ലണ്ടൻ പ്രൈഡ്!

ഒട്ടുമിക്ക ട്രാൻസ് വ്യക്തികൾക്കും അവരുടെ ആന്തരികപ്രശ്നങ്ങൾ തുറന്നു പറയാൻ മാതാപിതാക്കളുടെ പിൻതുണ ലഭിക്കുന്നില്ല എന്നത് നമ്മുടെ നാട്ടിലെ വേദനാജനകമായ അവസ്ഥയാണ്
ലണ്ടൻ പ്രൈഡ്!
Published on

ഞാൻ ജോലി ചെയ്യുന്ന കേംബ്രിഡ്ജ് ഹോസ്പിറ്റലിൽ ഏതാനം മാസങ്ങൾക്ക് മുൻപ് നടന്ന അങ്ങേയറ്റം കൗതുകമുള്ളൊരു സന്തോഷത്തിന് സാക്ഷിയായത് ഇന്ന് ഓർക്കാനിടയായി. സർജറിയും ഹോർമോൺ തെറാപ്പിയുമൊക്കെ കഴിഞ്ഞു നീണ്ട മെഡിക്കൽ ലീവിന് ശേഷം ജോലിയിൽ തിരിച്ചു ജോയിൻ ചെയ്ത ഞങ്ങളുടെ സുഹൃത്ത് കേയ്ടി എന്ന ട്രാൻസ് വുമണിനെ സ്ത്രീകളുടെ ചെയിഞ്ചിംഗ് റൂമിലേക്ക് പൂക്കളും സമ്മാനങ്ങളുമായി സ്വാഗതം ചെയ്ത സന്തോഷം അപ്രതീക്ഷിതമായി ഇന്ന് ഓർക്കാൻ കാരണം ഇന്ത്യയിൽ നടക്കുന്ന ട്രാൻസ് കമ്മ്യൂണിറ്റിയുടെ സമരവാർത്തകളാണ്.

നമ്മുടെ സമൂഹം “gender fluidity” എന്ന ആശയത്തെ ഉൾക്കൊണ്ട്‌ സ്വയം പരിഷ്കരിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്ന് വ്യക്തമാകുന്നത് ഇത്തരം സമരങ്ങൾക്ക് സാക്ഷിയാകുമ്പോഴാണ്.മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നൊരു വ്യക്തിയായിട്ട് പോലും എന്റെ “non binary beauty aesthetics” അഥവാ ലിംഗാതീതമായ സൗന്ദര്യബോധം കലാപരമായി ഉയർന്നത് ഇംഗ്ലണ്ടിൽ വന്നു,ഇവിടെയുള്ള പ്രൈഡ് പ്രോഗ്രാമുകളിൽ പങ്കെടുത്ത ശേഷമാണ്.ആറ്റിട്യൂട് മാഗസിൻ “Historic, inspired and unparalleled…one of the best international pride festivals” എന്ന് വിശേഷിപ്പിച്ച ലണ്ടൻ ബ്രയിറ്റൺ പ്രൈഡ് ഫെസ്റ്റിവൽ കാണാൻ സാധിച്ചതാണ് കഴിഞ്ഞ വർഷത്തെ എന്റെ ഏറ്റവും ഗംഭീര “പ്രൈഡ് മൊമെന്റ്”.

ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുമ്പോഴാണ് ഒരു “ഇന്റർസെക്സ്“ കുഞ്ഞിനെ ഞാൻ ആദ്യമായി അമ്മയിൽ നിന്ന് പൊക്കിൾകൊടി മുറിച്ചേറ്റു വാങ്ങുന്നത്. അന്ന് ആ കുഞ്ഞിനെ കണ്ടതുമുണ്ടായ ആ കുടുംബത്തിന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. നിശ്ചയമായും അവർ ആ കുഞ്ഞിനെ കളയുകയൊ കൊല്ലുകയൊ ചെയ്തേക്കും എന്ന് തോന്നിയിരുന്നു.

