

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയിട്ട് അഞ്ച് വർഷമാകുന്നു. ഈ കഴിഞ്ഞ അഞ്ച് വർഷത്തെ സർവേ റിപ്പോർട്ടുകളെടുത്താൽ ഇതിലും ദുരിതം പിടിച്ച വർഷങ്ങൾ അഫ്ഗാൻ ജനത അനുഭവിച്ചിട്ടില്ല എന്ന് തന്നെയാവും മനസ്സിലാക്കാൻ സാധിക്കുക. ഇതിൽ തന്നെ അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥയെ പരിതാപകരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.
വിദ്യാഭ്യാസം നേടാനാവാത്ത, ജോലി ചെയ്യാൻ അനുവാദമില്ലാത്ത തടങ്കൽ ജീവിതമാണ് അഫ്ഗാനിൽ സ്ത്രീകൾ നേരിടുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഈ അവസ്ഥ, സ്ത്രീകളുടെ മാനസികാരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നുവെന്ന് യുഎൻ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. Five Years On: Afghan Women’s Futures at a Crossroads എന്ന് പേരിട്ടിരിക്കുന്ന ഈ റിപ്പോർട്ട്, അഫ്ഗാൻ സ്ത്രീകളുടെ നിലവിലെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ്. പുറംലോകവുമായുള്ള ബന്ധം എങ്ങനെ മനുഷ്യരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന് ഈ റിപ്പോർട്ട് മനസ്സിലാക്കി തരുന്നുണ്ട്.
ഏകദേശം 5000ത്തോളം സ്ത്രീകളിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് ആണ് യുഎൻ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 2,190 പേരുടേത് ഡോർ-ടു-ഡോർ സർവേയും 2,811 പേരുടേത് ഫോൺ സർവേയുമാണ്. 2025 മുതൽ 2026 ഏപ്രിൽ വരെയായിരുന്നു സർവേ. താലിബാന്റെ അഫ്ഗാനിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സ്ത്രീകളുടെ ജീവിതത്തിലുണ്ടായ മാറ്റം പരിശോധിക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം.
അധികാരത്തിലേറിയതിന് പിന്നാലെ, ഈ കാലം കൊണ്ട് നൂറിലേറെ കർശന നിയമങ്ങളാണ് സ്ത്രീകൾക്ക് മേൽ താലിബാൻ അടിച്ചേൽപിച്ചത്. പുരുഷന്‍മാരുടെ കൂടെയല്ലാതെ വീടിന് പുറത്തിറങ്ങുന്നത് തന്നെ വിലക്കി. ഏതാണ്ട് 52 ശതമാനം സ്ത്രീകളും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടിന് പുറത്തിറങ്ങുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഈ കണക്ക് 62 ശതമാനമാണ്. പത്തിൽ ഒമ്പത് സ്ത്രീകളും പറയുന്നത്, പുരുഷന്‍മാരുടെ അനുവാദമില്ലാതെ അവർക്ക് വീടിന് പുറത്തിറങ്ങാനാവില്ല എന്നാണ്. ആൺതുണയില്ലാതെ പുറത്തിറങ്ങിയാൽ ജീവഹാനി ഉണ്ടാകുമെന്ന് 75 ശതമാനം പേരും ഭയക്കുന്നു. ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെ പൊതുവിടങ്ങൾ മനഃപൂർവം ഒഴിവാക്കുന്ന സ്ത്രീകളുമുണ്ട്.
റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് പ്രശ്നങ്ങൾ ഇത്രയും വഷളായത്. വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നിങ്ങനെ, എന്ത് ആവശ്യത്തിനും സ്ത്രീകൾ പൊതുമധ്യത്തിലെത്തുന്നത് താലിബാൻ കർശനമായി വിലക്കി.
താലിബാന്റെ നിർദ്ദേശം നമ്പർ 12, നിർദ്ദേശം നമ്പർ 18 (Decree No. 12 and Decree No. 18) എന്നിങ്ങനെ അറിയപ്പെടുന്ന രണ്ട് പുതിയ ഉത്തരവുകളെക്കുറിച്ച് റിപ്പോർട്ടിൽ എടുത്തെഴുതിയിട്ടുണ്ട്. ഈ നിയമങ്ങൾ സ്ത്രീകൾക്ക് നീതി ലഭിക്കാനുള്ള അവസരങ്ങളെ തടയുകയും അവരുടെ നിയമപരമായ സംരക്ഷണം കൂടുതൽ ദുർബലപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
'കോടതികളുടെ ക്രിമിനൽ ചട്ടങ്ങൾ' എന്ന് അറിയപ്പെടുന്ന നിർദ്ദേശം നമ്പർ 12, നിയമത്തിന് മുന്നിൽ സ്ത്രീക്കും പുരുഷനുമുള്ള തുല്യത ഇല്ലാതാക്കുന്നുവെന്നും, ഭർത്താവിന് ഭാര്യക്ക് മേൽ നിയമപരമായ പൂർണ്ണ അധികാരം നൽകുന്നുവെന്നും യു.എൻ വിമൻ ചൂണ്ടിക്കാണിക്കുന്നു.
'ദമ്പതികളുടെ വേർപിരിയൽ സംബന്ധിച്ച നിയമാവലി' എന്നറിയപ്പെടുന്ന നിർദ്ദേശം നമ്പർ 18, സ്ത്രീകൾക്ക് വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെ വളരെ പ്രയാസകരമാക്കുന്നുണ്ട്. അതേസമയം പുരുഷന്മാർക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാനുള്ള അവകാശം ഇത് നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ, ഈ ഉത്തരവ് ബാലവിവാഹത്തിന് പരോക്ഷമായ അനുമതി നൽകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ലോകരാജ്യങ്ങളിൽ നിലവിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കുന്നത്. താലിബാൻ അധികാരത്തിലേറിയതിന് ശേഷം 2.4 മില്യൺ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനെസ്കോ വ്യക്തമാക്കിയിരുന്നു. തൽസ്ഥിതി തുടർന്നാൽ, 2030ഓടെ അഫ്ഗാൻ വിദ്യാഭ്യാസമേഖലയിൽ 25,000 സ്ത്രീജീവനക്കാരുടെ കുറവുണ്ടാകും.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള വിദേശഫണ്ട് താലിബാൻ തടഞ്ഞതും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ട്.
It has been five years since the Taliban returned to power in Afghanistan. Survey reports from this period suggest that the Afghan people have endured some of the most difficult years in the country's recent history. Among those most severely affected are Afghan women, whose situation can only be described as deeply distressing.
Denied access to education and barred from many forms of employment, many women in Afghanistan are living under conditions akin to confinement. With even their freedom to move outside the home heavily restricted, their mental well-being has suffered significantly, according to a recent United Nations survey.
Titled “Five Years On: Afghan Women’s Futures at a Crossroads,” the report offers a stark picture of the realities faced by Afghan women today. It also highlights how a lack of connection with the outside world can have a profound impact on mental health and overall well-being.