചിൽ ഒരാൾ സൈക്കിൾ യാത്ര തിരഞ്ഞെടുക്കുന്നു എന്നാണ് കണക്ക്.

ബ്രിട്ടന്റെ സൈക്കിളിങ് ക്യാപിറ്റൽ: കേംബ്രിഡ്ജ്
ലണ്ടൻ പ്രൈഡ്!

സൈക്കിൾ സവാരിയുടെ പാരമ്പര്യം കേംബ്രിഡ്ജ് നഗരത്തിൽ വിക്റ്റോറിയൻ കാലം മുതൽക്ക്‌ തന്നെ വേരൂന്നിയതാണ്. നിത്യചെലവിനും ബസ് യാത്രയ്ക്കും പണം പോരാഞ്ഞു, രണ്ടറ്റം കൂട്ടി മുട്ടിക്കാനാകാതെ വന്ന സർവകലാശാല വിദ്യാർഥികൾ രണ്ട് ചക്രങ്ങളിൽ പഠനവും യാത്രചെലവുകളും ബാലൻസ് ചെയ്തു നിർത്താൻ തുടങ്ങിയിടത്തു നിന്നും ഉരുവപ്പെട്ട് വന്നതാണ് ഈ പുരാതനനഗരത്തിന്റെ സൈക്കിൾ പാരമ്പര്യം. വിദ്യാർഥികൾക്ക് പണ്ട് കാലം മുതൽക്കേ കേംബ്രിഡ്ജ് സർവകലാശാല കാർ പാർക്കിങ് സൗകര്യം നൽകിയിരുന്നില്ല.

സർവകലാശാലയുടെ അന്തരീക്ഷം വളരെ കർക്കശമായിരുന്നു. എത്ര മാത്രം കർക്കശമായിരുന്നു എന്ന് അറിയണമെങ്കിൽ സാക്ഷാൽ ചാൾസ് രാജാവ് 1969 ൽ, തന്റെ പത്തൊൻപതാം വയസ്സിൽ ട്രിനിറ്റി കോളജിന്റെ വരാന്തയിലൂടെ സൈക്കിൾ ഓടിച്ചു പോകുന്ന ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ മതിയാകും. അന്ന് അദ്ദേഹം വെയിൽസിന്റെ രാജകുമാരനായിരുന്നിട്ട് പോലും സ്ഥിരം കോളജിലേക്ക് യാത്ര ചെയ്തിരുന്നത് സൈക്കിളിലായിരുന്നു. വർഷങ്ങൾക്കിപ്പുറം ഒരു ചാരിറ്റി ഗ്രൂപ്പിന് വേണ്ടി സൈക്കിൾ യാത്ര തുടങ്ങി വയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞ ഉത്തരം “ഞാൻ കേംബ്രിഡ്ജിലാണ് പഠിച്ചത്” എന്നാണ്!

സൈക്കിൾ സവാരിക്ക്‌ സുരക്ഷിതമായ നിലയിൽ റോഡുകൾക്ക് സമാന്തരമായി സൈക്കിൾ ലൈനുകൾ പണിത ഒരു മനോഹര സൈക്കിൾ നഗരം പോലും ഉയർത്തി കാട്ടാൻ ഇന്ത്യക്കില്ല എന്നത് ദയനീയമാണ്.

കേംബ്രിഡ്ജ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളിൽ മരയുരുപ്പടികളിൽ നിർമിച്ച, ഭീമൻ മുൻചക്രങ്ങളുള്ള, കൃത്യമായ ഇരിപ്പിടങ്ങളില്ലാത്ത സൈക്കിളുകളുടെ ചിത്രങ്ങൾ കാണാം. പല തരത്തിലും രൂപത്തിലും സൈക്കിളുകൾ കേംബ്രിഡ്ജിന്റെ സൈക്കിൾ ചരിത്രത്തിലൂടെ വികസിച്ചു വന്ന ചിത്രങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കേംബ്രിഡ്ജിന്റെ സൈക്കിൾ ചരിത്രത്തിൽ നിരവധി കൗതുകകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. 1956 ലെ ഒക്ടോബറിൽ, ഒരു ശരത് കാലത്ത് കേംബ്രിഡ്ജിലൂടെ സർവമാന ആഡംബര സംരക്ഷണ സന്നാഹങ്ങളോടെ സാക്ഷാൽ മഹാരാജ്ഞി എലിസബത്തിന്റെ രാജകീയ വാഹനം കടന്നു പോകെ ചുവന്ന കുപ്പായമിട്ടൊരു പെൺകുട്ടിയുടെ സൈക്കിൾ കാറിനു മുന്നിലേക്ക് വട്ടം ചാടി, കാറിനെ മറികടന്ന് ഒറ്റ പാച്ചിൽ!!!

