'കോപ്പിറൈറ്റ് യുദ്ധത്തിൽ ജയിച്ച് സൺ നെറ്റ്‌വർക്ക്'; ചെന്നൈ സൂപ്പർ കിംഗ്സിന്റെ വീഡിയോകളിൽ രജനി ഗാനങ്ങൾ ഉണ്ടാകില്ല

നീക്കം ചെയ്ത വീഡിയോകൾ മറ്റാരെങ്കിലും വീണ്ടും പങ്കുവെച്ചാൽ അതിന് ഉത്തരവാദിത്തമില്ലെന്ന നിലപാടും സിഎസ്‌കെ അറിയിച്ചു
'കോപ്പിറൈറ്റ് യുദ്ധത്തിൽ ജയിച്ച് സൺ നെറ്റ്‌വർക്ക്'; ചെന്നൈ സൂപ്പർ കിംഗ്സിന്റെ വീഡിയോകളിൽ രജനി ഗാനങ്ങൾ ഉണ്ടാകില്ല
Published on

ചെന്നൈ: രജനീകാന്തിന്റെ സിനിമാ ഗാനങ്ങൾ അനുമതിയില്ലാതെ പ്രൊമോഷണൽ വീഡിയോകളിൽ ഉപയോഗിച്ചതിനെതിരെ സൺ ടിവി നെറ്റ്‌വർക്ക് നൽകിയ 1 കോടി രൂപയുടെ മാനനഷ്ടക്കേസിനെ തുടർന്ന് വിവാദമായ വീഡിയോകൾ നീക്കം ചെയ്ത് ചെന്നൈ സൂപ്പർ കിംഗ്സ്. ജയിലർ, ജയിലർ 2, കൂലി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ജഴ്‌സി പ്രചാരണങ്ങളിലും ഉപയോഗിച്ചുവെന്നതാണ് സൺ പിക്ചേഴ്സിന്റെ പരാതി. ഈ ഗാനങ്ങളുടെ അവകാശം തങ്ങളുടേതാണെന്നും, വാണിജ്യ ആവശ്യങ്ങൾക്ക് സിഎസ്‌കെ അവ ദുരുപയോഗം ചെയ്തുവെന്നുമാണ് സൺ ടിവി കോടതിയിൽ വാദിച്ചത്.

കേസുമായി ബന്ധപ്പെട്ട് സിഎസ്‌കെ അധികൃതർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിവാദമായ എല്ലാ വീഡിയോകളും ഇതിനകം നീക്കം ചെയ്തതായി വ്യക്തമാക്കിയതോടൊപ്പം, ഇനി അനുമതിയില്ലാതെ ഇത്തരത്തിലുള്ള ഗാനങ്ങൾ ഉപയോഗിക്കില്ലെന്നും ഉറപ്പുനൽകി. അതേസമയം നീക്കം ചെയ്ത വീഡിയോകൾ മറ്റാരെങ്കിലും വീണ്ടും പങ്കുവെച്ചാൽ അതിന് ഉത്തരവാദിത്തമില്ലെന്ന നിലപാടും സിഎസ്‌കെ അറിയിച്ചു.

ഗാനങ്ങളുടെ ഉപയോഗത്തിനായി ലൈസൻസ് നേടുന്നതിൽ തടസ്സം സൃഷ്ടിക്കരുതെന്നും സൺ ടിവിയോട് കോടതി മുമ്പാകെ സിഎസ്‌കെ ആവശ്യപ്പെട്ടു. വീഡിയോകൾ സ്വമേധയാ നീക്കം ചെയ്ത സാഹചര്യത്തിൽ താൽക്കാലിക നിരോധന ഉത്തരവ് കോടതി പിൻവലിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികളെക്കുറിച്ച് ഏപ്രിൽ 6നകം അറിയിക്കാൻ കോടതി നിർദേശം നൽകി.

English Summary: Chennai Super Kings removed videos using Rajinikanth songs after Sun TV filed a ₹1 crore copyright case, and promised no unauthorized songs will be used in future promotions

Related Stories

No stories found.
Madism Digital
madismdigital.com