ഇത്രയും വർണ്ണാഭമായ,ബോൾഡായ,വൈകാരികമായൊരു ഫെസ്റ്റിവൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല.ബ്രയിറ്റണിന്റെ തെരുവുകൾ മുഴുവനും ആയിരകണക്കിന് മനുഷ്യരെയും അവരുടെ നിറങ്ങളാലും തിളങ്ങി.നൂറു കണക്കിന് ചാരിറ്റി ഗ്രൂപ്പ്സ്, വെൽഫയർ ഓർഗനൈസേഷനുകൾ,നാഷണൽ ഹെൽത്ത്‌ സർവീസ് പ്രതിനിധികൾ,ഫിലിം സ്റ്റാർസ്,എഴുത്തുകാർ എന്ന് വേണ്ട പ്രൈഡിന്റെ ഭാഗമായവരോടുള്ള സ്നേഹം കൊണ്ട് ഈ ഉത്സവത്തിലേക്കെത്തിയ ആയിരകണക്കിന് മനുഷ്യർ.അവരുടെ കൈകളിലെ പോസ്റ്ററുകളിൽ നിറഞ്ഞ വാചകങ്ങളിൽ മുഴുവൻ ഉപാധികളില്ലാത്ത സ്നേഹം!!!

കോട്സ്വാളിൽ നിന്ന് വന്ന ഒരു ബ്രിട്ടീഷ് ദമ്പതികൾ ഉയർത്തി പിടിച്ച പോസ്റ്ററിലെ വാചകം ഇതായിരുന്നു:

“We are here to celebrate the first pride march of our 16 year old son…and we find it more exciting than his baptism!!!”

“പതിനാറു വയസുള്ള ഞങ്ങളുടെ മകന്റെ ആദ്യ പ്രൈഡ് മാർച്ച്‌ ആഘോഷിക്കാൻ വന്നവരാണ് ഞങ്ങൾ…ഞങ്ങൾ ഇതിനെ അവന്റെ മാമോദിസയെക്കാൾ ആകാംഷയോടെ കാണുന്നു!!!”

എത്ര സ്‌ഫോടനാത്മകം!

നിറഞ്ഞ അഭിമാനത്തോടെ ആ അച്ഛനമ്മമാരെ നോക്കി നിന്ന് പോയി. മാനസികസംഘർഷത്താൽ പഠനം ഉപേക്ഷിച്ചു കുടുംബം വിട്ട് പോകാനിടയുണ്ടായിരുന്ന പ്രാണനെയാണ് ആ മാതാപിതാക്കൾ തങ്ങളുടെ മധ്യത്തിൽ കൈകൾ കോർത്തു പിടിച്ചൊരു “അഭിമാനം ജാഥ” യിൽ നടത്തിക്കുന്നത്.

മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ ടെബ്ലേറ്റുകളിൽ 90% വും ഡിസൈൻ ചെയ്തിരിക്കുന്നത് മതങ്ങളാണ്.ഒരേ അച്ചിൽ വാർത്ത പ്രതിമകൾ കണക്ക് മനുഷ്യർ മതാധിഷ്ഠിതമായി ഒരേ നിലയിൽ ജീവിച്ചു പോരുകയും സ്വന്തം പൂന്തോട്ടത്തിലെ പുൽചെടികൾ തങ്ങളുടെ ആഗ്രഹത്തിന് ഒപ്പിച്ചു ചെത്തി മിനുക്കി നിർത്തുന്ന കണക്ക് മക്കളെയും സാമൂഹികതലത്തിൽ അവരുടെ തന്നെ ക്ലോണുകളാക്കാനും നിരന്തരം ശ്രമിക്കുന്നു. തങ്ങൾ ആഗ്രഹിക്കാത്ത നിലയിലൊരു പിൻഗാമിയെ ക്രൂരമായി ഒറ്റപ്പെടുത്തുന്നു. ഒട്ടുമിക്ക ട്രാൻസ് വ്യക്തികൾക്കും അവരുടെ ആന്തരികപ്രശ്നങ്ങൾ തുറന്നു പറയാൻ മാതാപിതാക്കളുടെ പിൻതുണ ലഭിക്കുന്നില്ല എന്നത് നമ്മുടെ നാട്ടിലെ വേദനാജനകമായ അവസ്ഥയാണ്.

