

“cat granny,” “പൂച്ചയമ്മുമ്മ,” അങ്ങനെയായിരുന്നു ഞങ്ങൾ അവരെ വിളിച്ചിരുന്നത്. സ്ഥലം ഹെർട്ട്ഫോർഡ്ഷെയർ. അതെ സാക്ഷാൽ ജയിൻ ഓസ്റ്റൺ തന്റെ പ്രൈഡ് ആൻഡ് പ്രജിഡ്യൂസ്റ്റിൽ വിവരിക്കുന്ന അതെ ഹെർട്ട്ഫോർഡ്ഷെയർ. അവിടെ ചെറിമരങ്ങൾ ഇരുവശവും നിരന്ന കോംബി റോഡിലെ ഞങ്ങളുടെ പതിനഞ്ചാം നമ്പർ വീടിന്റെ തൊട്ടരികിലായിരുന്നു റോസ്-കെന്റ് ബ്രിട്ടീഷ് ദമ്പതിമാരുടെ വീട്. അവരുടെ വീട്ടിലെ നിത്യസന്ദർശകരായ തക്കുടുമണികളായ പൂച്ചകളെ ഞാൻ ശ്രദ്ധിക്കാൻ കാര്യം എന്നോട് സ്വതവേയുള്ള അവരുടെ പുച്ഛഭാവമാണ്. അല്പം പാലിനോ മീൻ കഷ്ണത്തിനോ ഓടി വരുന്ന നാട്ടിലെ പൂച്ചകളെ കണ്ട് ശീലിച്ച എനിക്ക് ഇവരുടെ ആത്മാഭിമാനം തീർത്തും അഹമ്മതിയായാണ് അനുഭവപ്പെട്ടത്.
ഒരു ദിവസത്തെ സൗഹൃദ സംഭാഷണത്തിലാണ് അറിയുന്നത് എന്റെ അയൽവാസികളെ സന്ദർശിക്കുന്ന പൂച്ചകൾ അവരുടെ ബന്ധുവായ ഹിലരിയുടെ പത്തോളം വരുന്ന പൂച്ച സംഘത്തിൽ പെട്ടവരാണെന്ന്.
ഞങ്ങൾ താമസിക്കുന്ന കോംബി റോഡ് അവസാനിക്കുന്നെടത്തായുള്ളൊരു വലിയ വീട്ടിൽ പത്തോളം പൂച്ചകളും നാലു നായ്ക്കുട്ടിക്കളുമായി ഏകാന്തവാസത്തിലേർപ്പെട്ട ഹിലരി എന്ന എഴുപത്തിയെട്ട് കടന്ന ബ്രിട്ടീഷ് വനിത എന്റെ കൗതുകമുണർത്താൻ തുടങ്ങിയത് ഒരു വസന്തകാലം മുതൽക്കാണ്.
ട്യൂലിപ്പും ഡാഫോഡിൽസും ലൈലാകവുമൊക്കെ നിറഞ്ഞ വലിയൊരു തോട്ടത്തിന് നടുവിൽ ഗാർഡനിങ്ങിൽ മുഴുകിയിരിക്കാറുള്ള ഹിലരിയെ ഇടക്കൊക്കെ കൈവീശി കാട്ടിയും ഗുഡ് മോർണിങ് പറഞ്ഞും സൗഹൃദത്തിലെത്തിക്കാൻ ഏറെനാളുകൾ വേണ്ടിവന്നു. സൗഹൃദപ്പെട്ടു പോയ എന്നെ വൈകുന്നേരത്തെ ചായ സൽക്കാരങ്ങൾക്ക് ഹിലരി ക്ഷണിച്ചു തുടങ്ങിയതോടെ ഞാൻ എത്തിപ്പെട്ടത്, ഹിലരി മുതൽ വാൽമ വരെ നീളുന്ന എഴുപതുകൾ താണ്ടിയ ബ്രിട്ടീഷ് സ്ത്രീകളുടെ സൗഹൃദവലയത്തിലേക്കാണ്. ബിസ്‌ക്കറ്റോ റസ്ക്കോ കൂട്ടു പോരുന്ന ഈ ഗ്രാനിമാരുടെ “ടീ ടൈം” എത്ര സ്ഫോടനാത്മകമാണെന്ന് എനിക്ക് മനസിലായത് അവർ ആ ചായക്കോപ്പകളിലായി നിറക്കുന്ന ധീരമായ കാഴ്ചപാടുകളുടെ കൊടുംങ്കാറ്റ് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ്.