മഹാറാണിയുടെ ഔദ്യോഗികവാഹനത്തെ മറി കടക്കാൻ ആരാണ് ധൈര്യം കാണിച്ചത്, അതും ചുവന്ന കുപ്പായത്തിൽ?റാണിയുടെ സുരക്ഷ ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും പാഞ്ഞു, ഈ പെൺകുട്ടിയെ കണ്ടെത്താൻ. കേംബ്രിഡ്ജിന്റെ ഊട് വഴികളിലൂടെ പെൺകുട്ടി സൈക്കിളിൽ പാറി പറന്ന് മറഞ്ഞിരുന്നു. നെടുനീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പെൺകുട്ടിയെ റാണിയുടെ ആളുകൾക്ക്‌ പിടികിട്ടി. പ്രിൻസിപ്പൽ പെൺകുട്ടിക്കായുള്ള വക്കാലത്ത് പോലെ അഭ്യർത്ഥിച്ചു: “കുഴപ്പക്കാരിയൊന്നുമല്ല. ശകലം കവിതയുടെ ഭ്രാന്തൊക്കെയുള്ള ചെറിയ പെൺകുട്ടിയാണ്. പേര് സിൽവിയ പ്ലാത്ത് !!!”

ന്യൂൺഹാം കോളജിലെ പഠനകാലത്ത് മഞ്ഞു പൊടിഞ്ഞിരുന്നൊരു ഫെബ്രുവരി രാത്രിയിൽ സൈക്കിളോടിച്ചു പോകുമ്പോൾ ആദ്യമായി ടെഡ് ഹ്യൂഗ്സിനെ കണ്ടതിനെ കുറിച്ച് ഡയറിയിൽ എഴുതി സൂക്ഷിക്കുന്നുണ്ട് സിൽവിയ പ്ലാത്ത്. സിൽവിയ പ്ലാത്ത് ഈ കുറുമ്പ് കാട്ടി നടന്ന ന്യൂൺഹാം കോളജിൽ പ്ലാത്തിനും മുപ്പതു വർഷങ്ങൾക്ക് മുൻപ് മറ്റൊരു എഴുത്തുകാരി സൈക്കിളിൽ വന്നിറങ്ങിയിരുന്നു. ''patriarchal barriers to intellectual life of women'' അഥവാ “ധിഷണാപരമായ ജീവിതത്തിന് സ്ത്രീകൾക്കുള്ള പുരുഷാധിപത്യപരമായ തടസ്സങ്ങൾ” എന്ന വിഷയത്തെ കുറിച്ച് നെടു നീണ്ട പ്രസംഗം നടത്താൻ. ആ എഴുത്തുകാരി വേറെയാരുമല്ല എഴുതാൻ പെണ്ണുങ്ങൾക്കൊരു മുറി വേണമെന്നുറക്കെ പറഞ്ഞ വിർജീനിയ വോൾഫ്!!!

“Sleep & slackness; reading;cycling; oh & a good hard rather rocky book: This is my prescription”

“ഉറക്കം, വായന, സൈക്കിളിങ് പിന്നെ ഒരു പുസ്തകം: ഇതാണ് ജീവിതത്തെ നേരിടാനുള്ള എന്റെ കുറിപ്പടി” എന്ന് വിർജിനിയ എഴുതി വയ്ക്കുമ്പോൾ 32 ആം വയസ്സിൽ സുഹൃത്തിന്റെ സൈക്കിൾ വാങ്ങി സ്വന്തമായി സൈക്കിളോടിക്കാൻ പഠിച്ച സിമോൺ ദി ബോവേയെ ഓർത്തുപോകയാണ്. സിമോൺ ദി ബോവേ തന്റെ സൈക്കിൾ അനുഭവങ്ങൾ വിവരിച്ചു ജീൻ പോൾ സാർത്തർക്ക് കത്ത് എഴുതുമ്പോൾ ആ അനുഭവത്തെ വർണ്ണിക്കുന്നത് തന്നെ “it made me like a lusty wench” എന്നാണ്. “സൈക്കിൾ സവാരിയുടെ അനുഭവം തന്നെ ആസക്തി നിറഞ്ഞ പെൺകുട്ടിയാക്കി മാറ്റി'' എന്ന്.