ലണ്ടൻ പ്രൈഡ്!
പൂച്ചയമ്മുമ്മ

ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുമ്പോഴാണ് ഒരു “ഇന്റർസെക്സ്“ കുഞ്ഞിനെ ഞാൻ ആദ്യമായി അമ്മയിൽ നിന്ന് പൊക്കിൾകൊടി മുറിച്ചേറ്റു വാങ്ങുന്നത്. അന്ന് ആ കുഞ്ഞിനെ കണ്ടതുമുണ്ടായ ആ കുടുംബത്തിന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.നിശ്ചയമായും അവർ ആ കുഞ്ഞിനെ കളയുകയൊ കൊല്ലുകയൊ ചെയ്തേക്കും എന്ന് തോന്നിയിരുന്നു. അത്ര മാത്രം നിരാശയോടെയാണ് അവർ ആ കുഞ്ഞിനെ നോക്കി കണ്ടത്.പിന്നീട് അറിയാൻ കഴിഞ്ഞത് ആ കുടുംബം ആ കുഞ്ഞിനെ ദൂരെ എവിടെയോ കൊണ്ട് പോയി കളഞ്ഞു എന്നാണ്.ബ്രിയിറ്റൺ പ്രൈഡ് മാർച്ചിൽ ഇന്റർസെക്സ് ഗ്രൂപ്പിൽ പെട്ട നിരവധി മനുഷ്യരെ കാണാൻ സാധിച്ചപ്പോൾ, ഉപേക്ഷിക്കപ്പെട്ട ആ നിസ്സഹായമായ കൈകുഞ്ഞിനെ ഓർമ്മ വന്നു. ഇന്ത്യയിൽ ജനിക്കുന്ന ഇന്റർസെക്സ് കുഞ്ഞുങ്ങളിൽ ഭൂരിഭാഗം പ്രാണനുകളും എത്തിചേരുന്നത് ഭിക്ഷക്കാരുടെ കൈകളിലേക്കോ ചവറ്റുകുട്ടകളിലേക്കോ ആണ്. ഇങ്ങനെ ഒരു കുഞ്ഞിനെ സമൂഹത്തിൽ തങ്ങളുടെതെന്ന് പരിചയപെടുത്തി, ജൻഡർ ന്യൂട്രലായ പേര് നൽകി,സ്കൂളിൽ ചേർത്ത് വളർത്താനുള്ള ധൈര്യമോ കാഴ്ചപ്പാടുകളൊ നമ്മുടെ സമൂഹത്തിലെ രക്ഷിതാക്കൾക്കില്ല. ഇന്റർസെക്സ് കുഞ്ഞുങ്ങളിൽ ജനനശേഷം നടത്താനിടയുള്ള മെഡിക്കൽ സർജറികളുടെ നൈതികവശങ്ങളെക്കുറിച്ച് വലിയൊരു വെളിപാട് തന്നെ എനിക്കുണ്ടായത് ലണ്ടൻ പ്രൈഡ് മാർച്ചിൽ വച്ചാണ്.ഒരു മനുഷ്യൻ ജനിക്കുമ്പോൾ സ്വന്തമാക്കുന്ന “sexual features” അഥവ ലിംഗപരമായ പ്രത്യേകതകൾ എന്നത് അവന്റെ സ്വത്വത്തിന്റെ അടിസ്ഥാനഘടകമായതിനാൽ അതിനെ ഇന്നുള്ള ശാസ്ത്രീയ സാമൂഹിക കാഴ്ചപ്പാടുകൾ കൊണ്ട് പരിമിതപെടുത്തേണ്ട ആവശ്യം തന്നെ ഇല്ല എന്ന് വാദിക്കുന്നവരായിരുന്നു അവിടെ ഭൂരിപക്ഷം. ഇത്തരം സവിശേഷതകളിലേക്ക് “മെഡിക്കൽ ഇന്റർവെൻഷൻസ്” അഥവ വൈദ്യശാസ്ത്രകടന്നുകയറ്റങ്ങൾ നടത്തുന്നതിനു പോലും കൃത്യമായ മാനദണ്ഡങ്ങൾ വേണ്ടതാണ്. മാഞ്ചസ്റ്ററിലെ ഒരു ദമ്പതികൾ അവരുടെ രണ്ടു വയസ്സ് പ്രായമായ ഇന്റർസെക്സ് കുഞ്ഞിനെയും കൊണ്ടാണ് പ്രൈഡ് മാർച്ചിലെക്ക് വന്നത്. അവർ ആ കുഞ്ഞിന് ഇട്ടിരിക്കുന്ന പേര് “Hope” എന്നാണ്.