വൈകാരികമായി ഒട്ടും സ്വയം വെളുപ്പെടുത്താത്ത മാതാമഹികളെ കണ്ട് വളർന്ന എന്നോട് തന്റെ മൂന്ന് മുന്‍ ഭർത്താക്കന്മാരോടായി ജീവിതത്തിന്റെ മൂന്നു നിർണായക നിമിഷങ്ങളിലായി ബൈ പറഞ്ഞ അനുഭവം പങ്കുവച്ചു ചിരിച്ച ശേഷം ഹിലരി പറഞ്ഞ വാക്കുകൾ ഇതായിരുന്നു:
തെറ്റായൊരു ബന്ധത്തിലാകുന്നതിലും നല്ലത് ഏകാന്തമായൊരു ഫ്ലാറ്റും നാലു നായ്ക്കുട്ടികളുമാണെന്ന് ഹിലരി പറഞ്ഞ നിമിഷം എനിക്ക് മുന്നിലായി ലണ്ടനിലും കേംബ്രിഡ്ജിലുമായി കണ്ട ഏകാകികളും ധീരകളുമായ സ്ത്രീകൾ മുഴുവനും കണ്ണിചേർന്നു. കൺവെൻഷനലായൊരു വിവാഹബന്ധത്തിന് വെളിയിലായി, കുടുംബശിഖരങ്ങളിലിടംപെടാതെ, തീർത്തും ഏകവും അരക്ഷിതവുമായ നിലയിൽ എന്നെ പെറ്റു പോറ്റിയ അമ്മയെയാണ് ആദ്യം ഓർത്തത്. 'സിംഗിൾ മദർ' എന്ന വാക്കിന് മലയാളപദം പോലുമില്ലല്ലോ എന്നും!
ഇംഗ്ലണ്ടിൽ സിംഗിൾ മദറായും അവിവാഹിതയായും ഡിവോഴ്സിയായും ജിപ്സിയായുമൊക്കെ ജീവിക്കുക എത്ര “സ്വാഭാവികമാണ്“ എന്നത് നമ്മുടെ സമൂഹത്തെ പറഞ്ഞു മനസിലാക്കുക അന്ധനെ ആകാശനീലനിറം അനുഭവപ്പെടുത്തുന്ന പോലെയാണ്. ഒരു സ്ത്രീയെ അവരുടെ അടിസ്ഥാനവ്യക്തിത്വ നിർമ്മിതിക്ക് പോലും അനുവദിക്കാത്ത നിലയിൽ വിവാഹം എന്ന വ്യവസ്ഥിയിലേക്ക് കുറെ സ്ത്രീധനവും കൈയിൽ പിടിപ്പിച്ചു ഇപ്പോഴും തള്ളിവിട്ടു കൊണ്ടിരിക്കുന്നൊരു സമൂഹത്തോട് ഹിലാരിയും അവരുടെ എൺപതു കടന്ന പെൺസുഹൃത്തുക്കളും ഒരു ടീ ടേബിളിന് ചുറ്റുമിരുന്ന് ആഫ്രിക്കൻ യാത്രയെ കുറിച്ച് ചർച്ച ചെയ്യുന്നെന്ന് പറയുന്നത് തന്നെ കൗതുക വാർത്തയാണ്.
വിവാഹം വേണ്ടെന്ന് അഭിനേത്രി ഐശ്വര്യ ലക്ഷ്മിയും കുട്ടികൾ വേണ്ടെന്ന് ബാക്ക് പാക്കർ അരുണിമയും പറയുന്നത് നമുക്ക് ഓൺലൈൻ ന്യൂസ് ആകുന്നതും, സ്ത്രീ ജീവിതം ഒരു കൺവെൻഷണൽ ടെംപ്ലേറ്റ് വിട്ട് കാണാനുള്ള സഹിഷ്ണുത നമ്മുടെ സമൂഹത്തിനില്ലാത്തത് കൊണ്ടാണ്. നമ്മുടെ സാംസ്‌കാരികതയുടെ ഭാരം മുഴുവൻ സ്ത്രീ ജീവിതത്തിന്റെ ഗതിവിഗതികളിലാണല്ലോ ഞാന്ന് കിടക്കുന്നത്.!