സിമോൺ ദി ബോവേയുടെ കത്ത് വായിച്ച ഇതേ സാർത്തർ പിന്നീട് സൈക്കിളിങ്ങിൽ കണ്ടെത്തുന്ന മനോഹരമായ തത്വചിന്ത ഇപ്രകാരമാണ്.

“handing over a banknote is enough to make a bicycle belong to me, but my entire life is needed to realise this possession“

ഒരു സൈക്കിൾ സ്വന്തമാക്കാൻ ഒരു ബ്ലാങ്ക് ചെക്ക് നീട്ടേണ്ട കാര്യമേയുള്ളൂ പക്ഷേ അത് തന്റെ ജീവിതത്തിന്റെ, ശരീരത്തിന്റെ, പേശികളുടെ ഭാഗമായി മാറാൻ ഏറെകാലത്തെ അധ്വാനം വേണ്ടി വരും. കൈവശം വയ്ക്കലും സ്വന്തമാക്കലും തന്നിലേക്ക് സ്വാംശീകരിക്കലും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണെന്ന് സാർത്തർ സൈക്കിളുകളെ മുൻനിർത്തി പറഞ്ഞു വയ്ക്കുന്നു. പല കുറി വീണ്, മുട്ടുപൊട്ടി ചോരയൊലിപ്പിച്ച ശേഷമാവും നാം സൈക്കിളിന്റെ ഇരുചക്രങ്ങളെ മനസ്സിന്റെ ഏതോ ഒരു ബിന്ദുവിൽ കോർത്തു നിർത്താൻ പഠിക്കുന്നത്. പിന്നിൽ നിന്നും കൂട്ടുകാരനോ ചേച്ചിയോ കൈ പിൻവലിച്ചതറിയാതെ നമ്മൾ മുന്നിലേക്ക് ചവിട്ടി നീങ്ങുന്നു. ഏതോ ഒരു നിമിഷത്തിലായി നമ്മുടെ ഭാരത്തെ അപ്പാടെ ഇരുചക്രങ്ങളുടെ നടുവിലേക്ക് കേന്ദ്രീകരിക്കാൻ കണക്ക് കൂട്ടലുകളൊന്നും അറിയാത്ത നമ്മുടെ തലച്ചോറ് പഠിക്കുന്നു.

നിലവിൽ സൈക്കിൾ എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് സർവകലാശാല വിദ്യാർഥികളുടെയോ യൂണിവേഴ്സിറ്റി പ്രൊഫസർമാരുടെയോ ഒന്നും ചിത്രമല്ല മനസിലേക്ക് വരുക പകരം പത്രക്കാരൻ, പാൽക്കാരൻ, മീൻകാരൻ എന്നിങ്ങനെ നീളുകയാണ് ആ നിര.

ചെറുപ്പത്തിൽ അമ്മ എതിർത്ത കൊണ്ട് സൈക്കിൾ പഠനം ഉപേക്ഷിക്കേണ്ടി വന്ന സിമോൺ ദി ബുവേ മുപ്പത്തി രണ്ടാം വയസ്സിലാണ് സൈക്കിളോടിക്കാൻ പഠിച്ചത് എന്ന് പറഞ്ഞല്ലോ. എന്നാൽ മുപ്പത് കഴിഞ്ഞ ഒരു സ്ത്രീ സൈക്കിൾ ചവിട്ടാൻ പഠിക്കുക എന്നത് ഇന്നത്തെ കേരളീയ പശ്ചാത്തലത്തിൽ പോലും അല്പം കൗതുകകരവും അസ്വാഭാവികവുമാണ്. സ്കൂട്ടികളും കാറുകളും കേരളീയ സ്ത്രീ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് തന്നെ അധികം കാലമായിട്ടില്ല. വിക്ടോറിയൻ കാലം മുതൽക്ക്‌ തന്നെ സൈക്കിളിങ് സംസ്കാരത്തിന്റെ ഭാഗമായി തീർന്ന ബ്രിട്ടീഷുകാർ ഏതാണ്ട് 1890 കാലഘട്ടം മുതൽക്ക്‌ സൈക്കിൾ സവാരി ഇന്ത്യക്കാർക്ക് സുപരിചിതമാക്കി തീർത്തിട്ടുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരുടെ ഭാര്യമാരുമൊക്കെ ബ്രിട്ടീഷ് ഇന്ത്യയിൽ സൈക്കിൾ സവാരി നടത്തിയിരുന്ന ചിത്രങ്ങൾ ബ്രിട്ടീഷ് അർക്കൈവിൽ കാണാം.

