

'സംഗീതം എനിക്ക് ശ്വാസം പോലെയാണ്, ശ്വാസമില്ലെങ്കിൽ മനുഷ്യൻ മരിക്കും' എന്ന് പറഞ്ഞ ലോക പ്രശസ്ത ഗായികയാണ് ആശാ ഭോസ്ലേ. ആ വാക്കുകൾ പോലെ അവരുടെ ജീവന്റെ തുടിപ്പ് അവരുടെ ഗാനങ്ങളിലും ഉണ്ടായിരുന്നു. പുതു തലമുറയിലെ കുട്ടികളെയും ത്രസിപ്പിക്കുന്ന ശബ്ദ മാധുര്യമാണ് ആശയുടേത്. ക്ലാസ്സിക്കളാകട്ടെ, പോപ് സംഗീതമാകട്ടെ, റോക്ക് ആൻഡ് ഡിസ്കോ സ്റ്റൈൽ ആകട്ടെ, ഗസലാകട്ടെ, കാബറെയാകട്ടെ ഏത് ഗാനവും ആശയുടെ കൈകളിൽ ഭദ്രമായിരുന്നു. 9 ഭാഷകളിലായി 12000 ലധികം പാട്ടുകൾ പാടിയ ആശ, ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരികൂടെയാണ്.
കലാകാരന്മാരുടെ കുടുംബത്തിലെ കണ്ണിയായി ആശാ ഭോസ്ലേയുടെ ചലച്ചിത്ര സംഗീത ലോകത്തേക്കുള്ള കടന്നു വരവ് പത്താം വയസ്സിലായിരുന്നു. 1933 ൽ മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. പിതാവിൽ നിന്നും സംഗീതത്തിന്റെ ആദ്യക്ഷരം പഠിച്ച ആശയ്ക്ക് ഒമ്പത് വയസിൽ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് സഹോദരി ലത മങ്കേഷ്‌കറിനൊപ്പമാണ് ആശ ചലച്ചിത്ര സംഗീത ലോകത്തേക്കെത്തുന്നത്. ആലപിക്കുന്ന ഗാനങ്ങളിലൂടെ സഹോദരി ലതയുടെ ശബ്ദമായി താരതമ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും, ആശയുടെ ശബ്ദവും ഭാവവും വ്യത്യസ്തത പുലർത്തി.
ചലച്ചിത്ര ലോകത്തേക്കുള്ള എൻട്രി
1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്‌ബാല' എന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ചു. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിൽ ഗാനമാലപിച്ചിട്ടുണ്ടെങ്കിലും, 1948 ലിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്. പിന്നണി ഗായികയായി ബോളിവുഡിന്റെ സംഗീത ലോകത്ത് തിളങ്ങിയ ആശ, 1950കളോടെ തന്നെ സ്വന്തം സ്ഥാനം പിന്നണിഗാന രംഗത്ത് ഉറപ്പിച്ചിരുന്നു. പിന്നീടുള്ള മൂന്ന് ദശാബ്ദങ്ങളിൽ സംഗീതസംവിധായകർക്ക് പ്രിയപ്പെട്ട ഗായികയായി ആശ മാറി. ആദ്യകാലത്ത് കാബറെ ഗാനങ്ങളും നൃത്തഗാനങ്ങളും മാത്രം ആലപിച്ച ആശ, ഗസലുകളിലും ക്ലാസിക്കൽ ഗാനങ്ങളിലും തിളങ്ങി. 1981 ൽ പുറത്തിറങ്ങിയ 'ഉംറാവു ജാൻ' എന്ന ചിത്രത്തിലെ 'ദിൽ ചീസ് ക്യാ ഹായ്' പോലുള്ള ഗാനങ്ങൾ അതിന്റെ തെളിവായി ഇന്നും നിലനിൽക്കുന്നു. ആദ്യ ദേശീയ പുരസ്കാരം ആശയെ തേടിയെത്തുന്നത് ഈ ഗാനത്തിലൂടെയാണ്.
കൂട്ടുകെട്ടിൽ പിറന്ന ആശ മാജിക്കുകൾ
ഹിന്ദി സിനിമാസംഗീത ചരിത്രത്തിലെ ഏറ്റവും മനോഹരവും അവിസ്മരണീയവുമായ അധ്യായങ്ങളിലൊന്നാണ് ഒ.പി. നയ്യാർ - ആശാ ഭോസ്‌ലെ കൂട്ടുകെട്ട്. 1950-കളിൽ ആരംഭിച്ച് 1970 വരെ നീണ്ടുനിന്ന ഈ അവിസ്മരണീയ കൂട്ടുകെട്ട്, ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമായിരുന്നു. ആശയുടെ ശബ്ദത്തിലെ സവിശേഷമായ വൈവിധ്യവും ആലാപന ശൈലിയും കൃത്യമായി തിരിച്ചറിഞ്ഞ നയ്യാർ, ആ ശബ്ദത്തെ തന്റെ സംഗീത മാന്ത്രികതയിലൂടെ പുതിയ തലങ്ങളിലെത്തിച്ചു. 'ഹൗറ ബ്രിജ്', 'കശ്മീർ കി കലി', 'തുംസാ നഹി ദേഖാ' തുടങ്ങി കാലാതീതമായ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾ ഈ കൂട്ടുകെട്ടിലൂടെയാണ് പിറവിയെടുത്തത്. എന്നാൽ, സംഗീത ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, ചില വ്യക്തിപരമായ കാരണങ്ങളാലും അഭ്യൂഹങ്ങളെത്തുടർന്നും ഈ ശക്തമായ ബന്ധം ഒരു ഘട്ടത്തിൽ തകരുകയായിരുന്നു.