പഠനം പൂർത്തിയാക്കുക, സ്വന്തമായ സാമൂഹിക-സാമ്പത്തിക വ്യക്തിത്വം കണ്ടെത്തുക, യാത്രകളിലൂടെയും കമ്മ്യൂണിറ്റി ലിവിങിലൂടെയും സ്വന്തം വ്യക്തിത്വത്തിന്റെ വ്യത്യസ്തകൾ മനസിലാക്കുക എന്നിങ്ങനെയുള്ളവയ്ക്ക് വേണ്ട സമയം പെൺകുട്ടികൾക്ക് ജീവിതത്തിന്റെ തുടക്കത്തിൽ കിട്ടേണ്ടതുണ്ട് എന്ന ആശയത്തെ ഒരു സാംസ്കാരികമൂല്യച്യുതിയായോ പാശ്ചാത്യസംസ്കാരസ്വാധീനമായോ കാണേണ്ട കാലം കടന്നിരിക്കുന്നു എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നത്തെ ഈ മത്സരം നിറഞ്ഞ ലോകത്തിൽ ഈ പറഞ്ഞ സാമൂഹിക-സാമ്പത്തിക വികാസത്തിലേക്ക് ഒരു പെൺകുട്ടി എത്തിപ്പെടാൻ വേണ്ട കാലയളവ് ഒരു പക്ഷെ മുപ്പതൊ മുപ്പത്തഞ്ചോ ചിലപ്പോൾ നാല്പതൊ വയസാകാം. ഇവിടെയാണ് സ്ത്രീയുടെ ബയോളജിക്കലായ അസ്തിത്വത്തെ സമൂഹം ചോദ്യം ചെയ്തു തുടങ്ങുന്നത്. ഇത്രയും വയസ്സ് വരെ സാമൂഹിക-സാമ്പത്തിക വികാസം മാത്രം മുൻ നിർത്തി സ്ത്രീ സമൂഹം നീങ്ങി തുടങ്ങിയാൽ വിവാഹം, കുട്ടികൾ, അടുത്ത തലമുറ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളിൽ വൻ അട്ടിമറിയുണ്ടാകുമെന്നും യൂറോപ്പിലൊക്കെ കുറഞ്ഞുവരുന്ന ജനനനിരക്ക് അപകടമായ പ്രവണതയാണെന്നുമൊക്കെ വാദിക്കുന്നവരെ കാണാം.
“Capstone marriages Vs cornerstone marriages” എന്ന വിഷയത്തിലായി കേംബ്രിഡ്ജിലൊരു ചർച്ച നടന്നിരുന്നതാണ് ഓർമ്മ വരുന്നത്. “Cornerstone marriage” അല്ലെങ്കിൽ “first together” എന്ന വിവാഹാശയം എന്തെന്നാൽ ഇരുപതുകളിൽ തന്നെ വിവാഹം ചെയ്ത ശേഷം ഇരുവരും ഒന്നായി ചേർന്ന് അവരുടെ ഐഡന്റിറ്റി കണ്ടെത്തുക. “വിവാഹം കഴിഞ്ഞും പഠിക്കാമല്ലോ” ടൈപ്പ് കെണികൾ സാധാരണ വീട്ടുകാർ നിരത്താറുള്ള ഈ രീതിയാണ് നമ്മുടെ നാട്ടിലെ കാലങ്ങളായുള്ള കീഴ്വഴക്കം. “Capstone marriage” എന്നതിൽ പങ്കാളികൾ അവരവരുടെ വ്യക്തിത്വം, കരിയർ എന്നതിന്റെ ഏറ്റവും പരിപൂർണ്ണതയിലെത്തിയ ശേഷം അനുയോജ്യമായൊരു സഹവർത്തിത്വത്തിലേക്ക് നീങ്ങുന്നതാണ്.
“I‘d rather keep my eggs frozen in the fertility unit than beg my kid's dad a penny for my bun”
മുകളിൽ പറഞ്ഞ സംവാദത്തിൽ ഒരു പെൺകുട്ടി പറഞ്ഞത്
"എന്റെ അന്നത്തിന് വേണ്ടി എന്റെ കുട്ടികളുടെ അച്ഛനോട് കെഞ്ചുന്നതിനെക്കാൾ എന്റെ അണ്ഡം ഏതെങ്കിലും ഫെർട്ടിലിറ്റി യൂണിറ്റിൽ ഉറഞ്ഞു കിടന്നോട്ടെയെന്ന് ഞാൻ വയ്ക്കും!!!"