പ്രതീക്ഷ!!

ആ കുഞ്ഞ് എങ്ങനെ ജനിച്ചോ അങ്ങനെ തന്നെ ഉൾകൊള്ളാനും ആ കുഞ്ഞിന്റെ “സ്പെഷ്യൽ ലൈഫ്” അങ്ങേയറ്റം സന്തോഷത്തോടെ ആഘോഷമാക്കാനും ഞങ്ങളൊപ്പമുണ്ടാകും എന്ന ഉറപ്പ് ആ കുഞ്ഞിന് കൊടുക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ കടമ എന്ന് പറയുകയാണ് ആ അച്ഛനമ്മമാർ. കുട്ടിയെ അനാവശ്യശസ്ത്രക്രിയകൾക്ക് വിധേയമാക്കി ഏതെങ്കിലുമൊരു ലിംഗബോധത്തിലേക്ക് തള്ളി വിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും അത് അവരുടെ മൗലികമായ ജീവിതത്തെ നിഷേധിക്കലാണെന്നും അവർ ആവർത്തിച്ചു പറഞ്ഞു. അവിടെ നിരന്ന ഉഭയലിംഗത്തിൽപ്പെട്ട നിരവധി മനുഷ്യരുമായി സംസാരിക്കാൻ കഴിഞ്ഞതിൽ നിന്ന് അവർ അവരുടെ ശാരീരികമായ അപൂർവതയെ എത്ര സൗന്ദര്യാത്മകവും കലാപരവുമായി കാണുന്നതെന്ന് അറിഞ്ഞു അഭിമാനം തോന്നി. ഒരു പ്രാണൻ തനിക്ക് ലഭിക്കുന്ന ശരീരത്തെയും അതിനുള്ളിലായി വളരുന്ന സൗന്ദര്യാത്മകഭാവുകത്വങ്ങളെയും എത്ര സങ്കോചരഹിതമായും ആനന്ദത്തോടെയും ഉൾകൊള്ളേണ്ടതുണ്ടെന്ന് ലണ്ടൻ പ്രൈഡ് മാർച്ച്‌ വ്യക്തമാക്കുന്നു.

ബ്രൈറ്റന്റെ കടലോരവീഥികളിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിലെ ഓരോ മനുഷ്യരും ഉയർത്തി പിടിച്ച വാക്കുകൾ കൗതുകത്തോടെ ഓടി നടന്നു വായിക്കാൻ തുടങ്ങിയ എനിക്ക് ഇടക്കൊക്കെ കണ്ണ് നിറഞ്ഞു. മകനുമായി ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ

78 വയസ്സുള്ള ഒരു സ്ത്രീയുടെ കാർഡിലെ വാചകം ഇതാണ്:

“I have never been a closet mom…I am proud of my gay son and his partner.!!! “

‘എനിക്കിപ്പോൾ രണ്ട് ആൺമക്കളുണ്ട്’ എന്ന് പറഞ്ഞു കൈയിലെ പ്രൈഡ് ഫ്ലാഗ് ഉലച്ചു പോയ ആ എഴുപതെട്ടുകാരിയുടെ കണ്ണുകളിലെ സന്തോഷം നിസ്സീമമായി സ്നേഹിക്കാൻ കഴിയുന്ന മനുഷ്യർക്കും മാത്രം സ്വന്തമായ ഒന്നാണ്.

