

അഫ്ഗാനിസ്താനിലെ യാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ട്രാവൽ ഇൻഫ്ലുവൻസർ ബാക്ക്പാക്കർ അരുണിമയ്ക്ക് മറുപടിയുമായി അഫ്ഗാൻ പൗരൻ വാലിദ് അലാം. ഒറ്റപ്പെട്ട അനുഭവങ്ങളുടെ പേരിൽ ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും മുഴുവൻ വിലയിരുത്തരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. അഫ്ഗാനിസ്താനിലെ ഭരണസംവിധാനം, ദാരിദ്ര്യം, സാമൂഹിക സാഹചര്യങ്ങൾ എന്നിവയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത് സാധാരണക്കാരാണെന്നും അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്താൻ സന്ദർശിച്ച അരുണിമയ്ക്ക് ഏതാനും യുവാക്കളിൽനിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചാണ് വാലിദ് വീഡിയോ ആരംഭിച്ചത്. സംഭവത്തിൽ അരുണിമയോടും ഇന്ത്യക്കാരോടും, പ്രത്യേകിച്ച് കേരളീയരോടും ആത്മാർഥമായി മാപ്പ് ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളീയരെ സ്വന്തം കുടുംബത്തെപ്പോലെയാണ് കാണുന്നതെന്നും വാലിദ് വ്യക്തമാക്കി.
അരുണിമയ്ക്കുണ്ടായ ബുദ്ധിമുട്ട് അംഗീകരിക്കാനാവുന്നതല്ലെന്നും, തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും പറയാനുള്ള ധൈര്യം സമൂഹത്തിനുണ്ടാകണമെന്നും വാലിദ് പറഞ്ഞു. നമുക്ക് അംഗീകരിക്കാനാകാത്ത ഒരു പ്രവൃത്തിയെയും ന്യായീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഒരു മോശം അനുഭവത്തിന്റെ പേരിൽ അഫ്ഗാനിസ്താനെയും അവിടുത്തെ ജനങ്ങളെയും മുഴുവനായി വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ദാരിദ്ര്യം, നിരക്ഷരത, നീണ്ട കാലത്തെ യുദ്ധങ്ങൾ, മോശം ഭരണസംവിധാനം, വിശ്വാസങ്ങളുടെ ദുരുപയോഗം തുടങ്ങി നിരവധി വേദനാജനകമായ യാഥാർഥ്യങ്ങൾ അഫ്ഗാനിസ്താൻ നേരിടുന്നുണ്ട്. നിലവിലെ സാഹചര്യം മുൻകാലത്തേക്കാൾ മോശമാണെന്നും വാലിദ് ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ അരുണിമയുടെ വീഡിയോയിൽ കണ്ടതുപോലെയുള്ളവരല്ല അഫ്ഗാനിസ്താനിലെ മുഴുവൻ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഓരോ രാജ്യത്തിനും അതിന്റെ നല്ല വശവും മോശം വശവും ഉണ്ടാകുമെന്നും, അഫ്ഗാനിസ്താനും അതിൽനിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, ഒരു രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും അവിടുത്തെ ജനങ്ങളുടെ മതത്തെ മാത്രം കുറ്റപ്പെടുത്തരുതെന്നും, ഒരു രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മതത്തേക്കാൾ സങ്കീർണമാണെന്നും വാലിദ് ചൂണ്ടിക്കാട്ടി. കേരളത്തെ തനിക്ക് ഏറെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഇവിടെ ആളുകൾ പരസ്പര വിശ്വാസങ്ങളെ ബഹുമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശ്വാസങ്ങളെ കേരളീയർ ബഹുമാനിക്കുന്നതുപോലെ താനും അവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും, ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ അടുത്ത സുഹൃത്തുക്കൾ കുടുംബത്തെപ്പോലെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും വാലിദ് വ്യക്തമാക്കി.
ആരെയും അനുകൂലിക്കാനോ എതിർക്കാനോ വേണ്ടിയല്ല വീഡിയോ ചെയ്തതെന്നും, സ്വന്തം തെറ്റുകൾ അംഗീകരിക്കുന്നതിനൊപ്പം നല്ല കാര്യങ്ങളെ തിരിച്ചറിയാനും നമുക്ക് ധൈര്യമുണ്ടാകണമെന്നും വാലിദ് പറഞ്ഞു. ഒരു വീഡിയോയിൽ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കാനാകുമെങ്കിലും, അതിന്റെ പേരിൽ ലക്ഷക്കണക്കിന് ആളുകളിലുള്ള നന്മകൾ മറന്നുപോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വാലിദിന് മറുപടിയുമായി അരുണിമയുടെ കമന്റും എത്തി. അഫ്ഗാനിസ്താന്റെ നല്ല വശങ്ങളും താൻ വീഡിയോകളിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നും, എന്നാൽ നിർഭാഗ്യവശാൽ മോശം വശങ്ങൾ കാണുന്നതിനോടാണ് ആളുകൾക്കും പ്രേക്ഷകർക്കും കൂടുതൽ താൽപര്യമെന്നും അരുണിമ പറഞ്ഞു. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ മാത്രമാണ് പലപ്പോഴും ചർച്ചകളിലേക്ക് എത്തുന്നതെന്നും അരുണിമ വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെത്തിയ അന്ന് മുതൽ അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും അരുണിമ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. താലിബാന് കീഴിലെ സ്ത്രീകളുടെ അവസ്ഥ, ആൺകുട്ടികളിൽനിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റം, വഴിയരികിൽ കാത്തുനിൽക്കുന്ന താലിബാന്റെ പരിശോധനകൾ തുടങ്ങി വിവിധ അനുഭവങ്ങളും വീഡിയോകളിലൂടെ അവർ പങ്കുവെച്ചു. ഇവയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുന്നത്. അതേസമയം, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അഫ്ഗാനിസ്താനിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള അരുണിമയുടെ ധൈര്യത്തെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Afghan citizen Walid Alam responds to travel influencer Arunima’s videos about her experiences in Afghanistan, apologizing for the mistreatment she faced and urging viewers not to judge an entire country by isolated incidents. Arunima responds that she has also highlighted Afghanistan’s positive sides, while appreciating the support and praise received online.