വിവാഹത്തിനുള്ളിൽ പെട്ടു കഴിഞ്ഞാലുള്ള “claustrophobic” ആയ അവസ്ഥയെയും ആ വ്യവസ്ഥയുടെ ഫ്ലക്സിബിലിറ്റിയില്ലായ്‌മയും ഇന്നത്തെ തലമുറ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് "Coexistence," "ലിവിങ്ടുഗെതർ," "കമ്മ്യൂണിറ്റി ലിവിങ്," "സിറ്റുവേഷൻഷിപ്പ്," "ട്രാവൽ മേറ്റ്സ്," എന്ന് തുടങ്ങി വിവാഹേതര ആൺ-പെൺ സഹവർത്തിത്വങ്ങൾക്ക് പ്രചാരം കൂടുന്നത്. “Never getting married“ ട്രെൻഡ്/ഹാഷ്ടാഗ് ക്യാമ്പയിൻ വരെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നവ സംസാരിക്കുന്നത് പുതുതലമുറയുടെ സാമൂഹിക ജീവിതത്തെ പ്രതി മാറിവരുന്ന കാഴ്ചപാടുകളാണ്.
വിവാഹം, കുടുംബം എന്നതിന്റെ നരവംശശാസ്ത്രപരമായ ഘടകങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളിൽ വന്നിട്ടുള്ള മാറ്റം സമൂഹം വേണ്ട വണ്ണം അഡ്രസ്സ് ചെയ്യുന്നില്ല. മൊബൈലോ സിസിടിവികളോ ഇല്ലാതിരുന്നൊരു കാലം സ്ത്രീസമൂഹം സ്വരക്ഷയും സുരക്ഷിതത്വവും അതായത് ”safety needs“ ആണ് അവരുടെ നിലനിൽപ്പിന്റെ ആണിക്കല്ലായി കണ്ടത്. ഒരു പുരുഷന്റെ സംരക്ഷണം നേടുക എന്നത് വലിയൊരു അതിജീവനമാർഗ്ഗമായി (survival task) കണ്ടിരുന്ന കാലഘട്ടം മാറി കഴിഞ്ഞു. ഇന്ന് സാമൂഹികമായും സാമ്പത്തികമായും സ്വതന്ത്രയായ സ്ത്രീയ്ക്ക് വേണ്ടത് വൈകാരികമായ പിന്തുണ നൽകുന്ന പങ്കാളിയെയാണ്. വൈകാരിക ബന്ധങ്ങളിൽ പോലും “ഞാൻ” എന്ന അവസ്ഥ നശിച്ചു പോകരുത് എന്ന അടിസ്ഥാന അസ്തിത്വപ്രശ്നം ഇന്നത്തെ തലമുറയെ അലട്ടുന്നുണ്ട്. വൈകാരിക ബന്ധങ്ങളിൽ പെട്ട് ബലഹീനമായി പോകുന്ന അവസ്ഥയെ ഇന്നത്തെ സ്ത്രീ സമൂഹം ഭീതിയോടെയാണ് കാണുന്നത്. വൈകാരികപ്രശ്നങ്ങൾ കൊണ്ട് മാത്രം പ്രണയവിവാഹബന്ധങ്ങളിൽ കുടുങ്ങി പോകുന്ന പെൺകുട്ടികൾക്ക് വേണ്ടി ഇന്ന് നടക്കുന്ന “self love,” “me time,” “date yourself,” “delete feelings,” ക്യാമ്പയിനുകളും സ്ത്രീയുടെ സ്വതന്ത്രമായ നിലനിൽപ്പിനെയാണ് സൂചിപ്പിക്കുന്നത്. “join sigma female clubs” പോലുള്ള ട്രെൻഡുകൾ യൂറോപ്പ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത് കാണാം.
“Don't date your loneliness”
മാഞ്ചസ്റ്ററിലെ ഒരു ചുവരിലെ നോട്ടീസിൽ കണ്ടതാണ്. നിങ്ങൾ ഒറ്റയ്ക്കാണെന്ന് കരുതി തെറ്റായ ഒരു ബന്ധത്തിലേക്ക് പോകാതിരിക്കൂ എന്നത് ഇന്നത്തെ കാലത്തെ സ്ത്രീ ബന്ധങ്ങളെ റീഫ്രെയിം ചെയ്യാൻ സമൂഹത്തോട് ആവശ്യപെടുന്നതിന്റെ ടാഗ് ലൈൻ കൂടിയാണ്. മുപ്പത്തിയാറ് വയസുള്ള ജെന്നിഫർ എന്ന എന്റെ ഐറിഷുകാരി കൂട്ടുകാരിയോട് ഞാൻ ഒരിക്കൽ ചോദിക്കയുണ്ടായി “നിനക്ക് നിരവധി ആൺ സുഹൃത്തുക്കളുണ്ടല്ലോ. ഏതെങ്കിലും ഒരാളെ വിവാഹം ചെയ്ത് കൂടെ?”