റോബ്- ഹാരി ഗേ കപ്പിൾസ് ദത്തെടുത്ത വളർത്തുന്ന “ലക്കി” എന്ന പെൺകുട്ടിയുടെ കൈയിലെ കാർഡിലെ വാചകം ഇതായിരുന്നു :

“I am happy that I have two dads”

“രണ്ട് അച്ഛന്മാരുള്ളതിൽ ഞാൻ അഭിമാനിക്കുന്നു!“

ഇങ്ങനെയൊരു ബാനർ പിടിച്ചു നമ്മുടെ തെരുവീഥികളിൽ കൂടി തെറിവിളികൾ കേൾക്കാതെ ഒരു പെൺകുട്ടി കടന്നു പോകാൻ ഇനിയും എത്ര കാലങ്ങൾ വേണ്ടി വന്നേയ്ക്കും?? ഇന്ത്യയിൽ നിന്ന് വന്ന ഒരു സാധാരണപെൺകുട്ടി എന്ന നിലയിൽ ലണ്ടനിലെ പ്രൈഡ് പരേഡ് കണ്ട് എനിക്ക് അത്ഭുതമാണ് തോന്നിയത്. ഇൻക്ലൂസിവിറ്റി എന്ന പോയന്റിലേക്ക് ഒരു ജനതയെ മുഴുവൻ കൊണ്ട് വരാൻ ഉപാധികളില്ലാതെ സ്നേഹിക്കാൻ കഴിയുന്ന എത്രയെത്ര മനുഷ്യരുടെ നിറങ്ങളാണ് വേണ്ടി വരുക!

പ്രൈഡ് ഗ്രൂപ്പ്‌ മെമ്പർമാരായ മനുഷ്യരുമായി സംസാരിക്കാൻ സാധിച്ചപ്പോഴാണ് അവരൊക്കെ മാനസികമായും ശാരീരികമായും എത്ര ആരോഗ്യപരമായാണ് അവരുടെ “inner truth” അഥവാ ആന്തരികസത്യത്തെ കണ്ടെത്തിയിരിക്കുന്നത് എന്ന് അറിയാൻ സാധിച്ചത്. പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്തെ ഒരു അനുഭവമാണ് ഓർമ്മ വരുന്നത്. ഒരു നൈറ്റ്‌ ഡ്യൂട്ടിയിൽ വല്ലാതെ ഉപദ്രവിക്കപ്പെട്ട്, അവശനിലയിലായൊരു മനുഷ്യനെ കാഷ്വാലിറ്റിയിൽ കൊണ്ട് വന്നു. മെഡിക്കൽ എക്സാമിനേഷന്റെയും മറ്റ്‌ ഹിസ്റ്ററി എടുക്കലിന്റെയും ഭാഗമായി ആ മനുഷ്യന്റെ കഥ കേൾക്കാനിടയായി.

