

കന്യകയായ പെണ്‍കുട്ടി വിവാഹനിശ്ചയ സമയത്ത് മൗനം പാലിക്കുകയാണെങ്കില്‍ അത് വിവാഹ സമ്മതമായി കാണക്കാക്കമെന്ന താലിബാന്റെ വിചിത്ര നിയമത്തിൽ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഈ നിയമം ബാലവിവാഹത്തിനു നിയമസാധുത നല്‍കുന്നതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ആണ്‍കുട്ടിയുടെയോ അല്ലെങ്കില്‍ മുന്‍പ് വിവാഹിതയായ ഒരു സ്ത്രീയുടെയോ കാര്യത്തില്‍ ഇത്തരം മൗനത്തെ സ്വയമേവയുള്ള സമ്മതമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഈ നിയമത്തില്‍ പറയുന്നുണ്ട്.
വിവാഹം, വിവാഹ മോചനം, രക്ഷാകര്‍തൃത്വം, വേര്‍പിരിയല്‍ എന്നിവയുമായി ബന്ധപ്പെട്ട കുടുംബ നിയമമാണ് താലിബാന്‍ സ്ഥാപിച്ചത്. 'ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വേര്‍പിരിയലിന്റെ തത്വങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള ഈ പുതിയ നിയമാവലിക്ക് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നല്‍കി. ബാലവിവാഹം, കാണാതാകുന്ന പങ്കാളികള്‍, വ്യഭിചാര ആരോപണങ്ങള്‍, മതംമാറ്റം, നിര്‍ബന്ധിത വേര്‍പിരിയല്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണ്ണായക വിഷയങ്ങള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു.
ഇതോടൊപ്പം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്ന ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയായതിന് ശേഷം വിവാഹം റദ്ദാക്കാന്‍ ആവശ്യപ്പെടാമെന്നും എന്നാല്‍, ഈ അസാധുവാക്കലിന് മത കോടതികളുടെ അനുമതി വേണമെന്നും നിയമം പറയുന്നു. ബാലവിവാഹങ്ങള്‍ക്ക് മേല്‍ പിതാവിനും മുത്തശ്ശനും വിപുലമായ അധികാരങ്ങളാണ് പുതിയ നിയമം നല്‍കുന്നത്. എന്നാല്‍ ഈ രക്ഷിതാക്കള്‍ ക്രൂരത കാണിക്കുകയോ ധാര്‍മ്മികമായി യോഗ്യരല്ലെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അത്തരം വിവാഹങ്ങള്‍ അസാധുവാക്കാവുന്നതാണ്.
വ്യഭിചാര ആരോപണങ്ങള്‍, മതപരിവര്‍ത്തനം, ഭര്‍ത്താവിനെ ദീര്‍ഘകാലമായി കാണാതാകുക തുടങ്ങിയ കേസുകളില്‍ ഇടപെടാന്‍ താലിബാന്‍ ജഡ്ജിമാര്‍ക്ക് പൂര്‍ണ്ണ അധികാരവും പുതിയ നിയമം വഴി നല്‍കിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ജഡ്ജിമാര്‍ക്ക് വേര്‍പിരിയലോ ശിക്ഷയായി തടവിനോ ഉത്തരവിടാനുള്ള അധികാരവും ഉണ്ടായിരിക്കും.
പുതിയ നിയമം പ്രകാരം പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാന്‍ കഴിയില്ലെന്നും ഇത് ലജ്ജാകരമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിലെ നിര്‍ബന്ധിത ബാലവിവാഹങ്ങളെക്കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെങ്കിലും സമീപവര്‍ഷങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 11 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താലിബാന്‍ നിരോധിച്ചതാണ് ബാല വിവാഹം വര്‍ധിക്കാന്‍ പ്രധാന കാരണം.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതോടെ 70% പെണ്‍കുട്ടികളും നേരത്തെയുള്ളതോ നിര്‍ബന്ധിതമോ ആയ വിവാഹങ്ങളിലേക്ക് തള്ളപ്പെടുന്നുവെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 66% വിവാഹങ്ങളും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടേതായിരുന്നു. താലിബാന്‍ ഭരണത്തിന് കീഴില്‍ നിലവില്‍ ബാലവിവാഹത്തിന് പ്രത്യേക നിരോധനമില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച അംഗീകരിച്ച വിവാഹമോചനവുമായി ബന്ധപ്പെട്ട പുതിയ നിയമം അനുസരിച്ച്, സ്വന്തം ഇഷ്ടപ്രകാരമല്ല വിവാഹം നടന്നതെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ ഭര്‍ത്താവ് വിയോജിക്കുകയാണെങ്കില്‍ അവള്‍ക്ക് വിവാഹമോചനം അനുവദിക്കില്ല.
