

അധികാരത്തിൽ വന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ, താലിബാൻ ഭരണകൂടത്തിന്റെ ക്രൂരമായ നിയന്ത്രണങ്ങൾ അഫ്ഗാൻ സ്ത്രീകളുടെ ജീവിതം പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ്.സ്വാതന്ത്ര്യത്തിനായി അവരിൽ പലരും ഇപ്പോഴും ധീരമായി പോരാടുന്നുണ്ടെങ്കിലും അതൊരു വിദൂര സ്വപ്നം മാത്രമേ കണക്കാക്കാനാവൂ എന്നതാണ് വസ്തുത.
സ്കൂളുകളിൽ നിന്ന് സ്ത്രീകളെ വിലക്കുകയോ, ബുർഖ നിർബന്ധമാക്കുകയോ, സ്മാർട്ട്‌ഫോണുകൾ നിരോധിക്കുകയോ മാത്രമല്ല താലിബാൻ ചെയ്തത്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ (പഴയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2,17,01,532 സ്ത്രീകളെയും പെൺകുട്ടികളെയും) അടിമകളാക്കുന്ന ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുകയായിരുന്നു അവർ.
സ്ത്രീകളെ അടിച്ചമർത്തുന്നതിനായി, തങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ നിയമങ്ങൾ മാറ്റിയും ഒഴിവാക്കിയുമാണ് താലിബാൻ വ്യവസ്ഥിതി മുന്നോട്ട് പോകുന്നത്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി നിഷ്കർഷിക്കുന്ന നിയമം ഇല്ലാതാക്കിയത് ഇതിനൊരു ഉദാഹരണമാണ്. ഇതോടെ പെൺകുട്ടികൾ പ്രായപൂർത്തിയാവുക അഥവാ 'ദാമ്പത്യബന്ധത്തിന് സജ്ജയാവുക' എന്നത് മാത്രമായി, വിവാഹത്തിനുള്ള ഒരേയൊരു 'നിയമപരമായ' മാനദണ്ഡം.
താലിബാൻ ഭരണം മൂലം സാമ്പത്തികമായി തകർന്ന കുടുംബങ്ങൾ, ബാക്കിയുള്ള കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനായി സ്ത്രീധനത്തുകയ്ക്ക് പകരം തങ്ങളുടെ ചെറിയ പെൺമക്കളെ വിൽക്കുന്ന അവസ്ഥയിലേക്കാണ് ഇത് വഴിവയ്ക്കുന്നത്.
'ശിക്ഷണ നടപടിയായുള്ള മർദ്ദനം' എന്ന പേരിൽ ഗാർഹിക പീഡനത്തെ നിയമവിധേയമാക്കുന്ന രീതിയും നിലവിലുണ്ട്. ഭർത്താവിന് ഭാര്യയെ മർദ്ദിക്കാനുള്ള അനുവാദമാണിത്. അസ്ഥിഭംഗമോ ഗുരുതരമായ പരിക്കുകളോ ഉണ്ടാക്കരുത് എന്ന് മാത്രം.
ഇതിനുപുറമേ, വിവാഹമോചനം ആവശ്യപ്പെടാനുള്ള സ്ത്രീകളുടെ അവകാശം താലിബാൻ പരിമിതപ്പെടുത്തുകയും പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കായുള്ള സംരക്ഷണ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും പെൺകുട്ടിയോ സ്ത്രീയോ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ, സദാചാര പൊലീസ് അവരെ വേട്ടയാടും.
ഇത്തരം കടുത്ത നിയന്ത്രണങ്ങൾ കാരണം, പുരുഷന്മാരേക്കാൾ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് കൂടുതലുള്ള ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി അഫ്ഗാനിസ്ഥാൻ മാറി. (ആഗോളതലത്തിൽ പുരുഷന്മാരുടെ ആത്മഹത്യാ നിരക്കാണ് സ്ത്രീകളേക്കാൾ ഇരട്ടി). റിപ്പോർട്ട് ചെയ്യപ്പെടുന്ന ആത്മഹത്യാ കേസുകളിലും ശ്രമങ്ങളിലും 75% മുതൽ 80% വരെ സ്ത്രീകളും പെൺകുട്ടികളുമാണ്.
ഇനി ഒരു സ്ത്രീ തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടാൽ, അവൾക്ക് അഫ്ഗാനിൽ ചികിത്സ ലഭ്യമല്ല. കാരണം, പുരുഷ ഡോക്ടർമാർ സ്ത്രീകളെ ചികിത്സിക്കുന്നത് താലിബാൻ വിലക്കിയിരിക്കുകയാണ്.
വിദേശങ്ങളിലേക്ക് കുടിയേറുന്നതിലൂടെയും വിരമിക്കുന്നതിലൂടെയും പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിലൂടെയും സ്ത്രീ ഡോക്ടർമാരുടെ എണ്ണം രാജ്യത്ത് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് ആശങ്കയേറ്റുന്നത്.
അതുകൊണ്ടുതന്നെ, നിശബ്ദതയിൽ മരണത്തെയും കാത്തുകിടക്കുക എന്നത് മാത്രമാണ് പല സ്ത്രീകൾക്ക് മുന്നിലുമുള്ള ഒരേയൊരു വഴി. അവരുടെ ശബ്ദം പുറത്തുകേൾക്കുന്നത് പോലും അപമാനകരമായാണ് താലിബാൻ കരുതുന്നത്
ഇത്രയൊക്കെ അനുഭവിച്ചിട്ടും, അഫ്ഗാൻ സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്. പെൺകുട്ടികൾക്കായി രഹസ്യ സ്കൂളുകൾ തുറന്നും, മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തി വ്യാജ പേരുകളിൽ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചും, തെരുവിൽ പ്രതിഷേധിച്ചും അവർ പോരാട്ടം തുടരുന്നു.
2021-ൽ അമേരിക്കൻ പിന്മാറ്റത്തിന് ശേഷം താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം അപൂർവ്വമായി മാത്രം നടക്കുന്ന പരസ്യ പ്രതിഷേധങ്ങളിലൊന്ന് കഴിഞ്ഞ ജൂണിൽ അരങ്ങേറുകയുണ്ടായി. ശക്തമായ സുരക്ഷാ അടിച്ചമർത്തലുകൾക്കും അറസ്റ്റുകൾക്കും മാധ്യമ വിലക്കുകൾക്കും നടുവിൽ, ഹെയ്‌റാത്തിലെ തെരുവിലിറങ്ങി സ്ത്രീകളും പുരുഷന്മാരും വിദ്യാഭ്യാസത്തിനും ജോലിക്കും സ്വാതന്ത്ര്യത്തിനുമായി ശബ്ദമുയർത്തി.
അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിഷ്കൃത ലോകത്തിന് അറിവില്ലാഞ്ഞിട്ടല്ല. അവിടെ എന്താണ് സംഭവിച്ചതെന്നും എന്താണ് ചെയ്തതെന്നും ലോകത്തിന് കൃത്യമായി അറിയാമായിരുന്നു, പക്ഷേ പതിവുപോലെ, വെറും കാഴ്ചക്കാരായി നിൽക്കാൻ മാത്രമാണ് ലോകം തയ്യാറായത്
After five years in power, the Taliban regime’s brutal restrictions have virtually erased Afghan women’s lives. While many continue to courageously fight for their freedom, the reality is that it remains a distant dream.
The Taliban have done more than ban women from schools, impose the burqa, or restrict smartphones. They have been building a system that effectively enslaves nearly half of the country’s population—around 21.7 million women and girls, according to older statistics.