താൻ ഒരു ട്രാൻസ് വുമൺ ആണെന്നും തന്റെ ജൻഡർ ഇഷ്യൂസ് കാരണം സ്കൂൾ തലം മുതൽ അതിഭീകരമായ അപമാനവും കളിയാക്കലും അനുഭവിച്ചു പഠനം മുടങ്ങിയെന്നും വീട്ടുകാരിൽ നിന്ന് അസഹനീയമായ അപമാനം ഏറ്റുവാങ്ങി നാട് വിടേണ്ടി വന്നു എന്നൊക്കെയുള്ള കഥകൾ അവർ വിവരിച്ചു. ഇടി കൊണ്ട് ചുവന്ന അവരുടെ ഇടത്തെ കണ്ണിൽ അൽപ്പം നീര് കല്ലിച്ചു നിന്നതല്ലാതെ അവർ കരഞ്ഞതേയില്ല. ആരാണ് മർദ്ദിച്ചത് എന്ന് പറഞ്ഞതുമില്ല. കേസ് രജിസ്റ്റർ ചെയ്യാനും സമ്മതിച്ചില്ല. പുലരുന്നവരെ ഒബ്സെർവേഷനിൽ കഴിഞ്ഞ അവർ അതിരാവിലെ സെക്യൂരിറ്റി ചേട്ടന്മാരിൽ ഒരാൾ വാങ്ങി വന്ന ചായ കുടിച്ച ശേഷം പോകാനിറങ്ങി. ഡിസ്ചാർജ് പേപ്പറുകൾ കൊടുത്തു യാത്ര പറയുമ്പോൾ എന്റെ ഒപ്പമുള്ള മുത്തുലക്ഷ്മി എന്ന അസിസ്റ്റന്റ് ചേച്ചി ക്രൂരമായ അവരുടെ ജിജ്ഞാസ അടക്ക വയ്യാതെ ഒരിക്കൽ കൂടി അവരെ ആരാണ് രാത്രി ഉപദ്രവിച്ചത് എന്ന് ചോദിച്ചു.അത് വരെ കരയാത്ത അവരുടെ കണ്ണുകൾ നിറഞ്ഞു. സാരി തലപ്പ് കൊണ്ട് കണ്ണീർ തുടച്ചു കൊണ്ട് അവർ ഉത്തരം പറഞ്ഞു: “എന്റെ കാമുകൻ!!”

ശേഷമുള്ള വാക്കുകളാണ് അതിലും വേദനിപ്പിച്ചത് :”ദേഷ്യം വരുമ്പോൾ ഉപദ്രവിക്കുമെങ്കിലും എന്റെ കാശ് മുഴുവൻ കൊണ്ട് പോകുമെങ്കിലും അവൻ എന്നെ പ്രണയിക്കുന്നുണ്ട്. അത് മതി!”

പറഞ്ഞു മുഴുമിപ്പിക്കുമ്പോൾ അവരുടെ കനത്ത ശബ്ദം നേർത്ത് വന്നു.കണ്ണുകളിൽ ദയനീയമായൊരു സ്ത്രൈണത നിറഞ്ഞു. ഒറ്റയ്ക്ക് അവർ റോഡിലേക്കിറങ്ങി നടക്കുന്ന കാഴ്ച്ചയാണ് ബ്രയിറ്റന്റെ പ്രൈഡ് പരേഡിന്റെ ഇടയിലും ഉള്ളിൽ കരിന്തിരി കത്തി പുകഞ്ഞത്. ബ്രയിറ്റണിൽ ഞാൻ കണ്ട മനുഷ്യരിലെ ആത്മവിശ്വാസം,വലിയൊരു കമ്മ്യൂണിറ്റിയുടെ ഭാഗമായതിന്റെ ധൈര്യം പോണ്ടിച്ചേരിയിലെ ഗ്രാമത്തിൽ നിന്ന് പഠനം പൂർത്തിയാക്കാതെ ഓടി പോയ ആ മനുഷ്യനുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അവർ കുറച്ചു കൂടി ഭേദപ്പെട്ട ജീവിതം നയിക്കുമായിരുന്നു!!