ബോംബെ രവി, എൻ. ദത്ത, ജയദേവ്, ഖയ്യാം തുടങ്ങിയ പ്രഗത്ഭരായ സംഗീത സംവിധായകർക്ക് വേണ്ടി ആശാ ഭോസ്‌ലെ ആലപിച്ച ഗാനങ്ങൾ ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. ഈ നീണ്ട പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ആർ.ഡി. ബർമ്മനുമായുള്ള (പഞ്ചം ദാ) കൂട്ടുകെട്ട്. വെസ്റ്റേൺ സംഗീതവും ക്ലാസിക്കൽ ഈണങ്ങളും ഒരേപോലെ വഴങ്ങുന്ന ആശയുടെ ശബ്ദത്തെ ഏറ്റവും മികച്ച രീതിയിൽ ബർമ്മൻ തന്റെ പാട്ടുകളിൽ ഉപയോഗിച്ചു.
ആശയുടെ ആലാപനത്തിലെ വികാരനിർഭരമായ ഭാവങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് 1987-ൽ പുറത്തിറങ്ങിയ 'ഇജാസത്ത്' എന്ന ചിത്രത്തിലെ ഗാനങ്ങൾ. ഇതിൽ ആർ.ഡി. ബർമ്മന്റെ സംഗീതത്തിൽ പിറന്ന 'ഖാലി ഹാഥ് ഷാം ആയി ഹൈ' എന്ന ഗാനം ഇന്നും വിരഹത്തിന്റെ നൊമ്പരമായി സംഗീതപ്രേമികളുടെ ഉള്ളിലുണ്ട്.
പ്രണയവും, വിരഹവും, പ്രതീക്ഷയും, നിരാശയും, സന്തോഷവും നിറഞ്ഞ ഗാനങ്ങൾ ആശയുടെ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നു. 1970കളിൽ നിന്നും 1980കളിലേക്കുള്ള ആശയുടെ സംഗീതപരമായ യാത്ര സംഭവ ബഹുലമായിരുന്നു. 1956 ൽ ഒ പി നയ്യാറിന്റെ സംഗീതസംവിധാനത്തില്‍ 'സിഐഡി' എന്ന ചിത്രത്തില്‍ പാടിയത് സംഗീത ജീവിതത്തിലെ പ്രധാന ഏടായിമാറി. 1966-ല്‍ 'തീസിരി മന്‍സില്‍' എന്ന ചിത്രത്തിലൂടെ ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് സംഗീത ലോകത്തെ രുചികൂട്ടായി മാറി. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ എ ആര്‍ റഹ്‌മാനാണ് 1995ല്‍ 'രംഗീല' എന്ന ചിത്രത്തിലൂടെ വീണ്ടും അരങ്ങിലെത്തിക്കുന്നത്.
'ആശ'പുരസ്‌കാരങ്ങൾ
ആറു പതിറ്റാണ്ടിലധികം നീണ്ട സംഗീതയാത്രയിൽ നിരവധി പുരസ്കാരങ്ങളും ബഹുമതികളും തേടിയെത്തിയിട്ടുണ്ട്. ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത് 1981 ലാണ്. 'ഇജാസത്' എന്ന ചിത്രത്തിലെ 'മേരാ കുച്ച് സമാൻ' എന്ന ഗാനത്തിലൂടെയാണ് 1987 ൽ രണ്ടാമത് ദേശീയ പുരസ്കാരം ആശയെ തേടിയെത്തുന്നത്. എട്ടു ദശാബ്ദങ്ങൾ നീണ്ട പിന്നണി ഗായികയുടെ ജീവിതത്തിൽ ശർമിള ടാഗോർ മുതൽ ഐശ്വര്യ റായ് ബച്ചൻ വരെയുള്ള നിരവധി തലമുറകളിലെ അഭിനേതാക്കൾക്ക് ഗാനങ്ങളിലൂടെ തന്റെ ശബ്ദം നൽകിയ അതുല്യ പ്രതിഭയാണ് ആശ.
സിനിമ സംഗീത ലോകത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2000ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ആശ സ്വന്തമാക്കി. 2008ൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരമായി പത്മ വിഭൂഷണും ലഭിച്ചു. ഏഴു തവണ ഫിലിംഫെയർ മികച്ച ഗായികയ്ക്കുള്ള അവാർഡും ആശ സ്വന്തമാക്കി. 1997-ൽ അലി അക്ബർ ഖാനോടൊപ്പം പുറത്തിറക്കിയ 'ലെഗസി' ആൽബത്തിനായി ഗ്രാമി അവാർഡ് നാമനിർദ്ദേശം ലഭിച്ചതും വലിയ നേട്ടമാണ്. 2001 ൽ നേടിയ ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും 2021ൽ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരവും ആശയെ തേടിയെത്തിയിട്ടുണ്ട്.
ഭാഷ ബേധമില്ലാതെ പ്രേക്ഷകരെ സമ്പാദിച്ച പ്രതിഭയാണ് ആശാ ഭോസ്‌ലെ. ഈ കലാകാരി ലോകത്തോട് വിട പറയുമ്പോൾ ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ 'സമാനതകളില്ലാത്ത ശബ്ദസാന്നിധ്യമായിരുന്നെന്ന്' ഓർമപ്പെടുത്തുകയാണ് ഓരോ ഗാനങ്ങളും.
English Summary: Asha Bhosle life story, career, songs, awards, RD Burman and OP Nayyar collaborations, legacy of legendary Indian playback singer