കൂടാതെ, ഭര്‍ത്താവിന്റെ അഭാവം അല്ലെങ്കില്‍ സാമ്പത്തികമായി സംരക്ഷണം നല്‍കാതിരിക്കല്‍ എന്നിവ മാത്രം ചൂണ്ടിക്കാട്ടി ഒരു സ്ത്രീക്ക് വിവാഹമോചനം നേടാനാകില്ലെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. നിയമത്തിനെതിരെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള വ്യവസ്ഥാപിതമായ അതിക്രമമായാണ് ഈ നിയമത്തെ വനിതാ അവകാശ കൂട്ടായ്മകള്‍ അപലപിച്ചത്.
'താലിബാന്റെ പുതിയ നിയമസംഹിതയും അതിന് പിന്നിലെ ഭരണരീതിയും ബാലവിവാഹത്തെ നിയമവിധേയമാക്കുന്നതാണ്. വിവാഹത്തിലെ പരസ്പര സമ്മതം എന്ന തത്ത്വത്തെ ഇത് നിയന്ത്രിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകളില്‍ നിന്ന് ആ അവകാശം പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പുരുഷാധിപത്യ ഘടനകളെ ശക്തിപ്പെടുത്തുകയും സ്ത്രീകളെ താഴ്ന്നതും നിയമപരമായി അസമത്വമുള്ളതുമായ സ്ഥാനത്തേക്ക് തള്ളിവിടുകയും ചെയ്യും', അഫ്ഗാനിസ്ഥാന്‍ ഇന്‍ഡിപെന്‍ഡന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനിലെ അബ്ദുള്‍ അഹദ് ഫര്‍സാം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിസ്ഥാന്‍ സഹായ മിഷനും ഈ നിയമനിര്‍മ്മാണത്തില്‍ ആശങ്ക രേഖപ്പെടുത്തി. ദമ്പതികളുടെ വേര്‍പിരിയലിനെ നിയന്ത്രിക്കുന്ന ഈ ഉത്തരവ് അഫ്ഗാന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ തകര്‍ക്കുന്നതിനുള്ള മറ്റൊരു നടപടിയാണ്. കൂടാതെ നിയമപരവും സാമൂഹികവുമായ വിവേചനം ശക്തമാക്കുകയും ചെയ്യുമെന്നും യുഎന്‍ അറിയിച്ചു.
അതേസമയം, പുതിയ നിയമത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ താലിബാന്‍ സര്‍ക്കാര്‍ വക്താവ് തള്ളിപ്പറഞ്ഞു. ഇസ്ലാമിനോടും മതത്തോടും ഇസ്ലാമിക വ്യവസ്ഥിതിയുടെ അടിത്തറയോടും ശത്രുതയുള്ളവരും പ്രശ്‌നങ്ങളുള്ളവരുമായ ആളുകളുടെ പ്രതിഷേധങ്ങള്‍ക്ക് യാതൊരു വിലയും നല്‍കേണ്ടതില്ലെന്ന് താലിബാന്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ റേഡിയോ ആന്റ് ടെലിവിഷനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ബാലവിവാഹ ഇരകളില്‍ ഭൂരിഭാഗവും കടുത്ത ഗാര്‍ഹിക പീഡനങ്ങളും കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ മനുഷ്യാവകാശ സെന്ററിന്റെ സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാസമാദ്യം, അഫ്ഗാനിസ്ഥാനിലെ ഡൈകുന്ധി പ്രവിശ്യയില്‍ 15 വയസ്സുള്ള ഒരു പെണ്‍കുട്ടി ഭര്‍ത്താവിന്റെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മാസങ്ങള്‍ നീണ്ട ഗാര്‍ഹിക പീഡനങ്ങളെത്തുടര്‍ന്നാണു മരണം സംഭവിച്ചത്. എട്ട് മാസം മുമ്പാണ് പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ പീഡനം ആരംഭിച്ചതായി പിതാവ് പറഞ്ഞു. ഓരോ തവണ മര്‍ദ്ദനമേല്‍ക്കുമ്പോഴും പ്രാദേശിക അഫ്ഗാന്‍ നേതാക്കള്‍ ഇടപെട്ട് വിവാഹബന്ധം നിലനിര്‍ത്തുകയായിരുന്നു.
English Summary: Human rights activists have raised concerns over a newly introduced Taliban family law in Afghanistan that reportedly treats a virgin girl’s silence during engagement as consent to marriage. Critics argue that the provision could legitimise child marriage and weaken women’s autonomy and legal protections. The law does not apply the same principle to boys or previously married women.