ഒരു വ്യക്തിയിൽ ജൻഡർ ഐഡന്റിറ്റി പ്രതിസന്ധികളുണ്ടെങ്കിൽ അത് പ്രകടമായി തുടങ്ങുന്ന അവരുടെ സ്കൂൾ, കോളേജ് കാലങ്ങൾ കൃത്യമായി മാനേജ് ചെയ്യാനുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിലുണ്ടോ എന്ന് വിലയിരുത്തപെടേണ്ടതുണ്ട്. ഇന്നും കുരുത്തക്കേട് കാട്ടുന്ന ആൺകുട്ടികളെ ശിക്ഷിക്കാനെന്നോണം പെൺകുട്ടികളുടെ ഇടയിൽ കൊണ്ടുപോയിരുത്തുന്ന നിലയിൽ “binary gender concept “ കൊണ്ട് നടക്കുന്ന സ്കൂളുകളാണ് നാട്ടിൽ അധികവും.ജൻഡർ എന്നത് ഒരു സ്‌പെക്ട്രമാണെന്നും ജൻഡർ ഫ്ലൂയിഡിറ്റി കൺസെപ്റ്റ് ഒക്കെ ഞങ്ങൾക്കും അറിയാമെന്നും മോഹൻലാലിന്റെ പരസ്യം കണ്ട ശേഷം പറയുന്ന അതേ സമൂഹമാണ് ട്രാൻസ് വ്യക്തികളുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ കേട്ടാൽ അറക്കുന്ന ലക്ഷകണക്കിന് കമന്റ്സ് വാരി വിതറുന്നത്. അവർക്കെതിരെയുള്ള സൈബർ ബുള്ളിയിങ് ശ്രദ്ധിച്ചാൽ എന്താണ് ക്യുർ കമ്മ്യൂണിറ്റി എന്ന് നമ്മുടെ നാട്ടുകാർക്ക് ഒരു ധാരണയുമില്ല എന്ന് മനസിലാകും.

ഒരു വ്യക്തിയുടെ സ്വത്വബോധം - അത് ശാരീരികമോ മാനസികമോ ലിംഗപരമോ- എന്ത് തന്നെ ആയിക്കോട്ടേ അതിൻ മേലുള്ള പരമാധികാരം ആ വ്യക്തിയുടേതാണ്. ഒരു വ്യക്തിയുടെ ഐഡന്റിറ്റി കേവലമൊരു ഫിസിക്കൽ എന്റിറ്റി മാത്രമല്ല. ശരീരം എന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തി സമൂഹത്തിൽ നിലനിൽക്കുന്നത്. ശരീരത്തിനുള്ളിലെ അവരുടെ ആന്തരികമായ പ്രകൃതിയിലെ സൂക്ഷ്മവ്യതിയാനങ്ങളെ വരെ സ്വയം മനസിലാക്കാനും സമൂഹത്തിന്റെ കല്ലേറ് ഭയക്കാതെ അത് പ്രകടിപ്പിക്കാനുമുള്ള പൂർണ്ണസ്വാതന്ത്ര്യം മനുഷ്യർക്ക് നൽക്കാൻ കഴിയുക എന്നതാണ് മാനവികതയുടെ സത്തയറിയുന്ന ഒരു സമൂഹം ചെയ്യേണ്ടത്. ഇന്ത്യയുടെ പുതിയ ട്രാൻസ് ബില്ലിലേക്ക് വരുമ്പോഴുള്ള പ്രധാന ആശങ്ക ഇത്രയും സങ്കീർണ്ണമായൊരു മാനുഷികവിഷയത്തിൽ സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നതിന്റെ കാർക്കശ്യമാണ്. ഒരു വ്യക്തി അവരെ തന്നെ തിരിച്ചറിയുന്ന പ്രക്രിയയിൽ സ്റ്റേറ്റ് അതിന്റെ പരമാധികാരം വിനിയോഗിക്കുക എന്നത് തീർത്തും തെറ്റായ പ്രവണതയാണ്. ഇന്ത്യൻ സർക്കാരിന്റെ പുതിയ ട്രാൻസ് ബില്ലിലെ വ്യവസ്ഥകൾ പ്രകാരം സർക്കാർ നിർദ്ദേശിക്കുന്ന മെഡിക്കൽ ബോർഡിന് കീഴിൽ സ്വന്തം ഐഡന്റിറ്റി പരിശോധനയ്ക്ക് വച്ച് സർട്ടിഫിക്കറ്റ് വരുന്നതും കാത്തിരിക്കാൻ ഇത് രക്തത്തിലെ കൊളസ്ട്രോൾ പരിശോധനയല്ല. രണ്ട് മില്യണിലധികം ട്രാൻസ് ജൻഡർ മനുഷ്യർ ജീവിക്കുന്ന ഇന്ത്യയിൽ ജൻഡർ ഫ്ലൂയിഡിറ്റി ആശയം മെഡിക്കൽ ടെസ്റ്റുകളുടെ പാരാമീറ്ററുകൾക്കുള്ളിൽ നിന്ന് അളക്കാൻ നോക്കുന്ന സർക്കാരിനോട് ഒന്നേ പറയാനുള്ളു:

“മനുഷ്യന്റെ ആത്മാഭിമാനം അളന്നു സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ ഒരു മെഡിക്കൽ ബോർഡിനുമാവില്ല”

പ്രകാശത്തിന്റെ അടിസ്ഥാനഘടകം ഫോട്ടൊണുകളല്ല പകരം പ്രകാശം നിരവധി ഫ്രീക്വൻസികളുടെ ഒരു നിലക്കാത്ത പ്രവാഹമാണെന്ന് ശാസ്ത്രം തന്നെ മാറ്റി പറഞ്ഞ പോലെ മനുഷ്യന്റെ അസ്‌തിത്വത്തിന്റെ പരമമായ ഘടകം ശരീരം എന്ന യൂണിറ്റ് മാത്രമല്ല, മാനസികവും ആത്മീയവും സാമൂഹികവുമായ നിരവധി അടരുകൾ ചേർന്നൊരു ശ്രേണിയാണ്. ഒരു മനുഷ്യന്റെ ആന്തരികമായ സൗന്ദര്യബോധത്തെ, ലൈംഗികപരവും ഭോഗപരവുമായ അനുഭൂതിമണ്ഡലങ്ങളെ, വസ്ത്രധാരണരീതികളെ ഇണകളുടെ തിരഞ്ഞെടുപ്പിനെ എന്നിങ്ങനെ നീളുന്ന സർവ്വത്തിനെയും പൂർണ്ണവ്യാപ്തിയിൽ ഉൾകൊള്ളാൻ ഒരു സമൂഹത്തിനാവണം.ഒരു മനുഷ്യനിൽ തന്നെ പരിണാമത്തിന്റെ ശതകോടി ബഹുസ്ഫുരണങ്ങൾ അടിഞ്ഞു കൂടിയിട്ടുണ്ടെന്നുള്ള സത്യം നമുക്ക് നിഷേധിക്കാനാവില്ല. സർവ്വവിധ വൈചിത്രങ്ങളെയും എകീകൃതമാക്കാനും വരി തെറ്റിച്ചെഴുന്നു നിൽക്കുന്നവയെ നിഷ്കരുണം വെട്ടിയൊതുക്കി സമാനത കൈവരിക്കാനുമുള്ള ചിന്ത എന്നും അധികാരകേന്ദ്രങ്ങളുടെ വാസനകളിൽ പെട്ട ഒന്നാണ്. പക്ഷെ മനുഷ്യനെന്ന സ്ഫോടനാത്മക സംഗതിയെ അതിന്റെ ആന്തരികയാത്രകളിൽ നിന്നൊ,പരീക്ഷണങ്ങളിൽ നിന്നോ പിൻതിരിപ്പിക്കാനാവില്ല. അതിസങ്കീർണ്ണമായ അസ്‌തിത്വപീഡകളോടെ മനുഷ്യജീവിതം മുന്നേറുമ്പോൾ കേവലമായ ശാസ്ത്ര-നിയമ സമവാക്യങ്ങളിലൂടെ ആ മഹാസ്ഫോടനങ്ങളെ അടക്കി വയ്ക്കാനാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. നിസ്സീമമായി ഉപാധികളില്ലാതെ നമുക്ക് മനുഷ്യരെ ഉൾകൊള്ളാനും സ്നേഹിക്കാനും കഴിയുമ്പോഴല്ലേ നമ്മൾ മൃഗങ്ങളല്ലാതെയാകുന്നത്!!

English Summary: A reflective column on London Pride explores gender identity, inclusion, and contrasts with challenges faced by the trans and intersex community in India, highlighting the need for empathy and acceptance

Related Stories

No stories found.
Madism Digital
madismdigital.com