അവളുടെ ഉത്തരമായിരുന്നു ഗംഭീരം:
“ya…I have many friends…but no one makes sense for a marriage”
കൃത്യമായ ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ “സുഹൃത്തുക്കൾ നിരവധിയുണ്ട് എന്നാൽ വിവാഹത്തിലേക്ക് പോകാനുള്ള ആ “സെൻസ്” ആരിലും എനിക്ക് വർക്ക് ഔട്ടായില്ല“ എന്ന്!
മുപ്പത്തിയഞ്ചാം വയസ്സിൽ, കുടുംബത്തിന്റെ പിന്തുണയോടു കൂടി, ഒരു സമൂഹത്തിൽ തികച്ചും സ്വാഭാവികമായി ഒരു പെൺകുട്ടിക്ക് ഇത് പറയാൻ സാധിക്കുക എളുപ്പമല്ല. ഇങ്ങനെ പറയാൻ അവൾക്ക് ഇടം വേണ്ടുവോളമുള്ള ഒരു സമൂഹം യൂറോപ്പിൽ വളർന്നുവന്ന വ്യക്തമായ നാൾവഴികളുണ്ട്. അവിവാഹിതരും, ഡിവോഴ്സികളും, സിംഗിൾ മദർസും, യാത്രികരും, സന്യാസിനികളും, ബഹുഭർതൃമതികളും, ജിപ്സികളും, അവധൂതരും, എന്ന് വേണ്ട വൈവിദ്ധ്യം നിറഞ്ഞ എല്ലാതരം സ്ത്രീ ജീവിതങ്ങളെയും മുൻവിധികളില്ലാതെ സ്വാഭാവികമായി ഉൾകൊള്ളാൻ കഴിയുന്ന ഒരു സമൂഹമായി മലയാളി സമൂഹം വളരുന്ന കാലം മാത്രമേ നമുക്ക് നമ്മുടെ പെൺമക്കൾക്ക് പൂർണ്ണ വ്യക്തിത്വ വികാസത്തിലേക്ക് എത്തി ചേരാനും, വ്യത്യസ്ത സ്ത്രീ ജീവിതങ്ങളുടെ നിരവധി സാധ്യതകൾ നീട്ടാനും കഴിയുകയുള്ളൂ!
ഏതായാലും വേനലാകാറായതുകൊണ്ട് ലണ്ടനിൽ ഹിലരിയും കൂട്ടുകാരും ഒരുപക്ഷെ കടൽത്തീരങ്ങളിലേക്ക് യാത്ര പോകുന്നത് ചർച്ച ചെയ്യുന്നുണ്ടാകും. നിറം കലർന്ന സ്റ്റൈലൻ ബിക്കിനികൾ വാങ്ങുന്നുണ്ടാകും. ചെവിയിൽ ചിപ്പ് പിടിപ്പിച്ച ഹിലരിയുടെ പൂച്ചകൾ ഹെർട്ട് ഫോർട്ട് ഷെയറിലൂടെ അഹങ്കാരത്തോടെയോടുന്നുണ്ടാകും. അതേസമയം നാട്ടിലൊരമ്മ മകളുടെ വിവാഹത്തിലേക്കായി അവളുടെ ജന്മദിനം മുതൽ സ്വർണ്ണം വാങ്ങി സൂക്ഷിച്ചു തുടങ്ങുന്നുണ്ടാകും. മറ്റൊരിടത്ത് ഭർത്താവിന്റെ തല്ല് കൊണ്ട് വന്നൊരു പെൺകുട്ടിയോട് കുടുംബം, ‘സാരമില്ല’ ഇതൊക്കെ നാട്ടു നടപ്പാണെന്ന് പറഞ്ഞു ബോധിപ്പിക്കയാവാം…!
സിമോൻ ദി ബുവേയുടെ വാക്കുകൾ ഓർത്തു കൊണ്ട് വനിതാദിനാശംസകളോടെ നിർത്തുന്നു:
"One is not born, but rather becomes, a woman" -The Second Sex, 1949