1920-ഓടെ ബിഎസ്എ പോലുള്ള ബ്രിട്ടീഷ് സൈക്കിൾ കമ്പനികൾ കൽക്കട്ട, മദ്രാസ് പോലുള്ള പട്ടണങ്ങളിൽ സൈക്കിൾ വില്പന തുടങ്ങിയിരുന്നു. പിന്നീട് ഏറെക്കാലം ഇന്ത്യയിലെ സാധാരണക്കാരുടെ വാഹനമായിരുന്ന സൈക്കിൾ 1990 കളുടെ അവസാനം ബജാജ് പോലുള്ള സ്കൂട്ടറുകളുടെ വരവോടെ ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സ്റ്റാറ്റസ് സിംബലുകൾക്ക് കുറച്ചിലായി മാറി. ഇന്ത്യൻ പൊതുസമൂഹത്തിൽ നിന്ന് സൈക്കിൾ സംസ്കാരത്തിന്റെ തിരസ്കരണം പൂർണ്ണമാകുന്നത് മാരുതി പോലുള്ള ഫാമിലി കാറുകളുടെ വരവോട് കൂടിയാണ്. സൈക്കിൾ കൂലി പണിയെടുക്കുന്നവർക്ക് യാത്രയ്ക്കായുള്ള അവസാന ആശ്രയമാണെന്ന നിലയിലൊരു ചിത്രം നാം വരും തലമുറകൾക്കും നൽകി.

ബ്രിട്ടന്റെ സൈക്കിളിങ് ക്യാപിറ്റൽ: കേംബ്രിഡ്ജ്
പൂച്ചയമ്മുമ്മ

ബസ്സുകൾക്കും ഓട്ടോറിക്ഷകൾക്കുമിടയിലൂടെ ജീവൻ പണയംവെച്ച് സൈക്കിളുന്തുന്ന മനുഷ്യരെ കാണുമ്പോൾ വെയിൽസ് പറഞ്ഞതിന് വിപരീതമായി ഭയമാണ് ഉള്ളിൽ നിറയുന്നത്. രാത്രി യാത്രകളിൽ ഇൻഡിക്കേറ്റർ സംവിധാനങ്ങളോ ഫ്ലാഷ് ലൈറ്റുകളോ ഒന്നുമില്ലാതെ റോഡിലൂടെ നീങ്ങുന്ന സൈക്കിൾ യാത്രക്കാർ ഒരു സ്ഥിരം കാഴ്ചയാണ്. സൈക്കിൾ സവാരിക്ക്‌ സുരക്ഷിതമായ നിലയിൽ റോഡുകൾക്ക് സമാന്തരമായി സൈക്കിൾ ലൈനുകൾ പണിത ഒരു മനോഹര സൈക്കിൾ നഗരം പോലും ഉയർത്തി കാട്ടാൻ ഇന്ത്യക്കില്ല എന്നത് ദയനീയമാണ്. വിജയ്‌യെ പോലുള്ള ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ ഇലക്ഷൻ പ്രചാരണത്തിന് എളിമയുടെ പ്രതീകമായി സൈക്കിൾ സവാരി നടത്തുമ്പോൾ മാത്രം നമ്മൾ അത് വൈറൽ വാർത്തയാക്കും. അതിനപ്പുറത്തേയ്ക്ക്‌ സൈക്കിളിങ്ങിന്റെ പാരിസ്ഥിതിക മൂല്യങ്ങളെ കുറിച്ചോ ആരോഗ്യഗുണങ്ങളെ കുറിച്ചോ ഒന്നും ചിന്തിക്കാൻ നമുക്ക് താല്പര്യമില്ല.

നിലവിൽ സൈക്കിൾ എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ നമുക്ക് സർവകലാശാല വിദ്യാർഥികളുടെയോ യൂണിവേഴ്സിറ്റി പ്രൊഫസർമാരുടെയോ ഒന്നും ചിത്രമല്ല മനസിലേക്ക് വരുക പകരം പത്രക്കാരൻ, പാൽക്കാരൻ, മീൻകാരൻ എന്നിങ്ങനെ നീളുകയാണ് ആ നിര. അതല്ലെങ്കിൽ പിന്നെ ഏതെങ്കിലും സർക്കസ്സിൽ അനേകായിരം പീഡകളോട് പൊരുത്തപ്പെട്ട്, നിസ്സഹായനായൊരു ആന തന്റെ വലിയ ശരീരം ചുരുക്കിയൊരു സൈക്കിൾ ചവിട്ടുമ്പോൾ നമുക്കൊരു പരിഹാസചിരിയോടെ ആ സൈക്കിൾ സവാരിയോട് ഐക്യപ്പെടാനാകും!

Madism Digital
madismdigital.com